പോർച്ചുഗീസ് ഇതിഹാസം പെപ്പെ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം പെപ്പെ തൻ്റെ 41-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമായത്‌.

കെപ്ലർ ലാവെറൻ ഡി ലിമ ഫെറേറ എന്ന പെപ്പെ, 2007-ൽ റയൽ മാഡ്രിഡിലേക്ക് എത്തിയതോടെയാണ് ലോക ശ്രദ്ധ നേടുന്നത്. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത്, പെപ്പെ നിരവധി ലാ ലിഗ കിരീടങ്ങൾ, കോപ്പ ഡെൽ റേ ട്രോഫികൾ, കൂടാതെ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്.

തൻ്റെ ക്ലബ് കരിയറിനപ്പുറം പോർച്ചുഗീസ് ദേശീയ ടീമിൻ്റെയും ഒരു സുപ്രധാന ഘടകമായിരുന്നു പെപ്പെ, യൂറോ 2016-ലെ അവരുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. റയൽ മാഡ്രിഡിലെ തൻ്റെ വിജയകരമായ കരിയറിനു ശേഷം പെപ്പെ ൽ തുർക്കിയിലു ബെസിക്റ്റാസിനൊപ്പം പോർച്ചുഗലിൽ പോർട്ടോക്ക് ഒപ്പം കരിയർ തുടർന്നു. 2024 യൂറോ കപ്പിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ജേഴ്സി അണിഞ്ഞത്..

മൊത്തത്തിൽ, പെപ്പെ തൻ്റെ കരിയറിൽ 878 ഗെയിമുകൾ കളിച്ചു, ആകെ 34 ട്രോഫികൾ നേടി.

‘യൂറോ കപ്പ് ഫൈനലിൽ കളി ജയിക്കുന്നതിൽ ആയിരുന്നു ശ്രദ്ധ, റൊണാൾഡോ സൈഡ് ലൈനിൽ ചെയ്തത് പിന്നീട് ആണ് കണ്ടത്’ ~ ഹോസെ ഫോന്റെ

2016 ലെ യൂറോ കപ്പ് ഫൈനലിൽ മത്സരത്തോളം തന്നെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഫ്രാൻസിന് എതിരെ കളി തുടങ്ങി പെട്ടെന്ന് തന്നെ പരിക്കേറ്റു പുറത്ത് പോയ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സൈഡ് ലൈനിൽ ടീമിന് പ്രചോദനവും ഊർജ്ജവും നൽകുന്ന കാഴ്ച. ടീമിനെ കോച്ചിന്റെ ഒപ്പം ഒരു കോച്ചിനെ പോലെ പ്രചോദിപ്പിച്ച റൊണാൾഡോയുടെ ചിത്രങ്ങൾ പ്രസിദ്ധമാണ്. കോച്ച് ഫെർണാണ്ടോ സാന്റോസും റൊണാൾഡോയും തമ്മിലുള്ള രസകരമായ നിമിഷങ്ങളും അന്ന് കാണാൻ ആയി. എന്നാൽ മത്സരം നടക്കുന്ന സമയത്ത് തങ്ങൾ റൊണാൾഡോയെയോ പുറത്ത് നടക്കുന്ന കാര്യമോ ശ്രദ്ധിച്ചിരുന്നില്ലെന്നു വ്യക്തമാക്കി അന്ന് യൂറോ കപ്പ് ഫൈനൽ മുഴുവൻ സമയവും കളിച്ച പോർച്ചുഗീസ് പ്രതിരോധ താരം ഹോസെ ഫോന്റെ.

ഒരു അഭിമുഖത്തിൽ ചോദ്യത്തിന് മറുപടി ആയിട്ടാണ് മുൻ സൗതാപ്റ്റൺ താരം കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ശ്രദ്ധ യൂറോ കപ്പ് ഫൈനൽ ജയിക്കുന്നതിൽ ആയിരുന്നു എന്നും പുറത്ത് നടന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കളി കഴിഞ്ഞ ശേഷം ചിത്രങ്ങൾ കണ്ട ശേഷമാണ് റൊണാൾഡോ ചെയ്തത് എന്താണ് എന്ന് തങ്ങൾ കണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ 20 മിനിറ്റിനുള്ളിൽ റൊണാൾഡോ പരിക്കേറ്റു കളം വിട്ട ശേഷം ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം എക്സ്ട്രാ സമയത്ത് 109 മത്തെ മിനിറ്റിൽ എഡർ നേടിയ ഗോളിൽ പോർച്ചുഗൽ യൂറോ കപ്പ് കിരീടം ഉയർത്തുക ആയിരുന്നു. കിരീടനേട്ടത്തിനു ഒപ്പം ടീമിന് പുറത്ത് നിന്ന് പ്രചോദനം നൽകിയ റൊണാൾഡോയുടെ പങ്കും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

പെനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റ് പോർച്ചുഗൽ പുറത്ത്, ഫ്രാൻസ് സെമി ഫൈനലിൽ

യൂറോ കപ്പ് 2024ൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ കീഴ്പ്പെടുത്തി ഫ്രാന്ദ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായി നിന്ന മത്സരത്തിൽ ഷൂട്ടൗട്ടിൽ ആയിരുന്നു ഫ്രാൻസിന്റെ ജയം.

അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും ഏറെ പ്രയാസപ്പെട്ട മത്സരനായിരുന്നു ഇന്ന് കണ്ടത്. മികച്ച ഡിഫൻസീവ് അടിത്തറ കാത്ത രണ്ട് ടീമും ഗോൾ അടിക്കുന്നതിനെക്കാൾ ഗോൾ വഴങ്ങാതിരിക്കാൻ ആണ് ശ്രമിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ വന്നില്ല. തുടർന്ന് കളി ഷൂട്ടൗട്ടിലേക്ക് വന്നു‌.

ഷൂട്ടൗട്ടിൽ 5-3നാണ് ഫ്രാൻസ് ജയിച്ചത്‌. ജാവോ ഫെലിസ്കിന്റെ കിക്ക് ആണ് ലക്ഷ്യം കാണാതെ പോയത്. ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു.

പോർച്ചുഗലിനായി റൊണാൾഡോ, ബെർണാഡോ സിൽവ, നുനീ മെൻഡസ് എന്നിവർ ആണ് കിക്ക് ലക്ഷ്യത്തിൽ എത്തിച്ചത്. ഇനി സെമിയിൽ സ്പെയിനെ ആകും ഫ്രാൻസ് നേരിടുക.

ഇത് എന്റെ അവസാന യൂറോ ആയിരിക്കും – റൊണാൾഡോ

പോർച്ചുഗൽ താരം റൊണാൾഡോ ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചു. ഇന്നലെ വൈകാരികമായ നിമിഷങ്ങൾ പിറന്ന സ്ലൊവീന്യക്ക് എതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു റൊണാൾഡോ. താൻ ഇനി ഒരു യൂറോ കളിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് താരം പറഞ്ഞു.

“ഇത് തീർച്ചയായും എൻ്റെ അവസാന യൂറോ ആയിരിക്കും.” അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്നലെ നിർണായക പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് അദ്ദേഹം ആരാധകരോട് മാപ്പും പറഞ്ഞു.

“ആരാധകരോട് ഞാൻ മാപ്പു ചോദിക്കുന്നു. ഈ ജേഴ്സിക്ക് വേണ്ടി ഞാൻ എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകും, ഞാൻ വിജയിച്ചാലും ഇല്ലെങ്കിലും എന്റെ മികച്ചത് ഞാൻ നൽകും. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ ഇത് ചെയ്യും. ഇത്തരം നിമിഷങ്ങളിക് ഉത്തരവാദിത്തം ഏറ്റെടുക്കണം.” റൊണാൾഡോ പറഞ്ഞു. താൻ കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് ഇമോഷണൽ ആകുന്നത് എന്നും റൊണാൾഡോ പറഞ്ഞു.

ഡിയേഗോ കോസ്റ്റ എന്ന അത്ഭുതം!! പോർച്ചുഗലും റൊണാൾഡോയും ക്വാർട്ടർ ഫൈനലിൽ!!

യൂറോ കപ്പ് 2024ൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ. ഇന്ന് പ്രീക്വാർട്ടറിൽ സ്ലൊവീന്യയുടെ വൻ പോരാട്ടം മറികടന്നായിരുന്നു പോർച്ചുഗൽ വിജയം. എക്സ്ട്രാ ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൾട്ടി പാഴാക്കുന്നത് കണ്ട മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പോർച്ചുഗീസ് വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ ഡിയേഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ 3-0ന് വിജയിച്ചു. ഹാട്രിക്ക് സേവുകൾ ആണ് കോസ്റ്റ ഷൂട്ടൗട്ടിൽ നടത്തിയത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. പോർച്ചുഗൽ ആണ് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് എങ്കിലും അവർക്ക് സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ഗോൾ അടിച്ചില്ല എങ്കിലും ഒരു ഫ്രീ കിക്ക് ഉൾപ്പെടെ അറ്റാക്കിൽ റൊണാൾഡോ കളം നിറഞ്ഞു നിന്നു. ആദ്യ പകുതിയുടെ അവസാനം വിറ്റിനയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയും അറ്റാക്കോടെ ആണ് പോർച്ചുഗൽ തുടങ്ങിയത്. 47ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം ബെർണാർഡോ സിൽവ നഷ്ടപ്പെടുത്തി. ഇതിനു ശേഷം റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഒബ്ലക് സേവും ചെയ്തു. നിശ്ചിത സമയം കഴിഞ്ഞിട്ടും പോർച്ചുഗലിനോ സ്ലൊവീന്യക്കോ ഗോൾ കണ്ടെത്താൻ ആയില്ല. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിലും സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിനായില്ല. അവസാനം 103 മിനുട്ടിൽ ജോടയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് പെനാൾട്ടി ലഭിച്ചു. റൊണാൾഡോയുടെ പെനാൾട്ടി ഒബ്ലാക് സേവ് ചെയ്തു. കളി ഗോൾ രഹിതമായി തുടർന്നു.

115ആം മിനുട്ടി പെപെയുടെ ഒരു പിഴവിൽ നിന്ന് സെസ്കോയ്ക്ക് ഒഎഉ സുവർണ്ണാവസരം ലഭിച്ചു എങ്കിലും ഡിയേഗോ കോസ്റ്റയുടെ മാസ്മരിക സേവ് പോർച്ചുഗലിന്റെ രക്ഷകനായി. പോർച്ചുഗൽ അവസാന നിമിഷം വരെ വിജയഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.

സ്ലൊവീന്യയുടെ ആദ്യ പെനാൾട്ടി കിക്ക് സേവ് ചെയ്ത് ഡിയേഗോ കോസ്റ്റ പോർച്ചുഗലിന് മുൻതൂക്കം നൽകി. പോർച്ചുഗലിന്റെ ആദ്യ കിക്ക് എടുത്ത റൊണാൾഡോ ഇത്തവണ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. പോർച്ചുഗൽ 1-0ന് മുന്നിൽ. സ്ലൊവീന്യയുടെ രണ്ടാം കിക്കും ഡിയേഗോ കോസ്റ്റ തടഞ്ഞു. പോർച്ചുഗലിന്റെ രണ്ടാം കിക്ക് ബ്രൂണോ അനായാസം വലയിൽ എത്തിച്ചു. സ്കോർ 2-0. കോസ്റ്റ മൂന്നാം കിക്കും തടഞ്ഞു. ഹാട്രിക്ക് സേവുകൾ. ബെർണാഡോ സിൽവ മൂന്നാം കിക്ക് വലയിൽ എത്തിച്ചതോടെ വിജയം പൂർണ്ണം. പോർച്ചുഗൽ ക്വാർട്ടറിൽ. ഇനി ഫ്രാൻസിനെ ആകും അവർ നേരിടുക.

പോർച്ചുഗലിനെ അട്ടിമറിച്ച് ജോർജിയ!! ചരിത്ര ജയവുമായി യൂറോ കപ്പ് പ്രീക്വാർട്ടറിൽ

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ ഞെട്ടിച്ച് ജോർജിയ. യൂറോ കപ്പിൽ ഇത്തവണ കളിക്കുന്നതിൽ ഏറ്റവും താഴെ ഫിഫ റാങ്കിംഗ് ഉള്ള ജോർജിയ ഇന്ന് എതിരില്ലാത്ത രണ്ടു ഗോളിനാണ് പോർച്ചുഗലിനെ തോൽപ്പിച്ചത്‌. ഈ വിജയത്തോടെ ജോർജിയ പ്രീക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു എന്നത് കൊണ്ട് തന്നെ നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ എന്നിവർ ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. റൊണാൾഡോ എന്നാൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ജോർജിയ ലീഡ് എടുത്തു. അന്റോണിയോ സിൽവ ഒരു പന്ത് നഷ്ടപ്പെടുത്തിയത് ആണ് പോർച്ചുഗലിന് വിനയായത്. നല്ല നീക്കം ക്വരക്ഷേലിയയിലൂടെ ജോർജിയ വലയിൽ എത്തിച്ചു. സ്കോർ 1-0.

ഈ ഗോളിന് മറുപടി നൽകാനായി പോലും ഒരു നല്ല നീക്കം പോർച്ചുഗൽ നടത്തിയില്ല. രണ്ടാം പകുതിയിൽ ഒരു പെനാട്ടിയിലൂടെ ജോർജിയ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. മികോടഡ്സെ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാമത്തെ ഗോളായിരുന്നു ഇത്. സ്കോർ 2-0

റൊണാൾഡോ ഇന്ന് 66ആം മിനുട്ട് വരെ മാത്രമെ കളിച്ചുള്ളൂ. ഈ പരാജയം പോർച്ചുഗലിന്റെ ടേബിളിലെ സ്ഥാനം മാറ്റിയീല്ല. എന്നാൽ ജോർജിയ 4 പോയിന്റുമായി ഈ ജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

തുർക്കി ഒരു ഇരയല്ല!! പോർച്ചുഗലും റൊണാൾഡോയും ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക്

യൂറോകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ തുർക്കിയെ തോൽപ്പിച്ചുകൊണ്ട് പോർച്ചുഗലും റൊണാൾഡോയും പ്രീക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു കൊണ്ടാണ് പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടം കടക്കും എന്ന് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെയും തോൽപ്പിച്ചിരുന്നു.

തന്റെ ഗോൾ ആഘോഷിക്കുന്ന ബ്രൂണോ ഫെർണാണ്ടസ്

ഇന്ന് തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് പോർച്ചുഗൽ വിജയിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസിസ്റ്റുമായി മികച്ച പ്രവർത്തനം നടത്തി. ഇരുപത്തിയൊന്നാം മിനിറ്റിൽ ഇടതുഭാഗത്തുനിന്ന് നുനോ മെൻഡസ് നൽകിയ പാസ് ലക്ഷത്തിൽ എത്തിച്ചുകൊണ്ട് ബർണാഡോ സിൽവയാണ് പോർച്ചുഗലിന് ലീഡ് നൽകിയത്.

28ആം മിനിറ്റിൽ തുർക്കിയുടെ ഒരു അബദ്ധത്തിൽ നിന്ന് വന്ന സെൽഫ് ഗോൾ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി. ഈ ടൂർണമെന്റിലെ ആറാമത്തെ സെൽഫ് ഗോൾ ആണ് ഇത്. രണ്ടാം പുകതിയിലും മികച്ച പ്രകടനം തുടർന്ന പോർച്ചുഗൽ 56ആം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിലൂടെ മൂന്നാം ഗോൾ നേടി. റൊണാൾഡോ ഗോൾമുഖത്ത് വെച്ച് നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ബ്രൂണോയുടെ ഗോൾ.

റൊണാൾഡോ ബ്രൂണോയ്ക് നൽകിയ അസിസ്റ്റ്

അതിനുശേഷം സമ്മർദ്ദം ഇല്ലാതെ കളിച്ചു പോർച്ചുഗൽ വിജയം ഉറപ്പിച്ചു. രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഗ്രൂപ്പിൽ ഇനി എന്തായാലും ആദ്യ സ്ഥാനത്ത് പോർച്ചുഗൽ ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി. ഇനി അവസാന മത്സരത്തിൽ അവർ ജോർജിയെ ആണ് നേരിടേണ്ടത്. തുർക്കി 3 പോയിന്റുമായി 2ആം സ്ഥാനത്ത് നിൽക്കുന്നു. ബാക്കി രണ്ട് ടീമുകൾക്കും ഓരോ പോയിൻറ് വീതമാണ് ഉള്ളത്.

ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ!! വൻ തിരിച്ചുവരവുമായി പോർച്ചുഗൽ

യൂറോ കപ്പിൽ ഇഞ്ച്വറി ടൈം ഗോളിൽ വിജയിച്ച് പോർച്ചുഗൽ. ഇന്ന് ചെക്ക് റിപ്പബ്ലികിനെ നേരിട്ട പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു പോർച്ചുഗലിന്റെ വിജയം. ഇഞ്ച്വറി ടൈമിൽ ആയിരുന്നു അവരുടെ വിജയ ഗോൾ വന്നത്.


ഇന്ന് ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കളിക്കാൻ പോർച്ചുഗലിന് ആയെങ്കിലും ഗോൾ കണ്ടെത്താൻ ആയില്ല. ബ്രൂണോ ഫെർണാണ്ടസ് രണ്ട് മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ഒരുക്കി. ഒന്ന് മുതലെടുക്കാൻ റാഫേൽ ലിയാവോക്ക് ആയില്ല. മറ്റൊന്നു റൊണാൾഡോയ്ക്ക് കിട്ടിയ അവസരമായിരുന്നു. റൊണാൾഡോയുടെ ഷോട്ട് അസാധ്യമായ സേവിലൂടെ ചെക്ക് ഗോൾ കീപ്പർ സ്റ്റാനെക് തടഞ്ഞു.

രണ്ടാം പകുതിയിൽ 62ആം മിനുട്ടിൽ ചെക്ക് റിപ്പബ്ലിക് അവരുടെ ആദ്യ ഷോട്ട് ഓൺ ടാർഗറ്റിലൂടെ ഗോൾ കണ്ടെത്തി. ലൂകാസ് പ്രൊവോർഡ് ആണ് ചെക്കിന് ലീഡ് നൽകിയത്. ഇതിനു ശേഷം ഉണർന്നു കളിച്ച പോർച്ചുഗൽ 69ആം മിനുട്ടിൽ സമനില കണ്ടെത്തി. ഒരു സെൽഫ് ഗോളാണ് പോർച്ചുഗലിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.

ഇതിനു ശേഷം വിജയഗോളിനായുള്ള ശ്രമം ആയി. 87ആം മിനുട്ടിൽ ജോടയിലൂടെ പോർച്ചുഗൽ ലീഡ് എടുത്തു എങ്കിലും ബിൽഡ് അപ്പിൽ റൊണാൾഡോ ഓഫ് സൈഡ് ആണെന്ന് കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. പക്ഷെ പോർച്ചുഗൽ തളർന്നില്ല. അവർ ഇഞ്ച്വറി ടൈമിൽ സബ്ബായി എത്തിയ കോൺസെസാവിലൂടെ വിജയ ഗോൾ നേടി. 21കാരന്റെ ഗോൾ പോർച്ചുഗലിന് വിജയം ഉറപ്പിച്ചു നൽകി.

ഇനി തുർക്കിയും ജോർജിയയും ആണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലെ ശേഷിക്കുന്ന എതിരാളികൾ.

റൊണാൾഡോ യൂറോ കപ്പിന് തയ്യാർ!! ഇരട്ട ഗോളുകളുമായി വീണ്ടും പോർച്ചുഗൽ ഹീറോ!!

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് 2024ന് തയ്യാർ. ഇന്ന് യൂറോ കപ്പിനു മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ റൊണാൾഡോയുടെ മികവിൽ പോർച്ചുഗൽ അയർലണ്ടിനെ തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു പോർച്ചുഗലിന്റെ വിജയം. രണ്ടു ഗോളുകളുമായി റൊണാൾഡോ തന്നെ പോർച്ചുഗലിന്റെ ഹീറോ ആയി.

ഇന്ന് മത്സരത്തിന്റെ 18ആം മിനുട്ടിൽ ജാവോ ഫെലിക്സിന്റെ ഗോളിലൂടെ ആണ് പോർച്ചുഗൽ ലീഡ് എടുത്തത്. റൊണാൾഡോയുടെ ഗോളുകൾ രണ്ടാം പകുതിയിൽ ആണ് വന്നത്. 50ആം മിനുട്ടിൽ റൂബൻ നെവസ് നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. ഇടം കാലുകൊണ്ടുള്ള റൊണാൾഡോയുടെ സ്ട്രൈക്ക് സ്റ്റേഡിയത്തെ മുഴുവൻ ആവേശത്തിലാക്കി.

60ആം മിനുട്ടിൽ റൊണാൾഡോ വീണ്ടും ഗോൾ നേടി. ഇത്തവണ അസിസ്റ്റ് ഒരുക്കിയത് ജോട ആയിരുന്നു. ഈ ഗോളുകളോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ 130 ഗോളുകളിൽ എത്തി. ഇനി പോർച്ചുഗലിന് യൂറോ കപ്പിൽ ആണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പോർച്ചുഗൽ ജൂൺ 18ന് ചെക്ക് റിപ്പബ്ലികിനെ ആകും നേരിടുക.

യൂറോ കപ്പ്; റൊണാൾഡോ നാളെ പോർച്ചുഗൽ ടീമിനൊപ്പം ചേരും

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പ് 2024 ടൂർണമെന്റിനു മുന്നോടിയായൊ നാളെ പോർച്ചുഗലിന്റെ സ്ക്വാഡിനൊപ്പം ചേരും. നേരത്തെ റൊണാൾഡോ ഒരാഴ്ച അധികം വിശ്രമിക്കാൻ തീരുമാനിച്ചിരുന്ന റൊണാൾഡോ അത് പിൻവലിച്ചാണ് ടീമിനൊപ്പം ചേരുന്നത്. ടീമിനൊപ്പം ചേരും എങ്കിലും റൊണാൾഡോ അടുത്ത സൗഹൃദ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.

ഈ മത്സരത്തിലും താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ റൊബേർടോ മാർട്ടിനസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ നടന്ന ഫിൻലാൻഡിനെതിരായ മത്സരം റൊണാൾഡോ കളിച്ചിരുന്നില്ല. ക്രൊയേഷ്യയുമാണ് പോർച്ചുഗലിന്റെ അടുത്ത സൗഹൃദ മത്സരം.

എന്നാൽ ജൂൺ 11ന് നടക്കുന്ന അയർലൻഡിനെതിരായ അവസാന സൗഹൃദ മത്സരത്തിൽ റൊണാൾഡോ കളിക്കും. അതാണ് യൂറോകപ്പിന് മുന്നേയുള്ള പോർച്ചുഗലിന്റെ അവസാന മത്സരം. ജൂൺ പതിനെട്ടാം തീയതി ചെക്ക് റിപ്പബ്ലിക് എതിരെയാണ് പോർച്ചുഗലിന്റെ യൂറോകപ്പിലെ ആദ്യ മത്സരം. അൽ നസറിനൊപ്പമുള്ള റൊണാൾഡോയുടെ സീസൺ കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു അവസാനിച്ചത്.

ലോകകപ്പിലെ നിരാശ യൂറോ കപ്പിലൂടെ മാറ്റാൻ ആകും എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയും പോർച്ചുഗലും പ്രതീക്ഷിക്കുന്നത്.

റൊണാൾഡോ നയിക്കും, പോർച്ചുഗൽ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു

യൂറോ കപ്പിനായുള്ള പോർച്ചുഗൽ സ്ക്വാഡ് പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആകും ടീമിനെ നയിക്കുക. വെറ്ററൻ താരം പെപെയും ടീമിൽ ഉണ്ട്. റൊണാൾഡോയുടെ ആറാം യൂറോ കപ്പ് ആകും ഇത്. കഴിഞ്ഞ ലോകകപ്പിലെ നിരാശ യൂറോയിലൂടെ മാറ്റുക ആകും പോർച്ചുഗൽ ലക്ഷ്യം.

മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റുബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് എന്നിവർ ടീമിൽ ഉണ്ട്. ഡിയേഗോ ജോട, റാഫേൽ ലിയാവോ, ജാവോ ഫെലിക്സ് തുടങ്ങിയ പ്രമുഖ അറ്റാക്കിംഗ് താരങ്ങളും ടീമിൽ ഉണ്ട്. യുവതാരം ജാവോ നെവസും ടീമിൽ ഉണ്ട്.

സ്ക്വാഡ്;

Goalkeepers: Rui Patricio, Diogo Costa, José Sá

Defenders: João Cancelo, Diogo Dalot, Nélson Semedo, Pepe, Rúben Dias, António Silva, Gonçalo Inácio, Danilo, Nuno Mendes

Midfielders: Palhinha, Rúben Neves, Vitinha, João Neves, Bruno Fernandes, Otávio

Forwards: Bernardo Silva, Rafael Leão, Pedro Neto, Francisco Conceição, Diogo Jota, João Félix, Gonçalo Ramos, Cristiano Ronaldo

റൊണാൾഡോ ഇല്ലെങ്കിലും 5 ഗോൾ അടിച്ച് പോർച്ചുഗൽ ജയിച്ചു

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ പോർച്ചുഗലിന് മികച്ച വിജയം. അവർ സ്വീഡനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനൊപ്പം ഇന്നലെ ഉണ്ടായിരുന്നില്ല. റൊണാൾഡോയുടെ അഭാവം അറിയിക്കാത്ത പ്രകടനമാണ് പോർച്ചുഗീസ് പട നടത്തിയത്.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്താൻ അവർക്ക് ആയി. 24ആം മിനുട്ടിൽ റാഫേൽ ലിയോയിലൂടെ ആയിരുന്നു പോർച്ചുഗൽ ഗോളടി തുടങ്ങിയത്. 33ആം മിനുട്ടിൽ നൂനസ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുമ്പ് ബ്രൂണോ ഫെർണാണ്ടസ് കൂടെ ഗോൾ നേടിയതോടെ 3-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ബ്രുമയും 61ആം മിനുട്ടിൽ ഗോൺസാലോ റാമോസും കൂടെ ഗോൾ നേടിയതോടെ പോർച്ചുഗൽ വിജയം ഉറപ്പിച്ചു. ഗ്യോകെർസും നിൽസണുമാണ് സ്വീഡന്റെ ഗോളുകൾ നേടിയത്. പോർച്ചുഗൽ ഇനി അടുത്ത മത്സരത്തിൽ മാർച്ച് 26ന് സ്ലൊവീന്യയെ നേരിടും.

Exit mobile version