ഈ മൂന്ന് താരങ്ങളില്‍ ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ചോദിച്ച് ഡെയര്‍ ഡെവിള്‍സ്

ഇന്ത്യന്‍ യുവ രക്തങ്ങളെയും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെയുമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് തങ്ങളുടെ നിലനിര്‍ത്തല്‍ അവകാശം വിനിയോഗിച്ച് ടീമില്‍ എടുത്തത്. ഇനി രണ്ട് റൈറ്റ് ടു മാച്ച് കാര്‍ഡ് കൈവശമുള്ള ടീം ആരെ നിലനിര്‍ത്തണമെന്ന് ആരാധകരോട് ആവശ്യപ്പെടുകയാണ്. മൂന്ന് താരങ്ങളില്‍ നിന്ന് നിങ്ങള്‍ ആരെ നില നിര്‍ത്തുമെന്നാണ് ഡെയര്‍ ഡെവിള്‍സിന്റെ ചോദ്യം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കാഗിസോ റബാഡ, ക്വിന്റണ്‍ ഡിക്കോക്ക്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരെയാണ് ടീം നിലനിര്‍ത്തല്‍ സാധ്യതകളായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആരാധകരുടെ താല്പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ നിലനിര്‍ത്തണമെന്നതാണ്. ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ക്വിന്റണ്‍ ഡിക്കോക്കും ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ബൗളിംഗ് സ്ഥാനം അലങ്കരിച്ച കാഗിസോ റബാഡയും തങ്ങളുടെ ടീമിലേക്ക് എത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ആരാധകര്‍ എന്ത് തന്നെ ചിന്തിച്ചാലും ആരെ നിലനിര്‍ത്തണമെന്ന് വ്യക്തമായ അറിവ് മാനേജ്മെന്റിനു നിലവില്‍ തന്നെയുണ്ടെന്നിരിക്കേ തങ്ങളുടെ ആരാധകരുമായി ഇടപഴകി ബന്ധം പുനസ്ഥാപിക്കുവാനുള്ള ഒരു തന്ത്രമായാണ് ഇതിനെ വിലയിരുത്തുന്നത്.

നേരത്തെ ഐപിഎല്‍ നിലനിര്‍ത്തല്‍ നയത്തില്‍ ഡല്‍ഹി ശ്രേയസ്സ് അയ്യര്‍, ഋഷഭ് പന്ത്, ക്രിസ് മോറിസ് എന്നിവരെ നിലനിര്‍ത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version