രണ്ടാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ഡിക്കോക്കിന്റെ ബാറ്റിംഗ് മികവില്‍ 4 വിക്കറ്റ് ജയം

ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്ക്, ഹാഷിം അംല എന്നിവര്‍ക്കൊപ്പം ഫാഫ് ഡു പ്ലെസിയും ബാറ്റിംഗ് ഫോം കണ്ടെത്തിയ മത്സരത്തില്‍ ശ്രീലങ്കയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ശ്രീലങ്കയുടെ സ്കോറായ 244 റണ്‍സ് 42.5 ഓവറിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ഒന്നാം വിക്കറ്റില്‍ 91 റണ്‍സ് അടിത്തറയാണ് ഓപ്പണര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്കായി നല്‍കിയത്.

43 റണ്‍സ് നേടിയ ഹാഷിം അംലയെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം രണ്ടാം മത്സരത്തിലും പരാജയപ്പെട്ടപ്പോള്‍ ആദ്യ രണ്ട് വിക്കറ്റുകളും അകില ധനന്‍ജയ സ്വന്തമാക്കി. തുടര്‍ന്ന് ഡിക്കോക്കും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. വ്യക്തിഗത സ്കോര്‍ 87 റണ്‍സില്‍ നില്‍ക്കെ കസുന്‍ രജിത തന്റെ അരങ്ങേറ്റ വിക്കറ്റായി ഡിക്കോക്കിനെ പുറത്താക്കി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫാഫ് ഡു പ്ലെസിയ്ക്ക് അര്‍ദ്ധ ശതകം നഷ്ടമായി. അകില ധനന്‍ജയയ്ക്കായിരുന്നു ഡു പ്ലെസിയുടെയും വിക്കറ്റ്. ഇന്നിംഗ്സിലെ തന്റെ മൂന്നാമത്തെ വിക്കറ്റ് നേട്ടമായിരുന്നു അകില ധനന്‍ജയയ്ക്ക് ഇത്. ഡേവിഡ് മില്ലര്‍(3) വേഗത്തില്‍ പുറത്തായെങ്കിലും 32 റണ്‍സുമായി ജീന്‍ പോള്‍ ഡുമിനി ടീമിനെ വിജയത്തിനു 14 റണ്‍സ് അകലെ എത്തിച്ച് പുറത്തായി.

വില്യം മുല്‍ഡറും(19*) ആന്‍ഡിലേ ഫെഹ്ലുക്വായോയും(7*) ചേര്‍ന്നാണ് ടീമിന്റെ വിജയം ഉറപ്പിക്കുന്നത്. ധനന്‍ജയയ്ക്ക് പുറമേ സുരംഗ ലക്മല്‍, കസുന്‍ രജിത, തിസാര പെരേര എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version