ഡബിള്‍സ് മത്സരങ്ങളിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – അര്‍ച്ചന കാമത്ത് കൂട്ടുകെട്ടും സത്യന്‍ – മണിക കൂട്ടുകെട്ടും വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

ശരത് – അര്‍ച്ചന കൂട്ടുകെട്ട് 3-2ന് ഈജിപ്റ്റിന്റെ ടീമിനെ പുറത്താക്കിയപ്പോള്‍ സത്യന്‍-മണിക കൂട്ടുകെട്ട് പോര്‍ട്ടോറിക്കോയുടെ ടീമിനെതിരെ 3-1ന്റെ വിജയം ആണ് നേടിയത്.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് ബെല്‍ജിയത്തിന്റെ ടീമിനെ 3-0ന് പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിൽ കടന്നു.

‘കമാൽ’ ശരത്, ടെന്നീസ് ഇതിഹാസത്തോട് പൊരുതി നിന്ന് ശരത് കമാലിന് മടക്കം

ആദ്യ മൂന്ന് ഗെയിമുകളിൽ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാൽ. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമിൽ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും അവസാന രണ്ട് ഗെയിമിൽ ചൈനീസ് താരത്തിന് മുന്നിൽ നിഷ്പ്രഭമാകുന്നതാണ് കണ്ടത്.

ആദ്യ ഗെയിം 11-7ന് മാ ലോംഗ് നേടുകയായിരുന്നു. രണ്ടാം ഗെയിമിൽ ശരത്ത് തുടക്കം മുതൽ ലീഡ് നേടി 8-4ന് മുന്നിലെത്തി. എന്നാൽ മാ ലോംഗ് സ്കോര്‍ ഒപ്പമെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത രണ്ട് പോയിന്റും നേടി ശരത് കമാൽ മത്സരത്തിൽ രണ്ട് ഗെയിം പോയിന്റുകള്‍ നേടി. മികച്ചൊരു കൗണ്ടറിലൂടെ ശരത് കമാൽ തന്റെ ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ഗെയിമിൽ ശരത്ത് 4-2ന്റെ ലീഡ് നേടിയെങ്കിലും മാ ലോംഗ് മത്സരത്തിൽ 6-4ന് മുന്നിലെത്തി. ശരത്ത് അടുത്ത രണ്ട് പോയിന്റ് നേടി ഒപ്പമെത്തി. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ സ്കോര്‍ 8-8 എന്ന നിലയിലായി. എന്നാൽ അടുത്ത രണ്ട് പോയിന്റുകളും നേടി മാ ലോംഗ് രണ്ട് ഗെയിം പോയിന്റുകള്‍ നേടി. അടുത്ത രണ്ട് പോയിന്റുകളും നേടി ശരത്ത് ഗെയിം ഡ്യൂസിലേക്ക് എത്തിച്ചു. ഗെയിം 13-11ന് ശരത് കമാൽ നേടുകയായിരുന്നു.

നാലാം ഗെയിമിൽ മാ ലോംഗ് തന്റെ ഉഗ്രരൂപം പൂണ്ടപ്പോള്‍ താരം ഗെയിം 11-4ന് സ്വന്തമാക്കി മാച്ചിൽ 3-1ന്റെ ലീഡ് നേടി. അവസാന ഗെയിമും 4-11ന് ഇന്ത്യന്‍ താരം പിന്നിൽ പോയപ്പോള്‍ നിലവിലത്തെ സ്വര്‍ണ്ണ മെഡൽ ജേതാവ് അടുത്ത റൗണ്ടിലേക്ക് കടന്നു.

സ്കോര്‍: 7-11, 11-7, 11-13, 4-11, 4-11

ആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ സീനിയര്‍ താരം ശരത് കമാൽ. ആദ്യ ഗെയിമിൽ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി ലീഡ് എടുത്ത ശരത്തിനെ പോര്‍ച്ചുഗൽ താരം തിയാഗോ അപോലോനിയ ഒപ്പം പിടിയ്ക്കുന്നതാണ് കണ്ടത്.

എന്നാൽ പിന്നീടൊരു പിഴവുകളുമില്ലാതെ അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി 4-2 ന്റെ വിജയം ശരത് നേടുകയായിരുന്നു. സ്കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9

ശരത് കമാലിന് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വി

ജര്‍മ്മനിയുടെ ഡിമിട്രി ഒവ്ചാരോവിനോട് പ്രീ ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാല്‍. ഇന്ന് ദോഹയില്‍ നടന്ന ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 0-3 എന്ന സ്കോറിനാണ് മുന്‍ ലോക താരത്തോട് ശരത്തിന്റെ പരാജയം.

സ്കോര്‍: 9-11, 8-11, 6-11. ഇതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ സാന്നിദ്ധ്യം അവസാനിച്ചു. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വീഡന്റെ ആന്റണ്‍ കാല്‍ബെര്‍ഗ് ആണ് ഡിമിട്രിയുടെ എതിരാളി.

ശരത് കമാലിന്റെ അടുത്ത എതിരാളി മുന്‍ ലോക ഒന്നാം നമ്പര്‍ താരം

ദോഹയില്‍ നടക്കുന്ന വേള്‍ഡ് ടേബിള്‍ ടെന്നീസ് സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ശരത് കമാലിന്റെ എതിരാളി ജര്‍മ്മനിയുടെ നിലവിലെ 12ാം റാങ്കുകാരനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ഡിമിട്ര ഡിമിട്രി ഒവ്ചാരോവ്.

രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ തന്നെ പാട്രിക് ഫ്രാന്‍സിസ്കയെയാണ് ശരത് കമാല്‍ പരാജയപ്പെടുത്തിയത്.

വമ്പന്‍ അട്ടിമറി, ലോക റാങ്കിംഗില്‍ 16ാം നമ്പര്‍ താരത്തെ വീഴ്ത്തി ശരത് കമാല്‍

ആവേശകരമായ ഡബ്ല്യുടിടി സ്റ്റാര്‍ കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റില്‍ അട്ടിമറി വിജയവുമായി ശരത് കമാല്‍. ലോക റാങ്കിംഗില്‍ 16ാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്കയെ 3 – 2 എന്ന സ്കോറിനാണ് ശരത് കമാല്‍ വീഴ്ത്തിയത്. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷം ശരത്ത് 12-10ന് സെറ്റ് നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ പാട്രിക് ശരത്തിനെ നിഷ്പ്രഭമാക്കി 11-3ന് വിജയം കണ്ടു.

പിന്നീടുള്ള സെറ്റുകളില്‍ ഇരു താരങ്ങളും ഓരോന്ന് വീതം ജയിച്ചപ്പോള്‍ മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റില്‍ ശരത് 11-9 ന് വിജയം കൈവരിച്ചു.

സ്കോര്‍: 12-10, 3-11, 11-7, 7-11, 11-9.

ശരത് കമാലിനെ കീഴടക്കി ദേശീയ കിരീടം സ്വന്തമാക്കി സത്യന്‍ ജ്ഞാനശേഖരന്‍

82ാമത് ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ജേതാവായി സത്യന്‍ ജ്ഞാനശേഖരന്‍. 9 വട്ടം ദേശീയ ചാമ്പ്യനായ ശരത് കമാലിനെ 4-2 എന്ന സ്കോറിന് കീഴടക്കിയാണ് സത്യന്റെ ഈ കന്നി ദേശീയ കിരീടം. ആദ്യ രണ്ട് സെറ്റുകള്‍ സത്യന്‍ സ്വന്തമാക്കിയെങ്കിലും ശരത് കമാല്‍ ശക്തമായ തിരിച്ചുവരവ് നടത്തി തന്റെ പരിചയസമ്പത്ത് കാണിച്ചുവെങ്കിലും പിന്നീട് മത്സരത്തില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ മുന്‍ ഇന്ത്യന്‍ ദേശീയ ചാമ്പ്യന് സാധിച്ചില്ല.

സ്കോര്‍: 11-6, 11-7, 10-12, 7-11, 11-8, 11-8

ഒമാന്‍ ഓപ്പണ്‍, ശരത് കമാല്‍ ഫൈനലില്‍

ഒമാന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാല്‍. റഷ്യയുടെ കിറില്‍ സ്കാച്ചകോവിനെതിരെയ തീപാറും പോരാട്ടത്തിലാണ് ശരത് കമാലിന്റെ വിജയം. 4-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ സീനിയര്‍ താരത്തിന്റെ വിജയം. നേരത്തെ മറ്റൊരു ഇന്ത്യന്‍ താരം ഹര്‍മീത് ദേശായി സെമി ഫൈനലില്‍ പരാജയമേറ്റിരുന്നു. ഇന്ത്യയുടെ സീനിയര്‍ താരം അശാന്ത ശരത് കമാല്‍ ആദ്യ രണ്ട് ഗെയിമും നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ആദ്യ രണ്ട് ഗെയിമുകളിലും അവസാനം വരെ പൊരുതിയെങ്കിലും ശരത് കമാല്‍ പിന്നില്‍ പോകുകയായിരുന്നു. മൂന്നും നാലും ഗെയിമുകളില്‍ വിജയം കൈവരിച്ച് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും അഞ്ചാം ഗെയിമില്‍ താരം 5-9ന് ഏറെ പിന്നിലായി. എങ്കിലും 10-10ന് ഒപ്പമെത്തിയ ശരത്ത് 13-11ന് ഗെയിം വിജയിച്ച് മത്സരത്തില്‍ ആദ്യമായി മുന്നിലെത്തി.

ആറാം ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയെങ്കിലും അവസാന നേട്ടം റഷ്യന്‍ താരത്തിനായിരുന്നു. എന്നാല്‍ ഏഴാം ഗെയിമില്‍ 11-7ന് വിജയം ശരത് സ്വന്തമാക്കി ഫൈനലിലേക്ക് കടന്നു.

സ്കോര്‍: 11-13, 11-13, 13-11,11-9, 13-11, 8-11,11-7

ഹംഗേറിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം

ഹംഗേറിയന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സത്യന്‍ ജ്ഞാനശേഖരന്‍-ശരത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ഹോങ്കോംഗിന്റെ ലോക ആറാം നമ്പര്‍ ടീമിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയത്. സ്കോര്‍: 11-7,12-10,4-11, 4-11, 11-9 എന്ന സ്കോറിന് ആവേശകരമായ മത്സരത്തിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ഫൈനലില്‍ ജര്‍മ്മനിയുടെ പാട്രിക് ഫ്രാന്‍സിസ്ക-ബെനഡിക്ട് ഡുഡ ജോഡിയെയാണ് ഇന്ത്യന്‍ താരങ്ങള്‍ നേരിടുക.

നേരത്തെ ക്വാര്‍ട്ടറില്‍ ലോക റാഹ്കിംഗില്‍ 11ാം സ്ഥാനക്കാരായ ടീമിനെ 3-0 എന്ന സ്കോറിന് അനായാസം വീഴ്ത്തിയാണ് ടീം സെമിയിലെത്തിയത്.

ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമും ക്വാര്‍ട്ടറില്‍

ഹംഗേറിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സ് ഇനത്തില്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍-ശരത്ത് കമാല്‍ കൂട്ടുകെട്ട്. 3-2 എന്ന സ്കോറിന് ലോക റാങ്കിംഗില്‍ 17ാം റാങ്കുള്ള ടീമിനെയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

ജപ്പാന്‍ താരങ്ങളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്.

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യയുടെ വനിത ടേബിള്‍ ടെന്നീസ് താരം

ലോക റാങ്കിംഗില്‍ 46ാം സ്ഥാനത്തെത്തി തന്റെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. കഴിഞ്ഞ മാസം 47ാം റാങ്കില്‍ എത്തിയ താരം ഇപ്പോള്‍ ഒരു റാങ്കാണ് മെച്ചപ്പെടുത്തിയത്. 6817 പോയിന്റോടെയാണ് ഇന്ത്യന്‍ താരം 46ാം സ്ഥാനത്തേക്ക് എത്തിയത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ഒട്ടനവധി മെഡലുകള്‍ നേടിയ താരം കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് കാണുന്നത്.

അതേ സമയം പുരുഷ വിഭാഗത്തില്‍ സതിയന്‍ ജ്ഞാനശേഖരന്‍ 28ാം റാങ്കിലും ശരത് കമാല്‍ 33ാം റാങ്കിലും സ്ഥിതി ചെയ്യുന്നു. ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന റാങ്കായ ഇരുപത്തിയെട്ടാം റാങ്കിലേക്ക് സതിയന്‍ കഴിഞ്ഞ മാസമാണ് എത്തിയത്.

സെമിയില്‍ കാലിടറി മണിക ബത്ര-ശരത് കമാല്‍ കൂട്ടുകെട്ട്, വെങ്കല നേട്ടം

സെമി ഫൈനലില്‍ ചൈനീസ് സഖ്യത്തോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോഡിയായ മണിക ബത്ര-ശരത് കമാല്‍ സഖ്യം. സെമിയില്‍ എത്തി വെങ്കല മെഡലുറപ്പാക്കിയ ശേഷം ഫൈനലില്‍ കരുത്തരായ ചൈനീസ് താരങ്ങളോട് ഏഴ് ഗെയിമുള്ള മത്സരത്തില്‍ അഞ്ചാം ഗെയിമില്‍ തന്നെ മത്സരത്തിന്റെ വിധി നിര്‍ണ്ണയിക്കപ്പെടുകയായിരുന്നു.

4-1നു ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെടുകയായിരുന്നു. 9-15, 5-11, 13-11, 4-11, 8-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ 51ാം മെഡലാണ് താരങ്ങള്‍ ഇന്ന് നേടിയത്.

Exit mobile version