നിർണായക പോരിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനോട്‌ മുംബൈ മിറ്റിയോഴ്‌സ്‌ തോറ്റു

ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസൺ കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌ തകർപ്പൻ ജയത്തോടെ അവസാനിപ്പിച്ചു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക്‌ മുംബൈ മിറ്റിയോഴ്‌സിനെയാണ്‌ കീഴടക്കിയത്‌. സ്‌കോർ: 15–12, 16–14, 15-11. പ്രഭാകരനാണ്‌ കളിയിലെ താരം. ജയിച്ചിരുന്നെങ്കിൽ മുംബൈക്ക്‌ സൂപ്പർ ഫൈവ്‌സ്‌ ഉറപ്പിക്കാമായിരുന്നു.

പ്രഭാകരന്റെ മികച്ച ബ്ലോക്കുകൾ തുടക്കത്തിൽതന്നെ കൊൽക്കത്തയ്‌ക്ക്‌ ആധിപത്യം നൽകി. എന്നാൽ ശുഭത്തിന്റെ സൂപ്പർ സെർവ്‌ കളി ഗതി മാറ്റി. സൗരഭ്‌ മാൻ പ്രതിരോധത്തിലും തിളങ്ങി. പ്രഭാകരൻ മിന്നുന്ന കളി തുടർന്നതോടെ കളി സന്തുലിതമായി. ഒടുവിൽ വിനിത്‌ കുമാറിന്റെ സൂപ്പർ പോയിന്റ്‌ കൊൽക്കത്തയ്‌ക്ക്‌ ലീഡ്‌ കുറിച്ചു.

വിനിതിന്റെ ശ്രമങ്ങളെ തടഞ്ഞ്‌ ആദിത്യ റാണ മുംബൈയെ സഹായിച്ചു. അമിത്‌ ഗുലിയയുടെ തകർപ്പൻ ആക്രമണങ്ങളിലൂടെ മുംബൈ കളിയിലേക്ക്‌ തിരിച്ചുവരാൻ ശ്രമിച്ചു. പക്ഷേ, ആ ശ്രമങ്ങള രാകേഷിന്റെ ഓൾറൗണ്ട്‌ പ്രകടനം തടഞ്ഞു. മുംബൈ പിന്നാക്കം പോയി. അശ്വൽ റായിയുടെ ഒന്നാന്തരം പ്രകടനം കൊൽക്കത്തയ്‌ക്ക്‌ മറ്റൊരു സൂപ്പർ പോയിന്റ്‌ സമ്മാനിച്ചു. പിന്നാലെ തന്ത്രപരമായ റിവ്യൂവിലൂടെ കൊൽക്കത്ത കളിയുടെ നിയന്ത്രണം കൈക്കലാക്കി.

പ്രഭാകരന്റെ സ്‌പൈക്കുകൾ കൊൽക്കത്തയെ മുന്നോട്ട്‌ നയിച്ചുകൊണ്ടിരുന്നു. മറുവശത്ത്‌ മുംബൈ പിഴവുകളിൽ തളർന്നു. ഇതിനിടയിലും അമിതിന്റെ ആക്രമണങ്ങളാണ്‌ മുംബൈക്ക്‌ ആശ്വാസം പകർന്നത്‌. പക്ഷേ, പ്രഭാകരനും രാകേഷും മുംബൈ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. വിനിത്‌ മറ്റൊരു സൂപ്പർ പോയിന്റ്‌ കുറിച്ചു. മുംബൈയുടെ സമ്മർദം കൂടി. ഒടുവിൽ അർജുൻനാഥ്‌ നയിച്ച മൂന്നംഗ പ്രതിരോധം കൊൽക്കത്തയ്‌ക്ക്‌ തകർപ്പൻ ജയമൊരുക്കി.

ഇന്ന്‌ (വെള്ളി) രണ്ട്‌ മത്സരങ്ങളാണ്‌. വൈകിട്ട്‌ 6.30ന്‌ ബംഗളൂരു ടോർപിഡോസും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും. രാത്രി 8.30ന്‌ നടക്കുന്ന കളിയിൽ സൂപ്പർ ഫൈവ്‌സ്‌ പ്രതീക്ഷയുമായി കാലിക്കറ്റ്‌ ഹീറോസ്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ നേരിടും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കാലിക്കറ്റ്‌ ഹീറോസിനെ ആവേശകരമായ പോരിൽ കീഴടക്കി ബംഗളൂരു ടോർപിടോസ്‌ സൂപ്പർ ഫൈവ്‌സ്‌ പ്രതീക്ഷ നിലനിർത്തി

ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിലെ ത്രില്ലർ പോരിൽ കാലിക്കറ്റ്‌ ഹീറോസിനെ കീഴടക്കി ബംഗളൂരു ടോർപിഡോസ്‌ സൂപ്പർ ഫൈവ്‌സ്‌ പ്രതീക്ഷ നിലനിർത്തി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിലായിരുന്നു ജയം. സ്‌കോർ: 14–16, 19–17, 13–15, 15–10, 15–11. സേതു ടിആർ ആണ്‌ കളിയിലെ താരം.

സെർവീസ്‌ ലൈനിൽനിന്ന്‌ സേതുവിന്റെ തകർപ്പൻ പ്രകടനം കാലിക്കറ്റിനെ തുടക്കത്തിൽതന്നെ സമ്മർദത്തിലാക്കി. അതേസമയം, സെർവുകളിൽ കാലിക്കറ്റും തീപ്പൊരി പ്രകടനം പുറത്തെടുത്തു. ചിരാഗായിരുന്നു ആസൂത്രകൻ. പങ്കജ്‌ ശർമയുടെ ആക്രമണനീക്കങ്ങൾ കാലിക്കറ്റ്‌ പ്രതിരോധത്തെ വിഷമിപ്പിച്ചെങ്കിലും പിഴവുകൾ ബംഗളൂരുവിന്‌ തിരിച്ചടിയായി. ചിരാഗിന്റെ കിടയറ്റ സെർവുകൾ കാലിക്കറ്റിന്‌ തുടക്കത്തിൽതന്നെ ലീഡ്‌ നൽകി.

ആക്രമണാത്മക സെർവുകളുമായി സേതു കളംവാഴുമ്പോൾ ചിരാഗിലൂടെയായിരുന്നു കാലിക്കറ്റിന്റെ മറുപടി. മുജീബിന്റെ പ്രതിരോധമികവാണ്‌ ബംഗളൂരുവിന്‌ കളിയിലേക്ക്‌ തിരിച്ചുവരാൻ വഴിയൊരുക്കുയത്‌. സേതു അപ്പോഴും കുതിച്ചുകൊണ്ടിരുന്നു. അതിനിടെ ഡാനിയലും ഷഫീക്കും ഉൾപ്പെട്ട മിഡിൽ ബ്ലോക്കേഴ്‌സിന്‌ ഉക്ര അവസരമൊരുക്കാൻ തുടങ്ങിയതോടെ കാലിക്കറ്റ്‌ നിയന്ത്രണം നേടാൻ തുടങ്ങി. ഐബിൻ ജോസ്‌ ബംഗളൂരുവിന്‌ പുതിയ ആക്രമണമുന പകർന്നു. തുടർച്ചയായ സൂപ്പർ പോയിന്റ്‌ ജയങ്ങളോടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു.

ജെറോം കൃത്യ സമയത്ത്‌ ആക്രമണനിരയിൽ താളം കണ്ടെത്തിയത്‌ കാലിക്കറ്റിന്‌ ഉണർവ്‌ നൽകി. പക്ഷേ, സേതുവിനെ തടയാനായില്ല. ഇടിമുഴക്കം പോലുള്ള സെർവുകൾ കൊണ്ട്‌ കാലിക്കറ്റ്‌ പ്രതിരോധത്തെ ചിതറിച്ചു. തകർപ്പൻ ബ്ലോക്കുകളിലൂടെ ജിഷ്‌ണു പകരക്കാരനായെത്തിയ തീരുമാനത്തിന്‌ പ്രതിഫലം നൽകി. സമ്മർദത്തിൽ കുടുങ്ങി കാലിക്കറ്റ്‌ പിഴവുകൾ വരുത്താൻ തുടങ്ങി. പിന്നാലെ സേതുവിന്റെ ഒരു സ്‌പെഷ്യൽ സ്‌പൈക്കിലൂടെ ബംഗളൂരു മിന്നുംജയം കുറിച്ചു.

പത്ത്‌ പോയിന്റുമായി ബംഗളൂരു മൂന്നാമതാണ്‌. എട്ട്‌ പോയിന്റുള്ള കാലിക്കറ്റ്‌ അഞ്ചാമതും.
ഇന്ന്‌ ഒരു മത്സരം. വൈകിട്ട്‌ 6.30ന്‌ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ മുംബൈ മിറ്റിയോഴ്‌സിനെ നേരിടും.
ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെതിരെ തകർപ്പൻ തിരിച്ചുവരവിലൂടെ മിന്നുംജയം കുറിച്ച്‌ ഡൽഹി തൂഫാൻസ്‌

ചെന്നൈ: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിൽ ഡൽഹി തൂഫാൻസിന്‌ ത്രസിപ്പിക്കുന്ന ജയം. രണ്ട്‌ സെറ്റ്‌ നഷ്ടമായശേഷം തിരിച്ചുവന്ന്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ ത്രസിപ്പിക്കുന്ന പോരിൽ കീഴടക്കി. സ്‌കോർ: 9–15, 15–17, 15–10, 15–8, 15–8. ഡാനിയൽ അപോൺസയാണ്‌ കളിയിലെ താരം. കൊച്ചിയുടെ തുടർച്ചയായ ഏഴാം തോൽവിയാണിത്‌.

എറിൻ വർഗീസും ജിബിൻ സെബാസ്‌റ്റ്യനും തുടക്കത്തിൽതന്നെ കൊച്ചിക്ക്‌ ആക്രമണമുഖം നൽകി. എന്നാൽ പ്രതിരോധമായിരുന്നു ഇരു ടീമുകൾക്കുമിടയിലുള്ള വ്യത്യാസം. അഭിനവും അതോസും മധ്യഭാഗത്ത്‌ ഉറച്ചുനിന്നു. സഖ്‌ലയിൻ മികച്ച പാസിങ്‌ കൊണ്ട്‌ ഡൽഹിക്ക് സഹായം നൽകി. പക്ഷേ, കൊച്ചി ബ്ളോക്കർമാർ സന്തോഷിനെയും ലാസർ ഡോഡിച്ചിനെയും ഉലച്ചു.
എറിൻ മികച്ച പ്രകടനം കളിയിലുടനീളം തുടർന്നു. ഡൽഹിയുടെ സമ്മർദ്ദത്തിനിടയിലും തകർപ്പൻ ഷോട്ടുകളുമായി കൊച്ചിക്ക്‌ കളിയിൽ നിയന്ത്രണവും നൽകി.

വസന്തിന്റെ ആക്രണാത്മ സെർവുകൾ കൊച്ചിക്ക്‌ മുൻതൂക്കം നൽകി. അപോൺസ രണ്ട്‌ നിർണായക ബ്ലോക്കുകൾ നടത്തുകയും പിന്നാലെ ആക്രമണനിരയിലും സഹായം നൽകി. ഡൽഹി ചെറുത്തുനിൽപ്പിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. ആയുഷ്‌ തകർപ്പൻ ബ്ലോക്കിലൂടെ പ്രതിരോധത്തിന്‌ ഉറപ്പ്‌ നൽകി. ഡൽഹി കളിയിലേക്ക്‌ വഴി കണ്ടെത്തി.

അനു തകർപ്പൻ ആക്രമണ നീക്കങ്ങളുമായി കളംപടിച്ചു. ഡൽഹി കളി ഗതി തിരിക്കാൻ തുടങ്ങി. അപോൺസയുടെ കിടയറ്റ ബ്ലോക്കിൽ ഒരു സൂപ്പർ പോയിന്റ്‌ നേടി ഡൽഹി കളി അഞ്ചാം സെറ്റിലേക്ക്‌ നീട്ടി. ഡൽഹിയുടെ ആക്രമണത്തിന്റെ ചുമതല അനു ഏറ്റെടുത്തു. ജിബിന് കൃത്യമായി ഷോട്ട്‌ തൊടുക്കാനായില്ല. അനുവിന്റെയും സന്തോഷിന്റെയും തുടരൻ ആക്രമണങ്ങൾക്ക്‌ മുന്നിൽ കൊച്ചിക്ക്‌ പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ സന്തോഷിന്റെ കരുത്തുറ്റ സ്‌പൈക്കിൽ ഡൽഹി ജയം സ്വന്തമാക്കി.

പത്ത്‌ പോയിന്റുമായി ഡൽഹി സൂപ്പർ ഫൈവ്‌സ്‌ സാധ്യത സജീവമാക്കി.
ഇന്ന് (ബുധൻ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ബംഗളൂരു ടോർപിഡോസ്‌ കാലിക്കറ്റ്‌ ഹീറോസുമായി ഏറ്റുമുട്ടും. അഞ്ച്‌ കളിയിൽ എട്ട്‌ പോയിന്റുമായി നാലാമതാണ്‌ കാലിക്കറ്റ്‌. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ച് ബെംഗളൂരു ടോര്‍പ്പിഡോസ് സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി

ചെന്നൈ, മാര്‍ച്ച് 4, 2024: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണില്‍ സൂപ്പര്‍ 5 സാധ്യത നിലനിര്‍ത്തി ബെംഗളൂരു ടോര്‍പ്പിഡോസ്. തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ടീം തോല്‍പ്പിച്ചു. സ്‌കോര്‍: 15-6, 15-11, 15-12. സേതു ടി.ആര്‍ ആണ് കളിയിലെ താരം.

തുടക്കത്തില്‍ തന്നെ സേതു തകര്‍പ്പന്‍ സെര്‍വുകളിലൂടെ ഹൈദരാബാദിന്റെ പ്രതിരോധത്തെ വിറപ്പിച്ചു. ഹൈദരാബാദിനായി സാഹില്‍ കുമാര്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും സ്രജന്‍ ഷെട്ടി പ്രതിരോധം തീര്‍ത്തു. തോമസ് ഹെപ്റ്റിന്‍സ്റ്റാളിന്റെ സ്‌പൈക്കുകള്‍ കൂടി വന്നതോടെ ഡേവിഡ് ലീയുടെ ടീം അധികം വിയര്‍ക്കാതെ തന്നെ ആദ്യ സെറ്റ് നേടി.

മികച്ച ടീം കളിയായിരുന്നു ബെംഗളൂരിന്റേത്. അതേസമയം, ഹൈദരാബാദ് താരങ്ങള്‍ക്കിടയിലെ ആശയകുഴപ്പം കോര്‍ട്ടില്‍ വ്യക്തമായിരുന്നു. അവസരം മുതലെടുത്ത ടോര്‍പ്പിഡോസ് മുന്നേറി. എന്നാല്‍ സാഹിലിലൂടെ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. അപാരഫോമിലായിരുന്നു സേതു, മറ്റൊരു സൂപ്പര്‍ സെര്‍വിലൂടെ സേതു ബെംഗളൂരിന്റെ ലീഡുയര്‍ത്തി. കൂടാതെ സ്രജനും മുജീബും ചേര്‍ന്ന് ഹൈദരാബാദിനെതിരെ ശക്തമായ ബ്ലോക്കുകള്‍ തീര്‍ത്തതോടെ രണ്ടാം സെറ്റിലെ കളിയും ബെംഗളൂരുവിന്റെ നിയന്ത്രണത്തിലായി.

ബെംഗളൂരുവിന്റെ ആക്രമണങ്ങള്‍ പ്രിന്‍സിലൂടെ ബ്ലോക്‌ഹോക്‌സ് സമര്‍ഥമായി പ്രതിരോധിച്ചു, ബെംഗളൂരുവില്‍ നിന്ന് രണ്ട് സര്‍വീസ് പിഴവുകള്‍ കൂടി വന്നതോടെ ഹൈദരാബാദ് മൂന്നാം സെറ്റില്‍ മുന്നേറി. എങ്കിലും സേതുവിനെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കായില്ല. നിര്‍ണായക നിമിഷത്തില്‍ സേതു സൂപ്പര്‍ സെര്‍വിലൂടെ ടീമിന് തുടര്‍ച്ചായി പോയിന്റുകള്‍ നേടിക്കൊടുത്തു. സ്രജന്റെ ശക്തമായൊരു ബ്ലോക്കിന് പിന്നാലെ, മനോഹരമായൊരു സ്‌പൈക്കിലൂടെ സേതു ബെംഗളൂരിന് മൂന്നാം സെറ്റും വിജയവും സമ്മാനിച്ചു.

ഇന്ന് (ചൊവ്വ) ഒരേയൊരു മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇന്ന് ജയിച്ചാല്‍ ടീമിന് രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ 6 മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി മുംബൈ മിറ്റിയോഴ്‌സ്‌

ചെന്നൈ, മാർച്ച് 4, 2024: റൂപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23യുടെ മൂന്നാം സീസണിൽ മുംബൈ മിറ്റിയോഴ്‌സ്‌ ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി. തിങ്കളാഴ്ച ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ പിന്നിട്ടുനിന്ന ശേഷമായിരുന്നു അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ മുംബൈയുടെ ജയം. സ്‌കോർ: 11–15, 15–13, 16–14, 5–15, 21–19. സീസണിലെ അവിസ്‌മരണീയ മത്സരവുമായി ഇത്‌. അമിത്‌ ഗുലിയ ആണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

ബ്യൂണോ ഡഗ്ലസിന്റെ രണ്ട്‌ പിഴവുകൾ മുംബൈക്ക്‌ കളിഗതി അനുകൂലമാക്കാൻ സഹായമായി. എന്നാൽ ദിലിപ്‌കുമാറിന്റെ ആക്രമണവും ലിയാൻഡ്രോ ജോസിന്റെ ബ്ളോക്കുകളും കളി സന്തുലിതമാക്കി. ശുഭത്തിന്റെ നീക്കങ്ങൾക്ക്‌ അഖിൻ മികച്ച പ്രതിരോധം തീർത്തതൊടെ ചെന്നൈ ഉയർന്നു. ദിലിപിന്റെ ആക്രമണങ്ങളിൽ ഷമീം പതറി. പ്രതിരോധത്തിൽ ഡഗ്ലസ്‌ താളം കണ്ടെത്തിയതോടെ ചെന്നൈ നേരത്തെതന്നെ ലീഡ്‌ കുറിച്ചു.

അമിതിന്റെ ആക്രമണവും സൗരഭ്‌ മാന്റെ പ്രതിരോധവും മുംബൈയുടെ തിരിച്ചുവരവിന്‌ വഴിയൊരുക്കി. അജിലാലിന്റെ ആക്രമണവും കൂടി ചേർന്നപ്പോൾ മുംബൈ കളി പിടിയിലൊതുക്കാൻ തുടങ്ങി. ആക്രണാത്മക കളിയുമായി ജോയെൽ ബഞ്ചമിൻ ആതിഥേയരുടെ സ്വാധീനം ഉറപ്പാക്കി. എന്നാൽ അമിതിന്റെയും അജിതിന്റെയും ആക്രമണങ്ങളെ ചെറുക്കാൻ ചെന്നൈ പ്രതിരോധത്തിന്‌ കഴിഞ്ഞില്ല. മുംബൈ കളിയിൽ നിയന്ത്രണം നേടി.

സെർവീസ്‌ ലൈനിൽനിന്നുള്ള സമീറിന്റെ പ്രകടനവും ദിലിപിന്റെ തകർപ്പൻ ഫോമും ചെന്നൈക്ക്‌ അഞ്ചാം ഗെയിമിൽ ഉശിരൻ തുടക്കം നൽകി. നിർണായക നിമിഷങ്ങളിൽ വരുത്തിയ പിഴവുകളാണ്‌ തിരിച്ചടിയായത്‌. അപ്പോഴും ദിലിപിന്റെ തുടരൻ ആക്രമണങ്ങൾ ചെന്നൈയുടെ സാധ്യത നിലനിർത്തികൊണ്ടിരുന്നു. സൂപ്പർ സെർവിലൂടെ അമിത്‌ കളിഗതി മുംബൈക്കായി തിരിച്ചു. ചെന്നെ ആവേശത്തോടെ അവസാന നിമിഷംവരെ പോരാടി.പക്ഷേ, മുംബൈ ഗെയിം പിടിച്ചെടുത്ത്‌ അവിസ്‌മരണീയ ജയം കുറിച്ചു.

10 പോയിന്റുമായി മുംബൈ രണ്ടാമതെത്തി. ആറ്‌ പോയിന്റുള്ള ചെന്നൈ ആറാമതാണ്‌.

ഇന്ന് (ചൊവ്വ) വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. നിലവില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ഇന്ന് ജയിച്ചാല്‍ ടീമിന് രണ്ടാം സ്ഥാനത്തെത്താം. കഴിഞ്ഞ 6 മത്സരങ്ങളും തോറ്റ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കൊൽക്കത്ത തണ്ടർബോൾട്ട്‌സിന്റെ വഴിയടച്ച്‌ ഡൽഹി തൂഫാൻസിന്‌ ആധികാരിക ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ഡൽഹി തൂഫാൻസിന്‌ ആധികാരിക ജയം. ഞായറാഴ്‌ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയിൽ നേരിട്ടുള്ള സെറ്റുകൾക്ക്‌ കൊൽക്കത്ത തണ്ടർബോൾട്ട്‌സിനെ കീഴടക്കി. സ്‌കോർ: 15–9, 16–14, 17–15. സന്തോഷാണ്‌ കളിയിലെ താരം. അഞ്ചാം തോൽവിയോടെ കൊൽക്കത്ത പുറത്തായി. ഡൽഹിയുടെ നാലാം ജയമാണ്‌.

സഖ്‌ലയിൻ ആയിരുന്നു ഡൽഹിയുടെ താളം. അമലിനും സന്തോഷിനും ഈ സെറ്റർ നിരന്തരം പാസുകൾ നൽകി. ഡൽഹിയുടെ ആക്രമണം ഇരുവശങ്ങളിൽനിന്നുംവന്നു. അശ്വൽ റായിയുടെയും വിനിത്‌ കുമാറിന്റെയും ആക്രമണം നേരിട്ട ഘട്ടത്തിൽ ഡാനിയൽ അപോൺസുമായി ചേർന്ന്‌ സഖ്‌ലയിൻ കളി വരുതിയിലാക്കി. പക്ഷേ, വിനിതിന്റെ കിടയറ്റ ആക്രമണം കൊൽക്കത്തയ്‌ക്ക്‌ ഡൽഹിക്കുമേൽ സമ്മർദം ചെലുത്താൻ സഹായമായി. എന്നാൽ ലാസർ ഡോഡിച്ചിന്റെ സ്‌പൈക്കുകൾ എത്തിയതോടെ ഡൽഹിക്ക്‌ തുടക്കത്തിൽതന്നെ ലീഡ്‌ നേടാനായി.

അനു ജയിംസിന്റെ തകർപ്പൻ സ്‌പൈക്കുകളും പിന്നാലെ സൂപ്പർ സെർവും ഡൽഹി ആക്രമണത്തിന്‌ വൈവിധ്യം നൽകി. എന്നാൽ വിനിതിന്റെ സാന്നിധ്യം ഡൽഹി പ്രതിരോധത്തിന്‌ ഒരു ആശ്വാസവും പകർന്നില്ല. അർജുൻ നാഥ്‌ നയിച്ച്‌ ഇരട്ട ബ്ലോക്ക്‌ കൊൽക്കത്ത പ്രതിരോധത്തിന്‌ കരുത്തായി. ആക്രമണത്തിന്‌ അമിതും എത്തിയതോടെ കൊൽക്കത്തയ്‌ക്ക്‌ പുതിയ വഴികൾ തുറന്നു. പക്ഷേ, ആയുഷിന്റെ കിടയറ്റ ബ്ലോക്ക്‌ അവരെ തടഞ്ഞു. ഡൽഹിയുടെ നിയന്ത്രണത്തിലായി കളി.

സന്തോഷിന്റെ തുടരൻ ആക്രമണങ്ങളിലൂടെ ഡൽഹി കളംപടിച്ചു. എന്നാൽ ദീപക്‌ കുമാറിന്റെയും അമിതിന്റെയും സൂപ്പർ സെർവുകൾ കൊൽക്കത്തയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ പകർന്നു. മധ്യഭാഗത്ത്‌നിന്നുള്ള അശ്വൽ റായിയുടെ സ്‌പൈക്കുകൾ കൊൽക്കത്തയെ മുന്നിലേക്ക്‌ കൊണ്ടുവന്നു. എന്നാൽ സൂപ്പർ പോയിന്റനായുള്ള ഡൽഹിയുടെ ചൂതാട്ട നീക്കം ഫലംകണ്ടു. ഡോഡിച്ചിന്റെ മാന്ത്രിക സ്‌പർശം ഡൽഹിക്ക്‌ രണ്ട്‌ പോയിന്റും നേരിട്ടുള്ള സെറ്റുകൾക്ക്‌ ജയവും നൽകി.

ഇന്ന്‌(തിങ്കൾ) രണ്ട്‌ മത്സരങ്ങളാണ്‌. വൈകിട്ട്‌ 6.30ന്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ ബംഗളൂരു ടോർപിഡോസിനെയും രാത്രി 8.30ന്‌ മുംബൈ മിറ്റിയോഴ്‌സ്‌ ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും. ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കീഴടക്കി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച്‌ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ചു. സ്‌കോർ: 15–-9, 6–-15, 15–-11, 15–-7. നന്ദഗോപാലാണ്‌ കളിയിലെ താരം.

കൊച്ചിയുടെ പിഴവുകളിലൂടെയായിരുന്നു അഹമ്മദാബാദ്‌ തുടക്കത്തിൽ പോയിന്റുകൾനേടിയത്‌. എന്നാൽ അതോസ്‌ നയിച്ച മൂന്നംഗ പ്രതിരോധം നന്ദഗോപാലിനെ തടഞ്ഞതോടെ കൊച്ചിയിലെ കളിയിലേക്കെത്തി. മാക്‌സ്‌ സെനികയുടെ ആക്രമണം അഹമ്മദാബാദിനെ സഹായിച്ചു. പക്ഷേ, എറിൻ വർഗീസിന്റെ സ്‌പൈക്കുകൾ കളി സന്തുലിതമാക്കി. ശിഖർ സിങ്‌ കരുത്തുറ്റ ബ്ലോക്കുകളിലൂടെ സെലക്ഷൻ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തു. നന്ദയുടെ ആക്രണാത്മക സെർവുകൾ കളി അഹമ്മദാബാദിന്‌ അനുകൂലമാക്കി.

അമിത്‌ കുമാറും ജിബിൻ സെബാസ്‌റ്റ്യനും കൊച്ചിയുടെ ആക്രമണനിരയ്‌ക്ക് ഊർജം പകർന്നു. അതേസമയം അഹമ്മദാബാദ്‌ ഒരുവശത്തുനിന്ന്‌ ആക്രമണം തുടർന്നുകൊണ്ടിരുന്നു. അഹമ്മദാബാദിന്റെ പ്രതിരോധപ്പിഴവുകൾ മുതലെടുത്തു കൊച്ചി ഒപ്പമെത്താൻ ശ്രമിച്ചു. കളിക്കാർ തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പിഴവുകൾ അഹമ്മദാബാദിന്റെ സൂപ്പർ പോയിന്റ്‌ നഷ്ടപ്പെടുത്തി. കൊച്ചി കളിഗതി പിടിച്ചു.

നന്ദയുടെയും മാക്‌സിന്റെയും ഷോട്ടുകൾ കൃത്യമായി അതോസ്‌ തടഞ്ഞു. ജിബിന്റെ മിന്നുന്ന സ്‌പൈക്കുകൾ കൊച്ചിയെ സഹായിച്ചു. ഷോൺ ടി ജോൺ കാലുറപ്പിച്ചതോടെ അഹമ്മദാബാദ്‌ കളംനിറഞ്ഞു. ജിബിന്റെ ആക്രമണം തടയാൻ കോച്ച്‌ ഡ്രാഗൺ മിഹയ്‌ലോവിച്ച്‌ തന്ത്രം ആവിഷ്‌കരിച്ചതോടെ കൊച്ചി മുന്നേറ്റക്കാർക്ക്‌ അനായാസം ഷോട്ടുകൾ തൊടുക്കാൻ സാധിച്ചില്ല. ഷോണിന്റെ കൗശലപരമായ സ്‌പൈക്കുകൾ അഹമ്മദാബാദിനെ ഉയർത്തി. മിന്നുന്ന സെർവുകളുമായി സന്തോഷ്‌ അഹമ്മദാബാദിന്‌ നിർണായക ജയമൊരുക്കി.
കൊച്ചിയുടെ തുടർച്ചയായ ആറാം തോൽവിയാണിത്‌.

ഇന്ന്‌(തിങ്കൾ) രണ്ട്‌ മത്സരങ്ങളാണ്‌. വൈകിട്ട്‌ 6.30ന്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ ബംഗളൂരു ടോർപിഡോസിനെയും രാത്രി 8.30ന്‌ മുംബൈ മിറ്റിയോഴ്‌സ്‌ ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും. ത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

വിജയ വഴിയില്‍ തിരിച്ചെത്തി, കാലിക്കറ്റ് ഹീറോസ് ഒന്നാമത്

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23ുടെ രണ്ടാം സീസണില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കാലിക്കറ്റ് ഹീറോസ്. ശനിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെയാണ് ടീം തോല്‍പ്പിച്ചത്. സ്‌കോര്‍: 15-13, 18-16, 16-14. ചിരാഗ് യാദവ് ആണ് കളിയിലെ താരം. സീസണിലെ നാലാം ജയത്തോടെ എട്ടു പോയിന്റുമായി ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഹമ്മദാബാദ്, മുംബൈ ടീമുകള്‍ക്ക് ഒരേ പോയിന്റാണെങ്കിലും സെറ്റ്, പോയിന്റ് ഡിഫറന്‍സിലെ മികവാണ് ഹീറോസിനെ മുന്നിലെത്തിച്ചത്.

ഇന്ന് (ഞായര്‍) രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മിലാണ് രണ്ടാം മത്സരം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലൂ സ്‌പൈക്കേഴ്‌സിന് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

ആവേശകരമായ പോരിൽ മുംബൈ മിറ്റിയോഴ്‌സിനെ പിന്തള്ളി അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ ഒന്നാമത്‌

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ മിന്നുംജയം. വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സിനെ രണ്ടിനെതിരെ മൂന്ന്‌ സെറ്റുകൾക്ക് നിലവിലെ ചാമ്പ്യൻമാർ തോൽപ്പിച്ചു. സ്‌കോർ:15–12, 15–11, 14–16, 13–15,15–13). അഹമ്മദാബാദിന്റെ നന്ദഗോപാലാണ്‌ കളിയിലെ താരം.
നാലാം ജയത്തോടെ അഹമ്മദാബാദ്‌ ഒന്നാമതെത്തി. മുംബൈയെ മറികടന്നു.

നന്ദയുടെ ആക്രമണങ്ങൾ തുടക്കത്തിൽതന്നെ മുംബൈക്ക്‌ വെല്ലുവിളി ഉയർത്തി. അതേസമയം മുത്തുസാമി അപ്പാവു അറ്റാക്കർമാർക്ക്‌ വേഗത്തിൽ അവസരമൊരുക്കികൊണ്ടിരുന്നു. എൽ എം മനോജ്‌ മധ്യനിരയിൽനിന്ന്‌ പിന്തുണ നൽകി. ഷമീം തകർപ്പൻ നീക്കങ്ങളുമായി നിന്നെങ്കിലും അഹമ്മദാബാദിനെ തടയാനായില്ല. അതിനിടെ അമിത്‌ ഗുലിയ മുംബൈക്ക്‌ വേണ്ടി പോയിന്റുകൾ നേടാൻ തുടങ്ങി. പക്ഷേ, മാക്‌ സെനിക്കയുടെ തകർപ്പൻ ആക്രമണം അഹമ്മദാബാദിന്‌ ലീഡൊരുക്കി.

മുംബൈ അറ്റാക്കർമാരെ മനോജ്‌ തടഞ്ഞു. അഹമ്മദാബാദ്‌ പ്രതിരോധത്തിൽ ഇല്യ ബുറാവു കൂടി കണ്ണിചേർന്നതോടെ അവർക്ക്‌ മുൻതൂക്കം കിട്ടി. കുറ്റമറ്റ തന്ത്രങ്ങളാണ്‌ നിലവിലെ ചാമ്പ്യൻമാർ പുറത്തെടുത്തത്‌. ചില പിഴവുകൾ മുംബൈക്ക്‌ സാധ്യതയൊരുക്കി. എന്നാൽ നിർണായക സൂപ്പർ പോയിന്റ്‌ അഹമ്മദാബാദിന്‌ നിയന്ത്രണം നൽകാൻ സഹായകരമായി.

അജിത്‌ ലാലിന്റെ സെർവീസ്‌ പിഴവുകൾ മുംബൈക്ക്‌ തിരിച്ചടിയായി.
നന്ദയുടെ റോക്കറ്റ്‌ സെർവുകൾ മുംബൈയെ ഉലച്ചുകളഞ്ഞു. എന്നാൽ ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകളിലൂടെ മുംബൈ മറുപടി നൽകി. മധ്യനിരയിൽ സൗരഭ്‌ മാൻ തകർപ്പൻ കളി പുറത്തെടുത്തതോടെ മുബൈ മത്സരത്തിലേക്ക്‌ തിരിച്ചുവന്നു. അതേസമയം നന്ദയുടെ വഴികൾ ഷമീം അടക്കുകയും ചെയ്‌തു. മധ്യഭാഗത്ത്‌ ഷമീം പോരാടിയതോടെ മുംബൈ കളി അവസാന സെറ്റിലേക്ക്‌ നീട്ടി.
പകരക്കാരുടെ ബെഞ്ചിൽനിന്ന്‌ ജെറി ഡാനിയേൽ എത്തിയതോടെ കളി മുംബൈക്ക്‌ അനുകൂലമായി.

തകർപ്പൻ സെർവുകൾ തൊടുത്ത്‌ എതിരാളികളെ സമ്മർദത്തിലാക്കി. പക്ഷേ, സൂപ്പർ പോയിന്റ്‌ വിജയം കളിഗതി മാറ്റി. അവസാന മിനിറ്റുകളിൽ നിർണായക ബ്ളോക്കുകളിലൂടെ ശിഖർ സിങ്‌ കോച്ച്‌ ഡ്രാഗൺ മിഹയ്‌ലോവിച്ചിന്റെ വിശ്വാസം കാത്തു. സൂപ്പർ സെർവിലൂടെ നന്ദ സെറ്റും ജയവും അഹമ്മദാബാദിന്‌ നൽകി.

ലീഗില്‍ ഇന്ന് (ശനി) ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും. നാലില്‍ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

ചെന്നൈ ബ്ലിറ്റ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി ഡല്‍ഹി തൂഫാന്‍സ്

ചെന്നൈ, മാര്‍ച്ച് 1, 2024: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ ഡല്‍ഹി തൂഫാന്‍സിന് ജയം. വെള്ളിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 15-9, 15-13, 12-15, 19-17. സന്തോഷാണ് കളിയിലെ താരം. മൂന്നാം വിജയത്തോടെ ഡല്‍ഹി സൂപ്പര്‍ 5 പ്രതീക്ഷകള്‍ സജീവമാക്കി. തോറ്റെങ്കിലും ചെന്നൈ നാലാം സ്ഥാനത്ത് തുടര്‍ന്നു.

സര്‍വീസ് ലൈനില്‍ നിന്നുള്ള ചെന്നൈയുടെ പിഴവുകള്‍ ഡല്‍ഹി തൂഫാന്‍സിന് തൂടക്കത്തില്‍ തന്നെ ആനുകൂല്യം നല്‍കി. സന്തോഷ് ആക്രമണാത്മക പ്രകടനത്തിലൂടെ ബ്ലിറ്റ്‌സിനെ നേരിട്ടതോടെ ചെന്നൈ ആധിപത്യം ഉറപ്പിച്ചു. ഡഗ്ലസ് ബ്യൂണോയുടെ മിന്നല്‍ പ്രകടനവും, ലിയാന്‍ഡ്രോ ജോസിന്റെ ബ്ലോക്കുകളും ഡല്‍ഹിക്കൊപ്പമെത്താന്‍ ചെന്നൈ ബ്ലിറ്റ്‌സിനെ സഹായിച്ചു. എന്നാല്‍ ആക്രമണത്തില്‍ ലാസര്‍ ഡോഡിക്കിന്റെ പങ്കാളിത്തവും സഖ്‌ലെയ്ന്‍ താരിഖിന്റെ സമര്‍ഥമായ പാസിങും ഡല്‍ഹിയെ വീണ്ടും മുന്നിലെത്തിച്ചു.

രമണ്‍ കുമാറും ദിലീപ് കുമാറും അറ്റാക്കിങ് തുടങ്ങിയതോടെ ഡല്‍ഹി വിയര്‍ത്തു, ചെന്നൈയുടെ ആക്രമണങ്ങളെ തടയാന്‍ ഡാനിയല്‍ അപ്പോന്‍സ മധ്യനിരയില്‍ സജീവമായി. ദിലീപിന്റെ സൂപ്പര്‍ പോയിന്റും, ബ്യൂണോയുടെ മികവും ചെന്നൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കി. എന്നാല്‍ ലാസര്‍ ഡോഡിക്കിന്റെ ആക്രമണോത്സുകമായ സെര്‍വുകള്‍ ചെന്നൈയുടെ വാതിലുകളടച്ചു, ഡല്‍ഹി മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു.

ജോയല്‍ ബെഞ്ചമിനും രമണ്‍കുമാറും ചേര്‍ന്ന് മൂന്നാം സെറ്റില്‍ ചെന്നൈയ്ക്ക് മികച്ച തുടക്കം നല്‍കി. ലിയാന്‍ഡ്രോയുടെ ബ്ലോക്കുകള്‍ക്കൊപ്പം സൂപ്പര്‍ പോയിന്റിനായുള്ള ചെന്നൈയുടെ ശ്രമവും വിജയിച്ചു. ചെന്നൈ ഒരു സെറ്റ് നേടി. നാലാം സെറ്റില്‍ ദിലീപിന്റെ സ്മാഷുകളും ജോയലിന്റെ അറ്റാക്കിങും ഡല്‍ഹിയെ അസ്വസ്ഥരാക്കി, എന്നാല്‍ ലിബറോ ആനന്ദിന്റെ മികവില്‍ ഡോഡിക്കും സന്തോഷും ഡല്‍ഹിക്കായി തുടര്‍ച്ചയായി പോയിന്റുകള്‍ നേടി. ശരിയായ സമയത്ത് അറ്റാക്കിങ് കൂടി തുടര്‍ന്നതോടെ സെറ്റും ജയവും ഡല്‍ഹിക്കായി.

ലീഗില്‍ ഇന്ന് (ശനി) ഒരു മത്സരം മാത്രം. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും. നാലില്‍ മൂന്നും ജയിച്ച് 6 പോയിന്റുള്ള ഹീറോസ് നിലവില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു ജയം മാത്രമുള്ള ബ്ലാക് ഹോക്‌സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്തും. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

പ്രൈം വോളിബോള്‍ ലീഗ്: കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മൂന്നാം സീസണില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് രണ്ടാം ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍മാര്‍ സൂപ്പര്‍ 5 പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. സ്‌കോര്‍: 15-8, 15-8, 11-15, 20-18. വിനിത് കുമാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം സെറ്റില്‍ ഹൈദരാബാദ് തിരിച്ചുവന്നെങ്കിലും ഇഞ്ചോടിഞ്ച് പോരില്‍ നാലാം സെറ്റ് സ്വന്തമാക്കി കൊല്‍ക്കത്ത ജയം പിടിക്കുകയായിരുന്നു. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും കൊല്‍ക്കത്ത തോറ്റിരുന്നു. അവസാന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പ്പിച്ചാണ് ടീം ആദ്യം ജയം രേഖപ്പെടുത്തിയത്. ജയത്തോടെ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് മാറി. ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള മുംബൈ മെറ്റിയോഴ്‌സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മിലാണ് രാത്രി 8.30ന് രണ്ടാം മത്സരം. മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

കാലിക്കറ്റിന്‌ സീസണിലെ ആദ്യ തോൽവി നൽകി മുംബൈ മിറ്റിയോഴ്‌സ്‌

ചെന്നൈ, 2024 ഫെബ്രുവരി 28: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 യുടെ മൂന്നാം സീസണില്‍ കാലിക്കറ്റ്‌ ഹീറോസിന്‌ ആദ്യ തോൽവി. ബുധനാഴ്‌ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ മിറ്റിയോഴ്‌സാണ്‌ കാലിക്കറ്റിനെ കീഴടക്കിയത്‌ (15–13, 9–15, 21-19, 15–12). ശുഭം ചൗധരിയാണ്‌ കളിയിലെ താരം.

‘ഹൈഡ്രജൻ ബോയ്‌’ എന്ന്‌ അറിയപ്പെടുന്ന അജിത്‌ ലാലിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ മുംബൈ ആദ്യ ഘട്ടത്തിൽതന്നെ കുതിച്ചു. എന്നാൽ സ്വയം വരുത്തിയ പിഴവുകൾ അവർക്ക്‌ തിരിച്ചടിയായി. ഡാനിയൽ മൊയത്‌യേദിയെ മുൻനിർത്തി കാലിക്കറ്റ്‌ പ്രത്യാക്രമണങ്ങൾ നെയ്‌തെങ്കിലും ശുഭം ചൗധരിയുടെ തകർപ്പൻ സെർവുകൾ മുംബൈയെ മുന്നിലെത്തിച്ചു. മോഹൻ ഉക്രപാണ്ഡ്യന്‌ സ്വതന്ത്രമായി അറ്റാക്കർക്കമാർക്ക്‌ പന്തെത്തിക്കാൻ കഴിയാത്ത്‌ കാലിക്കറ്റിന്‌ തിരിച്ചടിയായി.

ഷമീം തകർപ്പൻ ആക്രമണ നീക്കങ്ങൾകൊണ്ട്‌ മുംബൈക്ക്‌ ലീഡ്‌ നൽകി. ജെറൊം വിനീതിലൂടെ കാലിക്കറ്റ്‌ കളം പിടിക്കാൻ ശ്രമിച്ചതാണ്‌. മറുവശത്ത്‌ അമിത്‌ ഗുലിയ കാലിക്കറ്റ്‌ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ തുടങ്ങി. എം അശ്വിൻരാജിന്റെ ബുദ്ധിപരമായ നീക്കങ്ങൾ കാലിക്കറ്റിന്‌ മത്സരത്തിലേക്ക്‌ തിരിച്ചുവരാൻ കാലിക്കറ്റിന്‌ വഴിയൊരുക്കി. അമിത്‌ മാൻ നയിച്ച മൂന്നുപേർ അടങ്ങിയ പ്രതിരോധം അമിതിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ സമയം കളിയുടെ നിയന്ത്രണം കാലിക്കറ്റിന്റെ ഭാഗത്തേക്ക്‌ നീങ്ങി.

ലൂയിസ്‌ പെരോട്ടോയുടെ സാന്നിധ്യം കാലിക്കറ്റിന്‌ ആക്രമണത്തിന്‌ കൂടുതൽ വഴികൾ നൽകി. പക്ഷേ, ശുഭത്തിന്റെ സ്‌പൈക്കുകൾ മുംബൈയെ കളിയിൽ നിലനിർത്തി. സെറ്റർ വിപുൽകുമാറിന്റെ പാസ്സിങ് മുംബൈക്ക്‌ ഗുണകരമായി. അമിത്‌ കരുത്തുറ്റ സ്‌പൈക്കുകൾ തൊടുത്തുകൊണ്ടേയിരുന്നു. ഉക്രയുടെ ബുദ്ധിപരമായ കളിയും ചിരാഗിന്റെ സ്‌പൈക്കുകളും കാലിക്കറ്റിന്‌ പ്രതീക്ഷ നൽകുന്നതിനിടെയാണ്‌ തന്ത്രപരമായ തീരുമാനങ്ങൾകൊണ്ട്‌ മുംബൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്‌.

സൂപ്പർ പോയിന്റിനുള്ള കാലിക്കറ്റിന്റെ നീക്കം തെറ്റായി. അമിതിന്റെ ഉശിരൻ ഹിറ്റ്‌ കളി മുംബൈയുടെ പേരിയാക്കി. ശുഭത്തിന്റെ മിന്നുംപ്രകടനം കാലിക്കറ്റിന്‌ സീസണിലെ ആദ്യ തോൽവിയും നൽകി.
ഇന്ന്‌ (വ്യാഴം) വൈകിട്ട്‌ 6.30ന്‌ നടക്കുന്ന കളിയിൽ കൊൽക്കത്ത തണ്ടർബോൾട്‌സ്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സിനെ നേരിടും.

_റൂപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 3ലെ മത്സരങ്ങള്‍ 2024 ഫെബ്രുവരി 15 വൈകുന്നേരം 6:30 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 എസ്ഡി ആന്‍ഡ എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) എന്നിവയില്‍ തത്സമയം കാണാം._

Exit mobile version