നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് മുംബൈ മിറ്റിയോഴ്‌സിനെ തോല്‍പ്പിച്ചു

ചെന്നൈ, മാര്‍ച്ച് 16, 2024: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ ഫൈവിലെ നിര്‍ണായക മത്സരം നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന കളിയില്‍ മുംബൈ മിറ്റിയോഴ്‌സിനെ 15-13, 16-14, 15-10 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. ജിഷ്ണുവാണ് കളിയിലെ താരം. സൂപ്പര്‍ഫൈവില്‍ നാലുമത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരു രണ്ട് ജയവുമായി നാലുപോയിന്റോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുംബൈക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ബെംഗളൂരുവിന്റെ വിജയത്തോടെ സൂപ്പര്‍ 5ലെ അവസാന മത്സരങ്ങള്‍ സൂപ്പര്‍ ക്ലൈമാക്‌സിലേക്കായി.

അമിത് ഗുലിയയുടെ ആക്രമണങ്ങളിലൂടെ മുംബൈ മിറ്റിയോഴ്‌സ് ബെംഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ജിഷ്ണുവിന്റെ സമര്‍ഥമായ ബ്ലോക്കുകള്‍ ബെംഗളൂരുവിന് തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നല്‍കി. ഇരു ടീമുകളുടെയും സര്‍വീസ് പിഴവുകള്‍ കളി തുല്യനിലയിലാക്കി. ബെംഗളൂരു കോച്ച് ഡേവിഡ് ലീയുടെ സൂപ്പര്‍ സെര്‍വിനുള്ള നീക്കം പിഴച്ചില്ല, ലീഡെടുത്ത ടോര്‍പ്പിഡോസ് ഐബിന്‍ ജോസിന്റെ സ്‌പൈക്കിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കി.

പൗലോ ബാര്‍ബോസയായിരുന്നു ടോര്‍പ്പിഡോസിന്റെ ആക്രമണങ്ങളുടെ സൂത്രധാരന്‍, അറ്റാക്കര്‍മാര്‍ക്ക് കൃത്യമായി പന്തെത്തി. എന്നാല്‍ മധ്യനിരയില്‍ നിന്നുള്ള സൗരഭിന്റെ ആക്രമണങ്ങള്‍ ബെംഗളൂരിനെ പ്രതിരോധത്തിലാക്കി. മുജീബിന്റെ മികവുറ്റ ബ്ലോക്കുകളിലൂടെ കളി തിരിച്ചുപിടിച്ച ടോര്‍പ്പിഡോസ് സേതുവിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ മുന്നിലെത്തി. സ്രാജന്റെയും ജിഷ്ണുവിന്റെയും കിടിലന്‍ ബ്ലോക്ക് കൂടിയായതോടെ ബെംഗളൂരൂ 16-14ന് രണ്ടാം സെറ്റും നേടി. ശുഭം ചൗധരിയുടെ ഫോമില്ലായ്മ മിറ്റിയോഴ്‌സിന് തിരിച്ചടിയായി, അതേസമയം ബെംഗളൂരു കടുത്ത ആക്രമണങ്ങളുമായി മുന്നേറി. ജിഷ്ണുവിന്റെ അപാര മികവ് അവര്‍ക്ക് തുണയായി. അനായാസം പോയിന്റുകള്‍ നേടുന്നതില്‍ നിന്ന് ബെംഗളൂരു പ്രതിരോധം മുംബൈയെ തടഞ്ഞു. മികവ് തുടര്‍ന്ന ടോര്‍പ്പിഡോസ് തോമസ് ഹെപ്റ്റിന്‍സ്റ്റാളിന്റെ സൂപ്പര്‍ സെര്‍വിലൂടെ ജീവന്‍ മരണ പോരാട്ടത്തില്‍ ജയം കുറിച്ചു.

സൂപ്പര്‍ ഫൈവ് മത്സരങ്ങള്‍ ഇന്ന് (ഞായര്‍) അവസാനിക്കും. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള കാലിക്കറ്റ് ഹീറോസാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഞായറാഴ്ച രാത്രി 8.30ന് നടക്കുന്ന അവസാന മത്സരത്തില്‍ ഹീറോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ഹീറോസിന് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിലെത്താം. വൈകിട്ട് 6.30ന് അഞ്ച് പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി തൂഫാന്‍സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. സൂപ്പര്‍ ഫൈവിന് ശേഷം കൂടുതല്‍ പോയിന്റ് നേടുന്ന ടീമാണ് നേരിട്ട് ഫൈനലില്‍ പ്രവേശിക്കുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളായിരിക്കും രണ്ടാം ഫൈനലിസ്റ്റ്. അഹമ്മദാബാദിനും മുംബൈക്കും നിലവില്‍ രണ്ട് പോയിന്റുകള്‍ വീതമുണ്ട്.

ഡൽഹി തൂഫാൻസിനെ കടുത്ത പോരിൽ കീഴടക്കി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ സാധ്യത നിലർത്തി

ചെന്നൈ, 2024 മാർച്ച് 15: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23 സൂപ്പർ 5ൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ പ്ലേ ഓഫ്‌ സാധ്യത നിലർത്തി. സൂപ്പർ 5ലെ മൂന്നാം മത്സരത്തിൽ ഡൽഹി തൂഫാൻസിനെ കടുത്ത പോരാട്ടത്തിൽ മറികടന്നാണ്‌ പ്രതീക്ഷ നിലനിർത്തിയത്‌. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ പോരിലായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. സ്‌കോർ: 15–10, 11–15, 10–15, 15–12, 18–16. അംഗമുത്തുവാണ്‌ കളിയിലെ താരം.

മുത്തുസാമിയുടെ കൗശലപരമായ പാസിങ്ങിൽ അംഗമുത്തു കടുത്ത ആക്രമണക്കളിയാണ്‌ പുറത്തെടുത്തത്‌. തുടർച്ചയായി വലയിൽ തട്ടി ഡൽഹി അഹമ്മദാബാദിന്‌ കാര്യങ്ങൾ എളുപ്പമാക്കി. മാക്‌സ്‌ സെനിക്കയുടെ മൂർച്ച കുറഞ്ഞ ആക്രമണങ്ങൾ ഡൽഹിക്ക്‌ വീണ്ടും അനായാസം പോയിന്റുകൾ നൽകികൊണ്ടിരുന്നു. അതേസമയം സന്തോഷിന്റെ തുടർച്ചയായ ആക്രമണങ്ങൾ ഡൽഹിക്ക്‌ താളം നൽകി. എന്നാൽ ശിഖർ സിങ്ങിന്റെ തുടർച്ചയായ കരുത്തുറ്റ ബ്ലോക്കുകളാണ്‌ അഹമ്മദാബാദിന്‌ ലീഡ്‌ നൽകിയത്‌.

ഡോഡിച്ച്‌ അഹമ്മദാബാദ്‌ ബ്ലോക്കർമാർക്കിടയിലൂടെ ഇടം കണ്ടെത്തിയതോടെ ഡൽഹിയുടെ ആക്രമണം തെളിഞ്ഞു. ഇതിനിടെ നന്ദഗോപാലിന്റെ പരിക്ക്‌ അഹമ്മദാബാദിന്റെ മുന്നേറ്റനിരയുടെ മൂർച്ച ഇല്ലാതാക്കി. അപോൺസയുടെ ബ്ലൊക്കുകൾ ഡൽഹിയെ മത്സരത്തിലേക്ക്‌ തിരികെകൊണ്ടുവരികയും ചെയ്‌തു. സന്തോഷിന്റെ മധ്യഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ അഹമ്മദാബാദിനെ കാര്യമായി പരീക്ഷിച്ചു. കളിഗതി പതുക്കെ തിരിയാൻ തുടങ്ങി.

അംഗമുത്തു തന്റെ ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത്‌ നിർണായക പോയിന്റുകൾ നേടാൻ തുടങ്ങി. പക്ഷേ, ഡോഡിച്ചിന്റെ തീതുപ്പുന്ന സെർവുകൾ അഹമ്മദാബാദ്‌ പ്രതിരോധത്തെ വിറപ്പിച്ചു. ഡൽഹി 2–-1ന്‌ ലീഡ്‌ നേടി. അതിനിടെ ഷോൺ ടി അഹമ്മദാബാദിന്റെ തിരിച്ചുവരവിന്‌ ഊർജം പകർന്നു. സെനിക്കയുടെ തുടർച്ചയായ പിഴവുകൾക്കിടയിലും അഹമ്മദാബാദ്‌ അംഗമുത്തുവിന്റെ ആക്രമണക്കളിയിൽ പിടിച്ച്‌ കളി അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

അപോൺസയുടെ പ്രതിരോധത്തിലെ രണ്ട്‌ പിഴവുകൾ മുതലെടുത്ത്‌ അഹമ്മദബാദ്‌ ആക്രമണം തുടർന്നു. മുത്തുസാമി തന്റെ മിഡിൽ ബ്ലോക്കർക്കൊപ്പം ചേർന്ന്‌ ആക്രമണത്തിന്‌ കരുത്ത്‌ പകർന്നു. അംഗമുത്തു ഇതിനിടയിലും തുടർച്ചയായി തകർപ്പൻ കളി പുറത്തെടുത്തു. ഡൽഹി പതറി. ഇതിനിടെ അംഗമുത്തു നിർണായകമായ സൂപ്പർ പോയിന്റും കരസ്ഥമാക്കി. നിർണായക ജയവും കുറിച്ചു.

അവസാന കളിയിൽ ഞായറാഴ്‌ച കാലിക്കറ്റ്‌ ഹീറോസാണ്‌ അഹമ്മദാബാദിന്റെ എതിരാളി. ആദ്യ രണ്ട്‌ കളിയും അഹമ്മദാബാദ്‌ തോറ്റിരുന്നു. മൂന്നാം മത്സരം കളിച്ച ഡൽഹിയുടെ ആദ്യ തോൽവിയാണ്‌. അഞ്ച്‌ പോയിന്റുമായിരണ്ടാമതാണ്‌ ഡൽഹി. രണ്ട്‌ പോയിന്റുള്ള അഹമ്മദാബാദ്‌ മൂന്നാമതെത്തി.
ഇന്ന്‌ വൈകിട്ട്‌ 6.30ന്‌ മുംബൈ മിറ്റിയോഴ്‌സ്‌ ബംഗളൂരു ടോർപ്പിഡോസിനെ നേരിടും.

സൂപ്പർ ഫൈവ്‌സിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെതിരെ മുംബൈ മിറ്റിയോഴ്‌സിന്‌ നിർണായക ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ൽ മുംബൈ മിറ്റിയോഴ്‌സിന്‌ നിർണായക ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദബാദ്‌ ഡിഫൻഡേഴ്‌സിനെ തോൽപ്പിച്ചു.സ്‌കോർ: 15–8, 13–15, 7–15, 16–14, 15–13. അമിത്‌ ഗുലിയ ആണ്‌ കളിയിലെ താരം. അഹമ്മദാബാദിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്‌.

ശിഖർ സിങ്‌ ആയിരുന്നു അഹമ്മദാബാദ്‌ പ്രതിരോധത്തിലെ പ്രധാനി. മുതിർന്ന താരം മനോജിനെ മറികടന്നുള്ള ഉൾപ്പെടുത്തൽ ശരിവയ്‌ക്കുന്നതായിരുന്നു ശിഖറിന്റെ പ്രകടനം. അമിതിന്റെയും ശുഭത്തിന്റെയും വരയ്‌ക്ക്‌ പുറത്തുനിന്നുള്ള ആക്രമണം ശിഖർ തടഞ്ഞു. അഹമ്മദാബാദ്‌ സ്വയം വരുത്തിയ പിഴവുകളായിരുന്നു മുംബൈക്ക്‌ കളിയിലേക്ക്‌ തിരിച്ചുവരാൻ അവസരമൊരുക്കിയത്‌. മുത്തുവിനെ സബ്‌ ചെയ്യാനുള്ള അഹമ്മദാബാദിന്റെ കടുത്ത തീരുമാനം പാളി. മുംബൈ തുടക്കത്തിൽതന്നെ ലീഡ്‌ നേടി.

മുത്തുസാമിയും അംഗമുത്തുവും ചേർന്നുള്ള ആക്രമണം തുടർന്ന്‌ അഹമ്മദാബാദിന്റെ ആക്രമണ നീക്കങ്ങൾക്ക്‌ വേഗം പകർന്നു. കടുത്ത ആക്രമണവുമായി അമിതും ശുഭവും അഹമ്മദാബാദ്‌ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഓൾ റൗണ്ട്‌ പ്രകടനവുമായി ഷോൺ ടി ജോൺ കളംനിറഞ്ഞതോടെ അഹമ്മദാബാദിന്‌ താളംകിട്ടി. അവർ തിരിച്ചുവരവിനുള്ള വഴിയിലായി. ഷമീം മധ്യഭാഗത്തുള്ള മിന്നുന്ന നീക്കങ്ങളുമായി മുംബൈക്ക്‌ അപ്പോഴും പ്രതീക്ഷ നൽകി കൊണ്ടിരുന്നു. പക്ഷേ, ഷോൺ തകർപ്പൻ പ്രകടനവുമായി അഹമ്മദാബാദിന്‌ 2–1ന്റെ ലീഡൊരുക്കി.

ശിഖറും ഇല്ല്യയും ചേർന്ന്‌ മുംബൈ അറ്റാക്കർമാരെ ഉലച്ചുകളഞ്ഞതാണ്‌. എന്നാൽ അമിതിന്റെ തുടരൻ നീക്കങ്ങൾക്ക്‌ മുംബൈക്ക്‌ ജീവൻ നൽകുകയായിരുന്നു. അഹമ്മദാബാദിന്റെ രണ്ട്‌ മൂന്ന്‌ പിഴവുകൾ മുംബൈക്ക്‌ ഗുണമായി. കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു. ഉയർന്ന പ്രതിരോധക്കാർക്കിടയിലൂടെ അമിത്‌ തകർപ്പൻ ഷോട്ടുകൾ കൊണ്ട്‌ വഴി കണ്ടെത്തിയതോടെ മുംബൈ മുന്നേറി. അതിനിടെ അംഗമുത്തുവിന്റെ സ്‌പൈക്കുകളും മാക്‌സ്‌ സെനിക്കയുടെ സൂപ്പർ സെർവും മുംബൈക്ക്‌ സമ്മർദമുണ്ടാക്കി. എന്നാൽ ഷോണിനെ കടുത്ത ബ്ലോക്ക്‌ കൊണ്ട്‌ ആദിത്യ തടഞ്ഞതോടെ മുംബൈ ആവേശകരമായ ജയം സ്വന്തമാക്കി.

ഇന്ന്‌ നടക്കുന്ന നിർണായക കളിയിൽ ഡൽഹി തൂഫാൻസാണ്‌ അഹമ്മദാബാദിന്റെ എതിരാളി. വൈകിട്ട്‌ 6.30നാണ്‌ കളി. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

സൂപ്പർ ഫൈവ്‌സിലെ ത്രില്ലർ പോരിൽ ബംഗളൂരു ടോർപ്പിഡോസിനെ കീഴടക്കി കാലിക്കറ്റ്‌ ഹീറോസ്‌

ചെന്നൈ, 2024 മാർച്ച് 14: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ൽ കാലിക്കറ്റ്‌ ഹീറോസ്‌ വിജയവഴിയിൽ തിരിച്ചെത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ച്‌ സെറ്റ്‌ ത്രില്ലർ പോരിൽ ബംഗളൂരു ടോർപ്പിഡോസിനെ തോൽപ്പിച്ചു (18–16, 16–14, 8–15, 11–15, 15–10). ജെറൊം വിനീതാണ്‌ കളിയിലെ താരം.

ഫോമിലേക്ക്‌ മടങ്ങിയെത്തിയ ഡാനിയലായിരുന്നു കാലിക്കറ്റ്‌ ആക്രമണങ്ങളുടെ കേന്ദ്രബിന്ദു. ചിരാഗ്‌ യാദവിനെ തകർപ്പൻ ബ്ലോക്കിൽ തടഞ്ഞ്‌ ജിഷ്‌ണു ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. എന്നാൽ ജെറോമിന്റെ കിടയറ്റ സ്‌പൈക്കുകൾ കാലിക്കറ്റിന്‌ വഴിയൊരുക്കി. അതേസമയം ഐബിൻ കൃത്യതയുള്ള ആക്രമണങ്ങൾ കൊണ്ട്‌ ബംഗളൂരുവിനെ നയിച്ചു. ഒടുവിൽ തകർപ്പനൊരു റിവ്യൂിൽ കാലിക്കറ്റിന്‌ നിർണായക പോയിന്റ്‌ കിട്ടി. ഒരിഞ്ച്‌ മുന്നിലുമെത്തി അവർ.

സേതു മിന്നുന്ന സെർവുകൾകൊണ്ട്‌ എതിരാളികൾക്ക്‌ സമ്മർദമുണ്ടാക്കി. കാലിക്കറ്റിന്‌ പിഴവുകൾ വരാൻ തുടങ്ങി. അനായാസം അവർ പോയിന്റുകൾ വിട്ടുനൽകി. കളി ബംഗളൂരുവിന്റെ നിയന്ത്രണത്തിലായി. കാലിക്കറ്റിന്റെ സൂപ്പർ പോയിന്റ്‌ അകലം കുറച്ചു. പിന്നാലെ ജെറൊമിന്റെ ആക്രമണക്കളി കാലിക്കറ്റിനെ മുന്നിലെത്തിച്ചു. ബംഗളൂരുവിന്റെ പിഴവുകളും ഡാനിയലിന്റെ തകർപ്പൻ കളിയും കളിഗതി കാലിക്കറ്റിന്റെ നിയന്ത്രണത്തിലാക്കി.

ജിഷ്‌ണുവിന്റെ തുടർച്ചയായ ബ്ലോക്കുകൾ കാലിക്കറ്റ്‌ അറ്റാക്കർമാരുടെ നിയന്ത്രണം തെറ്റിച്ചു. ഹെപ്‌റ്റിൻസ്‌റ്റാളിന്റെ തുടർ ആക്രമണങ്ങൾ ബംഗളൂരുവിന്‌ കളിയിലേക്ക്‌ തിരിച്ചുവരാനുള്ള വഴി നൽകി. സേതു സെർവിൽ ആധിപത്യം തുടർന്നു. പൗലോ മനോഹരമായ പാസ്സിങ്ങും ചേർന്നുള്ളപ്പോൾ കാലിക്കറ്റിന്‌ ബംഗളൂരു ആക്രമണത്തിന്‌ മുന്നിൽ മറുപടിയുണ്ടായില്ല. കാലിക്കറ്റിന്റെ ലക്ഷ്യബോധമില്ലാത്ത സെർവ്‌ കളിയെ അഞ്ചാം സെറ്റിലേക്ക്‌ നീട്ടി.

അവസാന സെറ്റിൽ ജെറൊം തീപ്പൊരി പ്രകടനം പുറത്തെടുത്തു. ഉക്രപാണ്ഡ്യന്റെ സെർവ്‌ കാലിക്കറ്റിന്‌ മുൻതൂക്കം നൽകി. പകരക്കാരനായെത്തിയ അശോക്‌ ബിഷ്‌ണോയിയുടെ സെർവീസ്‌ ലൈനിൽനിന്നുള്ള മാന്ത്രിക പ്രകടനം ബംഗളൂരു പ്രതിരോധത്ത തകർത്തു. സൂപ്പർ പോയിന്റിനുള്ള കോച്ച്‌ ഡേവിഡ്‌ ലീയുടെ നീക്കം പാളി. ഹെപ്‌റ്റിൻസ്‌റ്റാളിന്റെ പിഴവ്‌ വിനയായി. കാലിക്കറ്റ്‌ പ്രധാനപ്പെട്ട ജയം സ്വന്തമാക്കുകയും ചെയ്‌തു.

ഇന്ന്‌ നടക്കുന്ന നിർണായക കളിയിൽ ഡൽഹി തൂഫാൻസ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ നേരിടും. വൈകിട്ട്‌ 6.30നാണ്‌ കളി. മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കാലിക്കറ്റ് ഹീറോസിനെ വിറപ്പിച്ച് ഡല്‍ഹി തൂഫാന്‍സ്

ചെന്നൈ: റുപേ പ്രൈംവോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23യുടെ സൂപ്പര്‍ ഫൈവില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ഡല്‍ഹി തൂഫാന്‍സ്. ബുധനാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഹീറോസിനെയാണ് തൂഫാന്‍സ് വീഴ്ത്തിയത്. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഹീറോസിന്റെ തോല്‍വി. സ്‌കോര്‍: 14-16, 15-9, 15-11, 15-13. ഡാനിയേൽ അപോൺസയാണ് കളിയിലെ താരം.

സൂപ്പര്‍ ഫൈവില്‍ ഡല്‍ഹിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ബെംഗളൂരിനെ തോല്‍പിച്ചിരുന്നു. ജയത്തോടെ അഞ്ച് പോയിന്റുമായി തൂഫാന്‍സ് ഒന്നാമതെത്തി.

ഇന്ന് (വ്യാഴം) കാലിക്കറ്റ് ഹീറോസ് വീണ്ടും കളത്തിലിറങ്ങും. രാത്രി 8.30ന് ബെംഗളൂരു ടോര്‍പ്പിഡോസുമായാണ് മത്സരം. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ബെംഗളൂരു, അഹമ്മദാബാദിനെതിരെ വമ്പന്‍ തിരിച്ചുവരവില്‍ തകര്‍പ്പന്‍ ജയം നേടിയിരുന്നു. വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.

അവിശ്വസനീയ തിരിച്ചുവരവിലൂടെ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ ഞെട്ടിച്ച്‌ ബംഗളൂരു ടോർപിഡോസ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 സൂപ്പര്‍ 5ലെ അഞ്ച് സെറ്റ് നീണ്ട ആവേശകരമായ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് ജയം. ചൊവ്വാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു സെറ്റുകൾക്ക് പിന്നിട്ട നിന്ന ശേഷം നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോൽപ്പിക്കുകയായിരുന്നു.
സ്‌കോര്‍: 14–16, 7–15, 16–14, 15–9, 15–13. ജിഷ്ണു ആണ് കളിയിലെ താരം. സീസണിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നിനാണ് ചെന്നൈ സാക്ഷ്യം വഹിച്ചത്. സൂപ്പര്‍ ഫൈവിലെ അദ്യ മത്സരത്തിൽ ടോര്‍പ്പിഡോസ് തോറ്റിരുന്നു.

സെർവീസ്‌ ലൈനിൽനിന്നുള്ള നന്ദഗോപാലിന്റെ ആക്രണാത്മകക്കളി ബംഗളൂരു പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. അതേസമയം, തോമസ്‌ ഹെപ്‌റ്റിൻസ്‌റ്റാൾ തകർപ്പൻ സ്‌പൈക്കുകൾ കൊണ്ട്‌ ബംഗളൂരുവിനായി പൊരുതികൊണ്ടിരുന്നു. മാക്‌സ്‌ സെനിക്കയുടെയും അംഗമുത്തുവിന്റെയും സ്‌മാഷുകൾ സ്‌കോർ ഒപ്പമെത്തിച്ചു. എന്നാൽ അവസാന ഘട്ടത്തിൽ ബംഗളൂരുവിന്റെ നീക്കങ്ങൾക്ക്‌ ദിശാബോധം നഷ്ടമായതോടെ അഹമ്മദാബാദിന്‌ തുടക്കത്തിൽതന്നെ ലീഡ്‌ കിട്ടി.

ജിഷ്‌ണുവിന്റെ ബ്ലോക്കുകൾ ബംഗളൂരു പ്രതിരോധത്തിന്‌ മുൻതൂക്കം നൽകി. പക്ഷേ, സേതുവിന്റെ മൂർച്ചയില്ലാത്ത സെർവുകൾ ബംഗളൂരുവിന്‌തിരിച്ചടിയായി. ഇല്യ ബുറാവുവും ശിഖർ സിങ്ങുചേർന്നുള്ള ആക്രമണം ബംഗളൂരു പ്രതിരോധത്തെ ചിതറിച്ചു. അതേസമയം, നന്ദയുടെ സൂപ്പർ സെർവ്‌, കളി അഹമ്മദാബാദിന്റെ വഴിക്കാക്കി. സ്വയം വരുത്തി പിഴവുകൾ ഒരിക്കൽക്കൂടി ബംഗളൂരുവിന്‌ തിരിച്ചടിയായപ്പോൾ രണ്ടാം സെറ്റും അഹമ്മദാബാദിന്റെ കൈയിലായി.

മൂന്നാം സെറ്റിൽ പ്രതിരോധത്തിന്‌ അത്യാവശ്യം വേണ്ട ശക്തി പകർന്നാണ്‌ മുജീബ്‌ എത്തിയത്‌. ഐബിന്റെ കിയടറ്റ സ്‌പൈക്ക്‌ ബംഗളൂരുവിന്‌ സൂപ്പർ പോയിന്റ്‌ നേടിക്കൊടുത്തു. തിരിച്ചുവരവിനുള്ള വഴിയുമായി അത്‌. സേതുവും ആക്രമണത്തിൽ കളംപിടിച്ചു. അതിനിടെ ലിബെറൊ മിഥുനിന്റെ നിർണായക സേവ്‌ ബംഗളൂരുവിന്റെ വീര്യം കൂട്ടി. മത്സരം അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു.

പൗലോ ഒരുക്കിയ അവസരങ്ങളിൽ ജിഷ്‌ണു തുടർച്ചയായ ആക്രമണം നടത്തി. ഈ നീക്കം പങ്കജിനെ സ്വതന്ത്രമാക്കുകയും ചെയ്തു. ഇതിനിടയിലും ശിഖറിന്റെ ബ്ലൊക്കുകൾ അഹമ്മാബാദിനെ കളിയിൽ നിലനിർത്തി. പക്ഷേ, നന്ദയുടെ കടുത്ത ആക്രമണത്തിന്‌ വമ്പൻ ബ്ലോക്കൊരുക്കി ജിഷ്‌ണു കളി ആവേശമാക്കി. ഇഞ്ചോടിഞ്ച്‌ പോരാട്ടമായിരുന്നു ഇരു ടീമുകളും. ഇതിനിടെ സേതുവിന്റെ തകർപ്പൻ ഷോട്ട്‌ ബംഗളൂരുവിന്‌ നിർണായക പോയിന്റ്‌ നേടിക്കൊടുത്തു. അതേസമയം, അംഗമുത്തുവിന്റെ കളത്തിന്‌ പുറത്തേക്കുള്ള അടിക്ക്‌ വലിയ വില കൊടുക്കേണ്ടിവന്നു. ബംഗളൂരുവിന്‌ ആവേശകരമായ ജയവും സ്വന്തമായി.

ഇന്ന് (ബുധന്‍) സൂപ്പര്‍ 5ലെ നാലാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. ഇരുടീമുകളും ആദ്യമത്സരങ്ങള്‍ ജയിച്ചിരുന്നു. നാലുപോയിന്റുമായി ഹീറോസാണ് സൂപ്പര്‍ 5 പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള ഡല്‍ഹിക്ക് മൂന്ന് പോയിന്റുണ്ട്. ലീഗ് ഘട്ടത്തില്‍ യഥാക്രമം ആദ്യ സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തതിന് കാലിക്കറ്റിന് രണ്ട് പോയിന്റും, ഡല്‍ഹിക്ക് ഒരു പോയിന്റും ബോണസായി ലഭിച്ചിരുന്നു.

ബെംഗളൂരു ടോര്‍പ്പിഡോസിനെ തകര്‍ത്ത് ഡൽഹി തൂഫാന്‍സിന് സൂപ്പര്‍ ഫൈവിലെ ആദ്യജയം

ചെന്നൈ, 2024 മാര്‍ച്ച് 11: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ സൂപ്പര്‍ 5 മത്സരങ്ങളില്‍ ആദ്യജയം ഡല്‍ഹി തൂഫാന്‍സിന്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലീഗ്ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തൂഫാന്‍സ്, ബെംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 18-16, 17-15. സന്തോഷാണ് കളിയിലെ താരം.

ലിബറോ ആനന്ദിന്റെ മികച്ച സേവുകളിലൂടെ ഡല്‍ഹി തൂഫാന്‍സ് ആദ്യ സെറ്റില്‍ കുതിച്ചു, എന്നാല്‍ സെറ്റര്‍ പൗലോ അറ്റാക്കര്‍മാര്‍ക്ക് സമര്‍ഥമായി പാസുകള്‍ നല്‍കിയതോടെ ബെംഗളൂരു ടോര്‍പ്പിഡോസ് ഒപ്പം പിടിച്ചു. ലാസര്‍ ഡോഡിച്ചിനെ തുടര്‍ച്ചയായി ബ്ലോക്ക് ചെയ്ത്, തന്റെ സ്റ്റാര്‍ട്ടിങ് ലൈനപ്പിലെ തിരഞ്ഞെടുപ്പിനെ ന്യായീകരിക്കുന്ന പ്രകടനമായിരുന്നു ബെംഗളൂരുവിനായി മുജീബിന്റേത്. സന്തോഷിന്റെ സൂപ്പര്‍ സെര്‍വുകള്‍ ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു. മധ്യനിരയില്‍ നിന്നുള്ള ഡാനിയല്‍ അപോന്‍സയുടെ മികച്ച പ്രകടനം കൂടിയായതോടെ നേരിയ വ്യത്യാസത്തില്‍ തൂഫാന്‍സ് ആദ്യ സെറ്റ് പിടിച്ചു.

ബെംഗളൂരിനായി മുജീബും ഡല്‍ഹിക്കായി ആയുഷും ആക്രമണനിരയ്ക്ക് പന്തെത്തിച്ചതോടെ കളി മധ്യനിരതാരങ്ങള്‍ തമ്മിലായി. അപ്പോന്‍സയുടെ പ്രതിരോധ ദൗര്‍ബല്യം മുതലെടുത്ത ഹെപ്റ്റിന്‍സ്റ്റാളിലൂടെ ബെംഗളൂരു ടോര്‍പ്പിഡോസ് തിരിച്ചടിക്ക് കോപ്പുകൂട്ടി. എന്നാല്‍ ബെംഗളൂരിന്റെ രണ്ട് ബ്ലോക്ക് പിഴവുകള്‍ ഡല്‍ഹിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഹെപ്റ്റിന്‍സ്റ്റാളിന്റെ ആക്രമണത്തിലെ നിര്‍ണായക പിഴവിന് ടോര്‍പ്പിഡോസിന് വലിയ വില നല്‍കേണ്ടി വന്നു, സെറ്റും കളിയും ഡല്‍ഹിയുടെ നിയന്ത്രണത്തിലായി.

ആനന്ദ് തന്റെ മികവ് തുടര്‍ന്നു, സന്തോഷ് സ്‌പൈക്കുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തി. അപ്പോന്‍സയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയുടെ മൂന്ന് താരങ്ങള്‍ ബ്ലോക്കിങില്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും, ഐബിന്റെ സാനിധ്യം ടോര്‍പ്പിഡോസിന് ആക്രമണത്തില്‍ വൈദഗ്ധ്യം നല്‍കി. പക്ഷേ ഡല്‍ഹി ക്യാപ്റ്റന്‍ സഖ്‌ലെയ്ന്‍ താരിഖിന്റെ സമര്‍ഥമായ പാസ്, ടോര്‍പ്പിഡോസിന്റെ പ്രതിരോധം തെറ്റിച്ചു. കോര്‍ട്ടിലെ എല്ലാ മൂലയില്‍ നിന്നും ഡല്‍ഹിയുടെ ആക്രണമങ്ങളെത്തി. ഐബിനിലൂടെ ബെംഗളൂരു തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും, സന്തോഷിന്റെ ഇടിമുഴക്കമുള്ള സ്‌പൈക്കിലൂടെ ഡല്‍ഹി ജയത്തോടെ കളി അവസാനിപ്പിച്ചു.

ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. തുടക്കത്തില്‍ മുന്നേറിയ അഹമ്മദാബാദ് മൂന്നാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയത്. നാലാം സ്ഥാനത്തായിരുന്നു ബെംഗളൂരിന്റെ ഫിനിഷിങ്. ലീഗ് റൗണ്ടില്‍ ആദ്യ സ്ഥാനങ്ങളിലും അഞ്ച് ടീമുകളാണ് സൂപ്പര്‍ ഫൈവ്‌സ് റൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

പിന്നിട്ടുനിന്നശേഷം മുംബൈ മിറ്റിയോഴ്‌സിനെ കീഴടക്കി കാലിക്കറ്റ് ഹീറോസ്

ചെന്നൈ, 2024 മാര്‍ച്ച് 11: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ സൂപ്പര്‍ ഫൈവ്‌സില്‍ കാലിക്കറ്റ് ഹീറോസിന് വിജയത്തുടക്കം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പിന്നിട്ടുനിന്ന ശേഷം മുംബൈ മിറ്റിയോഴ്‌സിനെ കീഴടക്കി. സ്‌കോര്‍: 13-15, 15-9, 15-7, 15-12. ഡാനിയല്‍ മൊയതാസെദിയാണ് കളിയിലെ മികച്ച താരം. നാളെയാണ് (ബുധന്‍) ഹീറോസിന്റെ രണ്ടാം മത്സരം.

പെറൊറ്റോയെ പ്രതിരോധിക്കാന്‍ ഷമീമിന് കഴിഞ്ഞെങ്കിലും ജെറൊമിന്റെ കിടയറ്റ സ്‌പൈക്കുകള്‍ക്ക് മറുപടിയുണ്ടായില്ല. കലിക്കറ്റിന്റെ പ്രതിരോധവും മികച്ചുനിന്നു. ഡാനിയല്‍ മൊയതാസെദി അമിത് ഗുലിയയുടെ നീക്കങ്ങളെ കൃത്യമായി മനസിലാക്കി. അതേസമയം ഷമീമും മികച്ച ഫോമിലായിരുന്നു. ചിരാഗ് യാദവിനെ തടയാനായി ഷമീമിന്. ഇതോടെ കളി ഒപ്പത്തിനൊപ്പമായി. സൗരഭ് മാന്‍ മുംബൈ പ്രതിരോധത്തിന് കുറച്ചുകൂടി ഉറപ്പ് നല്‍കി. ജെറൊമിന്റെ ഭീഷണി മറികടന്ന് മുംബൈ ലീഡ് നേടുകയും ചെയ്തു.

ഒന്നാന്തരം പ്രകടനവുമായി ഡാനിയല്‍ ആക്രമണനിരയില്‍ തിളങ്ങിയതോടെ കാലിക്കറ്റ് കളിഗതി സ്വന്തമാക്കി. പെറൊറ്റോയുടെ ഇടിമുഴക്കംപോലുള്ള സെര്‍വുകള്‍ മുംബൈ പ്രതിരോധത്തെ ചിതറിച്ചു. അമിതിന്റെ സ്‌പൈക്ക് സൂപ്പര്‍ പോയിന്റ് നേടുന്നതിനും സഹായകരമായി. എന്നാല്‍ സ്വയംവരുത്തിയ പിഴവുകള്‍ മുംബൈക്ക് തിരിച്ചടിയായി. പെറോറ്റോ കാലിക്കറ്റിനെ തിരികെകൊണ്ടുവന്നു. കിടയറ്റ ആക്രമണക്കളിയില്‍ കാലിക്കറ്റ് ഒപ്പമെത്തി.

വികാസ് മാന്റെ വരവ് കാലിക്കറ്റിന്റെ പ്രതിരോധത്തിന് ഉറപ്പും അച്ചടക്കവും നല്‍കി. മുംബൈ അറ്റാക്കര്‍മാരെ കൃത്യമായി പ്രതിരോധിച്ചു. ശുഭത്തിന്റെ മങ്ങിയ പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്. പിന്നാലെ കാലിക്കറ്റ് കളിയില്‍ പൂര്‍ണമായും നിയന്ത്രണം കൈവരിച്ചു. കൃത്യസമയത്ത് ജെറോമിന്റെ തകര്‍പ്പന്‍ നീക്കം നിര്‍ണായകമായ സൂപ്പര്‍ പോയിന്റ് നേടാന്‍ കാലിക്കറ്റിനെ സഹായിച്ചു. ഇതോടെ നിര്‍ണായക മത്സരം ജയിക്കാനും കാലിക്കറ്റിന് കഴിഞ്ഞു.

ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും. തുടക്കത്തില്‍ മുന്നേറിയ അഹമ്മദാബാദ് മൂന്നാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് പൂര്‍ത്തിയാക്കിയത്. നാലാം സ്ഥാനത്തായിരുന്നു ബെംഗളൂരിന്റെ ഫിനിഷിങ്. ലീഗ് റൗണ്ടില്‍ ആദ്യ സ്ഥാനങ്ങളിലും അഞ്ച് ടീമുകളാണ് സൂപ്പര്‍ ഫൈവ്‌സ് റൗണ്ടില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ ഞെട്ടിച്ച്‌ ഡൽഹി തൂഫാൻസ്‌

ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ അവസാന ലീഗ്‌ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ ഞെട്ടിച്ച്‌ ഡൽഹി തൂഫാൻസ്‌. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 15–11, 16–14, 15–12. ലാസർ ഡോഡിച്ചാണ്‌ കളിയിലെ താരം. ഡൽഹി രണ്ടാംസ്ഥാനക്കാരായി മുന്നേറി. സൂപ്പർ ഫൈവ്‌സ്‌ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും.

ഡൽഹി മികച്ച തുടക്കമാണ്‌ കുറിച്ചത്‌. സന്തോഷ്‌ ഒന്നാന്തരം ആക്രമണക്കളി പുറത്തെടുത്തു. എന്നാൽ അംഗമുത്തുവിന്റെ സ്‌പൈക്കിൽ അഹമ്മദാബാദ്‌ ഒപ്പമെത്തി. നന്ദയുടെ നീക്കത്തെ തടഞ്ഞ്‌ രോഹിത്‌ കുമാർ ഡൽഹിക്ക്‌ ലീഡൊരുക്കി. അഹമ്മദബാദ്‌ ലിബെറൊ ശ്രീകാന്ത്‌ വരുത്തിയ പിഴവിൽ അവർക്ക്‌ സൂപ്പർ പോയിന്റ്‌ നഷ്ടമായി. മാക്‌സ്‌ സെനിക്ക തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. ഡൽഹി തുടക്കത്തിൽതന്നെ ലീഡ്‌ പിടിച്ചു.

കരുത്തുറ്റ സ്‌പൈക്കുകളുമായി അംഗമുത്തു സ്‌കോറിങ്‌ തുടങ്ങിയതോടെ അഹമ്മദാബാദ്‌ കളിയിലേക്ക്‌ തിരിച്ചെത്തി. എന്നാൽ സെർവീസ്‌ പിഴവുകൾ അവരുടെ കളിയൊഴുക്കിന്‌ തിരിച്ചടിയായി. കളിക്കാർ തമ്മിലുള്ള ആശയ വിനിമയത്തിലെ അനൈക്യവും അഹമ്മദാബാദിന്റെ മുൻതൂക്കം ഇല്ലാതാക്കി. ഡൽഹിക്ക്‌ തിരിച്ചുവരാൻ ഇതൊക്കെ സഹായകരമായി. ലാസർ ഡോഡിച്ചും രോഹിത്‌ കുമാറും കരുത്തുറ്റ ആക്രമണം തുടർന്നതൊടെ കളിയിൽ പൂർണമായും ഡൽഹി നിയന്ത്രണം നേടി.

ആത്മവിശ്വാസത്തോടെ കളിച്ച ഡൽഹി അമലിന്റെ സൂപ്പർ സെർവിലൂടെ അഹമ്മദാബാദ്‌ പ്രതിരോധത്തെ ചിതറിച്ചു. ഷോണിന്റെ സാന്നിധ്യം അഹമ്മദാബാദിന്‌ ആക്രമണത്തിന്‌ പുതിയ ആയുധം നൽകി. എന്നാൽ മുത്തുവിന്റെ ലക്ഷ്യംതെറ്റിയ പാസ്‌ വലയിൽ തട്ടിയതോടെ നിലവിലെ ചാമ്പ്യൻമാരുടെ താളംതെറ്റി. കരുത്തുറ്റ സ്‌പൈക്കിൽ ആയുഷ്‌ കളി അവസാനിപ്പിച്ചു.

പ്രൈം വോളി സൂപ്പർ ഫൈവ്‌സിൽ *ഇന്ന്‌ (തിങ്കൾ) രണ്ട്‌ കളിയാണ്‌. വൈകിട്ട്‌ 6.30ന്‌ ബംഗളൂരു ടോർപിഡോസും ഡൽഹി തൂഫാൻസും ഏറ്റുമുട്ടും. രാത്രി 8.30ന്‌ കാലിക്കറ്റ്‌ ഹീറോസ്‌ മുംബൈ മിറ്റിയോഴ്‌സിനെ നേരിടും*. മത്സരങ്ങൾ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

ചെന്നൈ ബ്ലിറ്റ്‌സിന്റെ വഴിയടച്ച്‌ കാലിക്കറ്റ്‌ ഹീറോസ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ ആദ്യ റൗണ്ടിൽ ഒന്നാംസ്ഥാനം ഉറപ്പാക്കി കാലിക്കറ്റ്‌ ഹീറോസ്‌. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചു. സ്‌കോർ: 15–13, 15–13, 15–12. തോൽവിയോടെ ചെന്നൈ പുറത്തായി. ഇതോടെ മുംബൈ മിറ്റിയോഴ്‌സ്‌ സൂപ്പർ ഫൈവ്‌സിലെ ശേഷിക്കുന്ന സ്ഥാനം സ്വന്തമാക്കി. കാലിക്കറ്റിന്റെ ജെറൊം വിനിതാണ്‌ കളിയിലെ താരം.

തുടക്കത്തിൽതന്നെ മോഹൻ ഉക്രപാണ്ഡ്യൻ കാലിക്കറ്റിന്റെ അറ്റാക്കർമാർക്ക്‌ അവസരമൊരുക്കി. മിഡിൽ ബ്ലോക്കേഴ്‌സായ ഡാനിയലിനും വികാസിനുമാണ്‌ ആക്രമണത്തിനായി ഉക്ര അവസരമൊരുക്കിയത്‌. ദിലിപിലൂടെയായിരുന്നു ചെന്നൈയുടെ പ്രത്യാക്രമണം. ജോയെലിന്റെ സൂപ്പർ സെർവ്‌ അവർക്ക്‌ പ്രതീക്ഷ നൽകി. എന്നാൽ ജെറൊമിന്റെ സ്‌പൈക്കുകൾ കളി സന്തുലിതമാക്കി. ഒടുവിൽ ജെറൊമിന്റെ തകർപ്പൻ പ്രകടനം ചെന്നൈ പ്രതിരോധത്തെ തകർത്തു. കാലിക്കറ്റ്‌ ആദ്യ സെറ്റ്‌ അനായാസം സ്വന്തമാക്കുകയും ചെയ്‌തു.

ഉക്ര നിരന്തരം ജെറൊമിനായി അവസരമൊരുക്കികൊണ്ടിരുന്നു. കാലിക്കറ്റ്‌ ക്യാപ്‌റ്റൻ കടുത്ത ആക്രമണം കൊണ്ട്‌ ചെന്നൈയെ പരീക്ഷിച്ചു. പെറൊറ്റോയുടെ ആക്രണാത്മകമായ സെർവുകൾ കളിയിൽ കാലിക്കറ്റിന്റെ ആധിപത്യം ഉറപ്പാക്കി. ഇതിനിടെ ജൊയെലിന്റെയും ദിലിപിന്റെയും മിടുക്കിൽ ചെന്നൈ കാലിക്കറ്റിന്റെ നിരന്തരമുള്ള ആക്രമണങ്ങൾക്ക്‌ ചെറുതായി തടയിട്ടു. പക്ഷേ കാര്യമുണ്ടായില്ല. മധ്യഭാഗത്ത്‌നിന്നുള്ള വികാസിന്റെ ഓൾ റൗണ്ട്‌ പ്രകടനം കാലിക്കറ്റിന്‌ സമ്പൂർണ നിയന്ത്രണം നൽകി.

ലിബെറൊ രാമയുടെ പരിക്ക്‌ ചെന്നൈക്ക്‌ തിരിച്ചടിയായി. പകരക്കാരനായെത്തിയ പ്രഭയെ കാലിക്കറ്റിന്റെ അറ്റാക്കർമാർ ലക്ഷ്യംവച്ചു. ചെന്നൈ പ്രതിരോധത്തിന്‌ ജെറൊമിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനായില്ല. ആതിയേഥർ പൊരുതാൻശ്രമിച്ചു. പക്ഷേ, കാലിക്കറ്റ്‌ ക്യാപ്‌റ്റന്റെ മികവിന്‌ മുന്നിൽ തളർന്നു. കാലിക്കറ്റ്‌ നേരിട്ടുള്ള സെറ്റുകളിൽ ജയം പിടിച്ചു.
സൂപ്പർ ഫൈവ്‌സ്‌ മത്സരങ്ങൾ ഇന്ന്‌ (തിങ്കൾ) തുടങ്ങും.

അഭിമാന പോരാട്ടത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെതിരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം

ചെന്നൈ, മാര്‍ച്ച് 9, 2024: കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ശനിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി ആശ്വാസജയം കുറിച്ചത്. സ്‌കോര്‍: 15-12, 15-12, 15-11. ജിബിന്‍ സെബാസ്റ്റ്യനാണ് കളിയിലെ താരം. കഴിഞ്ഞ ഏഴ് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് പോയിന്റ് നേടിയ കൊച്ചി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹൈദരാബാദ് ബ്ലാക് ഹോക്‌സിനും സീസണില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ഏറ്റവും കുറഞ്ഞ സെറ്റുകള്‍ മാത്രമുള്ളതിനാല്‍ അവര്‍ അവസാന സ്ഥാനത്തായി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തേ സൂപ്പര്‍ 5 കാണാതെ പുറത്തായിരുന്നു.

തുടക്കത്തിലേ അനാവശ്യ പിഴവുകള്‍ ബ്ലാക് ഹോക്‌സിന് തിരിച്ചടിയായപ്പോള്‍, അമന്‍ കുമാറിന്റെ അറ്റാക്കിങ് സെര്‍വുകളിലൂടെ കൊച്ചി മനോഹരമായി തുടങ്ങി. അമന്റെ സ്‌പൈക്കുകള്‍ക്കൊപ്പം, ജിബിന്റെയും എറിന്റെയും ആക്രമണം കൂടിയായതോടെ കൊച്ചി കുതിച്ചു. മറുഭാഗത്ത് സര്‍വീസ് ലൈനില്‍ നിന്നുള്ള അഷാമത്തുള്ളയുടെ കളി ബ്ലാക് ഹോക്‌സിനെ തിരിച്ചുവരവിന് സഹായിച്ചു. എന്നാല്‍ അത്തോസ് കോസ്റ്റയുടെ ബ്ലോക്കുകളില്‍ ഹൈദരാബാദിന്റെ ആക്രമണങ്ങള്‍ ചിതറി, കൊച്ചി ലീഡ് തുടര്‍ന്ന് ആദ്യ സെറ്റ് നേടി.

ഓം വസന്തിന്റെ സര്‍വീസ് ലൈനില്‍ നിന്നുള്ള പ്രകടനത്തില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടാം സെറ്റിലും തുടക്കത്തിലേ ആധിപത്യം നേടി. സ്‌റ്റെഫാന്‍ കൊവസെവിച്ചിലൂടെ കൊച്ചിയുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഹൈദരാബാദ് ശ്രമം നടത്തി. അതേസമയം തന്നെ അത്തോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ടീമിന്റെ ബ്ലോക്കുകള്‍ ഹൈദരാബാദിന്റെ ആക്രമണങ്ങളെയും വിഫലമാക്കി.സാഹില്‍ കുമാറിലൂടെ ബ്ലാക് ഹോക്‌സ് ഒരു സൂപ്പര്‍ പോയിന്റ് നേടിയെങ്കിലും, രണ്ടാം സെറ്റും നേടി കൊച്ചി കളി തങ്ങളുടെ നിയന്ത്രണത്തിലാക്കി

ശക്തമായ സ്‌പൈക്കുകളിലൂടെ ജിബിന്‍ ഹൈദരാബാദിന്റെ ബ്ലോക്കര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. അനാവശ്യ പിഴവുകള്‍ തുടര്‍ന്നതും ഹൈദരാബാദിന് വിനയായി. ഓം വസന്ത് ഇടിമുഴക്കമുള്ള സെര്‍വുകളുമായി കളം വാണു, അമന്‍ കുമാറിന്റെ പൈപ്പ് അറ്റാക്കിലൂടെ മൂന്നാം സെറ്റും നേടിയ കൊച്ചി വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു.

ലീഗിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് (ഞായര്‍) അവസാനിക്കും. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം. സൂപ്പര്‍ 5 മത്സരങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് ഹീറോസിന് പുറമേ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഡല്‍ഹി തൂഫാന്‍സ്, ബെംഗളൂരു ടോര്‍പ്പിഡോസ് ടീമുകള്‍ ഇതിനകം സൂപ്പര്‍ 5 യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ചെന്നൈ തോറ്റാല്‍ മുംബൈക്ക് സൂപ്പര്‍ 5 ഉറപ്പിക്കാം. അതേസമയം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ചെന്നൈക്കും സാധ്യതയുണ്ട്. മത്സരങ്ങള്‍ സോണി ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.

നിര്‍ണായക പോരില്‍ ബംഗളൂരു ടോര്‍പിഡോസിനെ ഞെട്ടിച്ച് ചെന്നൈ ബ്ലിറ്റ്‌സ്

ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ ബംഗളൂരു ടോര്‍പിഡോസിനെതിരെ ആധികാരിക ജയംകുറിച്ച് ചെന്നൈ ബ്ലിറ്റ്‌സ് സൂപ്പര്‍ ഫൈവ്‌സ് പ്രതീക്ഷ നിലനിര്‍ത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. സ്‌കോര്‍: 16-14, 15-11, 15-13. ദിലിപ് കുമാറാണ് കളിയിലെ താരം.

ഒരു കളി ശേഷിക്കെ എട്ട് പോയിന്റുമായി ആറാമതാണ് ചെന്നൈ. എട്ട് മത്സരം പൂര്‍ത്തിയായ ബംഗളൂരു മൂന്നാമതാണ്. രമണ്‍ കുമാറും ദിലിപ് കുമാറും ചെന്നൈക്ക് മുന്‍തൂക്കം നല്‍കി. മുജീബിന്റെ ബ്ലൊക്കുകളിലൂടെയായിരുന്നു ബംഗളൂരുവിന്റെ പ്രത്യാക്രമണം. സേതുവിനെ തടയുക എന്നതായിരുന്നു ചെന്നൈയുടെ തന്ത്രം. അത് വിജയിച്ചതോടെ കളി കൈയിലായി. ലിയാന്‍ഡ്രോ ജോസിന്റെ സൂപ്പര്‍ സെര്‍വും തുണച്ചു. ജോ, അഖിന്‍, ദിലിപ് എന്നിവരെവച്ചുള്ള കോച്ച് ദക്ഷിണാമൂര്‍ത്തിയുടെ കളി തന്ത്രം ചെന്നൈക്ക് തുടക്കത്തില്‍തന്നെ ലീഡ് നേടാന്‍ സഹായകരമായി.

ഐബിന്റെ കരുത്തുറ്റ പ്രകടനത്തിലൂടെ ബംഗളൂരു തിരിച്ചുവരാന്‍ നോക്കിയെങ്കിലും പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. കളിയൊഴുക്കിന് താളം നഷ്ടപ്പെട്ടു. ബംഗളൂരു പ്രതിരോധത്തെ തകര്‍ത്ത് ലിയാന്‍ഡ്രോ ഇതിനിടെ മറ്റൊരു സൂപ്പര്‍ സെര്‍വും തടുത്തു. ചെന്നൈ കളിയില്‍ പൂര്‍ണമായും നിയന്ത്രണം നേടി. സേതുവിന്റെ സ്‌പൈക്കുകള്‍ക്കിടയിലും കളി ചെന്നൈയുടെ ആധിപത്യത്തിലായി.

ലിയാന്‍ഡ്രോയുടെ കരങ്ങളില്‍തന്നെയായിരുന്നു ചെന്നൈയുടെ മുന്നേറ്റം. ജിഷ്ണു മികച്ച പകരക്കാരന്‍ ബ്ലോക്കറായി. ഓള്‍ റൗണ്ട് പ്രകടനവുമായി മുജീബ് ബംഗളൂരുവിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ മധ്യഭാഗത്ത് അഖിന്റെ സാന്നിധ്യം കളി ചെന്നൈയുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തി. സെര്‍വീസ് ലൈനില്‍നിന്നുള്ള ഐബിന്റെ ആക്രമണക്കളി തുടര്‍ന്നപ്പോഴും ചെന്നൈ നേരിട്ടുള്ള സെറ്റുകളില്‍ കളി സ്വന്തമാക്കി. ഇന്ന് (ശനി) ഒരു മത്സരം. വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനെ നേരിടും.

Exit mobile version