പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിനെ 3-0ന് തകര്‍ത്ത് മുംബൈയുടെ വിജയക്കുതിപ്പ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. സ്‌കോര്‍: 15-9, 15-8, 15-12. ജയത്തോടെ ബെംഗളൂരിനെ മറികടന്ന് പട്ടികയിലും മുംബൈ ഒന്നാമതെത്തി. കാലിക്കറ്റിന്റെ രണ്ടാം തോല്‍വിയാണ്. അമിത് ഗുലിയ ആണ് കളിയിലെ താരം. കാലിക്കറ്റ് ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്.

മികച്ച പാസുകള്‍ നല്‍കി ആക്രമണം നടത്താനായിരുന്നു ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ ശ്രമം. എന്നാല്‍ ബ്ലോക്കര്‍ അഭിനവ് സലാറിന്റെ തകര്‍പ്പന്‍ പ്രകടനം മുംബൈക്ക് കാലിക്കറ്റിന്റെ ആക്രമണ ഭീഷണിയെ ഒഴിവാക്കാന്‍ സഹായിച്ചു. കാലിക്കറ്റ് ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ ഡബിള്‍ ടച്ച് മുബൈക്ക് തുടക്കത്തില്‍തന്നെ സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. അവര്‍ ലീഡ് നേടുകയും ചെയ്തു. ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല. മത്തിയാസ് ലോഫ്‌ടെന്‍സെന്‍സും കാലിക്കറ്റിനെ കാര്യമായി പരീക്ഷിച്ചു.

ഡെറ്റെ ബോസ്‌കോ ആയിരുന്നു ചാമ്പ്യന്‍മാരുടെ നിരയിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍. കാലിക്കറ്റിന്റെ ആക്രമണങ്ങള്‍ക്ക് ഡെറ്റെ കരുത്ത് പകര്‍ന്നു. എന്നിരുന്നാലും പിഴവുകള്‍ കാലിക്കറ്റിനെ തളര്‍ത്തി. മുംബൈ ആധിപത്യം തുടരുകയും ചെയ്തു. സന്തോഷാണ് കാലിക്കറ്റിന് ആവശ്യ ഘട്ടത്തില്‍ ഉണര്‍വ് നല്‍കിയത്. വികാസ് മാനും താളം കണ്ടെത്താന്‍ തുടങ്ങി. പക്ഷേ, ക്യാപ്റ്റന്‍ അമിത് ഗുലിയ ശാന്തമായി കാര്യങ്ങള്‍ നിയന്ത്രിച്ചു. നിര്‍ണായക ഘട്ടത്തില്‍ മുംബൈക്ക് അത് ഗുണകരമായി. പദ്ധതികള്‍ കൃത്യമായി അവര്‍ നടപ്പാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ടീം നിര്‍ണായകമായ മൂന്ന് പോയിന്റും നേടി. ഒക്ടോബര്‍ 10ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെയാണ് കാലിക്കറ്റിന്റെ അടുത്ത മത്സരം.

അഞ്ച്‌ സെറ്റ്‌ പോരിൽ ഗോവ ഗാർഡിയൻസിനെ വീഴ്‌ത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ ആദ്യ ജയം

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ ഞായറാഴ്ച നടന്ന രണ്ടാം കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്‌ തകർപ്പൻ ജയം. ഗോവ ഗാർഡിയൻസിനെ അഞ്ച്‌ സെറ്റ്‌ പോരാട്ടത്തിൽ തോൽപ്പിച്ചു. സ്കോർ: 11–15, 17–15, 15–13, 10–15, 15–10.
ആദ്യ കളിയിൽ തോറ്റ കൊച്ചിയുടെ തിരിച്ചുവരവായി ഇത്‌. പട്ടികയിൽ രണ്ടാമതുമെത്തി. ഗോവയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്‌. കൊച്ചിയുടെ ഹേമന്താണ്‌ കളിയിലെ താരം.

സൂപ്പർ സെർവിലൂടെ ഗോവ ക്യാപ്‌റ്റൻ ചിരാഗ്‌ യാദവ്‌ മികച്ച തുടക്കം നൽകിയതാണ്‌. മറുവശത്ത്‌ കളത്തിൽ പ്രകമ്പനം തീർത്ത്‌ കൊച്ചി ക്യാപ്‌റ്റൻ എറിൻ വർഗീസും നിന്നു. ഒടുവിൽ സൂപ്പർ പോയിന്റ്‌ അവസരം ഉപയോഗിക്കാനുള്ള ഗോവയുടെ തീരുമാനം കൃത്യമായി. എറിന്റെ സെർവീസ്‌ പിഴവിലാണ്‌ പോയിന്റ്‌ കിട്ടിയത്‌. കൊച്ചിക്കായി അമരീന്ദർപാൽ സിങ്‌ കളത്തിന്‌ നടുവിൽവച്ച്‌ ആക്രമണം നടത്തി. ഹേമന്ത്‌ സെർവുകൾ കൊണ്ടും തീ പടർത്തി. കൊച്ചി ക്യാപ്‌റ്റൻ ബൈറൺ കെറ്റുറാകിസ്‌ അമരീന്ദറുമായി ചേർന്ന്‌ ബ്ലോക്കുണ്ടാക്കി ചിരാഗിന്റെ ആക്രമണങ്ങളെ തടഞ്ഞു. ആ തന്ത്രം ഫലപ്രദമാകുകയും ചെയ്‌തു.

എറിൻ ആത്മവിശ്വാസത്തോടെ ആക്രമണം നടത്തി. കൊച്ചി നിയന്ത്രണംനേടാൻ തുടങ്ങി. പ്രിൻസിന്റെ സെർവ്‌പാളിയതോടെ ഗോവയുടെ സൂപ്പർ പോയിന്റ്‌ നഷ്ടമായി. പിന്നിലായതോടെ രോഹിതിന്റെ കരുത്തുറ്റ സെർവുകളിലൂടെ ഗോവ തിരിച്ചുവരാൻ ശ്രമിച്ചു. പകരക്കാരൻ വിക്രം ആക്രമണത്തിലും പ്രതിരോധത്തിലും തിളങ്ങിയതോടെ കളി അഞ്ചാം സെറ്റിലേക്ക്‌ നീണ്ടു.

ലിബെറോ അലൻ ആഷിക്കിന്റെ കിടിലൻ സേവുകൾ കൊച്ചി നിർണായക പോയിന്റുകൾ അഞ്ചാം സെറ്റിൽ നൽകി. ഹേമന്ത്‌ എല്ലാ മേഖലയിലും മിന്നി. എറിന്റെ മികച്ച റിവ്യൂ തീരുമാനം കൊച്ചിക്ക്‌ നിർണായകമായ സൂപ്പർ പോയിന്റ്‌ നൽകി. അവിസ്‌മരണീയമായ 3–2ന്റെ ജയം കൊച്ചിക്ക്‌ ലഭിക്കുകയും ചെയ്‌തു.

അഞ്ച് സെറ്റ് ത്രില്ലറിൽ കൊച്ചി ബ്ലു സ്പൈക്കേഴ്സിനെതോൽപ്പിച്ച് ചെന്നൈ ബ്ലിറ്റ്സ്

ഹൈദരാബാദ്: ആർ ആർ കാബൈൽ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണിൽ ചെന്നൈ ബ്ലിറ്റ്സിന് ആവേശകരമായ ജയം. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം മൂന്നെണ്ണം നേടി കൊച്ചി ബ്ലു സ്പൈക്കേഴ്സിനെ തോൽപ്പിച്ചു. സ്കോർ: 13-15, 14-16, 15-11, 15-11, 15-12.

ജെറോം വിനീതിന്റെ മിന്നുന്ന സ്‌പൈക്കുകൾ ആദ്യ സെറ്റിൽ തന്നെ ചെന്നൈക്ക് മുൻ‌തൂക്കം നൽകുകയായിരുന്നു. മറുവശത്തു എറിൻ വർഗീസ് കൊച്ചിയെ തിരികെ കൊണ്ടുവന്നു. ഒപ്പത്തിനൊപ്പം ഇരു ടീമുകളും മുന്നേറി. ക്യാപ്റ്റൻ വിനീത് കുമാർ കൊച്ചിക്ക് പ്രതീക്ഷ നൽകി. ചെന്നൈ ജെറോമിലൂടെ തിരിച്ചടിച്ചു. സൂപ്പർ പോയിന്റിലൂടെ വിനിത് കുമാർ കൊച്ചിക്ക് ലീഡ് നൽകി. പിന്നാലെ ഒന്നാന്തരം ബ്ലോക്കിൽ ആദ്യ സെറ്റിനു അരികെയെത്തി. ഒടുവിൽ ബൈറൻ കെട്ടുറക്കിസ്‌ കൊച്ചിക്ക് സെറ്റ് പോയിന്റും നൽകി.

ചെന്നൈയുടെ രണ്ടാം സെറ്റിലെ തുടക്കവും ജെറോമിന്റെ പോയിന്റിലൂടെയായിരുന്നു. വിനീതിന്റെ ക്രോസ് കോർട്ടിലൂടെ കൊച്ചി മറുപടി നൽകി. പിന്നാലെ എറിനും തൊടുത്തു. മനോഹരമായ ഒരു റാലിക്ക് പിന്നാലെ എറിന്റെ മറ്റൊരു സ്‌പൈക്കും ലക്ഷ്യം കണ്ടു. ജെറോമിന്റെ സെർവ് വലയിൽ തട്ടിയതോടെ ചെന്നൈ സമ്മർദ്ദത്തിലായി. എന്നാൽ ലൂയിസ് ഫിലിപ്പെ പെറോറ്റോയുടെ സ്മാഷിൽ ചെന്നൈ തിരിച്ചു വന്നു.അശ്വിൻ രാജിന്റെ കിടിലൻ സ്മാഷും ചെന്നൈക്ക് ലീഡ് നൽകി. ബൈരന്റെ സൂപ്പർ സെർവുകൾ കൊച്ചിക്ക് തുണയായി. ജെസ്ജോത് സിങ് ലീഡും നൽകി. മറുവശത്തു സൂപ്പർ പോയിന്റലൂടെ ജെറോം വിനീത് ചെന്നൈക്ക് തിരിച്ചുവരാൻ അവസരമൊരുക്കി. എന്നാൽ നിർണായക സമയത്തുള്ള വിനീതിന്റെ ബ്ലോക്ക്‌ സെറ്റ് കൊച്ചിക്ക് അനുകൂലമാക്കി. ജെറോമിന്റെ ക്രോസ്സ് കോർട്ട് സ്മാഷ് പുറത്തേക്ക് പോയതോടെ രണ്ടാം സെറ്റും കൊച്ചി നേടി.

മൂന്നാം സെറ്റിൽ തുടക്കം മുതൽ ഒപ്പത്തിനൊപ്പമായി കളി. നിക്കോളാസ് മറച്ചൽ മികച്ചൊരു സെർവിലൂടെ കൊച്ചിയെ മുന്നിലെത്തിച്ചു. എന്നാൽ ജെറോമിന്റെ ഉശിരൻ നീക്കങ്ങൾ ചെന്നൈയെ കളിയിലേക്ക് തിരികെ എത്തിച്ചു. പെറോറ്റോ തുടർച്ചയായ രണ്ട് പോയിന്റുകൾ നേടി. ദിലീപ് കുമാറിന്റെ ഒന്നാന്തരം സെർവും കൂടിയായപ്പോൾ മൂന്നാം സെറ്റ് ചെന്നൈയുടെ ഭാഗത്തേക്ക്‌ നീങ്ങി.സൂപ്പർ പോയിന്റ് അവസരം കൊച്ചി മുതലാക്കിയതോടെ കളി ആവേശകരമായി. ഒടുവിൽ സെറ്റ് ചെന്നൈ സ്വന്തമാക്കി.

നാലാം സെറ്റിൽ പെറോട്ടോയുടെ സ്മാഷ് ബ്ലോക്ക് ചെയ്ത് അമരീന്ദർ പാൽ കൊച്ചിക്ക് തുടക്കത്തിലേ മേധാവിത്തം നൽകി. ജെറോമായിരുന്നു ചെന്നൈയുടെ ആശ്രയം. തുടർച്ചയായി രണ്ട് പോയിന്റുകൾ നേടി അവർ ഒപ്പമെത്തി. ജെറോമിന്റെ സ്മാഷുകൾ രണ്ട് പോയിന്റ് ലീഡുമൊരുക്കി. കൊച്ചിയുടെ സൂപ്പർ പോയിന്റ് അവസരം പാഴായതോടെ നാലാം സെറ്റും ചെന്നൈ പിടിച്ചു.

അവസാന സെറ്റിൽ തരുൺ ഗൗഡയുടെ സൂപ്പർ സെർവിൽ ചെന്നൈ മികച്ച തുടക്കം കുറിച്ചു. ലീഡ് കൈ വിട്ടതേയില്ല. സുരാജ്, ജെറോം, പെറോറ്റോ എന്നിവർ ചേർന്ന് ആവേശകരമായ ജയമൊരുക്കി. സൂപ്പർ പോയിന്റ് നേടി കൊച്ചി തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ജെറോമിന്റെ തകർപ്പൻ സ്‌പൈക്കിൽ ചെന്നൈ ജയം കുറിച്ചു.

പ്രൈം വോളിബോള്‍ ലീഗ്: അഞ്ച് സെറ്റ് പോരില്‍ ഗോവഗാര്‍ഡിയന്‍സിനെ വീഴ്ത്തി ബെംഗളൂരു ടോര്‍പിഡോസ്

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണില്‍ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ ആവേശകരമായ പോരാട്ടത്തില്‍ കീഴടക്കി ബെംഗളൂരു ടോര്‍പിഡോസ്. അഞ്ച് സെറ്റ് മത്സരത്തിലാണ് നവാഗതരായ ഗോവയെ തോല്‍പ്പിച്ച് ബെംഗളൂരു ജയം പിടിച്ചെടുത്തത്. സ്‌കോര്‍: 15-9, 11-15, 13-15, 17-15, 15-9. സേതുവിന്റെ ഒന്നാന്തരം സെര്‍വുകള്‍ ബെംഗളൂരുവിന് തുടക്കത്തില്‍ തന്നെ വലിയ ലീഡ് നല്‍കി.നാലു പോയിന്റുകളാണ് തുടര്‍ച്ചയായി നേടിയത്. ഡാനിയല്‍ ഡികന്‍സണ്‍ ഗോവയെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ബെംഗളൂരു ചെറുത്തു നിന്നു. യാലെന്‍ പെന്റോസിന്റെ സൂപ്പര്‍ സ്‌പൈക്കും ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കി. ഒടുവില്‍ മുജീബിന്റെ ബ്ലോക്കിലൂടെ സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിലും പെന്റോസിന്റെ സ്മാഷിലൂടെ ബെംഗളൂരു തുടങ്ങി. ഡിക്കന്‍സണ്‍ ഗോവയുടെ മറുപടി നല്‍കി. ജെഫറി മെന്‍സലും അവസരത്തിനൊത്തുയര്‍ന്നു. ഗോവ സൂപ്പര്‍ പോയിന്റ് അവസരത്തിലൂടെ ലീഡ് ഉയര്‍ത്തി. പിന്നാലെ ബെംഗളൂരു സൂപ്പര്‍ പോയിന്റ് അവസരം പാഴാക്കിയതോടെ രണ്ടാം സെറ്റ് ഗോവയുടെ കയ്യിലായി.

പെന്റോസ് ആണ് മൂന്നാം സെറ്റിലും ബെംഗളൂരുവിനു മികച്ച തുടക്കം നല്‍കിയത്. പക്ഷേ സൂപ്പര്‍ സെര്‍വിലൂടെ ഗോവ തിരിച്ചടിച്ചു. ചിരാഗും പ്രിന്‍സും നടത്തിയ ബ്ലോക്കുകള്‍ ടോര്‍പ്പിഡോസിനെ തടഞ്ഞു. ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു ഗോവ സെറ്റ് പിടിച്ചത്. സേതുവിന്റെ സ്മാഷ് തകര്‍ത്ത് മൂന്നാം സെറ്റും ഗോവ സ്വന്തമാക്കി. നാലാം സെറ്റിന്റെ തുടക്കത്തില്‍ ബെംഗളൂരുവിന് താളം കണ്ടെത്താനായില്ല. ചിരാഗിന്റെ സൂപ്പര്‍ സ്‌പൈക്കില്‍ ഗോവ കുതിച്ചു. മറുവശത്ത് ടോര്‍പിഡോസിന്റെ സെര്‍വുകള്‍ പാളി. പക്ഷെ അവസാന ഘട്ടത്തില്‍ അവര്‍ ശക്തമായി തിരിച്ചു വന്നു. അവസാന സെറ്റ് ഏകപക്ഷീയമായി ബെംഗളൂരു സ്വന്തമാക്കുകയിരുന്നു. ഇന്ന് ആദ്യമത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഏറ്റുമുട്ടും (വൈകിട്ട് 6.30). രാത്രി 8.30ന് മുംബൈ മിറ്റിയോഴ്‌സും ഹൈദരാബാദ് ബ്ലാക് ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.

പ്രൈം വോളിബോള്‍ ലീഗ്; കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്‌സിന് മിന്നുംതുടക്കം

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയയുടെ നാലാം സീസണിന് അട്ടിമറിയോടെ തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മിന്നും തുടക്കം കുറിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആതിഥേയരുടെ ജയം. സ്‌കോര്‍: 15-12, 18-16, 18-16. ഹൈദരാബാദിന്റെ വിദേശതാരം പൗലോ ലമൗനിയോര്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ബ്ലാക്‌ഹോക്‌സിന് പിന്തുണയുമായി സഹ ഉടമ കൂടിയായ നടന്‍ വിജയ് ദേവരകൊണ്ടയും സ്റ്റേഡിയത്തിലെത്തിയിരുന്നു. കാലിക്കറ്റ് മികച്ച തുടക്കമാണ് കുറിച്ചത്. തരുഷ ചാമത്തും വികാസ് മാനും ഉശിരന്‍ പ്രകടനമാണ് നടത്തിയത്. രണ്ട് പോയിന്റ് ലീഡ് നേടിയ ശേഷം കാലിക്കറ്റിന് അടിപതറി. തുടര്‍ച്ചയായ പോയിന്റുകളുമായി ഹൈദരാബാദ് ഒപ്പമെത്തി. കാലിക്കറ്റ് ലീഡ് വിട്ടുനല്‍കിയില്ല. ഒപ്പത്തിനൊപ്പം ആദ്യ സെറ്റ് മുന്നേറി. അശോക് ബിഷ്‌ണോയിയും വികാസും ചേര്‍ന്ന് തകര്‍പ്പന്‍ സ്മാഷുകളിലൂടെ കാലിക്കറ്റിനെ മുന്നോട്ടുനയിച്ചു. എന്നാല്‍ സഹില്‍ കുമാറും നിയാസ് അബ്ദുള്‍ സലാമും കൂടി ഹൈദരാബാദിനെ തിരികെ കൊണ്ടുവന്നു. ആദ്യ ഗെയിം 15-12ന് സ്വന്തമാക്കുകയും ചെയ്തു.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ കാലിക്കറ്റിന്റെ മനോഹരമായ തിരിച്ചുവരവാണ് കണ്ടത്. തരുഷയും സന്തോഷും ചേര്‍ന്ന് തകര്‍പ്പന്‍ നീക്കങ്ങളിലൂടെ ലീഡ് നല്‍കി. എന്നാല്‍ ആദ്യ ഗെയിമിലെന്ന പോലെ അവസാന ഘട്ടത്തില്‍ ഹൈദരാബാദ് തിരിച്ചുവരികയായിരുന്നു. കാലിക്കറ്റ് വിട്ടുകൊടുത്തില്ല. തരുഷയുടെ കിടിലന്‍ സ്‌പൈക്ക് ഹൈദരാബാദിനെ തകര്‍ത്തു. പക്ഷേ, ആ മികവ് നിലനിര്‍ത്താനായില്ല കാലിക്കറ്റിന്. സൂപ്പര്‍ പോയിന്റിലൂടെ ഹൈദരാബാദ് 13-11ന് ലീഡ് നേടി. ശക്തമായ മറുപടിയാണ് കാലിക്കറ്റും നല്‍കിയത്. മിന്നുന്ന സ്‌പൈക്കിലൂടെ അശോക് ഒപ്പമെത്തിച്ചു. എന്നാല്‍ ആദ്യ സെറ്റിലെന്ന പോലെ അവസാന ഘട്ടത്തില്‍ രണ്ടാം സെറ്റിലും കാലിക്കറ്റ് പതറി. അശോകിന്റെ മികവിലാണ് ഒപ്പത്തിനൊപ്പം പിടിച്ചുനിന്നത്. പക്ഷേ, ഗുരുപ്രശാന്തിന്റെ ബ്ലോക്കില്‍ ഹൈദരാബാദ് രണ്ടാം സെറ്റും സ്വന്തമാക്കുകയായിരുന്നു. ജോണ്‍ ജോസഫിന്റെ ബ്ലോക്കുകളും ഹൈദരാബാദിനെ സഹായിച്ചു.

മൂന്നാം സെറ്റില്‍ അശോകിന്റെ സൂപ്പര്‍ സെര്‍വിലാണ് കാലിക്കറ്റ് ഉണര്‍ന്നത്. പക്ഷേ, ഗുരു പ്രശാന്തിന്റെ മികവില്‍ ഹൈദരാബാദ് തിരിച്ചെത്തി. 15-15ല്‍ നില്‍ക്കെ സഹില്‍ കുമാറിന്റെ സൂപ്പര്‍ സ്‌പൈക്ക് കാലിക്കറ്റിനെ തളര്‍ത്തി. ഒടുവില്‍ പൗലോ ലമൗനിയോറിന്റെ ബ്ലോക്കില്‍ സെറ്റും ജയവും ഹൈദരാബാദ് സ്വന്തമാക്കി. ഇന്ന് (വെള്ളി) രണ്ട് മത്സരങ്ങളാണ്. ലീഗിലെ അരങ്ങേറ്റക്കാരായ ഗോവ ഗാര്‍ഡിയന്‍സ് വൈകിട്ട് 6.30ന് ബെംഗളൂരു ടോര്‍പിഡോസിനെയും, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സിനെയും നേരിടും.

Photo Caption

1 . ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലുള്ള പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ നിന്ന്

2 . ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് താരങ്ങളുടെ ആഹ്ലാദം

3. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് താരങ്ങള്‍ ആഹ്ലാദം പങ്കിടുന്നു

4. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലുള്ള പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ഉദ്ഘാടന മത്സരം വീക്ഷിക്കുന്ന നടന്‍ വിജയ് ദേവരകൊണ്ട

ടീമുകള്‍ സജ്ജം: പ്രൈം വോളിബോള്‍ലീഗ് നാലാം സീസണിന് നാളെ തുടക്കം

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയ നാലാം സീസണിന് ഒരുങ്ങി ഹൈദരാബാദ്. നാളെ (വ്യാഴം) മുതല്‍ ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്‍ നടക്കുക. നാളെ രാത്രി 8.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും.

സീസണിന് മുന്നോടിയായുള്ള ടീം ക്യാപ്റ്റന്‍മാരുടെ ഫോട്ടോസെഷന്‍ ഉള്‍പ്പെടെ ഇന്ന് നടക്കും. ടീം ക്യാപ്റ്റന്മാര്‍ക്ക് പുറമേ, പി.വി.എല്‍ സി.ഇ.ഒ ജോയ് ഭട്ടാചാര്യ, ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് എം.ഡിയും സഹസ്ഥാപകനുമായ തുഹിന്‍ മിശ്ര, ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ആര്‍.ആര്‍ കാബെല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ലീഗിലെ ഏറ്റവും പുതിയ ടീമായ ഗോവ ഗാര്‍ഡിയന്‍സ് കൂടി മത്സരരംഗത്തേക്ക് വന്നതോടെ ലീഗിലെ മൊത്തം ഫ്രാഞ്ചൈസികളുടെ എണ്ണം പത്തായി. ഈ വിപുലീകരണം പുതിയ മത്സരക്രമത്തിനും വഴിയൊരുക്കി. ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഗോവ ഗാര്‍ഡിയന്‍സ്, ചെന്നൈ ബ്ലിറ്റ്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിവരാണ് പൂള്‍ എ-യിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ഡല്‍ഹി തൂഫാന്‍സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, മുംബൈ മിറ്റിയോര്‍സ്, കാലിക്കറ്റ് ഹീറോസ് ടീമുകളാണ് ബി പൂളില്‍. ഓരോ ടീമും ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ ഒക്ടോബര്‍ 24ന് നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഒക്ടോബര്‍ 26നാണ് ഫൈനല്‍.

മുമ്പെങ്ങുമില്ലാത്ത സന്നാഹങ്ങളാണ് ഇത്തവണ പി.വി.എല്‍ ടീമുകള്‍ നടത്തിയത്. ലീഗിലെ നിലവാരവും ഓരോ ടീമിന്റെയും തയ്യാറെടുപ്പുകളും കണക്കിലെടുക്കുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടം തന്നെയായിരിക്കും ഈ വര്‍ഷം. കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കാലിക്കറ്റ് ഹീറോസ് തന്നെയാണ് ഈ സീസണിലെയും ശ്രദ്ധാകേന്ദ്രം. എന്നാല്‍ കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കാലിക്കറ്റിനോട് തോറ്റ ഡല്‍ഹി തൂഫാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ എതിരാളികളില്‍ നിന്നും ശക്തമായ വെല്ലുവിളി ഹീറോസ് നേരിടേണ്ടിവരും. മുന്‍ സീസണുകളില്‍ നിരാശപ്പെടുത്തിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇത്തവണ ഇന്ത്യന്‍ താരം വിനിത് കുമാറിന്റെ ക്യാപ്റ്റന്‍സിയിലാണ് കോര്‍ട്ടിലിറങ്ങുന്നത്. മിഡില്‍ബ്ലോക്കര്‍ ജസ്‌ജോധ് സിങ് ഉള്‍പ്പെടെ മികച്ച ആഭ്യന്തര-വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്. ആതിഥേയരായ ഹൈദരാബാദും ശക്തമായ സ്‌ക്വാഡിനെയാണ് അണിനിരത്തുന്നത്. അമേരിക്കന്‍ സെറ്റര്‍ മാറ്റ് വെസ്റ്റിനെ ക്യാപ്റ്റനായി നിയമിച്ച് ബെംഗളൂരു ടോര്‍പ്പിഡോസും അവരുടെ ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. ഈ നീക്കം തങ്ങള്‍ക്ക് ഒരു മത്സരപരമായ മുന്‍തൂക്കം നല്‍കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. ആദ്യസീസണിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ടീം നിരാശപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ അണിനിരക്കുന്ന മുംബൈ മിറ്റിയോര്‍സും കിരീടത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താറുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താനുള്ള അവരുടെ ദൗത്യം തുടരും. അതേസമയം മുന്‍ കാലിക്കറ്റ് താരമായ ജെറോം വിനീതിനെ കളത്തിലിറക്കിയാണ് ചെന്നൈ ബ്ലിറ്റ്‌സ് സ്ഥാനമാറ്റത്തിനിറങ്ങുന്നത്. ഇന്ത്യന്‍ താരം ചിരാഗ് യാദവിന്റെ നേതൃത്വത്തിലായിരിക്കും ഗോവ ഗാര്‍ഡിയന്‍സിന്റെ പ്രൈം വോളി അരങ്ങേറ്റം. സോണി നെറ്റ്‌വര്‍ക്കിന് പുറമേ പ്രൈം വോളിബോളിന്റെ യൂട്യൂബ് പേജിലും നാലാം സീസണ്‍ മത്സരങ്ങള്‍ തത്സമയം കാണാം.

പ്രൈം വോളിബോള്‍ ലീഗിന് പിന്തുണയുമായി തെലങ്കാന മുഖ്യമന്ത്രി, സീസണ്‍ 4ന് ആതിഥേയത്വം വഹിക്കാന്‍ ഹൈദരാബാദ് ഒരുങ്ങുന്നു

ഹൈദരാബാദ്, 2025 ഓഗസ്റ്റ് 31: മൂന്ന് സീസണുകളിലായി വോളിബോള്‍ ആരാധകരെ ആവേശത്തിലാക്കിയ പ്രൈം വോളിബോള്‍ ലീഗിന്റെ 2025 സീസണിന് ഒക്ടോബര്‍ രണ്ടിന് ഹൈദരാബാദില്‍ തുടക്കമാകും. തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയാണ് പിവിഎലിന്റെ നാലാം പതിപ്പ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി, കായിക വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ ഐഎസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന ചെയര്‍മാന്‍ ശിവ സേന റെഡ്ഡി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന വൈസ് ചെയര്‍പേഴ്‌സണും എംഡിയുമായ എ.സോണിബാല ദേവി ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് പിവിഎല്‍ സീസണ്‍ 4ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ലീഗിന് ആതിഥേയത്വം വഹിക്കുന്നതിന് തെലങ്കാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ചടങ്ങില്‍ പിവിഎല്‍ സംഘാടകരെ സംസ്ഥാന പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.

തെലങ്കാന കായികരംഗത്തെ അതീവ താല്‍പ്പര്യത്തോടെ കാണുന്ന ഒരു സംസ്ഥാനമാണെന്ന് പ്രൈം വോളിബോള്‍ ലീഗിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി പറഞ്ഞു. പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ ഹൈദരാബാദിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരം ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് നമ്മുടെ ലോകോത്തര കായിക സൗകര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, നമ്മുടെ യുവജനങ്ങളെ കായികരംഗവുമായി കൂടുതല്‍ ബന്ധിപ്പിക്കാനും സഹായിക്കും. പിവിഎല്‍ ടീമിന് ഞങ്ങളുടെ പൂര്‍ണ പിന്തുണ നല്‍കുന്നു, വോളിബോളിന്റെയും കായിക വിനോദത്തിന്റെയും ആവേശം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിജയകരമായ സീസണിനായി ഞങ്ങള്‍ കാത്തിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൈം വോളിബോള്‍ ലീഗിന്റെ സംഘാടകരുടെ അര്‍പ്പണബോധം കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും, നഗരത്തിലെ ഏറ്റവും മികച്ച കായിക ഇനങ്ങളിലൊന്നായി പിവിഎലിനെ ഒരുക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി പറഞ്ഞു. ഹൈദരാബാദിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. കായികതാരങ്ങള്‍ക്കും ആരാധകര്‍ക്കും വോളിബോള്‍ പ്രേമികള്‍ക്കും ആവേശം പൂര്‍ണമായി ആസ്വദിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും ചടങ്ങില്‍ അദ്ദേഹം ഉറപ്പുനല്‍കി.

പിവിഎല്‍ സീസണ്‍ 4 ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ചടങ്ങില്‍ സംസാരിച്ച ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിന്റെ മുഖ്യഉടമ അഭിഷേക് റെഡ്ഡി ഹൃദ്യമായ നന്ദി അറിയിച്ചു. കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഇതിനെ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സംസ്ഥാനത്തേക്ക് മികച്ച കായിക മത്സരങ്ങള്‍ ആകര്‍ഷിക്കാനുള്ള നമ്മുടെ സര്‍ക്കാരിന്റെ ശക്തമായ നീക്കമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിവിഎല്‍ സീസണ്‍ 4ല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും, സീസണ്‍ 4ന് ആതിഥേയ നഗരമായി ഹൈദരാബാദിനെ ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും ബെംഗളൂരു ടോര്‍പ്പിഡോസിന്റെ സഹ ഉടമസ്ഥനായ യശ്വന്ത് ബിയ്യാല കൂട്ടിച്ചേര്‍ത്തു. നഗരത്തിലെ കായിക സംസ്‌കാരം പിവിഎല്‍ ആരാധകരുടെ ആവേശകരമായ വോളിബോള്‍ അനുഭവത്തിന് ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൈം വോളിബോള്‍ ലീഗിന്റെ പുതിയ സീസണിന് ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണെന്ന് സീസണ്‍ 4ന്റെ വേദി പ്രഖ്യാപനത്തെക്കുറിച്ച് സംസാരിവക്കവേ പ്രൈം വോളിബോള്‍ ലീഗിന്റെ സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. കായികരംഗത്തോട് വലിയ താല്‍പര്യമുള്ള നഗരമാണ് ഹൈദരാബാദ്. അതിനാല്‍ ഇലക്ട്രിഫൈയിങ് അന്തരീക്ഷം സൃഷ്ടിക്കാന്‍ ആരാധകര്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ വിപുലീകരിച്ച ടെലികാസ്റ്റിങ് സ്ട്രാറ്റജിയാണ് ഈ സീസണിനെ കൂടുതല്‍ സവിശേഷമാക്കുന്നത്. ടെലിവിഷന്‍ കവറേജിനായി സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുമായി ഞങ്ങളുടെ പങ്കാളിത്തം തുടരുന്നതിനൊപ്പം, പിവിഎലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഞങ്ങള്‍ തത്സമയം മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. വിവിധ ഭാഷകളില്‍ യൂട്യൂബില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് പിവിഎലിനെ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ആരാധകരെ കളിയുമായി കൂടുതല്‍ അടുപ്പിക്കം. ഞങ്ങളുടെ ആരാധകര്‍ എല്ലായ്‌പ്പോഴും പിവിഎലിന്റെ ഹൃദയമാണ്, അവരുടെ അഭിനിവേശത്തിനും അചഞ്ചലമായ പിന്തുണയ്ക്കും നല്‍കുന്ന ഒരു ആദരവ് കൂടിയാണ് യൂട്യൂബ് വഴിയുള്ള കളി സംപ്രേക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് സെമിഫൈനലുകളും ഫൈനലും ഉള്‍പ്പെടെ 38 മത്സരങ്ങള്‍ക്കാണ് ഹൈദരാബാദിലെ പ്രശസ്തമായ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയൊരുക്കുക. ഹൈദരാബാദിലെ ആരാധകര്‍ക്ക് മികച്ച നിലവാരത്തിലുള്ള വോളിബോള്‍ മത്സരങ്ങള്‍ നേരില്‍ കാണാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്. പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി 10 ടീമുകളാണ് ഇത്തവണ പിവിഎല്‍ കിരീടത്തിനായി മത്സരിക്കുക. ഗോവ ഗാര്‍ഡിയന്‍സ് ആണ് ഈ സീസണില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുതിയ ടീം.

ഫോട്ടോ അടിക്കുറിപ്പ്

ഹൈദരാബാദില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന്റെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന്. ഇടത്തുനിന്ന് വലത്തേക്ക്: ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് മുഖ്യഉടമ അഭിഷേക് റെഡ്ഡി, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന വൈസ് ചെയര്‍മാനും എംഡിയുമായ എ.സോണിബാല ദേവി ഐഎഎസ്, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് തെലങ്കാന ചെയര്‍മാന്‍ ശിവ സേന റെഡ്ഡി, മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, കായിക യുവജനക്ഷേമ മന്ത്രി വകിതി ശ്രീഹരി, തെലങ്കാന സര്‍ക്കാര്‍ കായിക വകുപ്പ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ ഐഎഎസ്, ബെംഗളൂരു ടോര്‍പ്പിഡോസ് സഹ ഉടമ യശ്വന്ത് ബിയ്യാല, ചെന്നൈ ബ്ലിറ്റ്‌സ് സിഇഒ കിരണ്‍ കുമാര്‍ റെഡ്ഡി.

പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്:

10 ടീം ഫ്രാഞ്ചൈസികള്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളിബോള്‍ ലീഗാണ് പ്രൈം വോളിബോള്‍ ലീഗ്. ഇന്ത്യയിലെ മുന്‍നിര കായിക വിപണന സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സിന്റെ സഹഉടമസ്ഥതയിലുള്ളതും അവര്‍ തന്നെ എക്‌സ്‌ക്ലൂസീവ് മാര്‍ക്കറ്റിങ് നിര്‍വഹിക്കുകയും ചെയ്യുന്ന ലീഗിന്റെ സീസണ്‍ 1, 2, 3 എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയാണ് നാലാം സീസണിലേക്ക് കടക്കുന്നത്. വോളിബോളിന്റെ ആഗോള ബോഡിയായ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി വോളി ബാളുമായി (എഫ്‌ഐവിബി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ നാലാം സീസണ്‍ 2025 ഒക്ടോബര്‍ 2ന് ഹൈദരാബാദില്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ലീഗിലേക്ക് എഫ്‌ഐവിബിയുടെ അന്താരാഷ്ട്ര ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങളിലൂടെയാണ് കളിക്കാരെ തിരഞ്ഞെടുത്തത്.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് കന്നിക്കിരീടം

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23 മൂന്നാം സീസണ്‍ കിരീടം കാലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച നടന്ന കലാശക്കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ തോല്‍പ്പിച്ചാണ് കാലിക്കറ്റ് കന്നിക്കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 15-13, 15-10, 13-15, 15-12. ആദ്യ രണ്ട് സെറ്റുകള്‍ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാം സെറ്റില്‍ ഡല്‍ഹി വിറപ്പിച്ചെങ്കിലും, തുടര്‍സെറ്റില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഹീറോസ് നായകന്‍ ജെറോം വിനീതാണ് ഫൈനലിലെ താരം, ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിര്‍ണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പര്‍ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാന്‍സിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ വേദിയൊരുക്കുന്ന എഫ്‌ഐവിബി ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പിലും കാലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധീകരിക്കും.

കാലിക്കറ്റാണ് കലാശക്കളിയിലെ സ്‌കോര്‍ബോര്‍ഡ് തുറന്നത്, പിന്നാലെ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി. തൂഫാന്‍സിന്റെ സര്‍വീസ് പിഴവില്‍ കാലിക്കറ്റ് ഒപ്പമെത്തി. സന്തോഷിന്റെ തകര്‍പ്പന്‍ സ്മാഷ് തൂഫാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. വികാസും ചിരാഗും ഡല്‍ഹിയുടെ മുന്നേറ്റത്തിന് തടയിട്ടു. അപോണ്‍സയുടെ പിഴവില്‍ ഹീറോസ് മുന്നേറി. ജെറോം പ്രതിരോധത്തിലും ആക്രമണത്തിലും തിളങ്ങി, എന്നാല്‍ ഡോഡിച്ചിന്റെ മികവും ഹീറോസിന്റെ സര്‍വീസ് പിഴവും ഡല്‍ഹിക്ക് തുണയായി. സൂപ്പര്‍ പോയിന്റില്‍ തൂഫാന്‍സ് മുന്നേറി. ജെറോം വീണ്ടു രക്ഷനായി, ഡല്‍ഹി റിവ്യൂ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പെറോറ്റോയുടെ മാജിക്കല്‍ സെര്‍വിലൂടെ ഡല്‍ഹിയെ ഞെട്ടിച്ച ഹീറോസ് ആദ്യ സെറ്റിലെ കളി അവസാനിപ്പിച്ചു.

രണ്ടാം സെറ്റില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി, കാലിക്കറ്റിനായി ഡാനിയേല്‍ മൊയതാസെദിയും ഡല്‍ഹിക്കായി ആയുഷും സൂപ്പര്‍ സ്‌പെക്കിലൂടെ പോയിന്റുകള്‍ നേടി. ഉക്രപാണ്ഢ്യന്റെ തന്ത്രപരമായ പന്തൊരുക്കത്തില്‍ ചിരാഗ് യാദവ് ഹീറോസിനെ മുന്നിലാക്കി. കാണികളുടെ ആരവങ്ങള്‍ കരുത്താക്കി ഹീറോസ് കുതിച്ചു. ഡല്‍ഹിയുടെ കോര്‍ട്ടില്‍ ആശയക്കുഴപ്പം പ്രകടമായി. ഡോഡിച്ചിന്റെ തകര്‍പ്പന്‍ സ്‌പൈക്കില്‍ ഡല്‍ഹി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജെറോമിന്റെ മികവ് തടയാനായില്ല. ചിരാഗിന്റെ സൂപ്പര്‍സ്‌പൈക്കും ഉക്രയും മൊയതാസെദിയും ചേര്‍ന്നൊരുക്കിയ ബ്ലോക്കും തൂഫാന്‍സിനെ ഏറെ പിന്നിലാക്കി. സൂപ്പര്‍പോയിന്റിലൂടെ ഒപ്പമെത്താനുള്ള ഡല്‍ഹിയുടെ നീക്കവും പാളി. സന്തോഷിന്റെ തടയിടല്‍ ഹീറോസിന്റെ സെറ്റ് വിജയം വൈകിപ്പിക്കാന്‍ മാത്രം സഹായകരമായി. ഡോഡിച്ചിന്റെ സര്‍വീസ് ലൈനിന് പുറത്തായതോടെ രണ്ടാം സെറ്റിലും കാലിക്കറ്റ് ഹീറോസായി.

നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഡല്‍ഹി അതിവേഗം പോയിന്റുകള്‍ നേടി. കാലിക്കറ്റ് താരങ്ങള്‍ക്കിടയിലെ ആശയകുഴപ്പം മുതലെടുത്തായിരുന്നു തൂഫാന്‍സിന്റെ മുന്നേറ്റം. പെറോറ്റോ ശക്തമായൊരു സ്‌പൈക്കിലൂടെ ഹീറോസിന് തിരിച്ചുവരവിനുള്ള ഇന്ധനം പകര്‍ന്നു. ഡല്‍ഹി ആറാം പോയിന്റില്‍ നില്‍ക്കെ പെറോറ്റോയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ കാലിക്കറ്റ് അവരെ ഒപ്പം പിടിച്ചു. ബ്രസീലിയന്‍ താരത്തെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കായില്ല. തുടരെ പോയിന്റുകള്‍ നേടിയ പെരോറ്റോ ഹീറോസിന് രണ്ട് പോയിന്റ് ലീഡ് നല്‍കി. പ്രവീണിന്റെ സര്‍വീസ് പിഴവും ടീമിന്റെ പ്രതിരോധപ്പിഴവും സ്‌കോര്‍ വീണ്ടും തുല്യനിലയിലാക്കി. പിന്നാലെ ഡല്‍ഹി മൂന്ന് പോയിന്റ് ലീഡ് നേടി, സൂപ്പര്‍ പോയിന്റ് തുഫാന്‍സിന്റെ ലീഡ് കുറച്ചെങ്കിലും അപോണ്‍സയുടെ സ്‌പൈക്കില്‍ അവര്‍ മത്സരം നാലാം സെറ്റിലേക്ക് നീട്ടി.

ഡാനിയേല്‍ അപോണ്‍സ നിര്‍ത്തിയേടത് നിന്ന് തുടങ്ങി, തൂഫാന്‍സ് കുതിച്ചു. അമിത ആത്മവിശ്വാസം അവര്‍ക്ക് വിനയായി, സന്തോഷിന്റെ സൂപ്പര്‍ സ്‌പൈക്കിനുള്ള ശ്രമം പാളി. ജെറോമും പെരോറ്റോയും ചേര്‍ന്ന് ഹീറോസിനെ ഉയിര്‍ത്തേഴുന്നേല്‍പ്പിച്ചു. ഡല്‍ഹിയുടെ അനാവശ്യ പിഴവുകള്‍ ചുവപ്പന്‍ പടയെ മുന്നിലെത്തിച്ചു. സൂപ്പര്‍പോയിന്റിനുള്ള ശ്രമം ജെറോം തീപ്പൊരി സ്മാഷിലൂടെ ടീമിന് അനുകൂലമാക്കി. മികവ് തുടര്‍ന്ന ക്യാപ്റ്റന്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിന് കിരീടം സമ്മാനിച്ചു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ്-ഡല്‍ഹി തൂഫാന്‍സ് ഫൈനല്‍ ഇന്ന്

ചെന്നൈ, 2024 മാര്‍ച്ച് 20: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23യുടെ മൂന്നാം സീസണിന്റെ കലാശക്കളി ഇന്ന് നടക്കും. വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കാലിക്കറ്റ് ഹീറോസ് ലീഗിലെ പുതുമുഖക്കാരായ ഡല്‍ഹി തൂഫാന്‍സിനെ നേരിടും. രാജ്യത്തുടനീളമുള്ള എട്ട് ടീമുകള്‍ മത്സരിച്ച ഒന്നര മാസം നീണ്ട സീസണിന് 48ാം മത്സരത്തോടെ സമാപനമാവും. സൂപ്പര്‍ ഫൈവില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം. മത്സരത്തിന് മുന്നോടിയായി നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീതും, ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരീഖും പങ്കെടുത്തു.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് റൗണ്ടില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ടേബിളില്‍ ഒന്നാമതെത്തിയ ഹീറോസ്, രണ്ട് ബോണസ് പോയിന്റുമായാണ് സൂപ്പര്‍ ഫൈവില്‍ പ്രവേശിച്ചത്. മുംബൈ മിറ്റിയോഴ്‌സിനും ബെംഗളൂരു ടോര്‍പ്പിഡോസിനുമെതിരെ ജയിച്ച ടീം വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി, ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കുകയായിരുന്നു.

ആദ്യമായി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു. ടീമിനായി ആരാധകര്‍ നല്‍കിയ വലിയ പിന്തുണ കപ്പിലൂടെ പകരം ചെയ്യുമെന്നും, ആരാധകരുടെ വിശാസം കാക്കുമെന്നും ജെറോം പറഞ്ഞു. ലീഗിലെ മത്സരങ്ങള്‍ കടുപ്പമേറിയതായിരുന്നു, ഫൈനല്‍ വരെ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ എഫ്‌ഐവിബി ക്ലബ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടി നല്‍കും, തീര്‍ച്ചയായും അത് ഞങ്ങള്‍ക്ക് ഒരു അധിക പ്രചോദനമായിരിക്കുമെന്നും ജെറോം വിനീത് കൂട്ടിച്ചേര്‍ത്തു.

തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആരാധകരെ ത്രസിപ്പിച്ച നവാഗതരായ ഡല്‍ഹി തൂഫാന്‍സ് 12 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് അവസാനിപ്പിച്ചത്. സൂപ്പര്‍ ഫൈവില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെയും കാലിക്കറ്റ് ഹീറോസിനെയും പരാജയപ്പെടുത്തിയ അവര്‍ ലീഗ് റൗണ്ടിലെ ഒരു ബോണസ് പോയിന്റിന്റെ ബലത്തില്‍ അഞ്ചു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി എലിമിനേറ്ററിന് യോഗ്യത നേടുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ 15-9, 10-15, 10-15, 15-12, 17-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ടീം കാലിക്കറ്റ് ഹീറോസിനെതിരെയുള്ള കലാശക്കളി ഉറപ്പിച്ചത്.

ഫൈനലില്‍ കിരീടം നേടി ഈ സീസണ്‍ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലെയ്ന്‍ താരീഖ് പറഞ്ഞു. ഒരു മാസത്തിലേറെ നീണ്ട ലീഗില്‍ ഏറ്റവും മികച്ച ടീമുകളുമായി മത്സരിക്കാനായത് ഒരു മികച്ച അനുഭവമാണ്. കാലിക്കറ്റ് ഹീറോസിനെതിരെയുള്ള ഞങ്ങളുടെ ഫൈനല്‍ പോരാട്ടത്തിലേക്കെത്താന്‍ എല്ലാ കളിക്കാരും പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫും ആരാധകരും അവരുടേതായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഇന്ന് കഴിവിന്റെ പരമാവധി പ്രകടനം നടത്തി, ട്രോഫി സ്വന്തമാക്കി മടങ്ങുകയാണ് ഞങ്ങളുടെ ലക്ഷ്യം-ഡല്‍ഹി ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ്‌ബൈ എ23യുടെ മൂന്നാം സീസണിന്റെ ആരാധകവൃന്ദം അതിരില്ലാത്തതായിരുന്നുവെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. ഇതുവരെ ആവേശകരമായ ചില മത്സരങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു. ഫൈനല്‍ മത്സരം പ്രതീക്ഷയ്ക്കപ്പുറമായിരിക്കുമെന്നും, ചെന്നൈയില്‍ ഒഴുകിയെത്തുന്ന ആരാധകരെ ത്രസിപ്പിക്കുമെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

റുപേ പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണ്‍ ഫൈനല്‍ മത്സരം മാര്‍ച്ച് 21ന് വൈകിട്ട് 6.30 മുതല്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍1 എസ്ഡി ആന്‍ഡ് എച്ച്ഡി, സോണി സ്‌പോര്‍ട്‌സ് ടെന്‍3 എസ്ഡി ആന്‍ഡ് എച്ച്ഡി (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍4 എസ്ഡി ആന്‍ഡ് എച്ച്ഡി (തമിഴ്, തെലുങ്ക്) ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.

എലിമിനേറ്ററിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ വീഴ്‌ത്തി ഡൽഹി തൂഫാൻസ്‌

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23ൽ കാലിക്കറ്റ്‌ ഹീറോസ്‌–ഡൽഹി തൂഫാൻസ്‌ ഫൈനൽ. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിൻെ അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ കീഴടക്കിയാണ്‌ നവാഗതരായ ഡൽഹി ഫൈനലിൽ കടന്നത്‌. സ്‌കോർ: 15–9, 10–15, 10–15, 15–12 , 17–15. ലാസർ ഡോഡിച്ച്‌ ആണ്‌ കളിയിലെ താരം.

നാളെ (വ്യാഴം) വൈകിട്ട്‌ 6.30നാണ്‌ ഫൈനൽ. കാലിക്കറ്റ്‌ സൂപ്പർ ഫൈവിലെ ഒന്നാം സ്ഥാനക്കാരായാണ്‌ ഫൈനലിൽ കടന്നത്‌.

അമലിന്റെ സൂപ്പർ സെർവിലൂടെ കരുത്തുറ്റ തുടക്കമാണ്‌ ഡൽഹിക്ക്‌ കിട്ടിയത്‌. മാക്‌സ്‌ സെനിക്ക, അംഗമുത്തു എന്നിവരുടെ പിഴവുകൾ അഹമ്മദാബാദിന്‌ വിനയായി. സഖ്‌ലയിൻ സന്തോഷിന്‌ ആക്രമണത്തിന്‌ അവസരമൊരുക്കികൊണ്ടിരുന്നു. ഇതിനിടെ സൂപ്പർ പോയിന്റിൽ ഡൽഹി തുടക്കത്തിലേ ലീഡ്‌ കുറിച്ചു. രണ്ടാം സെറ്റിൽ തുടർച്ചയായ മികച്ച ബ്ലോക്കുകൾ കൊണ്ട്‌ എൽ എം മനോജ്‌ അഹമ്മദാബാദിന്‌ തിരിച്ചുവരാനുള്ള വഴിയൊരുക്കി.

ആയുഷ്‌ ഡൽഹിക്കായി പോയിന്റുകൾ നേടികൊണ്ടിരുന്നു. എന്നാൽ സന്തോഷിന്റെ ലക്ഷ്യബോധമില്ലായ്‌മ അഹമ്മദബാദിന്‌ മത്സരത്തിലേക്ക്‌ തിരിച്ചുവരാൻ അവസരമൊരുക്കി. ആയുഷ്‌ ആ ഘട്ടത്തിലും ഡൽഹിക്കായി നിർണായക പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. ഇതിനിടെ ഷോൺ ടി ജോൺ അഹമ്മദാബാദിന്റെ ആക്രമണനിരയ്‌ക്ക്‌ ഊർജം പകർന്നു. പന്ത്‌ ഏറ്റുവാങ്ങുന്നതിൽ സന്തോഷിന്‌ പിഴവുപറ്റി. ശിഖർ സിങ്‌ തകർപ്പൻ കളി പുറത്തെടുത്തതോടെ അഹമ്മദാബാദ്‌ 2–1ന്റെ ലീഡ്‌ നേടി. നാലാം സെറ്റിൽ ഡാനിയൽ അപോൺസ താളം കണ്ടെത്തിയതോടെ കളി ഉണർന്നു. തകർപ്പൻ ബ്ലോക്ക്‌ കൊണ്ട്‌ ഡൽഹിയെ അഞ്ചാം സെറ്റിലേക്ക്‌ നയിച്ചു.

പ്രതിരോധത്തിലെ മികവ് കൊണ്ട്‌ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുകയായിരുന്നു അഞ്ചാം സെറ്റി. രോഹിതും ലാസറും അഹമ്മദാബാദ്‌ പ്രതിരോധത്തിലെ വിടവുകൾ മനസിലാക്കി ഷോട്ട്‌ തൊടുത്തു. ഡൽഹിക്ക്‌ അത്‌ ഗുണകരമായി. സെനിക്കയും അംഗമത്തുവും ഡൽഹി പ്രതിരോധത്തെ പരീക്ഷിക്കാൻ തുടങ്ങിയതോടെ കളി ആവേശകരമായി. സന്തോഷിന്റെ കരുത്തുറ്റ സ്‌മാഷും ശിഖർ സിങ്ങിന്റെ ലക്ഷ്യം തെറ്റിയ സ്‌പൈക്കും ഡൽഹിക്ക്‌ മിന്നുന്ന ജയമൊരുക്കി.

ത്രില്ലര്‍ പോരില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്

ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23ല്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഫൈനലിനായുള്ള എലിമിനേറ്റര്‍ മത്സരം ഉറപ്പാക്കി. ഞായറാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫൈവിലെ അവസാന കളിയില്‍ രണ്ട് സെറ്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ തിരിച്ചുവരവ്. സ്‌കോര്‍: 16-18, 13-15, 15-11, 15-8, 15-13. അംഗമുത്തുവാണ് കളിയിലെ താരം. ആറ് പോയിന്റുമായി കാലിക്കറ്റ് ഹീറോസ് അവസാന മത്സരത്തിന് മുമ്പ് തന്നെ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലില്‍ പ്രവേശിച്ചിരുന്നു. അവസാന പോയിന്റ് വരെ ആവേശം നിറഞ്ഞ മത്സരം ജയിച്ചതോടെ ബെംഗളൂര്‍ ടോര്‍പ്പിഡോസിനെ പിന്തള്ളി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് സൂപ്പര്‍ ഫൈവില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചൊവ്വാഴ്ച രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി തൂഫാന്‍സിനെ എലിമിനേറ്ററില്‍ നേരിടും. ജയിക്കുന്ന ടീം മാര്‍ച്ച് 21ന് നടക്കുന്ന ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ നേരിടും.

മോഹന്‍ ഉക്രപാണ്ഡ്യന്റെ സൂപ്പര്‍ സെര്‍വിലൂടെ തുടങ്ങിയ കാലിക്കറ്റ് ഹീറോസ് തുടക്കത്തില്‍ തന്നെ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ പിന്നിലാക്കി. പെറോറ്റൊയും ജെറോം വിനീതും മുന്നില്‍ നിന്ന് ആക്രമണം നടത്തിയപ്പോള്‍, മധ്യത്തില്‍ ഡാനിയല്‍ മൊയ്താസെദി അവര്‍ക്ക് വേണ്ട പന്തൊരുക്കി. ഇല്യ ബുറാവിന്റെ കിടിലന്‍ ബ്ലോക്കും അംഗമുത്തുവിന്റെ സൂപ്പര്‍ സെര്‍വുകളും അഹമ്മദാബാദിനെ സമനിലക്ക് സഹായിച്ചു. എന്നാല്‍ വികാസ് മാന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കാലിക്കറ്റ് കുതിച്ചു.

ഡാനിയലിന്റെ സൂപ്പര്‍ സെര്‍വ് അഹമ്മദാബാദിന്റെ പിന്‍നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ശിഖര്‍ സിങിന്റെ സാനിധ്യം അഹമ്മദാബാദിന്റെ പ്രതിരോധ മികവ് കൂട്ടി, അംഗമുത്തു ഫോമിലായതോടെ ഡിഫന്‍ഡേഴ്‌സ് കൂടുതല്‍ പോയിന്റ് കണ്ടെത്തി. അംഗമുത്തുവിന്റെ ശക്തമായ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ ചിതറിച്ചു. പക്ഷേ പെറോറ്റൊയും അശോകും ശക്തമായ സ്‌പൈക്കുകളിലൂടെ കാലിക്കറ്റിനെ പിടിച്ചുനിര്‍ത്തി. കളി നിയന്ത്രണത്തിലാക്കിയ ഹീറോസ് രണ്ടാം സെറ്റും നേടി.

പിന്നിലായെങ്കിലും അഹമ്മദാബാദ് പതറാതെ കളിച്ചു, അംഗമുത്തുവിലൂടെ അവര്‍ മൂന്നാം സെറ്റില്‍ മുന്നേറി. മത്സരത്തിന് മുമ്പ് തന്നെ ഫൈനല്‍ ഉറപ്പാക്കിയ ഹീറോസ് ബെഞ്ചിലുള്ളവരെ കൂടി കോര്‍ട്ടില്‍ പരീക്ഷിച്ചു. പക്ഷേ അത് അഹമ്മദാബാദിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കി. കാലിക്കറ്റിനായി അശോക് മികച്ച ആക്രമണം തുടര്‍ന്നുവെങ്കിലും സര്‍വീസ് പിഴവുകള്‍ ടീമിന് ബാധ്യതയായി. സൂപ്പര്‍ പോയിന്റില്‍ അശോകിന്റെ ഓവര്‍ഹിറ്റ് അഹമ്മദാബാദിനെ മുന്നിലെത്തിച്ചു, മത്സരം അഞ്ചാം സെറ്റിലേക്ക് നീണ്ടു.

കാലിക്കറ്റ് പിഴവുകള്‍ ആവര്‍ത്തിച്ചു, താരങ്ങള്‍ക്കിടയില്‍ ആശയകുഴപ്പം കൂടി വന്നതോടെ അഹമ്മദാബാദ് കുതിച്ചു. അംഗമുത്തുവിന്റെ ആക്രമണങ്ങളും ശിഖറിന്റെ ബ്ലോക്കുകളും ഡിഫന്‍ഡേഴ്‌സിനെ ലീഡ് നിലനിര്‍ത്താന്‍ സഹായിച്ചു. കാലിക്കറ്റില്‍ നിന്നുള്ള സര്‍വീസ് പിഴവുകള്‍ കൂടി വന്നതോടെ അഞ്ചാം സെറ്റും ആവേശകരമായ മത്സരവും അഹമ്മദാബാദ് സ്വന്തമാക്കി.

കേരള പവർ!!! കാലിക്കറ്റ് ഹീറോസ്‌ ഒന്നാംസ്ഥാനക്കാരായി പ്രൈം വോളി ഫൈനലിൽ

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23ൽ കാലിക്കറ്റ് ഹീറോസ്‌ ഒന്നാംസ്ഥാനക്കാരായി ഫൈനലിൽ. സൂപ്പർ 5ൽ ഡൽഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ്‌ കീഴടക്കിയതോടെ കാലിക്കറ്റ്‌ മുന്നേറുകയായിരുന്നു. മുംബൈ പ്ലേ ഓഫ്‌ കാണാതെ മടങ്ങി. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നിൽ ഡൽഹി തൂഫാൻസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ്‌ മുംബൈ കീഴടക്കിയത്‌. സ്കോർ: (15–11, 12–15, 15–12, 17–15). ഷമീം ആണ്‌ കളിയിലെ താരം.

ഇതോടെ സൂപ്പർ ഫൈവിൽ ഒരു മത്സരം ശേഷിക്കെയാണ്‌ കാലിക്കറ്റ് ഫൈനൽ ഉറപ്പിച്ചത്. മുംബൈയോട്‌ തോറ്റെങ്കിലും ഡൽഹി എലിമിനേറ്റർ ഉറപ്പാക്കി. അഞ്ച്‌ ടീമുകളിൽ ആദ്യ മൂന്ന്‌ ടീമുകൾക്കാണ്‌ യോഗ്യത. ചൊവ്വാഴ്‌ചയാണ്‌ എലിമിനേറ്റർ മത്സരം. ഡൽഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.

Exit mobile version