ഈ സാഹചര്യത്തിലും പരമ്പര തുടരുവാന്‍ സമ്മതിച്ച ബിസിസിഐയ്ക്ക് നന്ദി, പ്രത്യേക നന്ദി ദ്രാവിഡും ശിഖര്‍ ധവാനും – ദസുന്‍ ഷനക

9 പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരെ അവസാന രണ്ട് ടി20യിൽ കളിക്കുവാന്‍ തയ്യാറായ ബിസിസിഐയ്ക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിനും പ്രത്യേക നന്ദിയുണ്ടെന്നും പരമ്പര സ്വന്തമാക്കിയ ലങ്കന്‍ നായകന്‍ പറഞ്ഞു.

ശ്രീലങ്കയുടെ ഈ ടീമിനെ നയിക്കാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഏതാനും വര്‍ഷങ്ങളായുള്ള ശ്രീലങ്കയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇതെന്നും ബംഗ്ലാദേശ് പരമ്പര മുതൽ കഴിഞ്ഞ മൂന്ന് മാസമായി മികച്ച ടീമാകുവാനായി ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലിക്കുകയാണെന്നും ഷനക സൂചിപ്പിച്ചു.

തിളങ്ങിയത് ധവാന്‍ മാത്രം, ഇന്ത്യയെ കുരുക്കിലാക്കി ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യ്ക്കിൽ ബാറ്റിംഗ് ശരിയാവാതെ ഇന്ത്യ. കോവിഡ് കാരണം ഇന്ത്യന്‍ ക്യാമ്പിലെ 9 ഓളം താരങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ നാല് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്.

റുതുരാജ് ഗായ്ക്വാഡും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ കളത്തിലെത്തിയപ്പോള്‍ ഇന്ത്യയ്ക്ക് സ്കോറിംഗ് പ്രയാസമാകുകയായിരുന്നു. 49 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ഇന്ത്യയ്ക്ക് ദസുന്‍ ഷനകയാണ് ആദ്യ പ്രഹരം ഏല്പിച്ചത്.

21 റൺസ് നേടിയ റുതുരാജ് ഗായക്വാഡിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 32 റൺസ് ധവാനും ദേവ്ദത്ത് പടിക്കലും നേടിയെങ്കിലും 40 റൺസ് നേടിയ ശിഖര്‍ ധവാനെ അകില ധനന്‍ജയയും 29 റൺസ് നേടിയ ദേവ്ദത്ത് പടിക്കലിനെ വനിന്‍ഡു ഹസരംഗയും പുറത്താക്കിയതോടെ ഇന്ത്യയുടെ കാര്യം കഷ്ടത്തിലായി.

15.3 ഓവറിൽ 99/3 എന്ന നിലയിലായ ഇന്ത്യയ്ക്ക് 5 റൺസ് കൂടി നേടുന്നതിനിടെ സഞ്ജുവിനെയും നഷ്ടമായി. ധനന്‍ജയയ്ക്കായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ 26 റൺസ് നേടി ഭുവനേശ്വര്‍ നിതീഷ് റാണ കൂട്ടുകെട്ടാണ് ഇന്ത്യയെ 132 റൺസിലേക്ക് എത്തിച്ചത്.

ഇന്ത്യയെ ചിറകിലേറ്റി സൂര്യകുമാര്‍ യാദവ്, 164 റൺസ്

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ ശതകത്തിന്റെയും ശിഖര്‍ ധവാന്‍ നേടിയ 46 റൺസിന്റെയും ബലത്തിലാണ് ഈ സ്കോറിലേക്ക് ഇന്ത്യ എത്തിയത്. അവസാന ഓവറുകളിൽ ഇഷാന്‍ കിഷന്‍ 14 പന്തിൽ 20 റൺസ് നേടി.

ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായെ നഷ്ടമായ ഇന്ത്യയെ ശിഖര്‍ ധവാനും സഞ്ജു സാംസണും ചേര്‍ന്ന് 50 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. 20 പന്തിൽ 27 റൺസ് നേടിയ സഞ്ജു സാംസണെ വിക്കറ്റിന് മുന്നിൽ കുടുക്കി വനിന്‍ഡു ഹസരംഗയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

ധവാനും സൂര്യകുമാറും ചേര്‍ന്ന് 62 റൺസ് നേടി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 36 പന്തിൽ 46 റൺസ് നേടിയ ശിഖര്‍ ധവാനെയും 34 പന്തിൽ 50 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത്. ധവാനെ ചാമിക കരുണാരത്നയും സൂര്യകുമാര്‍ യാദവിനെ വനിന്‍ഡു ഹസരംഗയുമാണ് പുറത്താക്കിയത്.

ശ്രീലങ്കന്‍ ബൗളര്‍മാരിൽ ദുഷ്മന്ത ചമീരയും വനിന്‍ഡു ഹസരംഗയും രണ്ട് വീതം വിക്കറ്റ് നേടി.

 

 

സ്പിന്നര്‍മാരാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്

ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍. മൂന്ന് സ്പിന്നര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സ്പിന്‍ ലഭിയ്ക്കുമെന്നറിയാമെങ്കിലും പത്താം ഓവര്‍ മുതൽ അത് പ്രതീക്ഷിച്ചില്ലെന്നും ധവാന്‍ വ്യക്തമാക്കി.

ബാറ്റ് ചെയ്യുമ്പോള്‍ മറുവശത്ത് നിന്ന് പൃഥ്വിയും ഇഷാനും അടിച്ച് തകര്‍ക്കുന്നത് കാണുവാന്‍ രസമായിരുന്നുവെന്നും ഇവരെ ടീമിൽ ലഭിച്ചത് തന്നെ കരുത്തുറ്റ കാര്യമാണെന്നും ശിഖര്‍ ധവാന്‍ സൂചിപ്പിച്ചു.

യുവ താരങ്ങളെല്ലാം പക്വതയുള്ളവരാണെന്നും പൃഥ്വിയും ഇഷാനും ബാറ്റ് ചെയ്ത രീതിയിൽ 15 ഓവറിൽ തന്നെ മത്സരം അവസാനിച്ചിരുന്നുവെന്നും ശിഖര്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയപ്പോളും കാര്യങ്ങള്‍ വളരെ എളുപ്പമായി തോന്നിയെന്നും തനിക്ക് തന്റെ കഴിവുകള്‍ ഇനിയും മെച്ചപ്പെടുത്തേണമെന്ന് തോന്നിപോയെന്നും ശിഖര്‍ ധവാന്‍ കൂട്ടിചേര്‍ത്തു.

അനായാസം ഇന്ത്യ, ലങ്കയുടെ സ്കോര്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്ന് ഇന്ത്യ

ശ്രീലങ്ക നല്‍കിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ മറികടന്ന് ഇന്ത്യ. പൃഥ്വി ഷായും ഇഷാന്‍ കിഷനും നല്‍കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും കസറിയപ്പോള്‍ ശ്രീലങ്കയെ അനായാസം കെട്ടുകെട്ടിക്കുകയായിരുന്നു ഇന്ത്യ. 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പൃഥ്വി ഷാ 24 പന്തിൽ 43 റൺസും ഇഷാന്‍ കിഷന്‍ തന്റെ അരങ്ങേറ്റ മത്സരത്തിൽ അര്‍ദ്ധ ശതകവും( 42 പന്തിൽ 59 റൺസ്) എന്നിവര്‍ക്കൊപ്പം പുറത്താകാതെ 86 റൺസ് നേടി ശിഖര്‍ ധവാനും തിളങ്ങുകയായിരുന്നു.

മനീഷ് പാണ്ടേ(26)യും അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവും ആണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 20 പന്തിൽ പുറത്താകാതെ 31 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

മൂന്ന് ഇന്ത്യന്‍ താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, ജസ്പ്രീത് ബുംറ, കെഎൽ രാഹുല്‍ എന്നിവരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത ബിസിസിഐ. ശിഖര്‍ ധവാന്‍ നിലവിൽ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനെ ശ്രീലങ്കയിൽ നയിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും കെഎൽ രാഹുലും ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ഇവരുടെ സംഭാവനയുടെ ഫലമായാണ് ഈ ശുപാര്‍ശ. ലോകേഷ് രാഹുല്‍ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായേക്കും എന്ന് പലരും വിലയിരുത്തുന്ന താരമാണ്.

എന്നാൽ ലോകേഷ് ആരാധകരെ പട്ടികയിലുള്‍പ്പെടുത്തിയതിൽ അതിശയവും അതൃപ്തിയുമായി ക്രിക്കറ്റ് ആരാധകര്‍ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – ശിഖര്‍ ധവാന്‍

ഇന്ത്യയെ അന്താരാഷ്ട്ര മത്സരത്തിൽ നയിക്കാനാകുന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് പരമ്പയുമായി ടൂര്‍ ചെയ്യുമ്പോള്‍ ബിസിസിഐ 20 അംഗ രണ്ടാം നിരയെയാണ് ശ്രീലങ്കയിലേക്ക് അയയ്ച്ചത്.

ആറോളം താരങ്ങളാണ് ഈ പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്നത്. താന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് മികച്ച ഒത്തിണക്കമുണ്ടെന്നും പറഞ്ഞ ധവാന്‍ ലങ്കന്‍ പരമ്പരയിലും അത് തുടരുമെന്ന് കരുതുകയാണെന്ന് വ്യക്തമാക്കി.

മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും വളരെ അധികം പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിഖര്‍ ധവാന്‍ കൂട്ടിചേര്‍ത്തു.

ലങ്കയിൽ ഇന്ത്യയെ നയിക്കുവാന്‍ സാധ്യത കൂടുതല്‍ ശിഖര്‍ ധവാന്‍, ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ്

ശ്രീലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനായിരിക്കും നയിക്കുക എന്ന് റിപ്പോര്‍ട്ടുകൾ. ടീം പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കവേ ലഭിയ്ക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറി തിരികെ എത്തുന്നത് സാധ്യമല്ലാത്തതിനാൽ ധവാനെ ക്യാപ്റ്റന്‍സി ദൗത്യം ഏല്പിക്കുമെന്നാണ് അറിയുന്നത്. പരമ്പരയിൽ ആറ് മത്സരങ്ങളാണുള്ളത്. മൂന്ന് വീതം ടി20യും ഏകദിനങ്ങളുമുള്ള പരമ്പരയിൽ രാഹുല്‍ ദ്രാവിഡാണ് കോച്ചായി എത്തുന്നത്.

ഇന്ത്യൻ ടീമിനായുള്ള ക്യാമ്പ് ബാംഗ്ലൂരിൽ നടത്താമെന്നാണ് ബിസിസിഐ തീരുമാനിച്ചതെങ്കിലും കോവിഡ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അത് സാധ്യമായേക്കില്ല. ജൂലൈ 13ന് ആണ് ആദ്യ ഏകദിനം. ദ്രാവിഡിന്റെ കീഴിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ അംഗങ്ങളാവും ശ്രീലങ്കയിൽ സപ്പോര്‍ട്ട് സ്റ്റാഫായി പ്രവര്‍ത്തിക്കുക.

ശ്രേയസ്സ് അയ്യര്‍ ലങ്കയിലേക്കില്ല, ശിഖര്‍ ധവാന് ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത

ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് സൂചന. താരം ഫിറ്റാകുമെങ്കില്‍ താരത്തിന് ഇന്ത്യ പരിമിത ഓവര്‍ പരമ്പരയുടെ ക്യാപ്റ്റന്‍സി ദൗത്യം നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും പരമ്പരയുടെ സമയത്തേക്ക് താരത്തിന്റെ പരിക്ക് മാറി കളിക്കളത്തിലേക്ക് എത്തുവാന്‍ സാധിക്കുകയില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇതോടെ ലങ്കയിലെ ഇന്ത്യന്‍ സംഘത്തെ ശിഖര്‍ ധവാന്‍ നയിക്കുവാനാണ് സാധ്യതയെന്ന് അറിയുന്നു. ശിഖര്‍ ധവാനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയുമാണ് ഇന്ത്യ ക്യാപ്റ്റന്‍സി ദൗത്യത്തിനായി പരിഗണിക്കുന്നത്.

ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറിയെത്തിയാല്‍ ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കും

ശ്രീലങ്കയില്‍ ഇന്ത്യയെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നയിക്കുവാന്‍ ഏറ്റവും അധികം സാധ്യത ശ്രേയസ്സ് അയ്യര്‍ക്ക്. എന്നാല്‍ താരത്തിന് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയേറ്റ പരിക്ക് മാറി എത്തുവാനാകുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിട്ടില്ല.

ലഭിയ്ക്കുന്ന വിവരം പ്രകാരം ശ്രേയസ്സ് അയ്യര്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങുവാന്‍ പറ്റുന്നില്ലെങ്കില്‍ ഇന്ത്യ ശിഖര്‍ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ ഈ ദൗത്യം നല്‍കുമെന്നാണ് അറിയുന്നത്.

ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്‍, പോയിന്റ് പട്ടികയില്‍ ഒന്നാമത്

പഞ്ചാബ് കിംഗ്സ് നല്‍കിയ 167 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് പവര്‍പ്ലേയില്‍ നല്‍കിയത്.

22 പന്തില്‍ 39 റണ്‍സ് നേടിയ പൃഥ്വി ഷായെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയെങ്കിലും 48 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടുമായി സ്മിത്തും ധവാനും ടീമിനെ മുന്നോട്ട് നയിച്ചു. 22 പന്തില്‍ 24 റണ്‍സ് നേടിയ സ്മിത്തിനെയാണ് ഡല്‍ഹിയ്ക്ക് അടുത്തതായി നഷ്ടമായത്.

സ്മിത്ത് പുറത്താകുമ്പോള്‍ 7 ഓവറില്‍ 56 റണ്‍സായിരുന്നു ‍ഡല്‍ഹിയുടെ വിജയ ലക്ഷ്യം. 14 റണ്‍സ് നേടിയ ഋഷഭ് പന്തിനെ ടീമിന് നഷ്ടമായെങ്കിലും 47 പന്തില്‍ 69 റണ്‍സുമായി ശിഖര്‍ ധവാനും 4 പന്തില്‍ 16 റണ്‍സ് നേടി ഷിമ്രണ്‍ ഹെറ്റ്മ്യറും ഡല്‍ഹിയുടെെ അനായാസ ജയം സാധ്യമാക്കി.

20 ലക്ഷവും പോസ്റ്റ് മാച്ച് വ്യക്തിഗത അവാര്‍ഡ് തുകകളും മിഷന്‍ ഓക്സിജന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ച് ശിഖര്‍ ധവാന്‍

ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ പലയിടത്തും ഓക്സിജന്‍ ക്ഷാമം രാജ്യം നേരിടുമ്പോള്‍ സഹായ ഹസ്തവുമായി പല ഐപിഎല്‍ താരങ്ങളും ഫ്രാഞ്ചൈസികളും മുന്നോട്ട് വന്നിരുന്നു. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ആയിരുന്നു ഈ സഹായ ശ്രമത്തിന് തുടക്കം കുറിച്ചത്.

ഇപ്പോള്‍ ശിഖര്‍ ധവാനും സഹായ ഹസ്തവുമായി മുന്നോട്ട് വരികയാണ്. 20 ലക്ഷം രൂപയും ഐപിഎലില്‍ തനിക്ക് ലഭിയ്ക്കുന്ന എല്ലാവിധ പോസ്റ്റ് മാച്ച് വ്യക്തിഗത അവാര്‍ഡുകളും താന്‍ മിഷന്‍ ഓക്സിജന്‍ സംരംഭത്തിനായി സംഭാവന ചെയ്യുകയാണെന്നാണ് ശിഖര്‍ ധവാന്‍ വ്യക്തമാക്കിയത്.

Exit mobile version