സ്വര്‍ണ്ണം നേടി ടേബിള്‍ ടെന്നീസ് ഇതിഹാസം മാ ലോംഗ്, ത്രില്ലറിൽ ദിമിത്രിയ്ക്ക് വെങ്കലം

ചൈനീസ് താരം ഫാന്‍ ചെംഗ്ഡോംഗിനെ 4-2 എന്ന സ്കോറിന് കീഴടക്കി പുരുഷ സിംഗിള്‍സിൽ ഒളിമ്പിക്സ് കിരീടം സ്വന്തമാക്കി ടേബിള്‍ ടെന്നീസ് ഇതിഹാസം മാ ലോംഗ്. നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്‍ കൂടിയാണ് മാ ലോംഗ്.  ആദ്യ ഗെയിം മാ ആധികാരിക വിജയം നേടിയപ്പോള്‍ ഫാന്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അടുത്ത രണ്ട് ഗെയിമും ആറാം ഗെയിമും മാ ലോംഗ് സ്വന്തമാക്കിയപ്പോള്‍ അഞ്ചാം ഗെയിം ഫാന്‍ ചെംഗ്ഡോഗ് സ്വന്തമാക്കി. സ്കോര്‍: 11-4, 10-12, 11-8, 11-9, 3-11,11-7

Dimitrij

ചൈനീസ് തായ്പേയുടെ യുവതാരം ലിന്‍ വിന്‍ റൂ വിനെ 4-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ജര്‍മ്മനിയുടെ ദിമിത്രി ഒവ്ചാറോവ് വെങ്കല മെഡൽ നേടുകയായിരുന്നു. 13-11, 9-11, 6-11, 11-4, 4-11, 15-13, 11-7 എന്നിങ്ങനെയായിരുന്നു ദിമിത്രിയുടെ വിജയം.

വീണ്ടുമൊരു ത്രില്ലര്‍, ദിമിത്രിയെ കീഴടക്കി “ദി ഗോട്ട്” മാ ലോംഗ് ഫൈനലിലേക്ക്

ജര്‍മ്മന്‍ താരം ദിമിത്രി ഒവ്ചവറോവിനെതിരെ ത്രില്ലര്‍ വിജയം നേടി ചൈനയുടെ മാ ലോംഗ്. 7 ഗെയിം ഒപ്പത്തിനൊപ്പം നിന്ന സെമി ഫൈനലിൽ വിജയം നേടിയ മാ ലോംഗ് ഇനി സ്വര്‍ണ്ണ മെഡലിനായി ചൈനയുടെ തന്നെ ഫാന്‍ ചെംഗ്ഡോഗിനെ നേരിടും. 4-3 എന്ന സ്കോറിനായിരുന്നു മത്സരം മാ ലോംഗ് ജയിച്ചത്.

ആദ്യ ഗെയിമിൽ 13-11ന് മാ ലോംഗ് വിജയം നേടിയപ്പോള്‍ രണ്ടാം ഗെയിമും ചൈനീസ് താരം തന്നെ നേടുകയായിരുന്നു. 11-8ന് മാ ലോംഗ് ഗെയിം നേടിയപ്പോള്‍ ചൈന 2-0ന് മുന്നിലെത്തി. തൊട്ടടുത്ത രണ്ട് ഗെയിമുകളും 11-9 എന്ന സ്കോറിന് ദിമിത്രി സ്വന്തമാക്കിയപ്പോള്‍ 2-2ന് ഇരുവരും ഒപ്പത്തിനൊപ്പം നിന്നു.

അഞ്ചാം ഗെയിം മാ ലോംഗ് 7-11ന് സ്വന്തമാക്കിയപ്പോള്‍ 11-5ന് വിജയം നേടി ദിമിത്രി മത്സരം അവസാന ഗെയിമിലേക്ക് നീങ്ങി. ഏഴാം സെറ്റിൽ 8-4ന്റെ ലീഡ് നേടിയ മാ ലോംഗ് മത്സരം കൊണ്ടു പോകുമെന്ന് ഏവരും കരുതിയെങ്കിലും ദിമിത്രി രണ്ട് പോയിന്റ് നേടി ലീഡ് കുറച്ചു. മൂന്ന് മാച്ച് പോയിന്റുകള്‍ ലഭിച്ച മാ ലോംഗിൽ നിന്ന് രണ്ട് പോയിന്റ് രക്ഷിക്കുവാന്‍ ദിമിത്രിയ്ക്ക് സാധിച്ചുവെങ്കിലും ജയം സ്വന്തമാക്കുവാന്‍ ഡ്രാഗൺ എന്ന വിളിപ്പേരിൽ അറിയുന്ന മാ ലോംഗിന് സാധിക്കുകയായിരുന്നു.

സ്കോര്‍ : 13-11, 11-8, 9-11, 9-11, 11-7, 5-11, 11-9

 

 

 

‘കമാൽ’ ശരത്, ടെന്നീസ് ഇതിഹാസത്തോട് പൊരുതി നിന്ന് ശരത് കമാലിന് മടക്കം

ആദ്യ മൂന്ന് ഗെയിമുകളിൽ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാൽ. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമിൽ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും അവസാന രണ്ട് ഗെയിമിൽ ചൈനീസ് താരത്തിന് മുന്നിൽ നിഷ്പ്രഭമാകുന്നതാണ് കണ്ടത്.

ആദ്യ ഗെയിം 11-7ന് മാ ലോംഗ് നേടുകയായിരുന്നു. രണ്ടാം ഗെയിമിൽ ശരത്ത് തുടക്കം മുതൽ ലീഡ് നേടി 8-4ന് മുന്നിലെത്തി. എന്നാൽ മാ ലോംഗ് സ്കോര്‍ ഒപ്പമെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത രണ്ട് പോയിന്റും നേടി ശരത് കമാൽ മത്സരത്തിൽ രണ്ട് ഗെയിം പോയിന്റുകള്‍ നേടി. മികച്ചൊരു കൗണ്ടറിലൂടെ ശരത് കമാൽ തന്റെ ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു.

മൂന്നാം ഗെയിമിൽ ശരത്ത് 4-2ന്റെ ലീഡ് നേടിയെങ്കിലും മാ ലോംഗ് മത്സരത്തിൽ 6-4ന് മുന്നിലെത്തി. ശരത്ത് അടുത്ത രണ്ട് പോയിന്റ് നേടി ഒപ്പമെത്തി. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ സ്കോര്‍ 8-8 എന്ന നിലയിലായി. എന്നാൽ അടുത്ത രണ്ട് പോയിന്റുകളും നേടി മാ ലോംഗ് രണ്ട് ഗെയിം പോയിന്റുകള്‍ നേടി. അടുത്ത രണ്ട് പോയിന്റുകളും നേടി ശരത്ത് ഗെയിം ഡ്യൂസിലേക്ക് എത്തിച്ചു. ഗെയിം 13-11ന് ശരത് കമാൽ നേടുകയായിരുന്നു.

നാലാം ഗെയിമിൽ മാ ലോംഗ് തന്റെ ഉഗ്രരൂപം പൂണ്ടപ്പോള്‍ താരം ഗെയിം 11-4ന് സ്വന്തമാക്കി മാച്ചിൽ 3-1ന്റെ ലീഡ് നേടി. അവസാന ഗെയിമും 4-11ന് ഇന്ത്യന്‍ താരം പിന്നിൽ പോയപ്പോള്‍ നിലവിലത്തെ സ്വര്‍ണ്ണ മെഡൽ ജേതാവ് അടുത്ത റൗണ്ടിലേക്ക് കടന്നു.

സ്കോര്‍: 7-11, 11-7, 11-13, 4-11, 4-11

ആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ സീനിയര്‍ താരം ശരത് കമാൽ. ആദ്യ ഗെയിമിൽ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി ലീഡ് എടുത്ത ശരത്തിനെ പോര്‍ച്ചുഗൽ താരം തിയാഗോ അപോലോനിയ ഒപ്പം പിടിയ്ക്കുന്നതാണ് കണ്ടത്.

എന്നാൽ പിന്നീടൊരു പിഴവുകളുമില്ലാതെ അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി 4-2 ന്റെ വിജയം ശരത് നേടുകയായിരുന്നു. സ്കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9

ലോകകപ്പ് ഫൈനല്‍ പരാജയത്തിന് പകരം വീട്ടി ക്യാപ്റ്റന്‍ ഡ്രാഗണ്‍, ഐടിടിഎഫ് ഫൈനല്‍സ് കിരീടം സ്വന്തമാക്കി മാ ലോംഗ്

ഐടിടിഎഫ് ഫൈനല്‍സില്‍ ലോകകപ്പ് ഫൈനല്‍ പോരാളികള്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഇത്തവണ വിജയം മാ ലോംഗിന്. ലോകകപ്പ് ജേതാവ് കൂടിയായ ഫാന്‍ ചെംഗ്ഡോംഗിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ ഡ്രാഗണ്‍ എന്നറിയപ്പെടുന്ന മാ ലോംഗിന്റെ വിജയം.

ആദ്യ രണ്ട് ഗെയിം ജയിച്ച മാ ലോംഗ് മൂന്നാം ഗെയിമില്‍ രണ്ട് ഗെയിം പോയിന്റ് രക്ഷിച്ചാണ് ഗെയിം സ്വന്തമാക്കി 3-0ന്റെ ലീഡ് നേടിയത്. നാലാം ഗെയിം ഫാന്‍ നേടിയെങ്കിലും മാ ലോംഗിന്റെ ജയം തടുക്കുവാന്‍ താരത്തിനായില്ല.

ഇത് ആറാം തവണയാണ് ഐടിടിഎഫ് ഫൈനല്‍സ് കിരീടം മാ ലോംഗ് നേടുന്നത്. 2008, 2009, 2011, 2015, 2016 വര്‍ഷങ്ങളില്‍ മാ ലോംഗ് ഈ ടൂര്‍ണ്ണമെന്റ് വിജയിച്ചിട്ടുണ്ട്. 13-11, 11-7, 12-10, 9-11, 11-8 എന്ന സ്കോറിനായിരുന്നു മാ ലോംഗിന്റെ വിജയം.

തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് നേടി ഫാന്‍ ഷെന്‍ഡോംഗ്, ഫൈനലില്‍ ഏഴ് ഗെയിം പോരാട്ടത്തില്‍ മറികടന്നത് മാ ലോംഗിനെ

മാ ലോംഗിനെതിരെ 4-3 ന്റെ വിജയം കരസ്ഥമാക്കി ചൈനയുടെ ഫാന്‍ ഷെന്‍ഡോംഗ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരങ്ങളുടെ പോരാട്ടത്തില്‍ 9-11, 11-8, 11-3, 11-6, 7-11, 7-11, 11-9 എന്ന സ്കോറിനായിരുന്നു ഫാന്‍ വിജയം നേടിയത്.

തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് വിജയം ആണ് ഫാന്‍ ഷെന്‍ഡോംഗ് നേടിയത്. 2016ല്‍ കിരീടം നേടിയ താരം 2018, 19, 20 വര്‍ഷങ്ങളിലും ജേതാവായിട്ടുണ്ട്. അടുത്തിടെ നടന്ന ഏറ്റവും മികച്ച ലോകകപ്പ് ഫൈനല്‍ എന്നാണ് ഇന്നത്തെ മത്സരത്തെ പലരും വിശേഷിപ്പിച്ചത്.

ഹാരിമോട്ടോയെ പരാജയപ്പെടുത്തി വമ്പന്‍ തിരിച്ചുവരവുമായി മാ ലോംഗ് ഫൈനലില്‍

ഐടിടിഎഫ് ലോകകപ്പിന്റെ സെമി ഫൈനലില്‍ മാ ലോംഗിന് വിജയം. ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോയ്ക്കെതിരെ 4-3 ന്റെ വിജയം ആണ് മാ ലോംഗ് നേടിയത്. ഒരു ഘട്ടത്തില്‍ 1-3 ന് പുറകില്‍ നിന്ന ശേഷം നാല് ഗെയിമുകള്‍ നേടിയാണ് മാ ലോംഗ് ഫൈനലില്‍ പ്രവേശിച്ചത്.

ആദ്യ ഗെയിം ജയിച്ച ശേഷം പിന്നീട് മൂന്ന് ഗെയിമുകളില്‍ മാ ലോംഗ് പിന്നില്‍ പോകുകയായിരുന്നു. 11-7, 3-11, 6-11, 8-11, 11-8, 11-6, 11-4 എന്ന നിലയിലായിരുന്നു മാ ലോംഗിന്റെ വിജയം. കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ ഹാരിമോട്ടോയോടാണ് മാ ലോംഗ് പരാജയപ്പെട്ടത്.

Exit mobile version