തിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ

പരിക്ക് കാരണം ഏതാണ്ട് ഒരു വർഷത്തിന് മുകളിലുള്ള തന്റെ ടെന്നീസ് കളത്തിലേക്കുള്ള തിരിച്ചു വരവിൽ ജയവുമായി റോജർ ഫെഡറർ. ദോഹ ഓപ്പൺ രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 3 സെറ്റ് നീണ്ട ത്രില്ലറിൽ ആണ് ഫെഡറർ മറികടന്നത്. തന്റെ പൂർണ മികവിലേക്ക് ഉയർന്നില്ല എങ്കിലും പ്രതിഭയുടെ മഹത്വം വിളിച്ചോതുന്ന തരത്തിലുള്ള ഷോട്ടുകൾ മത്സരത്തിൽ ഉടനീളം ഫെഡററിൽ നിന്നുണ്ടായി. നന്നായി പൊരുതിയ ഇവാൻസിന് എതിരെ ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റിൽ സെറ്റ് പോയിന്റ് രക്ഷിച്ച ഫെഡറർ സെറ്റ് ടൈബ്രേക്കറിൽ 7-6 നു സ്വന്തമാക്കി മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ രണ്ടാം സെറ്റിൽ ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഇവാൻസ് 6-3 നു രണ്ടാം സെറ്റ് നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ ബ്രൈക്ക് പോയിന്റുകളും മാച്ച് പോയിന്റുകളും ഫെഡറർ സൃഷ്ടിച്ചു എങ്കിലും ഇത് രക്ഷിച്ച ഇവാൻസ് പൊരുതാൻ ഉറച്ച് തന്നെയായിരുന്നു. എന്നാൽ ഇവാൻസിന്റെ അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഫെഡറർ സെറ്റ് 7-5 നു നേടി മത്സരം തന്റെ പേരിൽ കുറിച്ച് ലോകത്തിനു മുന്നിൽ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു. ദോഹയിൽ മറ്റൊരു കിരീടത്തോടെ തിരിച്ചു വരവ് ഗംഭീരമാക്കാൻ ആവും ഫെഡററിന്റെ ശ്രമം. മറ്റ് പ്രമുഖ താരങ്ങൾ ആയ തീം, ഷപോവലോവ്, റൂബ്ലേവ്, അഗ്യുറ്റ് എന്നിവരും മുന്നേറിയപ്പോൾ ഗോഫിൻ ടൂർണമെന്റിൽ നിന്നു പുറത്തായി.

Exit mobile version