ഗബ്രിയേല്‍ ഫിറ്റായി കാണപ്പെടുന്നു, സന്നാഹ മത്സരത്തിലെ പ്രകടനം നോക്കി താരത്തെ 14 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഫില്‍ സിമ്മണ്‍സ്

പരിക്ക് മൂലം ഏറെ കാലം പുറത്തായിരുന്ന ഷാനണ്‍ ഗബ്രിയേലിനെ വിന്‍ഡീസ് തങ്ങളുടെ സ്ക്വാഡില്‍ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയിരുന്നത്. താരം ഇപ്പോള്‍ ഫിറ്റായി കാണപ്പെടുന്നുവെന്നും പഴയ രീതിയില്‍ പന്തെറിയുന്നുണ്ടെന്നാണ് തനിക്ക് തോന്നിയതെന്ന് വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

പരിശീലന മത്സരത്തില്‍ താരം മികവ് പുലര്‍ത്തുകയാണെങ്കില്‍ ഗബ്രിയേലിനെ വിന്‍ഡീസിന്റെ 14 അംഗ ഔദ്യോഗിക ടൂര്‍ സംഘത്തിലേക്ക് ഉള്‍പ്പെടുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ബൗളിംഗ് നിര കരുത്തുറ്റതാണെന്നും അതിനാല്‍ തന്നെ ഇലവനിലെത്തുക എന്നത് പ്രകടനങ്ങളുടെ ബലത്തിലാവുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

എതിരാളികളുമായി അല്പം ബാന്റര്‍ ആവാമെന്ന് ഷാനണ്‍ ഗബ്രിയേല്‍

ഗ്ലണ്ടിനെതിരെ തനിക്ക് ടെസ്റ്റ് കളിക്കുവാന്‍ അവസരം കിട്ടുകയാണെങ്കില്‍ അല്പം ബാന്റര്‍ ആവുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് വിന്‍ഡീസ് പേസര്‍ ഷാനണ്‍ ഗബ്രിയേല്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ എട്ട് റിസര്‍വ്വ് താരങ്ങളില്‍ ഒരാളാണ് ഷാനണ്‍ ഗബ്രിയേല്‍. കഴിഞ്ഞ തവണ സെയിന്റ് ലൂസിയയിലെ അവസാന ടെസ്റ്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടുമായി കോര്‍ത്ത ഷാനണ്‍ ഗബ്രിയേലിന് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചിരുന്നു.

ആ സംഭവത്തെക്കുറിച്ച് തനിക്ക് വലിയ ചിന്തയില്ലെന്നും ജോ റൂട്ടോ ബെന്‍ സ്റ്റോക്സോ ആര് തന്നെയായാലും അവരെ പുറത്താക്കുവാനുള്ള ശ്രമം താന്‍ തുടരുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം റൂട്ടിനോട് “ആണ്‍കുട്ടികളെ ഇഷ്ടമാണോ” എന്ന ചോദ്യമാണ് ഗബ്രിയേല്‍ ബാന്ററിനിടയില്‍ ചോദിച്ചത്. അതിന് “ഗേ ആവുന്നത് ഒരു തെറ്റല്ലെന്ന”മറുപടി റൂട്ട് നല്‍കി.

ഈ വിവാദം ആവശ്യത്തില്‍ കൂടുതല്‍ ഊതി പെരുപ്പിച്ചതാണെന്നാണ് ഗബ്രിയേല്‍ വ്യക്തമാക്കുന്നത്. ഇത്തിരി ബാന്റര്‍ ഒക്കെയുണ്ടെങ്കിലേ ക്രിക്കറ്റില്‍ മത്സരം രസകരമാകൂ എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ഗബ്രിയേല്‍ വ്യക്തമാക്കി.

ഗബ്രിയേലിന്റെ മടങ്ങി വരവ് വിന്‍ഡീസ് ബൗളിംഗ് നിരയെ കരുത്തരാക്കും

പരിക്കിന് ശേഷം റീഹാബ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എത്തുന്ന ഷാനണ്‍ ഗബ്രിയേലിന്റെ മടങ്ങി വരവ് ടീമിന്റെ ബൗളിംഗിന് കരുത്തേകുമെന്ന് പറഞ്ഞ് വിന്‍ഡീസ് ടെസ്റ്റ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന താരം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന്.

താരം തിരികെ എത്തുന്നു എന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഹോള്‍ഡര്‍ വ്യക്തമാക്കി. ആരോഗ്യവാനായി താരം തിരികെ എത്തുന്നു എന്ന വാര്‍ത്ത ആഹ്ലാദകരമാണ്. ബൗളിംഗ് ചെയ്യുമ്പോള്‍ അത്ര കണ്ട് അതില്‍ മുഴുകുന്ന താരമാണ് ഗബ്രിയേല്‍ എന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. വളരെ അധികം വേദന കടിച്ചമര്‍ത്തി താരം ടീമിന് വേണ്ടി പലപ്പോഴും പന്തെറിയുന്നത് താന്‍ കണ്ടിട്ടുണ്ട്, ഇനി അതുണ്ടാവില്ല എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

പരിക്ക് മാറി ഷാനണ്‍ ഗബ്രിയേല്‍ തിരികെ എത്തുന്നു

ആറ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങുവാനായി ഷാനണ്‍ ഗബ്രിയേല്‍ എത്തുന്നു. സെപ്റ്റംബര്‍ 2019ല്‍ ഇന്ത്യയ്ക്ക് എതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കും ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടിയുള്ള കൗണ്ടി മത്സരത്തിന് ശേഷവും താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിന് ശേഷം ആറ് മാസത്തെ റീഹാബ് നടപടികളിലൂടെ കടന്ന് പോയ ശേഷം ഇപ്പോള്‍ താരം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലൂടെ തിരികെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് കരുതുന്നത്.

ഇംഗ്ലണ്ടുമായുള്ള പരമ്പര നടക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോളും ഗബ്രിയേലിന്റെ പ്രതീക്ഷയും തനിക്ക് ആ പരമ്പരയിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകുമെന്നാണ്. അതാണ് തന്റെ പദ്ധതിയെന്നും ആ വിശ്വാസവുമായി മുന്നോട്ട് പോകുകയാണെെന്നും താരം വ്യക്തമാക്കി.

നവംബറിലാണ് താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. അതിന് ശേഷം വളരെ നീണ്ട റീഹാബ് നടപടികളിലൂടെയാണ് താരം കടന്ന് പോയത്. ഇപ്പോള്‍ താന്‍ പഴയ പോലെ ഓടാനും പന്തെറിയുവാനും കഴിയുന്ന തരത്തിലാണുള്ളതെന്നും താരം വെളിപ്പെടുത്തി. ഫിറ്റ്നെസ്സ് കാര്യത്തിലും ഭാരം മാനേജ് ചെയ്യുന്നതിലും ശ്രദ്ധ നല്‍കിയാണ് താനിപ്പോള്‍ മുന്നോട്ട് പോകുന്നതെന്ന് ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞു.

താരത്തിന് ചെറിയ രീതിയില്‍ തന്റെ ആക്ഷനും മാറ്റേണ്ടി വന്നുവെന്നാണ് അറിയുന്നത്. ഇപ്പോള്‍ സംഭവിച്ച പോലുള്ള പരിക്ക് വരാതിരിക്കുവാനാണ് താന്‍ ഈ മാറ്റത്തിന് വിധേയനായതെന്ന് ഷാനണ്‍ ഗബ്രിയേല്‍ വ്യക്തമാക്കി.

മാപ്പപേക്ഷയുമായി ഷാനണ്‍ ഗബ്രിയേല്‍, എന്താണ് താന്‍ പറഞ്ഞതെന്നും ഗബ്രിയേല്‍

ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തി സസ്പെന്‍ഷന്‍ വാങ്ങിച്ച വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേല്‍ റൂട്ടിനോട് മാപ്പ് അപേക്ഷിച്ചു. പൊടുന്നനെയുള്ള പ്രവൃത്തിയാണതെന്നും അതിന് തന്നോട് മാപ്പ് നല്‍കണമെന്നുമാണ് ഗബ്രിയേല്‍ തന്റെ പ്രസ്താവനയില്‍ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ വേണ്ടിയാണ് താന്‍ ഈ മാര്‍ഗ്ഗത്തിലേക്ക് പൊടുന്നനെ നീങ്ങിയതെന്നും ഷാനണ്‍ ഗബ്രിയേല്‍ പറഞ്ഞു.

താന്‍ തന്റെ ടീമംഗങ്ങളോടും ഇംഗ്ലണ്ട് ടീമംഗങ്ങളോടും പ്രത്യേകിച്ച് ജോ റൂട്ടിനോടും മാപ്പ് അപേക്ഷിക്കുകയാണെന്നും താന്‍ ഉദ്ദേശിച്ചതല്ലെങ്കിലും പറഞ്ഞത് മോശം പ്രയോഗമായിരുന്നുവെന്നും അതിന് തന്നോട് ക്ഷമിക്കണമെന്നും ഗബ്രിയേല്‍ അപേക്ഷിക്കുന്നു.

താന്‍ ബൗളിംഗിനു തയ്യാറെടുക്കുമ്പോള്‍ അനായാസം ബാറ്റ് വീശുകയായിരുന്നു ജോ റൂട്ട് തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ താന്‍ പെട്ടെന്ന്, “എന്തിനാണ് ചിരിക്കുന്നത്, ആണുങ്ങളില്‍ താല്പര്യമുണ്ടോ” എന്ന് ചോദിക്കുകയായിരുന്നുവെന്നും ഗബ്രിയേല്‍ മനസ്സ് തുറന്നു. സ്റ്റംപ് മൈക്കില്‍ അത് കേട്ടില്ലെങ്കിലും ഗേ ആവുന്നത് ഒരു തെറ്റല്ല, അത് ആക്ഷേപിക്കുവാന്‍ ഉപയോഗിക്കരുതെന്ന റൂട്ടിന്റെ മറുപടി ഏവരും കേട്ടിരുന്നു. അതിനു താന്‍ അതില്‍ എനിക്ക് പ്രശ്നമില്ല, എന്നെ നോക്കി ചിരിക്കുന്നത് നിര്‍ത്തണമെന്നാണ് പ്രതികരിച്ചതെന്നും ഗബ്രിയേല്‍ പറയുന്നു.

മാച്ച് ഫീസിന്റെ 75% പിഴയും 3 ഡീമെിറ്റ് പോയിന്റും നേടിയ താരത്തിനു വിന്‍ഡീസ് ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നാല് മത്സരങ്ങളിലും കളിയ്ക്കാനാകില്ല.

സസ്പെന്‍ഷന്‍, ഏകദിനങ്ങളില്‍ നാല് മത്സരങ്ങളില്‍ ഷാനണ്‍ ഗബ്രിയേലിനു വിലക്ക്

ജോ റൂട്ടിനെതിരെയുള്ള അസഭ്യ വര്‍ഷത്തിനു നാല് മത്സരത്തിന്റെ വിലക്ക് ലഭിച്ച് ഷാനണ്‍ ഗബ്രിയേല്‍. ഐസിസിയുടെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് താരത്തിനെതിരെയുള്ള ശിക്ഷ. നേരത്തെ തന്നെ അഞ്ച് ഡീമെറിറ്റ് പോയിന്റുള്ള താരത്തിനുണ്ടായിരുന്നു. സമാനമായ രണ്ട് അവസരങ്ങളില്‍ പാക്കിസ്ഥാനെതിരെ ഏപ്രില്‍ 2017ല്‍ മൂന്ന് ഡീമെറിറ്റ് പോയിന്റും ചിറ്റഗോംഗ് ടെസ്റ്റില്‍ കഴിഞ്ഞ നവംബറില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ഡീമെറിറ്റ് പോയിന്റും നേരത്തെ തന്നെ താരത്തിനു മേല്‍ ചുമത്തിയിരുന്നു.

ഇന്നത്തെ മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ കൂടി ചേര്‍ത്തതോടെ എട്ട് ഡീ മെറിറ്റ് പോയിന്റുകള്‍ എത്തിയതിനാല്‍ താരത്തിനു നാല് സസ്പെന്‍ഷന്‍ പോയിന്റായി ഇത് മാറുകയായിരുന്നു. നാല് സസ്പെന്‍ഷന്‍ പോയിന്റെന്നാല്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഷനോ അല്ലേല്‍ നാല് ഏകദിനങ്ങളിലോ ടി20കളിലോ താരത്തിനു വിലക്ക് വരികയായിരുന്നു. 2018ല്‍ മിര്‍പുര്‍ ടെസ്റ്റില്‍ നിന്നും ഗബ്രിയേലിനു വിലക്ക് വന്നിരുന്നു.

ഗബ്രിയേലിനെതിരെ ഐസിസി അന്വേഷണ നടപടി

സെയിന്റ് ലൂസിയയില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷത്തിനു വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനെതിരെ നടപടി പ്രഖ്യാപിച്ച് ഐസിസി. ഐസിസി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.13ന്റെ ലംഘനമാണ് ഗബ്രിയേല്‍ നടത്തിയിരിക്കുന്നതെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍. മാച്ച് അമ്പയര്‍മാരുടെ ചാര്‍ജ്ജ് മാച്ച് റഫറി ജെഫ് ക്രോ ആവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

വരും ദിവസങ്ങളില്‍ ഹിയറിംഗിനു ശേഷമാവും ശിക്ഷയെന്തെന്നുള്ളത് വ്യക്തമാക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ വിഷയത്തില്‍ ഐസിസി പ്രതികരണങ്ങള്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ രണ്ട് ടെസ്റ്റുകളില്‍ നിന്നോ നാല് ഏകദിനങ്ങളില്‍ നിന്നോ താരത്തിനു വിലക്ക് വന്നേക്കും. നിലവില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുള്ള താരത്തിനു ഇനി ഒരു പോയിന്റ് കൂടി ലഭിച്ചാല്‍ ഉള്ള സാഹചര്യത്തിലെ സ്ഥിതിയാണ് ഇത്.

ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം, ഗബ്രിയേലിനു താക്കീത്

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ജോ റൂട്ടിനെതിരെ അസഭ്യ വര്‍ഷം നടത്തിയടതിനു വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു താക്കീത്. താരത്തിനെതിരെ കൂടുതല്‍ നടപടികള്‍ മത്സര ശേഷം ഉണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ 44ാം ഓവറിലാണ് സംഭവം അരങ്ങേറുന്നത്. ജോ റൂട്ടും ജോ ഡെന്‍ലിയും ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നതിനിടയിലാണ് ഗബ്രിയേലിന്റെ ഈ പെരുമാറ്റം.

മാച്ച് റഫറി ജെഫ് ക്രോ അമ്പയര്‍മാരുടെ നടപടിയില്‍ സന്തുഷ്ടനാണെന്നും കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കില്ലെന്നുമാണ് ചില ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുവാന്‍ ജോ റൂട്ട് തയ്യാറായില്ല. ഷാനണ്‍ ഗബ്രിയേല്‍ മികച്ച താരമാണെന്നും ക്രിക്കറ്റിനായി കഠിന പ്രയത്നം നടത്തുന്ന താരമാണെന്നും മികച്ച പ്രകടനം പരമ്പരയില്‍ നടത്തിയ താരത്തില്‍ നിന്നുള്ള പരാമര്‍ശം എന്താണെന്ന് താന്‍ വെളിപ്പെടുത്തുന്നില്ലെന്നും ജോ റൂട്ട് അഭിപ്രായപ്പെട്ടു.

റോച്ചും ഗബ്രിയേലും ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു

ആന്റിഗ്വ ടെസ്റ്റിലും ഇംഗ്ലണ്ടിനു ബാറ്റിംഗ് പരാജയം. 61 ഓവര്‍ മാത്രം നീണ്ട് നിന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 187 റണ്‍സിനു അവസാനിക്കുകയായിരുന്നു. ഇന്ന് ടോസ് നേടി വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുത്ത ശേഷം ഇംഗ്ലണ്ട് നിരയില്‍ ജോണി ബൈര്‍സ്റ്റോ(52), മോയിന്‍ അലി(60), ബെന്‍ ഫോക്സ്(35) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പിനു ശ്രമിച്ചത്.

ആദ്യ സെഷനു ശേഷം മോയിന്‍ അലിയും ബെന്‍ ഫോക്സും ഇംഗ്ലണ്ടിനെ 172/6 എന്ന നിലയില്‍ ചായ വരെ കൊണ്ടെത്തിച്ചു. എന്നാല്‍ മൂന്നാം സെഷന്‍ ആരംഭിച്ച ശേഷം ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. 178/6 എന്ന നിലയില്‍ നിന്ന് ടീം 9 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി.

വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് നേടി. അല്‍സാരി ജോസഫിനു രണ്ട് വിക്കറ്റും നായകന്‍ ജേസണ്‍ ഹോള്‍ഡറിനു ഒരു വിക്കറ്റും ലഭിച്ചു.

ഷാനണ്‍ ഗബ്രിയേലിനു രണ്ടാം ടെസ്റ്റില്‍ നിന്ന് വിലക്ക്

മിര്‍പുര്‍ ടെസ്റ്റില്‍ നിന്ന് വിന്‍ഡീസ് പേസ് ബൗളര്‍ ഷാനണ്‍ ഗബ്രിയേലിനു വിലക്ക്. ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനായി നാല് വിക്കറ്റ് നേടിയ താരം ഇമ്രുല്‍ കൈസിന്റെ ശരീരത്തില്‍ ഇടിച്ചുവെന്ന കാരണത്താലാണ് രണ്ട് ഡീമെറിറ്റ് പോയിന്റ് പിഴയായി വിധിക്കപ്പെട്ടത്. ഇതിനു പുറമെ മാച്ച് ഫീസിന്റെ 30 ശതമാനം പിഴയായും ചുമത്തിയിട്ടുണ്ട്.

ആദ്യ ദിവസത്തിന്റെ എട്ടാം ഓവറിലാണ് അറിഞ്ഞു കൊണ്ട് ഇമ്രുല്‍ കൈസുമായി ഗബ്രിയേല്‍ സമ്പര്‍ക്കം പുലര്‍ത്തിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ അഭിപ്രായത്തില്‍ ഇത് ഒഴിവാക്കാവുന്ന ഒന്നായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുറ്റം ഗബ്രിയേല്‍ സമ്മതിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷം ജമൈക്ക ടെസ്റ്റില്‍ 50 ശതമാനം മാച്ച് ഫീസ് പിഴയും 3 ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ ചുമത്തപ്പെട്ടിരുന്നു.

ഇതോടെ അഞ്ച് ഡീമെറിറ്റ് പോയിന്റാണ് ഗബ്രിയേല്‍ ഇതുവരെ സ്വന്തമാക്കിയത്. അഞ്ച് ഡീമെറിറ്റ് പോയിന്റുകള്‍ രണ്ട് സസ്പെന്‍ഷന്‍ പോയിന്റുകളായി മാറും. രണ്ട് സസ്പെന്‍ഷന്‍ പോയിന്റുകളെന്നാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനങ്ങളിലോ അഥവാ രണ്ട് ടി20കളില്‍ നിന്നോ വിലക്ക് ലഭിയ്ക്കുന്നതാണ്. ഏത് മത്സരമാണോ ആദ്യം ആ മത്സരത്തില്‍ വിലക്ക് നിലവില്‍ വരും.

ആദ്യ ദിവസം 300 കടന്ന് ബംഗ്ലാദേശ്, മോമിനുള്‍ ഹക്കിനു ശതകം

മോമിനുള്ള ഹക്കിന്റെ ശതകത്തിന്റെ ബലത്തില്‍ ചിറ്റഗോംഗ് ടെസ്റ്റിന്റെ ആദ്യ ദിവസം വിന്‍ഡീസിനെതിരെ 315 റണ്‍സ് നേടി ബംഗ്ലാദേശ്. 8 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയ ആതിഥേയര്‍ക്കായി 120 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും 44 റണ്‍സുമായി ഇമ്രുല്‍ കൈസുമാണ് തിളങ്ങിയ താരങ്ങള്‍. 259/8 എന്ന നിലയില്‍ നിന്ന് 9ാം വിക്കറ്റില്‍ നയീം ഹസന്‍(24*)-തൈജുള്‍ ഇസ്ലാം(32*) എന്നിവര്‍ ചേര്‍ന്ന് നേടിയ 56 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 300 കടക്കുവാന്‍ സഹായിച്ചത്.

ഷാക്കിബ് അല്‍ ഹസന്‍ 34 റണ്‍സ് നേടി. വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ നാലും ജോമല്‍ വാരിക്കന്‍ രണ്ടും വിക്കറ്റ് നേടി. ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ ബംഗ്ലാദേശ്, ചെറുത്ത് നില്പുയര്‍ത്തിയത് നൂറുള്‍ ഹസന്‍ മാത്രം

ബംഗ്ലാദേശ് നിരയിലെ ഏകനായ പോരാളിയായി നൂറൂള്‍ ഹസന്‍ മാറിയെങ്കിലും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാനാകാതെ സന്ദര്‍ശകര്‍. ഇന്ന് ആന്റിഗ്വ ടെസ്റ്റിന്റെ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് അവസാനിക്കുകയായിരുന്നു. ഇന്നിംഗ്സിനും 219 റണ്‍സിന്റെയും വിജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട സ്കോര്‍ ബംഗ്ലാദേശിനു നേടാനായെങ്കിലും വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സ് സ്കോറിനു വെല്ലുവിളിയുയര്‍ത്തുവാന്‍ പോന്നതായിരുന്നില്ല ഈ പ്രകടനം.

ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 144 റണ്‍സിനു അവസാനിക്കുകയായിരുന്നു. അവരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിലും 101 റണ്‍സ് അധികമാണ് അവര്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

നൂറുള്‍ ഹസന്‍ 64 റണ്‍സ് നേടിയപ്പോള്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. 36 പന്തില്‍ നിന്നാണ് നൂറുള്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. ഷാനണ്‍ ഗബ്രിയേല്‍ അഞ്ച് വിക്കറ്റും ജേസണ്‍ ഹോള്‍ഡര്‍ 3 വിക്കറ്റുമാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. മിഗ്വല്‍ കമ്മിന്‍സിനാണ് ഹസന്റെ വിക്കറ്റ്. ഇന്നിംഗ്സിലെ അവസാന വിക്കറ്റും കമ്മിന്‍സാണ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version