ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ് ഡല്‍ഹി മറികടന്നത്.

ശിവം മാവിയുടെ ആദ്യ ഓവറില്‍ 6 ഫോറോടെ തുടങ്ങിയ പൃഥ്വി ഷായെ പിടിച്ചുകെട്ടുവാന്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചുവെങ്കിലും ഷാ തന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് തുടര്‍ന്ന് 18 പന്തില്‍ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഓറഞ്ച് ക്യാപ് ഉടമയായ ശിഖര്‍ ധവനെ മറുവശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു പൃഥ്വിയുടെ ഈ തകര്‍പ്പന്‍ ഷോ. ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 47 പന്തില്‍ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പാറ്റ് കമ്മിന്‍സാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തത്.

41 പന്തില്‍ 82 റണ്‍സ് നേടി പൃഥ്വി ഷാ വിജയം 9 റണ്‍സ് അകലെയുള്ളപ്പോളാണ് പുറത്തായത്. 11 ഫോറും 3 സിക്സും നേടിയ താരത്തിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. അതേ ഓവരില്‍ തന്നെ പന്തിന്റെ(16) വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തി.

മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമം, ടീം നേടിയത് അര്‍ഹമായ വിജയം – ശിഖര്‍ ധവാന്‍

വാങ്കഡേയിലെ പിച്ചില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചെന്നൈയിലെ പിച്ചെന്നും ബാറ്റിംഗ് ദുഷ്കരമായേക്കാം എന്ന ബോധ്യം ടീമിന് ഉണ്ടായിരുന്നുവെന്നും പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ 45 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ടൂര്‍ണ്ണമെന്റിലെ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.

മുംബൈയെ പോലെ ഒരു ടീമിനെ പരാജയപ്പെടുത്തുവാനായത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും പാര്‍ട്ട്ണര്‍ഷിപ്പുകള്‍ പ്രാധാന്യമുള്ളതാണെന്ന് ടീം ചര്‍ച്ച ചെയ്തിരുന്നുവെന്നും ശിഖര്‍ ധവാന്‍ വ്യക്തമാക്കി. ലളിത് യാദവുമായുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നുവെന്നും എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമമുണ്ടെന്നും ധവാന്‍ പറഞ്ഞു.

മത്സരാന്ത്യം ടീം അര്‍ഹമായ വിജയം സ്വന്തമാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ശിഖര്‍ ധവാന്‍ സൂചിപ്പിച്ചു.

അവസാനം വരെ പൊരുതി മുംബൈ, മൂന്നാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ അവസാന ഓവര്‍ വരെ പൊരുതി മുംബൈ ഇന്ത്യന്‍സ്. ലക്ഷ്യമായ 138 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ആണ് വിജയം നേടാനായത്.

രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായിരുന്നു. ശിഖര്‍ ധവാനും സ്റ്റീവന്‍ സ്മിത്തും രണ്ടാം വിക്കറ്റില്‍ നേടിയ 53 റണ്‍സും ധവാനും ലളിത് യാദവും ചേര്‍ന്ന് നേടിയ 36 റണ്‍സും ആണ് ഡല്‍ഹിയുടെ ചേസിംഗില്‍ നിര്‍ണ്ണായകമായത്. സ്മിത്ത് 33 റണ്‍സും ശിഖര്‍ ധവാന്‍ 45 റണ്‍സുമാണ് നേടിയത്. സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കീറണ്‍ പൊള്ളാര്‍ഡാണ് കൂട്ടുകെട്ട് തകര്‍ത്തത്. ധവാന്റെ വിക്കറ്റ് ചഹാറും നേടി.

ലക്ഷ്യം 3 ഓവറില്‍ 22 എന്ന നിലയിലേക്ക് അവസാനത്തോട് എത്തിയപ്പോള്‍ ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് ലക്ഷ്യം അവസാന ഓവറില്‍ 5 റണ്‍സാക്കി കുറയ്ക്കുകയായിരുന്നു. 23 റണ്‍സ് കൂട്ടുകെട്ടാണ് ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് നേടിയത്. ലളിത് യാദവ് 22 റണ്‍സും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയത്.

ശതകം നഷ്ടമായെങ്കിലും ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്‍

കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.

ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി ഒന്നാം വിക്കറ്റില്‍ നേടിക്കൊടുത്ത തകര്‍പ്പന്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ചേസിംഗ് ആരംഭിച്ച ഡല്‍ഹി 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 17 പന്തില്‍ 32 റണ്‍സ് നേടിയ പൃഥ്വി ഷായെ അര്‍ഷ്ദീപ് സിംഗ് പുറത്താക്കുമ്പോള്‍ ഡല്‍ഹി ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 59 റണ്‍സാണ് നേടിയത്.

സ്മിത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 107 റണ്‍സാണ് 11 ഓവറില്‍ ഡല്‍ഹി നേടിയത്. സ്മിത്ത് വെറും 9 റണ്‍സ് നേടിയപ്പോള്‍ 48 റണ്‍സ് കൂട്ടുകെട്ടില്‍ ഭൂരിഭാഗം സ്കോറിംഗും ശിഖര്‍ ധവാന്റെ വകയായിരുന്നു. തന്റെ ശതകത്തിന് 8 റണ്‍സ് അകലെ ധവാന്റെ വിക്കറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ധവാന്‍ 13 ബൗണ്ടറിയും രണ്ട് സിക്സുമാണ് നേടിയത്.

പന്തും ധവാനും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് നേടിയത്. ജൈ റിച്ചാര്‍ഡ്സണാണ് ധവാന്റെ വിക്കറ്റ്. മുഹമ്മദ് ഷമി എറിഞ്ഞ 17ാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും നേടി സ്റ്റോയിനിസിന്റെ മികവില്‍ ഡല്‍ഹി 20 റണ്‍സ് നേടിയതോടെ മത്സരം പഞ്ചാബ് കൈവിടുന്ന സാഹചര്യം ഉണ്ടായി. തൊട്ടടുത്ത ഓവറില്‍ ജൈ റിച്ചാര്‍ഡ്സണ്‍ 15 റണ്‍സ് നേടിയ ഋഷഭ് പന്തിനെ പുറത്താക്കിയെങ്കിലും സ്റ്റോയിനിസും ലളിത് യാദവും ലക്ഷ്യം 12 പന്തില്‍ 8 റണ്‍സാക്കി മാറ്റി.

സ്റ്റോയിനിസ് 13 പന്തില്‍ 27 റണ്‍സും ലളിത് യാദവ് 6 പന്തില്‍ 12 റണ്‍സും നേടി വിജയ സമയത്ത് ഡല്‍ഹിയ്ക്കായി ക്രീസിലുണ്ടായിരുന്നു.

പൃഥ്വിയുടെ ബാറ്റിംഗ് തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ശിഖര്‍ ധവാന്‍

ഐപിഎലില്‍ ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന്‍ ആണ് കളിയിലെ താരമായി മാറിയത്. 54 പന്തില്‍ 85 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിംഗ് എളുപ്പമാക്കിയത് പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണെന്നാണ് ധവാന്‍ പറഞ്ഞത്. 10 ഫോറും 2 സിക്സും ധവാന്‍ നേടിയപ്പോള്‍ 72 റണ്‍സാണ് 38 പന്തില്‍ നിന്ന് പൃഥ്വി നേടിയത്.

മോയിന്‍ അലി പൃഥ്വിയെ പുറത്താക്കുവാന്‍ നേടിയ ക്യാച്ചാണ് തനിക്ക് മത്സരത്തില്‍ ഇഷ്ടപ്പെട്ട നിമിഷമെന്നും ഇന്നത്തെ തന്റെ ബാറ്റിംഗ് താന്‍ ആസ്വദിച്ചുവെന്നും ധവാന്‍ പറഞ്ഞു. പൃഥ്വി വിജയ് ഹസാരെയിലെ തന്റെ ഫോം ഇവിടെയും തുടര്‍ന്നപ്പോള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമായെന്നും തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നുവെന്നും ശിഖര്‍ സൂചിപ്പിച്ചു.

ചെന്നൈയുടെ കഥ കഴിച്ച് പൃഥ്വി ഷായും ശിഖര്‍ ധവാനും, ക്യാപ്റ്റനെന്ന നിലയില്‍ പന്തിന് ആദ്യ മത്സരത്തില്‍ തന്നെ വിജയം

മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ നേടിയ 188/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓപ്പണിംഗില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും അടിച്ച് തകര്‍ത്തപ്പോള്‍ 18.4 ഓവറിലാണ് ഡല്‍ഹി ഈ ലക്ഷ്യം മറികടന്നത്.

ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് 138 റണ്‍സാണ് 82 പന്തില്‍ നേടിയത്.  38 പന്തില്‍ 72 റണ്‍സ് നേടിയ പൃഥ്വി ഷായുടെ വിക്കറ്റ് വീഴ്ത്തി ഡ്വെയിന്‍ ബ്രാവോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ഷാ പുറത്തായ ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച ധവാന് എന്നാല്‍ തന്റെ ശതകം നേടുവാനായില്ല. 54 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരം പുറത്താകുമ്പോള്‍ ഡല്‍ഹി 20 പന്തില്‍ നിന്ന് 22 റണ്‍സെന്ന നിലയിലായിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി ലക്ഷ്യത്തിന് 3 റണ്‍സ് അകലെയായിരുന്നു. 9 പന്തില്‍ 14 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. പന്തുമായി ചേര്‍ന്ന് 19 റണ്‍‍സാണ് മൂന്നാം വിക്കറ്റില്‍ സ്റ്റോയിനിസ് നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി ശര്‍ദ്ധുള്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പന്ത് പുറത്താകാതെ 15 റണ്‍സ് നേടി.

പന്ത്, ധവാന്‍, ഹാര്‍ദ്ദിക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ തുണ, ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്

പൂനെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഈ സ്കോറിലേക്ക് നയിച്ചത്. ധവാനും അര്‍ദ്ധ ശതകത്തോടെ മികച്ച പിന്തുണ നല്‍കി. ഇന്ത്യന്‍ ഇന്നിംഗ്സ് 48.2 ഓവറില്‍ അവസാനിക്കുകയായിരുന്നു.

Dhawan

 

62 പന്തില്‍ 78 റണ്‍സ് നേടിയ ഋഷഭ് പന്ത്. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഒന്നാം വിക്കറ്റില്‍ 103 റണ്‍സ് നേടിയ രോഹിത്(37) – ധവാന്‍(67) കൂട്ടുകെട്ടിന് ശേഷം ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഒരു ഘട്ടത്തില്‍ 103/0 എന്ന നിലയില്‍ നിന്ന് 121/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പന്തും ഹാര്‍ദ്ദിക്കും ചേര്‍ന്ന് നേടിയ 99 റണ്‍സാണ് രക്ഷിച്ചെടുത്തത്.

 

ശര്‍ദ്ധുല്‍ താക്കൂര്‍(30), ക്രുണാല്‍ പാണ്ഡ്യ(25) എന്നിവരും വാലറ്റത്തില്‍ തുണയേകി ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റാണ് നേടിയത്.

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് 37 റണ്‍സ് നേടിയ രോഹിത്തിനെയാണ് ആദ്യം നഷ്ടമായത്. 56 പന്തില്‍ 67 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും വീഴ്ത്തി ആദില്‍ റഷീദ് തന്റെ തൊട്ടടുത്ത ഓവറില്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യയുടെ കാര്യങ്ങള്‍ കുഴപ്പത്തിലായി.

അടുത്ത ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെയും(7) ടീമിന് നഷ്ടമായി. മോയിന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്. 103/0 എന്ന നിലയില്‍ നിന്ന് 121/3 എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ 19 ഓവറില്‍ 122 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്.

ധവാന് ശതകം രണ്ട് റണ്‍സ് അകലെ നഷ്ടം, ആവേശോജ്ജ്വല അരങ്ങേറ്റവുമായി ക്രുണാല്‍ പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 317 റണ്‍സ്. ക്രുണാല്‍ പാണ്ഡ്യയും കെഎല്‍ രാഹുലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 57 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്.

ഇന്ന് ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മെല്ലെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് തുടങ്ങിയത്. രോഹിത്തും ധവാനും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടിചേര്‍ക്കുവാന്‍ 15.1 ഓവര്‍ ആണ് എടുത്തത്. 28 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റ് ബെന്‍ സ്റ്റോക്സ് നേടുകയായിരുന്നു.

രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‍ലിയും ധവാനും ചേര്‍ന്ന് 105 റണ്‍സ് നേടി റണ്ണ് നിരക്കും മെച്ചപ്പെടുത്തിയെങ്കിലും മാര്‍ക്ക് വുഡ് 56 റണ്‍സ് നേടിയ കോഹ്‍ലിയെ പുറത്താക്കി ഇംഗ്ലണ്ടിന് വലിയ ബ്രേക്ക്ത്രൂ നല്‍കി.

അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെയും ധവാന്റെയും വിക്കറ്റുകള്‍ യഥാക്രമം മാര്‍ക്ക് വുഡും ബെന്‍ സ്റ്റോക്സും വീഴ്ത്തിയപ്പോള്‍ ഇന്ത്യ 197/4 എന്ന നിലയിലേക്ക് വീണു. 98 റണ്‍സാണ് ധവാന്‍ നേടിയത്. താരത്തിന് അര്‍ഹമായ ശതകം 2 റണ്‍സ് അകലെയാണ് കൈമോശം വന്നത്.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യ 205/5 എന്ന നിലയിലായിരുന്നു. പിന്നീട് കെഎല്‍ രാഹുല്‍ – ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പുറത്താകാതെ നേടിയ  112 റണ്‍സാണ് ഇന്ത്യയെ 317 റണ്‍സിലേക്ക് എത്തിച്ചത്. 26 പന്തില്‍ നിന്നാണ് ക്രുണാല്‍ പാണ്ഡ്യ തന്റെ അരങ്ങേറ്റ അര്‍ദ്ധ ശതകം നേടിയത്.

ലോകേഷ് രാഹുലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. നാല് ഇന്ത്യന്‍ താരങ്ങള്‍ ആണ് ഇന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയത്. ക്രുണാല്‍ 31 പന്തില്‍ 58 റണ്‍സും രാഹുല്‍ 43 പന്തില്‍ 62 റണ്‍സുമാണ് നേടിയത്. രാഹുല്‍ 4 സിക്സും 4 ഫോറും നേടിയപ്പോള്‍ ക്രുണാല്‍ 7 ഫോറും 2 സിക്സും നേടി.

ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍

ഇഷാന്‍ കിഷന്റെ അരങ്ങേറ്റത്തിലെ പ്രകടനത്തോടെ ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഇനി വലിയ ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രം നേടി ധവാന് പകരമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇഷാന്‍ കിഷന് അവസരം നല്‍കിയത്. ഇഷാനാകാട്ടേ അവസരം മുതലാക്കി 32 പന്തില്‍ നിന്ന് 56 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി.

രോഹിത് ശര്‍മ്മ തീര്‍ച്ചയായും ഓപ്പണിംഗിലേക്ക് മടങ്ങിയെത്തുമെന്നും പിന്നീടുള്ള ഒരു സ്ഥാനത്തിനായി ശിഖര്‍ ധവാനും കെഎല്‍ രാഹുലുമായിരുന്നു മുന്‍ഗണനയിലുണ്ടായിരുന്നതെങ്കിലും ഇഷാന്‍ കിഷന്റെ വരവോട് കൂടി ധവാന്‍ മൂന്നാം സ്ഥാനക്കാരനായി മാറിയെന്നും സഞ്ജയ് മഞ്ജരേക്കര്‍ വ്യക്തമാക്കി.

അതേ സമയം കെഎല്‍ രാഹുല്‍ തനിക്ക് പരമ്പരയില്‍ ലഭിച്ച രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു. ഇന്ന് മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ രാഹുലിന് പകരം ധവാന് അവസരം ലഭിയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഡല്‍ഹി

കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ ഈ പ്രകടനം. 48 പന്തില്‍ 77 റണ്‍സ് നേടിയ ശിഖര്‍ ധവാനും 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ ലളിത് യാദവും ആണ് കേരള ബൗളര്‍മാരെ കശാപ്പ് ചെയ്തത്.

ഹിമ്മത് സിംഗ്(15 പന്തില്‍ 26), അനുജ് റാവത്ത്(10 പന്തില്‍ 27) എന്നിവരും ബാറ്റിംഗില്‍ ഡല്‍ഹിയ്ക്കായി മികവ് പുലര്‍ത്തി. ശ്രീശാന്തിന് രണ്ട് വിക്കറ്റ് ലഭിച്ചു.

ഭയപ്പെടേണ്ട താന്‍ ധോണിയല്ല, ധവാനോട് മാത്യു വെയിഡ്

രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്പയര്‍ തേര്‍ഡ് അമ്പയറിലേക്ക് തീരുമാനം വിട്ടപ്പോള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്ന് മാത്യു വെയിഡില്‍ നിന്ന് രസകരമായ സംഭാഷണം വന്നത്.

ശിഖര്‍ ധവാനോട് പേടിക്കേണ്ട താന്‍ ധോണിയല്ല, ധോണിയുടെ അത്രയും വേഗത തനിക്കില്ലെന്നാണ് ഓസ്ട്രേലിയന്‍ നായകന്‍ പറഞ്ഞത്. ധോണിയുടെ മിന്നില്‍ വേഗത്തിലുള്ള സ്റ്റംപിംഗുകളുടെ അത്രയും വേഗത തനിക്കില്ലെന്നും ധവാന്‍ ഔട്ട് ആയിട്ടില്ല പേടിക്കേണ്ട എന്ന സൂചനയാണ് വെയിഡ് നല്‍കിയത്.

ആ സമയത്ത് 39 റണ്‍സ് നേടിയിരുന്ന ധവാന്‍ പിന്നീട് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്താകുകയായിരുന്നു.

Exit mobile version