Picsart 24 03 09 21 06 00 355

അഭിമാന പോരാട്ടത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെതിരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം

ചെന്നൈ, മാര്‍ച്ച് 9, 2024: കൊച്ചി: റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം സീസണ്‍ ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ശനിയാഴ്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി ആശ്വാസജയം കുറിച്ചത്. സ്‌കോര്‍: 15-12, 15-12, 15-11. ജിബിന്‍ സെബാസ്റ്റ്യനാണ് കളിയിലെ താരം. കഴിഞ്ഞ ഏഴ് മത്സരങ്ങളും തോറ്റ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് പോയിന്റ് നേടിയ കൊച്ചി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഹൈദരാബാദ് ബ്ലാക് ഹോക്‌സിനും സീസണില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ഏറ്റവും കുറഞ്ഞ സെറ്റുകള്‍ മാത്രമുള്ളതിനാല്‍ അവര്‍ അവസാന സ്ഥാനത്തായി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തേ സൂപ്പര്‍ 5 കാണാതെ പുറത്തായിരുന്നു.

തുടക്കത്തിലേ അനാവശ്യ പിഴവുകള്‍ ബ്ലാക് ഹോക്‌സിന് തിരിച്ചടിയായപ്പോള്‍, അമന്‍ കുമാറിന്റെ അറ്റാക്കിങ് സെര്‍വുകളിലൂടെ കൊച്ചി മനോഹരമായി തുടങ്ങി. അമന്റെ സ്‌പൈക്കുകള്‍ക്കൊപ്പം, ജിബിന്റെയും എറിന്റെയും ആക്രമണം കൂടിയായതോടെ കൊച്ചി കുതിച്ചു. മറുഭാഗത്ത് സര്‍വീസ് ലൈനില്‍ നിന്നുള്ള അഷാമത്തുള്ളയുടെ കളി ബ്ലാക് ഹോക്‌സിനെ തിരിച്ചുവരവിന് സഹായിച്ചു. എന്നാല്‍ അത്തോസ് കോസ്റ്റയുടെ ബ്ലോക്കുകളില്‍ ഹൈദരാബാദിന്റെ ആക്രമണങ്ങള്‍ ചിതറി, കൊച്ചി ലീഡ് തുടര്‍ന്ന് ആദ്യ സെറ്റ് നേടി.

ഓം വസന്തിന്റെ സര്‍വീസ് ലൈനില്‍ നിന്നുള്ള പ്രകടനത്തില്‍ ബ്ലൂ സ്‌പൈക്കേഴ്‌സ് രണ്ടാം സെറ്റിലും തുടക്കത്തിലേ ആധിപത്യം നേടി. സ്‌റ്റെഫാന്‍ കൊവസെവിച്ചിലൂടെ കൊച്ചിയുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഹൈദരാബാദ് ശ്രമം നടത്തി. അതേസമയം തന്നെ അത്തോസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ടീമിന്റെ ബ്ലോക്കുകള്‍ ഹൈദരാബാദിന്റെ ആക്രമണങ്ങളെയും വിഫലമാക്കി.സാഹില്‍ കുമാറിലൂടെ ബ്ലാക് ഹോക്‌സ് ഒരു സൂപ്പര്‍ പോയിന്റ് നേടിയെങ്കിലും, രണ്ടാം സെറ്റും നേടി കൊച്ചി കളി തങ്ങളുടെ നിയന്ത്രണത്തിലാക്കി

ശക്തമായ സ്‌പൈക്കുകളിലൂടെ ജിബിന്‍ ഹൈദരാബാദിന്റെ ബ്ലോക്കര്‍മാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. അനാവശ്യ പിഴവുകള്‍ തുടര്‍ന്നതും ഹൈദരാബാദിന് വിനയായി. ഓം വസന്ത് ഇടിമുഴക്കമുള്ള സെര്‍വുകളുമായി കളം വാണു, അമന്‍ കുമാറിന്റെ പൈപ്പ് അറ്റാക്കിലൂടെ മൂന്നാം സെറ്റും നേടിയ കൊച്ചി വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു.

ലീഗിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് (ഞായര്‍) അവസാനിക്കും. വൈകിട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ് രണ്ടാം മത്സരം. സൂപ്പര്‍ 5 മത്സരങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് ഹീറോസിന് പുറമേ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ഡല്‍ഹി തൂഫാന്‍സ്, ബെംഗളൂരു ടോര്‍പ്പിഡോസ് ടീമുകള്‍ ഇതിനകം സൂപ്പര്‍ 5 യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ചെന്നൈ തോറ്റാല്‍ മുംബൈക്ക് സൂപ്പര്‍ 5 ഉറപ്പിക്കാം. അതേസമയം മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ ചെന്നൈക്കും സാധ്യതയുണ്ട്. മത്സരങ്ങള്‍ സോണി ചാനലുകളിലും സോണി ലിവിലും തത്സമയം കാണാം.

Exit mobile version