പതിവു തെറ്റിയില്ല, സൈനയെ കീഴടക്കി തായി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍

തുടര്‍ച്ചയായ 11ാം തവണ സൈന നെഹ്‍വാലിനെ കീഴടക്കി തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ലോക ഒന്നാം നമ്പറും തായ്‍വാന്‍ താരവുമായ തായി സു യിംഗിന്റെ ജയം.21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം ഉറപ്പാക്കിയത്. 52 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

ആദ്യ ഗെയിമില്‍ ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്ന തായ‍്‍വാന്‍ താരം 21-13നു ഗെയിം സ്വന്തമാക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സൈന മൂന്ന് പോയിന്റ് തുടര്‍ച്ചയായി നേടിയെങ്കിലും സൈനയ്ക്ക് അവസരം നല്‍കാതെ തായി ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ മുന്നേറ്റമാണ് സൈന നടത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സൈന ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം തായിയ്ക്ക് തിരിച്ചുവരവിനു അവസരം നല്‍കാതെ 17-9നു സൈന ലീഡ് ഉയര്‍ത്തി. തായി ആദ്യ ഗെയിം വിജയിച്ച 21-13 സ്കോര്‍ ലൈനില്‍ തന്നെയാണ് സൈനയും രണ്ടാം ഗെയിം വിജയിച്ചത്.

എന്നാല്‍ മൂന്നാം ഗെയിമില്‍ സൈന തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. തായി ആദ്യ ഗെയിമിലേത് പോലെ ആധിപത്യമുറപ്പിച്ച് പകുതി സമയത്ത് 11- ന്റെ ലീഡ് കൈവശപ്പെടുത്തി. യാതൊരുവിധ ചെറുത്ത് നില്പും സൈനയില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ ഗെയിമും മത്സരവും ലോക ഒന്നാം നമ്പര്‍ താരം 21-6 എന്ന സ്കോറിനു സ്വന്തമാക്കി.

 

പതിനൊന്നാം തവണ മറികടക്കുമോ സൈന തായിയെ? ഇന്നറിയാം

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലില്‍ സൈന നെഹ്‍വാല്‍ തായ്‍വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സൈനയ്ക്ക്. ആവേശകരമായൊരു ഫൈനല്‍ പ്രതീക്ഷിച്ചെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇവര്‍ക്കിടയിലെ പഴയ മത്സരങ്ങളുടെ ഫലങ്ങള്‍ ആശ്വാസകരമായ വാര്‍ത്തയല്ല നല്‍കുന്നത്.

കഴിഞ്ഞ പത്ത് തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ തായ്‍വാന്‍ താരത്തിനായിരുന്നു ജയം. സൈനയ്ക്ക് പതിനൊന്നാം തവണ ചരിത്രം മാറ്റിയെഴുതുവാന്‍ സാധിക്കുമോ എന്നതാവും ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം 3.30യ്ക്കാണ് ഡെന്മാര്‍ക്ക് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ മത്സരം.

അനായാസ ജയത്തോടെ സൈന ഫൈനലില്‍

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്‍വാല്‍ ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍. 30 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. സ്കോര്‍: 21-11, 21-12.

ഫൈനലില്‍ തായ്‍വാന്‍ താരം സു യിംഗ് തായി ആണ് സൈനയുടെ എതിരാളി. ചൈനീസ് താരം ഹി ബിംഗ്ജിയാവോയെ 21-14, 21-12 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് തായിയുടെ വിജയം.

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം സെമി ഉറപ്പാക്കി സൈന

ആദ്യ ഗെയിമില്‍ ജപ്പാന്‍ താരം നൊസോമി ഒക്കുഹാരയോട് തോല്‍വിയേറ്റു വാങ്ങിയ ശേഷം മത്സരത്തില്‍ വിജയം കൊയ്ത് സൈന നെഹ്‍വാല്‍. ആദ്യ ഗെയിം 17-21നു പരാജയപ്പെട്ട ശേഷം വ്യക്തമായ ആധിപത്യത്തോടെയാണ് ക്വാര്‍ട്ടറില്‍ സൈന വിജയിച്ചത്. ഇതോടെ ഡെന്മാര്‍ക്ക് ഓപ്പണിന്റെ സെമിയില്‍ സൈന കടന്നു.

17-21, 21-16, 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. സെമിയില്‍ സൈന ഗ്രിഗോറിയ മരിസ്കയെ നേരിടും.

ലോക രണ്ടാം നമ്പര്‍ താരത്തെ തകര്‍ത്ത് സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ അകാനെ യമാഗൂച്ചിയെ തകര്‍ത്ത് സൈന. ഇരു താരങ്ങളും കഴിഞ്ഞ് ഏഴ് തവണ ഏറ്റുമുട്ടിയതില്‍ ഇത് ആദ്യമായാണ് സൈന വിജയം സ്വന്തമാക്കുന്നത്. 36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റിലാണ് ജപ്പാന്‍ താരമായ ലോക രണ്ടാം റാങ്കുകാരിയെ സൈന തകര്‍ത്തത്.

സ്കോര്‍: 21-15, 21-17. ജയത്തോടെ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

പൊരുതി നേടിയ ജയവുമായി സൈന നെഹ്‍വാല്‍

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ വിജയം നേടി ഇന്ത്യയുടെ സൈന നെഹ്‍വാല്‍. ആദ്യ റൗണ്ടില്‍ നേരത്തെ പിവി സിന്ധു പുറത്തായെങ്കിലും സൈന ഇന്ത്യയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിയ്ക്കുകയായിരുന്നു. ലോക റാങ്കിംഗില്‍ 24ാം സ്ഥാനത്തുള്ള ഹോങ്കോംഗിന്റെ ഗാന്‍ യി ച്യുംഗിനെയാണ് ആദ്യ ഗെയിം കൈവിട്ട ശേഷം സൈന ജയിച്ചത്.

അവസാന ഗെയിമില്‍ 24-22 എന്ന അത്യന്തം ആവേശകരമായ രീതിയില്‍ മുന്നേറിയ ശേഷമാണ് സൈനയുടെ വിജയം. 20-22, 21-17, 24-22 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 21 മിനുട്ട് നീണ്ട മത്സരം ജയിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്ന സൈനയ്ക്ക് എതിരാളി ലോക രണ്ടാം നമ്പര്‍ താരം അകാനെ യമാഗൂച്ചിയാണ്.

മാച്ച് പോയിന്റില്‍ നിന്ന് കളി കൈവിട്ട് സൈന, കൊറിയ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ജപ്പാന്റെ 2017 ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം അടിയറവ് പറഞ്ഞ് സൈന. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ 21-15,15-21, 20-22 എന്ന സ്കോറിനാണ് സൈന ജപ്പാന്റെ നൊസോമിയോട് പരാജയപ്പെട്ടത്. ആദ്യ ഗെയിമില്‍ സൈന അനായാസം വിജയം കണ്ടപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നൊസോമി രണ്ടാം ഗെയിമില്‍ നടത്തിയത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തന്റെ കളി മെച്ചപ്പെടുത്തിയ സൈന മാച്ച് പോയിന്റ് വരെ എത്തിയെങ്കിലും മത്സരം സ്വന്തമാക്കാനായില്ല.

മത്സരത്തിന്റെ തുടക്കത്തില്‍ 0-3 നു സൈന പിന്നിലായിരുന്നുവെങ്കില്‍ 7-6 നു ആദ്യമായി മത്സരത്തില്‍ ലീഡ് നേടിയ ശേഷം സൈന തന്നെയായിരുന്നു ഏറെ മുന്നില്‍. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സൈന 11-9നു ലീഡ് ചെയ്യുകയായിരുന്നുവെങ്കില്‍ ഇടവേളയ്ക്ക് ശേഷം ആധിപത്യം ഉറപ്പിച്ച് സൈന 19-12ന്റെ ലീഡ് കരസ്ഥമാക്കി. 20-12നു സൈന ഗെയിം പോയിന്റിനു അടുത്തെത്തിയെങ്കിലും മൂന്ന് പോയിന്റുകള്‍ നേടി ഒകുഹാര പൊരുതി നോക്കിയെങ്കിലും ഗെയിം സൈന 21-15നു സ്വന്തമാക്കി.

ആദ്യ ഗെയിമിലേത് പോലെത്തന്നെ ജപ്പാന്‍ താരത്തിന്റെ ലീഡോടു കൂടിയാണ് രണ്ടാം ഗെയിമും ആരംഭിച്ചത്. ഒരു ഘടത്തില്‍ 4-2ന്റെ ലീഡ് നേടിയ നൊസോമിയെ സൈന 6-6 ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിലേതിനു സമാനമായി അവിടെ നിന്ന് ഗെയിമില്‍ 8-7 എന്ന രീതിയില്‍ സൈന ലീഡ് നേടി. എന്നാല്‍ രണ്ടാം ഗെയിമിന്റെ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ലീഡ് ജപ്പാന്‍ താരത്തിനായിരുന്നു. സൈനയെ 11-7 എന്ന സ്കോറിനാണ് ഇടവേള സമയത്ത് ഒകുഹാര പിന്നിലാക്കിയത്.

രണ്ടാം ഗെയിമിന്റെ ഇടവേളയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ച ജപ്പാന്‍ താരം തന്റെ ലീഡ് വര്‍ദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. ആദ്യ ഗെയിമിനെ അപേക്ഷിച്ച് നീണ്ട റാലികളാണ് ഗെയിമില്‍ ഇരു താരങ്ങളും നടത്തിയത്. ഗെയിം 21-15നു സ്വന്തമാക്കി നൊസോമി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമില്‍ സൈനയാണ് പോയിന്റുകള്‍ നേടി തുടങ്ങിയത്. സൈനയുടെ ലീഡ് ഏറെ വര്‍ദ്ധിപ്പിക്കാനനുവദിക്കാതെ നൊസോമിയും ഒപ്പം കൂടിയപ്പോള്‍ മൂന്നാം ഗെയിമിന്റെ ഇടവേള സമയത്ത് 11-8ന്റെ ലീഡുമായി സൈന മുന്നിട്ടു നിന്നു. 20-16നു മാച്ച് പോയിന്റിനു അരികില്‍ എത്തിയ ശേഷമാണ് സൈന പടിയ്ക്കല്‍ കൊണ്ട് കലമുടച്ചത്. 4 മാച്ച് പോയിന്റുകള്‍ രക്ഷപ്പെടുത്തി നൊസോമി മൂന്നാം ഗെയിം 22-20 നു സ്വന്തമാക്കി ജപ്പാന്‍ ഓപ്പണ്‍ സെമിയില്‍ കടന്നു.

സൈന ക്വാര്‍ട്ടറില്‍

37 മിനുട്ട് നീണ്ട പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ കിം ഗ ഉന്നിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ സൈന നെഹ്‍വാല്‍ കൊറിയ ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. 21-18, 21-18 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് സൈന.

ക്വാര്‍ട്ടറില്‍ സൈനയ്ക്ക് നേരിടേണ്ടി വരിക 2017ലെ ലോക ചാമ്പ്യന്‍ നൊസോമി ഒക്കുഹാരയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രണയത്തിന്റെ കോർട്ടിൽ സൈനയും കശ്യപും

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാല്‍ വിവാഹിതയാകുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബര്‍ 16നാണ് വിവാഹം നടക്കുകയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ സഹ താരം പാരുപ്പള്ളി കശ്യപ് ആണ് വരന്‍. ഇരു കുടുംബങ്ങളും വിവാഹത്തിനായി തയ്യാറെടുത്ത് വരികയാണെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

കശ്യപും സൈനയും ഗോപിചന്ദിനു കീഴിലാണ് പരിശീലനം ആരംഭിച്ചത്. 10 വര്‍ഷത്തിലധികമായി ഇരുവരും സൗഹൃദത്തിലാണെങ്കിലും പ്രണയത്തിലാണോയെന്ന ചോദ്യങ്ങളെ അവഗണിക്കുകയായിരുന്നു പതിവ്. ഈ വര്‍ഷം ആദ്യം സൈന നേടിയ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണത്തിനു പിന്നിലുള്ള പ്രചോദനം കശ്യപ് ആണെന്ന് സൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക റാങ്കിംഗില്‍ ആറാം നമ്പര്‍ വരെ ഒരു കാലത്ത് കശ്യപ് എത്തിയിരുന്നുവെങ്കിലും പരിക്ക് തുടര്‍ക്കഥയായതോടെ താരത്തിനു പലപ്പോഴും തിരിച്ചടിയാകുകയായിരുന്നു.

അനായാസ ജയവുമായി സൈന കൊറിയ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍

കൊറിയന്‍ നാട്ടുകാരിയായി ലോക റാങ്കിംഗില്‍ 39ാ നമ്പര്‍ താരത്തെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി സൈന നെഹ്‍വാല്‍. കൊറിയ ഓപ്പണിലെ ആദ്യ റൗണ്ടില്‍ അഞ്ചാം സീഡായ സൈന 21-12, 21-11 എന്ന സ്കോറിനു 40 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. കൊറിയയുടെ കിം ഹ്യോ മിന്‍ ആയിരുന്നു സൈനയുടെ ആദ്യ റൗണ്ട് എതിരാളി.

പ്രീ ക്വാര്‍ട്ടറില്‍ മറ്റൊരു ദക്ഷിണ കൊറിയന്‍ താരത്തെയാണ് സൈന നേരിടുന്നത്.

സൈനയ്ക്ക് ആദ്യ റൗണ്ടില്‍ തോല്‍വി

ചൈന ഓപ്പണില്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയോടെ തുടക്കം. ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‍വാല്‍ ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കൊറിയയുടെ ജി ഹ്യുന്‍ സംഗിനോട് പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിം പൊരുതി നേടിയെങ്കിലും തുടര്‍ന്ന് മത്സരത്തില്‍ നിറം മങ്ങിപ്പോകുകയായിരുന്നു സൈന.

സ്കോര്‍: 22-20, 8-21, 14-21.

ഇന്ത്യന്‍ പ്രതീക്ഷകള്‍ സിന്ധുവില്‍, സൈന പിന്മാറി

നാളെ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണില്‍ നിന്ന് സൈന നെഹ്‍വാല്‍ പിന്മാറി. വനിത വിഭാഗത്തില്‍ സൈനയും പുരുഷ വിഭാഗത്തില്‍ സായി പ്രണീതും പിന്മാറുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ കിഡംബിയും പ്രണോയ്‍യും ഇന്ത്യന്‍ പ്രതീക്ഷകളായി മത്സരിക്കാനിറങ്ങുന്നുണ്ട്. ഈ വര്‍ഷം തന്റെ ഫൈനല്‍ തോല്‍വിയുടെ ശാപം മാറ്റുകയെന്ന ലക്ഷ്യത്തോടെയാവും സിന്ധു നാളെ ജപ്പാന്‍ ഓപ്പണിലെ തന്റെ മത്സരങ്ങള്‍ ആരംഭിക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുടെ ഫൈനലില്‍ സിന്ധുവെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം.

മൂന്നാം സീഡായ ഇന്ത്യന്‍ താരം ജപ്പാന്റെ സയാക തക്കാഷിയോടാണ് ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന ശ്രീകാന്ത് കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ് യൂക്സിയാംഗിനെ നേരിടുമ്പോള്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയ്‍യുടെ എതിരാളി.

ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടുകളും ഇന്ത്യയുടെ പ്രതീക്ഷയായി ജപ്പാന്‍ ഓപ്പണില്‍ ഇറങ്ങുന്നുണ്ട്.

Exit mobile version