Picsart 24 03 10 23 33 58 496

അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ ഞെട്ടിച്ച്‌ ഡൽഹി തൂഫാൻസ്‌

ചെന്നൈ: റൂപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണിലെ അവസാന ലീഗ്‌ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ ഞെട്ടിച്ച്‌ ഡൽഹി തൂഫാൻസ്‌. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ: 15–11, 16–14, 15–12. ലാസർ ഡോഡിച്ചാണ്‌ കളിയിലെ താരം. ഡൽഹി രണ്ടാംസ്ഥാനക്കാരായി മുന്നേറി. സൂപ്പർ ഫൈവ്‌സ്‌ മത്സരങ്ങൾ ഇന്ന്‌ തുടങ്ങും.

ഡൽഹി മികച്ച തുടക്കമാണ്‌ കുറിച്ചത്‌. സന്തോഷ്‌ ഒന്നാന്തരം ആക്രമണക്കളി പുറത്തെടുത്തു. എന്നാൽ അംഗമുത്തുവിന്റെ സ്‌പൈക്കിൽ അഹമ്മദാബാദ്‌ ഒപ്പമെത്തി. നന്ദയുടെ നീക്കത്തെ തടഞ്ഞ്‌ രോഹിത്‌ കുമാർ ഡൽഹിക്ക്‌ ലീഡൊരുക്കി. അഹമ്മദബാദ്‌ ലിബെറൊ ശ്രീകാന്ത്‌ വരുത്തിയ പിഴവിൽ അവർക്ക്‌ സൂപ്പർ പോയിന്റ്‌ നഷ്ടമായി. മാക്‌സ്‌ സെനിക്ക തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. ഡൽഹി തുടക്കത്തിൽതന്നെ ലീഡ്‌ പിടിച്ചു.

കരുത്തുറ്റ സ്‌പൈക്കുകളുമായി അംഗമുത്തു സ്‌കോറിങ്‌ തുടങ്ങിയതോടെ അഹമ്മദാബാദ്‌ കളിയിലേക്ക്‌ തിരിച്ചെത്തി. എന്നാൽ സെർവീസ്‌ പിഴവുകൾ അവരുടെ കളിയൊഴുക്കിന്‌ തിരിച്ചടിയായി. കളിക്കാർ തമ്മിലുള്ള ആശയ വിനിമയത്തിലെ അനൈക്യവും അഹമ്മദാബാദിന്റെ മുൻതൂക്കം ഇല്ലാതാക്കി. ഡൽഹിക്ക്‌ തിരിച്ചുവരാൻ ഇതൊക്കെ സഹായകരമായി. ലാസർ ഡോഡിച്ചും രോഹിത്‌ കുമാറും കരുത്തുറ്റ ആക്രമണം തുടർന്നതൊടെ കളിയിൽ പൂർണമായും ഡൽഹി നിയന്ത്രണം നേടി.

ആത്മവിശ്വാസത്തോടെ കളിച്ച ഡൽഹി അമലിന്റെ സൂപ്പർ സെർവിലൂടെ അഹമ്മദാബാദ്‌ പ്രതിരോധത്തെ ചിതറിച്ചു. ഷോണിന്റെ സാന്നിധ്യം അഹമ്മദാബാദിന്‌ ആക്രമണത്തിന്‌ പുതിയ ആയുധം നൽകി. എന്നാൽ മുത്തുവിന്റെ ലക്ഷ്യംതെറ്റിയ പാസ്‌ വലയിൽ തട്ടിയതോടെ നിലവിലെ ചാമ്പ്യൻമാരുടെ താളംതെറ്റി. കരുത്തുറ്റ സ്‌പൈക്കിൽ ആയുഷ്‌ കളി അവസാനിപ്പിച്ചു.

പ്രൈം വോളി സൂപ്പർ ഫൈവ്‌സിൽ *ഇന്ന്‌ (തിങ്കൾ) രണ്ട്‌ കളിയാണ്‌. വൈകിട്ട്‌ 6.30ന്‌ ബംഗളൂരു ടോർപിഡോസും ഡൽഹി തൂഫാൻസും ഏറ്റുമുട്ടും. രാത്രി 8.30ന്‌ കാലിക്കറ്റ്‌ ഹീറോസ്‌ മുംബൈ മിറ്റിയോഴ്‌സിനെ നേരിടും*. മത്സരങ്ങൾ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version