തിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ

പരിക്ക് കാരണം ഏതാണ്ട് ഒരു വർഷത്തിന് മുകളിലുള്ള തന്റെ ടെന്നീസ് കളത്തിലേക്കുള്ള തിരിച്ചു വരവിൽ ജയവുമായി റോജർ ഫെഡറർ. ദോഹ ഓപ്പൺ രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 3 സെറ്റ് നീണ്ട ത്രില്ലറിൽ ആണ് ഫെഡറർ മറികടന്നത്. തന്റെ പൂർണ മികവിലേക്ക് ഉയർന്നില്ല എങ്കിലും പ്രതിഭയുടെ മഹത്വം വിളിച്ചോതുന്ന തരത്തിലുള്ള ഷോട്ടുകൾ മത്സരത്തിൽ ഉടനീളം ഫെഡററിൽ നിന്നുണ്ടായി. നന്നായി പൊരുതിയ ഇവാൻസിന് എതിരെ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ സെറ്റ് പോയിന്റ് രക്ഷിച്ച ഫെഡറർ സെറ്റ് ടൈബ്രേക്കറിൽ 7-6 നു സ്വന്തമാക്കി മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ രണ്ടാം സെറ്റിൽ ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഇവാൻസ് 6-3 നു രണ്ടാം സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ബ്രൈക്ക് പോയിന്റുകളും മാച്ച് പോയിന്റുകളും ഫെഡറർ സൃഷ്ടിച്ചു എങ്കിലും ഇത് രക്ഷിച്ച ഇവാൻസ് പൊരുതാൻ ഉറച്ച് തന്നെയായിരുന്നു. എന്നാൽ ഇവാൻസിന്റെ അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഫെഡറർ സെറ്റ് 7-5 നു നേടി മത്സരം തന്റെ പേരിൽ കുറിച്ച് ലോകത്തിനു മുന്നിൽ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു. ദോഹയിൽ മറ്റൊരു കിരീടത്തോടെ തിരിച്ചു വരവ് ഗംഭീരമാക്കാൻ ആവും ഫെഡററിന്റെ ശ്രമം. മറ്റ് പ്രമുഖ താരങ്ങൾ ആയ തീം, ഷപോവലോവ്, റൂബ്ലേവ്, അഗ്യുറ്റ് എന്നിവരും മുന്നേറിയപ്പോൾ ഗോഫിൻ ടൂർണമെന്റിൽ നിന്നു പുറത്തായി.

കാത്തിരിപ്പിന് വിരാമം ആകുന്നു, ദോഹയിൽ റോജർ ഫെഡററിന്റെ തിരിച്ചു വരവ് കാത്ത് ലോകം

കായിക പ്രേമികളുടെ കാത്തിരിപ്പിന് ദോഹയിൽ അടുത്ത് തന്നെ വിരാമം ആവും. ഒരു കൊല്ലത്തിനു മേലുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് റോജർ ഫെഡറർ ഈ ആഴ്ച തന്നെ ടെന്നീസ് കളത്തിൽ തിരിച്ചെത്തും. ദോഹ ഓപ്പണിൽ രണ്ടാം റൗണ്ടിൽ ആയിരിക്കും ഫെഡററിന്റെ തിരിച്ചു വരവ്. 2020 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ നൊവാക് ജ്യോക്കോവിച്ചിനോട് തോൽവി വഴങ്ങിയ ശേഷം നീണ്ട ഒരു കൊല്ലത്തിന് മുകളിൽ ആണ് പരിക്ക് കാരണം 39 കാരൻ ആയ ഫെഡറർ ടെന്നീസ് കളത്തിൽ നിന്നു വിട്ടു നിന്നത്.

ഇരുപതു തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ഫെഡറർ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ തിരിച്ചു വരാൻ ആണ് തീരുമാനിച്ചത് എങ്കിലും പരിക്ക് പൂർണമായും വിട്ട് മാറാത്തത് കൊണ്ട് തിരിച്ചു വരവ് ദോഹയിലേക്ക് ആക്കുക ആയിരുന്നു. ദോഹ ഓപ്പൺ ഏറ്റവും കൂടുതൽ ജയിച്ച ഫെഡറർക്ക് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. രണ്ടാം റൗണ്ടിൽ ഡാൻ ഇവാൻസ്, ജെറമി ചാർഡി മത്സരവിജയിയെ ആവും ഫെഡറർ നേരിടുക. ടൂർണമെന്റിൽ ലോക നാലാം നമ്പർ ഡൊമനിക് തീം, നിലവിലെ ജേതാവ് ആന്ദ്ര റൂബ്ലേവ്, 2019 ലെ ജേതാവ് റോബർട്ടോ ബാറ്റിസ്റ്റോ അഗ്യുറ്റ് തുടങ്ങിയവരിൽ നിന്നു കടുത്ത വെല്ലുവിളി ആവും നേരിടുക.

എ. ടി.പി 250 ടൂർണമെന്റ് ആയ ദോഹക്ക് ശേഷം എ. ടി. പി 1000 മാസ്റ്റേഴ്സ് ആയ ദുബായ് ഓപ്പണിലും ഫെഡറർ കളിക്കും. ഈ വർഷം പ്രധാനമായും വിംബിൾഡൺ, ഒളിമ്പിക്സ്, യു.എസ് ഓപ്പൺ എന്നിവയിൽ മികച്ച പ്രകടനം ലക്ഷ്യം വക്കുന്ന ഫെഡറർ തനിക്ക് ഇനിയും ബാല്യമുണ്ട് എന്നു തെളിയിക്കാൻ ആവും കളത്തിൽ ഇറങ്ങുക. പരിക്കിൽ നിന്നു മുക്തനായി എന്നു പറഞ്ഞ ഫെഡറർ താൻ നിലവിൽ വേദനയിൽ നിന്നു മുക്തൻ ആണെന്നും വ്യക്തമാക്കി. ഒരിക്കലും വിരമിക്കലിനെ കുറിച്ച് ചിന്തിച്ചില്ലെന്നു പറഞ്ഞ ഫെഡറൽ താൻ ടൂർണമെന്റിനു പൂർണമായും തയ്യാറാണെന്നും പരിശീലനം തൃപ്തികരമാണെന്നും കൂട്ടിച്ചേർത്തു. ഒരു വർഷമായി ഫെഡററിന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന ടെന്നീസ് ആരാധകർക്ക് വലിയ ആവേശം ആവും ദോഹ ഓപ്പൺ നൽകുക എന്നുറപ്പാണ്.

ഒന്നാം റാങ്കിൽ ഫെഡററിന്റെ റെക്കോർഡ് മറികടന്നു നൊവാക് ജ്യോക്കോവിച്ച്

പുരുഷ വിഭാഗം ടെന്നീസിൽ ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ ആയിരുന്ന റോജർ ഫെഡററിന്റെ റെക്കോർഡ് ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച് മറികടന്നു. എ. ടി. പി റാങ്കിംഗിൽ 310 ആഴ്ച ലോക ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്ന സ്വിസ് ഇതിഹാസ താരത്തിന്റെ റെക്കോർഡ് ആണ് സെർബിയൻ താരം മറികടന്നത്. ഇന്നത്തോടെ 311 ആഴ്ചകൾ ആണ് 33 കാരൻ ആയ ജ്യോക്കോവിച്ച് ലോക ഒന്നാം നമ്പർ റാങ്കിംഗിൽ തുടർന്നത്.

2011 ൽ ലോക ഒന്നാം റാങ്കിൽ ആദ്യമായി എത്തിയ സെർബിയൻ താരം കഴിഞ്ഞ പതിറ്റാണ്ട് ടെന്നീസിൽ തന്റെ കാൽക്കീഴിൽ തന്നെയാക്കി. നിലവിൽ വർഷത്തെ ആദ്യ ഗ്രാന്റ് സ്‌ലാം ആയ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഉയർത്തി 18 ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ എത്തിയ ജ്യോക്കോവിച്ച് ഫെഡററിന്റെയും നദാലിന്റെയും 20 ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ എന്ന റെക്കോർഡ് തകർക്കാൻ ആണ് അടുത്ത് ശ്രമിക്കുക.

ഫെഡറർ ഈ സീസണിൽ ഇനി കളിക്കില്ല, 2021ൽ തിരിച്ചു വരുമെന്ന് പത്രക്കുറിപ്പ്

ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർക്ക് കടുത്ത വിഷമം നൽകി റോജർ ഫെഡറർ ഇനി ഈ സീസണിൽ കളിക്കില്ല എന്നു ഉറപ്പായി. 2020ൽ ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിനു ശേഷം കാൽ മുട്ടിനു വേണ്ടി വന്ന ശസ്ത്രക്രിയ മൂലം കളത്തിൽ നിന്ന് വിട്ടു നിന്ന ഫെഡറർ ഇനി 2020ൽ തിരിച്ചു വരില്ല എന്നുറപ്പായി. ഫെഡററുടെ തീരുമാനശേഷം കൊറോണ വൈറസ് മൂലം ടെന്നീസ് ടൂറുകൾ നിലവിൽ നിർത്തി വെച്ചിരിക്കുക ആണെങ്കിലും അടുത്ത മാസം ടൂർണമെന്റുകൾ തുടങ്ങാൻ ആയിരുന്നു എ. ടി. പി തീരുമാനം. ഇതോടെ അടുത്ത മാസം സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഓപ്പൺ, ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫ്രഞ്ച് ഓപ്പൺ എന്നിവ ഫെഡറർക്ക് നഷ്ടമാകും.

ആരാധകർക്ക് ആയി ഇറക്കിയ പത്രക്കുറിപ്പിൽ ആരാധകർ എല്ലാവരും സുഖമായി ഇരിക്കുന്നതായി പ്രത്യാശിച്ച ഫെഡറർ, തുടർന്ന് 2017 നു സമാനമായ നിലക്ക് ശസ്ത്രക്രിയക്ക് ശേഷമുള്ള സമയത്ത് വലത് മുട്ട് കാലിനു പ്രശ്നങ്ങൾ നേരിട്ടതായി വ്യക്തമാക്കി. അതിനാൽ തന്നെ ഉന്നത നിലവാരമുള്ള ടെന്നീസ് കളിക്കുക എന്നത് ഇപ്പോൾ പ്രായോഗികമല്ലെന്നു പറഞ്ഞ അദ്ദേഹം 100 ശതമാനം ശാരീരിക ക്ഷമത നേടിയ ശേഷം കളത്തിലേക്കു ഉള്ളു എന്നും വ്യക്തമാക്കി. ആരാധകരുടെ സാന്നിധ്യം തനിക്ക് നഷ്ടം ആയിരിക്കും എന്ന് പറഞ്ഞ അദ്ദേഹം 2021 സീസണിൽ തുടക്കം മുതൽ കളത്തിൽ തിരിച്ചു വരാൻ ആവും എന്നും പ്രത്യാശിച്ചു. നിലവിൽ 38 കാരൻ ആയ ഇതിഹാസതാരത്തെയും ആരാധകരെയും സംബന്ധിച്ച് വളരെ സങ്കടകരമായ വാർത്ത ആയിരിക്കും ഇത്.

എ. ടി. പി ഫൈനൽസിൽ ആദ്യ മത്സരം തോറ്റ് ഫെഡറർ, ജയം കണ്ട് ജ്യോക്കോവിച്ച്

എ. ടി. പി ഫൈനൽസിലെ ആദ്യ മത്സരത്തിൽ ഡൊമനിക് തീമിനോട് തോൽവി വഴങ്ങി റോജർ ഫെഡറർ. അഞ്ചാം സീഡ് ആയ ഓസ്ട്രിയൻ താരത്തോട് മുൻ ജേതാവ് കൂടിയായ മൂന്നാം സീഡ് ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയം സമ്മതിച്ചത്. ഇതോടെ തുടർന്ന് വരുന്ന മത്സരങ്ങൾ ജയിച്ചില്ലെങ്കിൽ ഫെഡറർ സെമിഫൈനൽ കാണാതെ പുറത്താവും. ജ്യോക്കോവിച്ചിനെ ഈ ഗ്രൂപ്പിൽ നേരിടേണ്ട ഫെഡറർക്ക് ഇത് വലിയ തിരിച്ചടി ആയി. 7-5,7-5 എന്ന സ്കോറിന് ആയിരുന്നു ഫെഡററിന്റെ തോൽവി. ആക്രമിച്ച് കളിച്ച തീം ഫെഡറർക്ക് മേൽ ആധിപത്യം നേടി. ഈ വർഷം ഇത് മൂന്നാം തവണയാണ് ഫെഡററെ തീം തോല്പിക്കുന്നത്.

അതേസമയം ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച ഇറ്റാലിയൻ താരം ബരേറ്റിനിയെ അക്ഷരാർത്ഥത്തിൽ തകർത്താണ് രണ്ടാം സീഡ് ജ്യോക്കോവിച്ച് നയം വ്യക്തമാക്കിയത്. 6-2,6-1 എന്ന സ്കോറിന് ആണ് ജ്യോക്കോവിച്ച് ജയം കണ്ടത്. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ആദ്യ കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഒന്നാം സീഡ് റാഫേൽ നദാൽ നിലവിലെ ജേതാവ് അലക്‌സാണ്ടർ സെവർവ്വിനെ നേരിടുമ്പോൾ ഇന്നത്തെ ആദ്യ മത്സരത്തിൽ നാലാം സീഡ് ഡാനിൽ മെദവ്‌ദേവും ആറാം സീസ് സ്റ്റെഫാനോസ് സ്റ്റിസിപാസും നേർക്കുനേർ വരും. അടുത്ത മത്സരത്തിൽ നാളെ ഫെഡറർ ബരേറ്റിനിയെ നേരിടുമ്പോൾ ജ്യോക്കോവിച്ചിന്റെ എതിരാളി ഡൊമനിക് തീം ആണ്.

ബോൾ ബോയിയിൽ നിന്ന് പത്താം കിരീടത്തിലേക്ക്! ബേസലിൽ വീണ്ടും ഫെഡറർ!

എത്ര മനോഹരമായ കഥയാണ്, ഒരിക്കൽ ബോൾ ബോയി ആയി നിന്ന ഒരു കുട്ടി ആ ടൂർണമെന്റിൽ കിരീടം നേടുക എന്നത്. ഒരിക്കൽ അല്ല 10 പ്രാവശ്യം. ലോകത്ത് ഏതൊരാൾക്കും പ്രചോദനം ആവുന്ന ആ ചരിത്രം കുറിച്ചത് മറ്റാരുമല്ല സാക്ഷാൽ റോജർ ഫെഡറർ തന്നെയാണ്. സ്വന്തം നാട്ടിൽ സ്വിസ് ഇൻഡോർ ബേസൽ എ.ടി.പി 500 ടൂർണമെന്റിന്റെ 50 താം വാർഷികത്തിൽ തന്റെ 15 ഫൈനലിൽ 10 കിരീടം ആണ് ഫെഡറർ ഇന്നുയർത്തിയത്. ഏതെങ്കിലും ഒരു ടൂർണമെന്റിൽ 15 തവണ ഫൈനലിൽ എത്തുന്ന ആദ്യ താരമായ ഫെഡറർ യുവ താരം 20 കാരനായ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനോറിനെയാണ് ഫൈനലിൽ മറികടന്നത്. ഫെഡറർക്ക് എതിരെ ആദ്യ മത്സരത്തിനു ഇറങ്ങിയ ഡി മിനോർക്ക് പക്ഷെ ഫെഡറർക്ക് വലിയ വെല്ലുവിളി ആവാൻ സാധിച്ചില്ല. ഫെഡററിന്റെ കരിയറിലെ 103 കിരീടം കൂടിയായി ഇത്.

ആദ്യ സെറ്റിൽ ആദ്യ സർവീസ് നിലനിർത്താൻ ഫെഡറർ ബുദ്ധിമുട്ടിയെങ്കിലും ഡി മിനോറിന്റെ രണ്ടാം സർവീസ് തന്നെ ഭേദിച്ച ഫെഡറർ നയം വ്യക്തമാക്കി. ഒരിക്കൽ കൂടി ഫെഡറർ ഡി മിനോറിന്റെ സർവീസ് ഭേദിച്ച ഫെഡറർ ആദ്യ സെറ്റ് 6-2 നു 35 മിനിറ്റിനുള്ളിൽ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഡി മിനോറിന്റെ ആദ്യ സർവ്വീസ് തന്നെ ഭേദിച്ച ഫെഡറർ കിരീടം കയ്യെത്തും ദൂരെയാക്കി. ആദ്യ സെറ്റിന് സമാനമായ രീതിയിൽ വീണ്ടുമൊരിക്കൽ കൂടി ഡി മിനോറിന്റെ സർവ്വീസ് ഭേദിച്ച ഫെഡറർ 6-2 നു രണ്ടാം സെറ്റും മത്സരവും ബേസലിലെ പത്താം കിരീടവും സ്വന്തമാക്കി. വെറും ഒരു മണിക്കൂർ 8 മിനിറ്റു നീണ്ടു നിന്ന മത്സരത്തിൽ സെമിഫൈനലിൽ സ്റ്റിസിപാസിനെ മറികടന്ന ഫോമിൽ തന്നെയായിരുന്നു ഫെഡറർ ഫൈനലിലും. കിരീടം ഏറ്റുവാങ്ങിയ ശേഷം വളരെ വികാരീതനായി കാണപ്പെട്ട ഫെഡറർ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കിരീടം ആണെന്നും കൂട്ടിച്ചേർത്തു.

ഫെഡററിന്റെ റെക്കോർഡ് മറികടക്കാൻ പ്രായം നദാലിന് തടസമാവില്ല : ടോണി നദാൽ

ഫെഡററിന്റെ ഏറ്റവും കൂടുതൽ ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ എന്ന നേട്ടം സ്വന്തമാക്കാൻ റാഫേൽ നദാലിന് പ്രായം ഒരു തടസ്സം ആവില്ലെന്ന് നദാലിന്റെ മുൻ പരിശീലകനും അമ്മാവനും ആയ ടോണി നദാൽ. ഇപ്പോൾ 20 ഗ്രാന്റ്‌ സ്‌ലാമുകൾ ഉള്ള റോജർ ഫെഡററെക്കാൾ വെറും ഒരു ഗ്രാന്റ്‌ സ്‌ലാം പിറകിൽ ആണ് റാഫേൽ നദാൽ. എന്നാൽ ഈ കഴിഞ്ഞ യു.എസ് ഓപ്പൺ ജയത്തിനു ശേഷം ഇനിയൊരു ഗ്രാന്റ്‌ സ്‌ലാം സ്വന്തമാക്കുക തനിക്ക് ബുദ്ധിമുട്ട് ആവും എന്ന് റാഫേൽ നദാൽ തന്നെയാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ 33 കാരനായ റാഫേൽ നദാൽക്ക് ചരിത്രനേട്ടം കൈവരിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ടോണി നദാൽക്ക് സംശയം ഒന്നുമില്ല.

ഏതാണ്ട് 5 മണിക്കൂർ നീണ്ട 5 സെറ്റ് മത്സരത്തിനൊടുവിൽ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ മറികടന്നാണ് നദാൽ യു.എസ് ഓപ്പൺ കിരീടം ഉയർത്തിയത്. മത്സരശേഷം വളരെ വികാരീതനായി കാണപ്പെട്ട നദാൽ കിരീടാനേട്ടത്തിന്റെ കാഠിന്യം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നാൽ മത്സരശേഷം നദാൽ ഫെഡററിന്റെ റെക്കോർഡ് തകർക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ലെന്നാണ് റഷ്യൻ താരം പ്രതികരിച്ചത്. ഫെഡററിന്റെ റെക്കോർഡ് തകർക്കാൻ പ്രായം നദാൽക്ക് ഒരു തടസ്സമാവില്ലെന്നു പറഞ്ഞ മെദ്വദേവ്‌ ഇനിയും ഗ്രാന്റ്‌ സ്‌ലാം കിരീടങ്ങൾ നേടാനുള്ള കരുത്തും ശാരീരിക ക്ഷമതയും നദാലിന് ഉണ്ടെന്നും കൂട്ടിച്ചേർത്തിരുന്നു.

യു.എസ് ഓപ്പണിൽ റോജർ ഫെഡററെ അട്ടിമറിച്ച് ദിമിത്രോവ് സെമിയിൽ

അവസാനം 38 വയസ്സിലെ റോജർ ഫെഡർറിന്റെ യു.എസ് ഓപ്പൺ പ്രയാണത്തിന് അവസാനം. നദാലുമായുള്ള സ്വപ്നഫൈനൽ എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഫെഡറർ മടങ്ങുന്നത്. ബൾഗേറിയയുടെ സീഡ് ചെയ്യാത്ത ഗ്രിഗോർ ദിമിത്രോവ് ആണ് ഫെഡററെ 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയത്. ശാരീരികമായി ബുദ്ധിമുട്ടിയ ഫെഡറർക്ക് എതിരെ എട്ടാമത്തെ ശ്രമത്തിലെ ആദ്യജയം ആണ് ദിമിത്രോവിന് ഇത്. തന്റെ കരിയറിൽ 2017 ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിന് ശേഷം ഇത് ആദ്യമായാണ് ബൾഗേറിയൻ താരം ഒരു ഗ്രാന്റ്‌ സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. ഏതാണ്ട് 3 മണിക്കൂർ നീണ്ട 5 സെറ്റ് പോരാട്ടത്തിൽ ഫെഡറർക്ക് മേൽ വലിയ ആധിപത്യം നേടി ദിമിത്രോവ്.

ആദ്യ സെറ്റ് നേടിയ ശേഷം ആണ് ഫെഡറർ മത്സരം തോറ്റത്. 2018 ലെ വിംബിൾഡനിൽ കെവിൻ ആന്റേഴ്സനോട് ആണ് ഫെഡറർ അവസാനം ഇങ്ങനെ തോൽവി വഴങ്ങിയത്. ആദ്യ സെറ്റിൽ ഒരു തവണ ദിമിത്രോവിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ സെറ്റ് 6-3 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ സമാനമായ രീതിയിൽ തിരിച്ചടിച്ച ദിമിത്രോവ് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഫെഡറർ ശക്തമായ പോരാട്ടം കാഴ്ച വച്ചു, പലപ്പോഴും കടുത്ത വെല്ലുവിളി അതിജീവിച്ച് 6-3 നു മൂന്നാം സെറ്റ് സ്വിസ് മാന്ത്രികൻ സ്വന്തമാക്കി. എന്നാൽ നാലാം സെറ്റിൽ ഈ പ്രകടനം തുടരാൻ ഫെഡറർക്ക് ആയില്ല. ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ദിമിത്രോവ് മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ ആധിപത്യം പിടിച്ചു. സെറ്റിൽ തുടർന്ന് ദിമിത്രോവിന്റെ സർവീസ് ഭേദിക്കാൻ കിട്ടിയ 5 അവസരങ്ങളും മുതലാക്കാൻ ഫെഡറർക്ക് ആവാതെ വന്നപ്പോൾ സെറ്റ് ദിമിത്രോവ് 6-4 നു സ്വന്തം പേരിൽ കുറിച്ചു.

അഞ്ചാം സെറ്റിന് മുമ്പ് ശാരീരികമായി അസ്വസ്ഥത കാണിച്ച ഫെഡറർ മെഡിക്കൽ ടൈം എടുക്കുക കൂടി ചെയ്തതോടെ അഞ്ചാം സെറ്റിൽ ശാരീരികമായി ഫെഡറർ പിടിച്ചു നിൽക്കില്ല എന്നുറപ്പായി. പ്രതീക്ഷിച്ച പോലെ അഞ്ചാം സെറ്റിൽ ഫെഡററിന്റെ ആദ്യ രണ്ട് സർവീസും ബ്രൈക്ക് ചെയ്ത ദിമിത്രോവ് പിന്നെ മത്സരത്തിൽ തിരിഞ്ഞു നോക്കിയില്ല. നിരവധി പിഴവുകളും ഫെഡറർ വരുത്തിയപ്പോൾ അനായാസം 6-2 നു അവസാന സെറ്റും മത്സരവും ദിമിത്രോവ് സ്വന്തമാക്കി. മുമ്പ് പലപ്പോഴും മികച്ച താരമായി കണക്കാക്കുമ്പോൾ പോലും കഴിവിനൊത്ത പ്രകടനം കാണിക്കാത്ത ദിമിത്രോവിന് സ്വയം തെളിയിക്കാൻ ഉള്ള വലിയ അവസരം ആവും സെമിഫൈനൽ. ഫെഡറർക്ക് ഇത് വലിയ നിരാശ പകരും എങ്കിലും ഈ പ്രായത്തിലും ശരീരത്തെ അതിജീവിച്ച് ക്വാട്ടർ വരെ എത്തിയത് ഒരു മികച്ച നേട്ടം തന്നെയാണ്. സെമിഫൈനലിൽ അഞ്ചാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്‌ ആണ് ദിമിത്രോവിന്റെ എതിരാളി. മികച്ച പോരാട്ടം ആവും സെമിഫൈനൽ എന്നുറപ്പാണ്. റഷ്യൻ താരത്തിനാണ് ചെറിയ മുൻതൂക്കം എങ്കിലും ദിമിത്രോവിനെ എഴുതി തള്ളാൻ ആവില്ല.

യു.എസ് ഓപ്പൺ നാലാം റൗണ്ടിലേക്ക് മുന്നേറി ഫെഡററും, പ്ലിസ്‌കോവയും

ബ്രിട്ടീഷ് താരം ഡാനിയേൽ എവാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു മൂന്നാം സീഡും ടെന്നീസ് ഇതിഹാസവുമായ റോജർ ഫെഡറർ യു.എസ് ഓപ്പൺ നാലാം റൗണ്ടിൽ കടന്നു. ആദ്യ രണ്ട് റൗണ്ടുകളിൽ മോശം തുടക്കത്തിന് ശേഷം തിരിച്ചു വന്ന ഫെഡററെയാണ് കണ്ടത് എങ്കിൽ ഇന്ന് തന്റെ മികവിന്റെ പാരമ്യത്തിൽ നിൽക്കുന്ന ഫെഡറർ ആണ് അവതരിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ സീഡ് ചെയ്യാത്ത ബ്രിട്ടീഷ് താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു തുടങ്ങിയ ഫെഡറർ പിന്നീട് സെറ്റിലും മത്സരത്തിലും തിരിഞ്ഞു നോക്കിയില്ല. ബ്രൈക്കുകൾക്ക് പിറകെ ബ്രൈക്ക് നേടിയ സ്വിസ് താരം ആദ്യ സെറ്റ് 6-2 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഒന്നാം സെറ്റിന്റെ തനി ആവർത്തനം കണ്ടപ്പോൾ രണ്ടാം സെറ്റും 6-2 ഫെഡറർ സ്വന്തമാക്കി.

മൂന്നാം സെറ്റിൽ ഫെഡററിന്റെ സർവീസ് ആദ്യമായി ബ്രൈക്ക് ചെയ്യാൻ എവാൻസിന് ആയെങ്കിലും ബ്രിട്ടീഷ് താരത്തിന്റെ സർവീസുകൾ ഭേദിച്ച ഫെഡറർ സെറ്റും മത്സരവും 6-1 നു സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. ഏതാണ്ട് 1 മണിക്കൂർ 15 മിനിറ്റു മാത്രമെ ഈ മത്സരം നീണ്ടുനിന്നുള്ളു. അതേസമയം വനിത വിഭാഗത്തിൽ ചെക് താരവും മൂന്നാം സീഡുമായ കരോളിന പ്ലിസ്കോവയും നാലാം റൗണ്ടിൽ കടന്നു. നന്നായി പൊരുതിയ ടുണീഷ്യൻ താരം ഒൻസ് ജബോറിനെതിരെ മൂന്നു സെറ്റ് പോരാട്ടത്തിന് ശേഷം ആയിരുന്നു പ്ലിസ്കോവയുടെ ജയം. ആദ്യ സെറ്റ് 6-1 നു നേടിയ ചെക് താരത്തിന് രണ്ടാം സെറ്റ് 6-4 നു നേടി നല്ല മറുപടിയാണ് ടുണീഷ്യൻ താരം നൽകിയത്. എന്നാൽ മൂന്നാം സെറ്റ് തുടക്കത്തിൽ തന്നെ ജബോറിന്റെ സർവീസ് ഭേദിച്ച് ആധിപത്യം നേടിയ ചെക് താരം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു.

യു.എസ് ഓപ്പൺ മൈതാനത്തിനു വേഗത കുറവെന്ന വിമർശനവുമായി റോജർ ഫെഡറർ

രണ്ടാം റൗണ്ട് ജയത്തിനു ശേഷം യു.എസ് ഓപ്പൺ മൈതാനത്തിനു എതിരെ വിമർശനവുമായി റോജർ ഫെഡറർ. മൈതാനത്തിനു വേഗത കുറവാണ്‌ എന്ന വിമർശനം ആണ് ഫെഡറർ ഉന്നയിച്ചത്. പലപ്പോഴും പ്രതീക്ഷതയിലും വളരെ കുറഞ്ഞ വേഗതയാണ് മൈതാനം കാണിക്കുന്നത് എന്ന വിമർശനവും ഫെഡറർ ഉന്നയിച്ചു. പലപ്പോഴും കളത്തിന്റെ സ്വഭാവം ടെന്നീസിൽ വളരെ പ്രധാനമായതിനാൽ തന്നെ ഫെഡററിന്റെ വിമർശനത്തിന് പ്രസക്തി ഏറെയാണ്.

രണ്ടാം റൗണ്ടിൽ ആർതർ ആഷേ മൈതാനത്ത് തന്റെ ആദ്യ ഇൻഡോർ മത്സരത്തിന് ഇറങ്ങിയ ഫെഡറർ താളം കണ്ടത്താൻ ആദ്യം വളരെ അധികം ബുദ്ധിമുട്ടിയിരുന്നു. ആദ്യ സെറ്റിൽ 4-0 ത്തിനു പിന്നിൽ പോയ ശേഷം ആണ് ബോസ്നിയൻ താരം ദിമിഹൂറിനു എതിരെ ഫെഡറർ ജയം കണ്ടത്. ഇതോടെ യു.എസ് ഓപ്പണിൽ നൂറു ജയങ്ങൾ കുറിക്കാനും ടെന്നീസ് മാന്ത്രികനു ആയി.

യു.എസ് ഓപ്പണിൽ ബിഗ് 3 യെ മറികടക്കാൻ ആവുമോ ടെന്നീസ് യുവത്വത്തിന്?

കഴിഞ്ഞ വിംബിൾഡൺ തുടക്ക സമായത്തെക്കാൾ ഈ ചോദ്യം കുറച്ച് കൂടി ആത്മവിശ്വാസത്തോടെ ചോദിച്ചു തുടങ്ങിയിട്ടുണ്ട് ടെന്നീസ് ആരാധകർ. അതിനു പ്രധാനകാരണം ഹാർഡ് കോർട്ടിൽ സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം യുവതാരങ്ങൾ നേടിയ ജയമാണ്. സിൻസിനാറ്റിയിൽ ഫൈനലിൽ എത്താൻ ബിഗ് 3 ഇല്ലാതിരുന്നത് തന്നെ ഇതിനു സൂചനയായി പലരും കാണുന്നു. എന്നാൽ ഗ്രാന്റ്‌ സ്‌ലാമിൽ ഫെഡറർ, ദ്യോക്കോവിച്ച്, നദാൽ ത്രിമൂർത്തികളെ മറികടന്നു കിരീടം നേടുക എന്നത് എത്രത്തോളം പ്രയാസമുള്ള കാര്യമാണെന്ന് ടെന്നീസ് ലോകത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രത്യേകിച്ച് കഴിഞ്ഞ 11 ഗ്രാൻറ്സ്‌ലാമുകൾ തങ്ങൾക്കിടയിൽ പങ്ക് വച്ച മൂന്നു പേരും ഏതാണ്ട് 3 വർഷമായി പുറത്ത് നിന്ന് ഒരുതാരം ഗ്രാന്റ്‌ സ്‌ലാം ജയിക്കാൻ അനുവദിച്ചിട്ടില്ല എന്നു കൂടി അറിയുമ്പോൾ യുവതാരങ്ങൾക്ക് മുന്നിലുള്ള കടമ്പ എത്രത്തോളം വലുതാണെന്ന് അറിയാൻ സാധിക്കും. നാളെ തുടങ്ങുന്ന വർഷത്തിലെ ഏറ്റവും അവസാനത്തെ ഗ്രാന്റ്‌ സ്‌ലാമിൽ പതിവ് കാഴ്ചകൾ ആകുമോ അല്ല പുതിയ ചാമ്പ്യൻ ഉദയം ചെയ്യുമോ എന്നു കാത്തിരുന്നു കാണാം.

ഒന്നാം സീഡും ലോകഒന്നാം നമ്പറുമായ നൊവാക് ദ്യോക്കോവിച്ചിനെ സംബന്ധിച്ച് ലഭിച്ച ക്വാട്ടർ അത്ര വെല്ലുവിളി നിറഞ്ഞതല്ല. സെമിഫൈനൽ പ്രേവേശനം ദ്യോക്കോവിച്ചിന് ഉറപ്പ് നൽകുമ്പോഴും ഈ കഴിഞ്ഞ സിൻസിനാറ്റി മാസ്റ്റേഴ്സിൽ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച റഷ്യൻ യുവതാരവും ലോക അഞ്ചാം നമ്പർ താരവുമായ ഡാനിൽ മെദ്വദേവിനെ ക്വാട്ടർ ഫൈനലിൽ നേരിട്ടേക്കാം എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ഹാർഡ് കോർട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ദ്യോക്കോവിച്ച് ഈ വെല്ലുവിളി അനായാസം മറികടക്കാൻ ആണ് സാധ്യത. ഒന്നാം റൗണ്ടിൽ 76 റാങ്കുകാരൻ ആയ റോബർട്ടോ കാർബലേസ് ആണ് നൊവാക്കിന്റെ എതിരാളി. രണ്ടാം റൗണ്ടിൽ മുമ്പ് 2016 വിംബിൾഡനിൽ നൊവാക്കിനെ അട്ടിമറിച്ച അമേരിക്കൻ താരം സാം ക്യൂറെയും നാലാം റൗണ്ടിൽ 2016 യു.എസ് ഓപ്പൺ ഫൈനലിൽ നൊവാക്കിനെ തോൽപ്പിച്ച സ്റ്റാൻ വാവറിങ്കയും നൊവാക്കിനു എതിരാളികൾ ആയേക്കും. എന്നാൽ ഇപ്പോൾ പ്രായവും പരിക്കും അലട്ടുന്ന വാവറിങ്കയൊന്നും നൊവാക്കിന്‌ വലിയ വെല്ലുവിളി ആവില്ല. ആദ്യ റൗണ്ടിൽ 89 റാങ്കുകാരൻ ആയ പ്രണേഷ്‌ ഗുണഷേരനെ നേരിടുന്ന മെദ്വദേവിനു ക്വാട്ടർ ഫൈനലിൽ കടക്കാൻ മുമ്പിലുള്ള പ്രധാനവെല്ലുവിളി ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനിയാവും. എന്നാൽ മെദ്വദേവ് ദ്യോക്കോവിച്ച് ക്വാട്ടർ ഫൈനലിന് തന്നെയാണ് സാധ്യത കൂടുതൽ. സെമിഫൈനലിൽ റോജർ ഫെഡറർ ആയേക്കും ദ്യോക്കോവിച്ചിന്റെ എതിരാളി.

2008 നു ശേഷം യു.എസ് ഓപ്പൺ ജയിച്ചിട്ടില്ലാത്ത കഴിഞ്ഞ രണ്ട് പ്രാവശ്യവും നാലാം റൗണ്ടിൽ പുറത്തായ മൂന്നാം സീഡ് റോജർ ഫെഡറർക്ക് വിംബിൾഡനിലെ ദുസ്വപ്നത്തിൽ നിന്ന് കരകയറേണ്ടതുണ്ട്. ഫൈനലിൽ ദ്യോക്കോവിച്ചിന് മുന്നിൽ 2 ചാമ്പ്യൻഷിപ്പ് പോയിന്റുകൾ കൈവിട്ടു തോറ്റ ഫെഡറർക്ക് യു.എസ് ഓപ്പണിൽ തിരിച്ചുവരേണ്ടതുണ്ട്. യുവ ഇന്ത്യൻ താരമാണ് ഫെഡററുടെ ആദ്യ റൗണ്ടിലെ എതിരാളി. ആദ്യ റൗണ്ടുകളിൽ ഫെഡറർക്കു വലിയ വെല്ലുവിളികൾ ഉണ്ടാകാൻ ഇടയില്ല. എന്നാൽ നാലാം റൗണ്ടിൽ അനുഭവസമ്പന്നനായ ഡേവിഡ് ഗോഫിൻ ആവും ഫെഡറർക്കു എതിരാളി. മികച്ച ഫോമിൽ ആണ് ഗോഫിൻ എന്നാൽ എന്നും ഗോഫിന് എതിരെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഫെഡറർക്ക് ഗോഫിൻ വലിയ വെല്ലുവിളി ആവില്ലെന്ന് കരുതാം. എന്നാൽ ക്വാട്ടറിൽ കെയ്‌ നിഷികോരി ഫെഡറർക്ക് കനത്ത വെല്ലുവിളി ഉയർത്തിയേക്കും. ഈ വിംബിൾഡനിൽ നിഷിക്കോരിക്കു മേൽ ഫെഡറർ ജയം കണ്ടിരുന്നു. ഇതൊക്കെ അതിജീവിച്ചാൽ സെമിഫൈനലിൽ നൊവാക് ദ്യോക്കോവിച്ച് ആവും ഫെഡററെ കാത്തിരിക്കുക.

രണ്ടാം സീഡ് റാഫേൽ നദാലിനെ സംബന്ധിച്ചിടത്തോളം ടൂർണമെന്റിൽ ഉടനീളം ശാരീരികക്ഷമത നിലനിർത്തുക എന്നത് തന്നെയാവും വലിയ വെല്ലുവിളി. സിൻസിനാറ്റി മാസ്റ്റേഴ്സിൽ അടക്കം വിശ്രമം എടുത്ത നദാലിന് ഹാർഡ് കോർട്ടിൽ തന്റെ മികവ് തുടരാൻ ആവുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ വർഷം ഫെഡററെ യു.എസ് ഓപ്പണിൽ അട്ടിമറിച്ച ജോൺ മിൽമാൻ ആണ് നദാലിന്റെ ആദ്യ റൗണ്ട് എതിരാളി. വലിയ സർവീസുകൾ കയ്യിലുള്ള മിൽമാൻ നദാലിന് വെല്ലുവിളിയാവാൻ സാധ്യതയില്ല. നാട്ടുകാരനും ഇടം കയ്യനുമായ ഫെർണാണ്ടോ വെർഡാസ്കോ മൂന്നാം റൗണ്ടിൽ നദാലിന് എതിരാളി ആയേക്കും. നാലാം റൗണ്ടിൽ മുമ്പ് നദാലിനെ തോല്പിച്ചിട്ടുള്ള മാരിൻ സിലിച്ച്, ജോൺ ഇസ്‌നർ എന്നിവരിൽ ഒരാൾ ആവും ഫ്രഞ്ച് താരത്തിന്റെ എതിരാളി. ക്വാട്ടറിൽ യുവതാരങ്ങളിൽ ഏറ്റവും പ്രതിഭാശാലിയായ അലക്‌സാണ്ടർ സെവർവ്വ് അല്ലെങ്കിൽ കാരൻ കാച്ചനോവ എന്നിവരിൽ ഒരാൾ ആവും നദാലിനെ നേരിടുക. ഈ വർഷം മോശം പ്രകടനം തുടർന്ന സെവർവ്വ് തന്റെ മികവിലേക്ക്‌ ഉയരുമോ എന്നു കണ്ടറിയണം. സെമിഫൈനലിൽ എത്തതാനുള്ള നദാലിന്റെ പ്രയാണം കറുപ്പമേറിയത് എന്നുറപ്പാണ്.

കളിമണ്ണിൽ മാത്രമല്ല തനിക്ക് മറ്റ് കോർട്ടുകളും വഴങ്ങും എന്നു തെളിയിക്കാൻ ആവും നാലാം സീഡ് ഡൊമനിക് തീം ഇപ്രാവശ്യത്തെ യു.എസ് ഓപ്പണിൽ കളിക്കാൻ ഇറങ്ങുക. എന്നാൽ തങ്ങളുടെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ ലക്ഷ്യം വക്കുന്ന യുവതാരങ്ങളുടെ ഒരു സംഘത്തെ തന്നെ മറികടന്നാൽ മാത്രമേ തീമിനു സെമിഫൈനൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ സാധിക്കൂ. മികച്ച പ്രതിഭകൾ ആയ ഗ്രീക്ക് താരം സെറ്റഫനോസ് സ്റ്റിസിപാസ്, ഫ്രഞ്ച് താരം ആഗൽ അലിയാസിമ, ആന്ദ്രയ് റൂബ്ലേവ്, കെയിൻ എഡ്മണ്ട്, ഡെന്നിസ് ഷാപോവാലോവ് എന്നിവർക്ക് ഒപ്പം ഓസ്‌ട്രേലിയൻ വികൃതി പയ്യൻ നിക്ക് ക്യൂരിയോസും സെമിഫൈനൽ ലക്ഷ്യം വക്കുന്നു. ക്യൂരിയോസ് എങ്ങനെ കളിക്കും എന്നു ക്യൂരിയോസിന് കൂടി പ്രവചിക്കാൻ ആവാത്തതിനാൽ ക്യൂരിയാസിന്റെ ഏതുമുഖം ആവും അമേരിക്ക കാണുക എന്നു കാത്തിരുന്നു കാണാം. എന്നാൽ യുവതാരങ്ങൾക്ക് ഇടയിൽ ഈ വിംബിൾഡൺ സെമിഫൈനൽ കളിച്ച 31 കാരനായ അനുഭവസമ്പന്നനായ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗ്യൂറ്റിനെ എഴുതിതള്ളാൻ ആവില്ല. ഈ ക്വാട്ടറിൽ ആരു സെമിഫൈനൽ കളിക്കും എന്നു പ്രവചിക്കാൻ ആവില്ല. അഗ്യൂറ്റിനും തീമിനും തന്നെയാണ് സാധ്യത കൂടുതൽ. സെമിയിൽ റാഫേൽ നദാൽ ആവും എതിരാളിയായി വരാൻ സാധ്യതയേറെ. വീണ്ടും ബിഗ് 3 യുടെ ആവർത്തനമോ അല്ല പുതിയ ജേതാവോ അതിനുള്ള ഉത്തരം ഏതായാലും ന്യൂയോർക്ക് 2 ആഴ്ചകൾക്ക് അകം നൽകും.

ഞെട്ടിച്ച് തുടങ്ങിയ ഹാരിസിനെ പാഠം പഠിപ്പിച്ച് ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ

ഹാരിസിന് മുമ്പിൽ ആദ്യമൊന്ന് പകച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ലോയിഡ് ഹാരിസിനെ തോൽപ്പിച്ച് റോജർ ഫെഡറർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഫെഡററിന്റെ ജയം. സെന്റർ കോർട്ടിൽ കളിക്കുന്നതിന്റേതോ ഫെഡററിന്റെ വലിപ്പമോ വകവെക്കാതെ കൂസലില്ലാതെയായിരുന്നു 87 റാങ്കുകാരൻ ഹാരിസ് കളി തുടങ്ങിയത്. ചെറിയ സമ്മർദ്ദം മുഖത്ത് പ്രകടമാക്കിയ ഫെഡറർ ആദ്യ സെറ്റിൽ ഒന്നിന് പിറകെ ഒന്നായി പിഴവുകൾ വരുത്തിയപ്പോൾ മികച്ച സർവ്വീസുകളുമായി ഹാരിസ് കളം നിറഞ്ഞു. ഫെഡററിന്റെ മൂന്നാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഹാരിസ് 28 മിനിറ്റ് നീണ്ടു നിന്ന ആദ്യ സെറ്റ് പിടിച്ചു. ഹാരിസിന്റെ പ്രതിഭ ലോകവും ഫെഡററും കണ്ടു.

എന്നാൽ രണ്ടാം സെറ്റിൽ ഈ 37 വയസ്സിലും താൻ എന്തിനാണ് രണ്ടാം സീഡ് ആയിരിക്കുന്നത് എന്നു ലോകത്തിനും ഹാരിസിനും ഫെഡറർ കാണിച്ചു കൊടുക്കുകയായിരുന്നു. ഹാരിസിന്റെ രണ്ടും മൂന്നും സർവ്വീസുകൾ ബ്രൈക്ക് ചെയ്ത ഫെഡറർ രണ്ടാം സെറ്റിൽ പൂർണ്ണ ആധിപത്യം പ്രകടമാക്കി. രണ്ടാം സെറ്റിൽ മത്സരത്തിലേക്ക് തിരിച്ച് വന്ന ഫെഡറർ ഒന്നാം സെറ്റിന് രണ്ടാം സെറ്റ് 6-1 നു നേടി മറുപടി കൊടുത്തു. ആദ്യ സെറ്റിൽ നിന്ന് വ്യത്യസ്തമായി നന്നായി സർവ്വീസ് ചെയ്ത ഫെഡറർ 22 നീണ്ട രണ്ടാം സെറ്റിൽ ഹാരിസിനു ഒരവസരവും നൽകിയില്ല.

തന്റെ മികച്ച പ്രകടനം മൂന്നാം സെറ്റിലേക്കും ഫെഡറർ പകർന്നാടിയപ്പോൾ രണ്ടാം സെറ്റിൽ എന്ന പോലെ ഹാരിസിന്റെ രണ്ടാം സർവ്വീസ് ഫെഡറർ ബ്രൈക്ക് ചെയ്തു. ഹാരിസിനെ നിഷ്പ്രഭമാക്കുന്ന സർവ്വീസുകൾ ചെയ്‌ത ഫെഡറർ മികച്ച വിന്നറുകളും മനോഹര ഷോട്ടുകളുമായി കളം പിടിച്ചു. ഫെഡററിലെ പ്രതിഭ ഉയർന്നപ്പോൾ ഹാരിസിന്റെ യുവത്വം അതിനു മുന്നിൽ അക്ഷരാർത്ഥത്തിൽ പകച്ചു നിന്നു. 29 മിനിറ്റ് നീണ്ട മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ഹാരിസിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ 6-2 നു സെറ്റ് കയ്യിലാക്കി.

നാലാം സെറ്റിന് മുമ്പ് മെഡിക്കൽ ടൈംഔട്ട്‌ എടുത്ത ഹാരിസ് പിന്നീട് ഇടത് കാലിലെ വേദന വകവെക്കാതെയാണ് കളത്തിൽ ഇറങ്ങിയത്. എന്നാൽ ഈ ഇടവേള ഫെഡററിന്റെ താളത്തെ വലുതായൊന്നും ബാധിച്ചില്ല. നാലാം സെറ്റിലും ഹാരീസിന്റെ രണ്ടാം സർവ്വീസ് ബ്രൈക്ക് ചെയ്ത ഫെഡറർ ഒരു ഏസിലൂടെ 6-2 നു നാലാം സെറ്റും മത്സരവും കയ്യിലാക്കി. തുടക്കത്തിലെ ഞെട്ടൽ ഒഴിച്ച് നിർത്തിയാൽ വളരെ നല്ലൊരു പ്രകടനം തന്നെയാണ് ഫെഡററിൽ നിന്നുണ്ടായത്. എന്നാൽ ഈ പ്രകടനം മാത്രം മതിയോ മുന്നോട്ടുള്ള ഫെഡററിന്റെ പ്രയാണത്തിന് എന്നുള്ള ഉത്തരം ഉടനെ നമുക്ക്‌ ലഭിക്കും.

Exit mobile version