റൊണാൾഡോക്ക് വീണ്ടും ഗോൾ!! ഒമ്പതിൽ ഒമ്പതും വിജയിച്ച് പോർച്ചുഗൽ

പോർച്ചുഗലും റൊണാൾഡോയും യൂറോ യോഗ്യത റൗണ്ടിൽ വരുടെ ജൈത്രയാത്ര തുടരുന്നു. ഇന്നലെ ലിചെൻസ്റ്റെയിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയം നേടി. റൊണാൾഡോ ഒരു ഗോളും നേടി. യൂറോ യോഗ്യത ഘട്ടത്തിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ ഒമ്പതും പോർച്ചുഗൽ വിജയിച്ചു.

ഇന്നലെ 46ആം മിനുട്ടിൽ റൊണാൾഡോയുടെ ഫിനിഷിൽ നിന്നാണ് പോർച്ചുഗൽ ലീഡ് എടുത്തത്. ഈ ഗോളോടെ 10 ഗോളുമായി ഈ യോഗ്യത റൗണ്ടിൽ റൊണാൾഡോ ടോപ് സ്കോറർ ആയി. ഇതു കഴിഞ്ഞ് 57ആം മിനുട്ടിൽ കാൻസെലോയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. അവർ വിജയവും ഉറപ്പിച്ചു.

റൊബർട്ടോ മാർട്ടിനസ് പരിശീലകനായി എത്തിയ ശേഷം പോർച്ചുഗൽ കളിച്ച ഒമ്പതു മത്സരങ്ങളിൽ ഒന്ന് പോലും അവർ പരാജയപ്പെട്ടില്ല.34 ഗോളുകൾ അടിച്ച പോർച്ചുഗൽ ആകെ 2 ഗോളുകൾ ആണ് വഴങ്ങിയത്.

റൊണാൾഡോക്ക് ഇരട്ട ഗോൾ, ഫൈവ് സ്റ്റാർ പ്രകടനവുമായി പോർച്ചുഗൽ

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ റൊണാൾഡോയും പോർച്ചുഗലും വിജയം തുടരുന്നു. അവർ ബോസ്നിയയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചു. ഇത് പോർച്ചുഗലിന്റെ തുടർച്ചയായ എട്ടാം വിജയമാണ്‌. അവർ ഇതാദ്യമായാണ് എട്ട് മത്സരങ്ങൾ തുടർച്ചയായി ജയിക്കുന്നത്.

അഞ്ചാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ആണ് റൊണാൾഡോ പോർച്ചുഗീസ് പടക്ക് ലീഡ് നൽകിയത്. 20ആം മിനുട്ടിൽ റൊണാൾഡോ തന്നെ ലീഡ് ഇരട്ടിയാക്കി. അധികം വൈകാതെ 26ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ സ്ട്രൈക്ക് വന്നു. സ്കോർ 3-0.

32ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ജാവോ കാൻസലോ പോർച്ചുഗലിന്റെ നാലാം ഗോൾ നേടി. 41ആം മിനുട്ടിൽ ഫെലിക്സിന്റെ വല അഞ്ചാം ഗോളും വന്നു‌. പിന്നീട് അധികം ഗോൾ നേടിയില്ല എന്ന നിരാശ മാത്രമെ പോർച്ചുഗലിന് ഉണ്ടാകൂ.

യൂറോപ്യൻ യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 24 പോയിന്റോടെ പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

റൊണാൾഡോക്ക് ഇരട്ട ഗോൾ, പോർച്ചുഗൽ വിജയം തുടരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോൾ നേടിയ മത്സരത്തിൽ പോർച്ചുഗൽ സ്ലൊവാക്യയെ പരാജയപ്പെടുത്തി. റൊണാൾഡോയുടെ 200ആം മത്സരത്തിൽ പോർച്ചുഗൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. യൂറോ യോഗ്യതയിൽ ഏഴ് മത്സരങ്ങളിൽ പോർച്ചുഗലിന്റെ ഏഴാം വിജയമാണിത്.

18ആം മിനുട്ടിൽ ഗോൺസാലോ റാമോസിലൂടെ പോർച്ചുഗൽ ലീഡ് എടുത്തു. 29ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി‌. 69ആം മിനുട്ടിൽ ഹാങ്കോയിലൂടെ സ്ലൊവാക്യ ഒരു ഗോൾ മടക്കി. ഇത് പോർച്ചുഗലിന് സമ്മർദ്ദം തരുന്നതിന് മുമ്പ് റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി രണ്ടാം ഗോൾ നേടി‌. സ്കോർ 3-1. റൊണാൾഡോയുടെ അന്താരാഷ്ട്ര കരിയറിലെ 125ആം ഗോളായിരുന്നു ഇത്‌.

സ്ലൊവാക്യ അവസാനം ഒരു ഗോൾ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല. 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 21 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്‌.

റൊണാൾഡോ ഇല്ലാ മത്സരത്തിൽ ഗോൾ ഒഴുകി, പോർച്ചുഗലിന് 9 ഗോൾ വിജയം

യുവേഫ യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ പോർച്ചുഗലിന് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ഇന്ന് നടന്ന മത്സരത്തിൽ പോർച്ചുഗൽ ലക്സംബർഗിനെ എതിരില്ലാത്ത 9 ഗോളുകൾക്കാണ് തോല്പ്പിച്ചത്. പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. റൊണാൾഡോ ഇല്ലാതിരുന്ന മത്സരത്തിലാണ് ഇത്രയും ഗോളുകൾ വന്നത്.

ഗോൺസാലോ റാമോസ്, ഗോൺസാലോ ഇനാസിയോ, ജോട എന്നിവർ 2 ഗോൾ വീതം നേടി. 12ആം മിനുട്ടിൽ ഇനാസിയോയുടെ ഗോളോടെ ആണ് ഗോളടി ആരംഭിച്ചത്. പിന്നെ അവരെ തടയാൻ ആർക്കും ആയില്ല. ഈ മൂന്ന് പേർക്ക് ഒപ്പം ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, റികാർഡോ ഹോർറ്റ എന്നിവരും ഗോളുകൾ നേടി. ബ്രൂണോ മൂന്ന് അസിസ്റ്റുകളും ഈ മത്സരത്തിൽ നൽകി.

റൊബേർടോ മാർട്ടിനസ് പോർച്ചുഗൽ പരിശീലകനായി എത്തിയ ശേഷം പോർച്ചുഗൽ ഇതുവരെ 6 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി. ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. യോറോ യോഗ്യത പോരാട്ടത്തിൽ 6 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി മികച്ച നിലയിലാണ് ഇപ്പോൾ പോർച്ചുഗൽ ഉള്ളത്‌.

ബ്രൂണോ ഫെർണാണ്ടസിന്റെ ഏക ഗോളിൽ പോർച്ചുഗലിന് വിജയം

യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ സ്ലൊവാക്യെ നേരിട്ട പോർച്ചുഗലിന് വിജയം. മറുപടിയില്ലാത്ത ഏക ഗോളിനാണ് പോർച്ചുഗൽ ഇന്ന് വിജയിച്ചത്. പോർച്ചുഗലിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പോർച്ചുഗലിനൊപ്പം പിടിച്ചു നിന്ന സ്ലൊവാക്യ റൊണാൾഡോക്ക് ഒന്നും അധികം അവസരങ്ങൾ നൽകിയില്ല. ആദ്യ പകുതിയിൽ വന്ന ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളാണ് അവരുടെ വിജയ ഗോളായി മാറിയത്.

മത്സരത്തിന്റെ 43ആം മിനുട്ടിലായിരുന്നു ബ്രൂണോയുടെ ഗോൾ. വലതു വിങ്ങിലൂടെ ഒരു നല്ല റൺ നടത്തിയ ബ്രൂണോ അസാധ്യം എന്ന് തോന്നിയ ഒരു ആങ്കിളിൽ നിന്ന് തൊടുത്ത ഷോട്ട് ഗോളായി മാറുകയായിരുന്നു. ഈ വിജയത്തോടെ പോർച്ചുഗൽ ഗ്രൂപ്പ് ജെയിൽ 15 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്‌. കളിച്ച അഞ്ചു മത്സരങ്ങളും അവർ വിജയിച്ചു. സ്ലൊവാക്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

വനിതാ ലോകകപ്പ്; പോർച്ചുഗലിനെ തോല്പ്പിച്ച് നെതർലന്റ്സ് തുടങ്ങി

വനിതാ ഫുട്ബോൾ ലോകകപ്പിൽ നെതർലാന്റ്സിന് വിജയ തുടക്കം. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സപ്പായ നെതർലന്റ്സ് ഇന്ന് പോർച്ചുഗലിനെ ആണ് തോൽപ്പിച്ചത്. ഏക ഗോളിനായിരുന്നു വിജയം. ഒരു സെറ്റ് പീസിൽ നിന്നായിരുന്നു നെതർലാന്റ്സിന്റെ വിജയ ഗോൾ വന്നത്. മത്സരത്തിന്റെ 13ആം മിനുട്ടിൽ വാൻ ഡെ ഗാർട് ആണ് ഒരു ഹെഡറിലൂടെ ഗോൾ നേടിയത്.

നെതർലന്റ്സിന് ലീഡ് ഉയർത്താൻ കൂടുതൽ അവസരം ലഭിച്ചു എങ്കിലും പോർച്ചുഗീസ് ഗോൾ കീപ്പറുടെ മികവ് കളി 1-0ൽ നിർത്തി. അടുത്ത മത്സരത്തിൽ അമേരിക്കയെ ആണ് നെതർലാന്റ്സ് നേരിടേണ്ടത്. അമേരിക്കയെ കൂടാതെ വിയറ്റ്നാമും നെതർലന്റ്സിന്റെ ഗ്രൂപ്പിൽ ഉണ്ട്.

ചരിത്രമെഴുതിയ ഇരുന്നൂറാം മത്സരത്തിൽ അവസാന മിനുട്ടിൽ ഹീറോ ആയി റൊണാൾഡോ!!

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടെ പോർച്ചുഗലിന്റെ ഹീറോ. ഇന്ന് ഐസ്ലാന്റിനെ നേരിട്ട പോർച്ചുഗൽ 1-0-ന്റെ വിജയമാണ് നേടിയത്. അതും 90ആം മിനുട്ടിൽ റൊണാൾഡോയുടെ വിജയ ഗോളിൽ. ഇന്ന് റൊണാൾഡോക്ക് പോർച്ചുഗലിനായുള്ള അദ്ദേഹത്തിന്റെ ഇരുന്നൂറാം മത്സരമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇരുന്നൂറ് മത്സർങ്ങൾ കളിക്കുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമായി റൊണാൾഡോ ഇതോടെ മാറുകയും ചെയ്തു.

ഇന്ന് മത്സരത്തിൽ ഗോൾ കണ്ടെത്താൻ ഇരുടീമുകളും ഏറെ പ്രയാസപ്പെടുന്നത് ആണ് കാണാൻ ആയത്. മത്സരത്തിന്റെ 80ആം മിനുട്ടിൽ വില്യംസൺ ചുവപ്പ് കാർഡ് കണ്ടത് ഐസ്‌ലാന്റിന് തിരിച്ചടിയായി.90ആം മിനുട്ടിൽ ഒരു ക്രോസിൽ നിന്ന് ഇനാസിയോ ഹെഡ് ചെയ്ത് നൽകിയ പന്ത് റൊണാൾഡോ വലയിലെത്തിക്കുക ആയിരുന്നു. വാർ പരിശോധനക്ക് ശേഷമാണ് ആ ഗോൾ അനുവദിക്കപ്പെട്ടത്.

നാലു മത്സരങ്ങളിൽ നാലു വിജയവുമായി 12 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

ഇന്ന് റൊണാൾഡോ ചരിത്രം കുറിക്കും, അന്താരാഷ്ട്ര ഫുട്ബോളിൽ ഇരട്ട സെഞ്ച്വറിയിൽ എത്തും

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഒരു ചരിത്ര മുഹൂർത്തതിൽ കൂടെ എത്തും. ഇന്ന് യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഐസ്‌ലാന്റിനെതിരെ പോർച്ചുഗലിനായി റൊണാൾഡോ ഇറങ്ങുമ്പോൾ അത് അദ്ദേഹത്തിന്റെ 200ആം മത്സരമാകും. പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാകും ഒരു താരം അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരങ്ങൾ കളിക്കുന്നത്.

തന്റെ 197-ാം അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ തന്നെ പുരുഷ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി റൊണാൾഡോ മാറിയിരുന്നു. കുവൈത്തിന്റെ മുൻ റെക്കോർഡ് ഉടമയായ ബാദർ അൽ-മുതവയെ ആയിരുന്നു റൊണാൾഡോ മറികടന്നത്.

2003-ൽ തന്റെ സീനിയർ അരങ്ങേറ്റം നടത്തിയ റൊണാൾഡോ ആണ് ഇപ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷ താരവും.

ഇരട്ട ഗോളും ഒരു അസിസ്റ്റുമായി ബ്രൂണോ ഫെർണാണ്ടസ്, പോർച്ചുഗലിന് വിജയം

യൂറോ യോഗ്യത പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികവിൽ പോർച്ചുഗലിന് ഒരു വിജയം. ഇന്ന് ബോസ്നിയ ഹെർസൊഗെവിനയെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. തീർത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ 44ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ബെർണാഡോ സിൽവ പോർച്ചുഗലിന് ലീഡ് നൽകി. രണ്ടാം പകുതിയിൽ ബ്രൂണോ പോർച്ചുഗലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടുകയും ചെയ്തു.

77ആം മിനുട്ടിൽ റൂബൻ നെവസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണോയുടെ ഗോൾ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബ്രൂണോ കളിയിലെ തന്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് വിജയം പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണ്ണ സമയവും കളിച്ചു എങ്കിലും ഗോൾ ഒന്നും നേടിയില്ല. 3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജെയിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുന്നു. ബോസ്നിയക്ക് 3 പോയിന്റ് മാത്രമാണ് ഉള്ളത്.

പോർച്ചുഗീസ് താരം മൗട്ടീനോയും സൗദിയിലേക്ക്

അവസാന സീസണുകളിൽ വോൾവ്സിന്റെ പ്രധാന താരമായിരുന്ന മൗട്ടീനോ സൗദി അറേബ്യയിലേക്ക് പോകാൻ സാധ്യത. സൗദിയിൽ നിന്ന് മൗട്ടീനോക്ക് വലിയ ഓഫറുകൾ വന്നതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം കരാർ അവസാനിക്കുന്നതോടെ താരം ക്ലബ് വിടും എന്ന് വോൾവ്സ് നേരത്തെ അറിയിച്ചിരുന്നു. അഞ്ചു സീസൺ വോൾവ്സിൽ പൂർത്തിയാക്കി ആണ് മൗട്ടീനോ ക്ലബ് വിടുന്നത്.

2018ൽ ആയിരുന്നു മൗട്ടീനോ വോൾവ്സിൽ എത്തിയത്. അന്ന് മുതൽ വോൾവ്സ് ടീമിന്റെ മധ്യനിരയിലെ വിശ്വസ്ഥനായി മൗട്ടീനോ തുടർന്നു‌. ഇതുവരെ വോൾവ്സിനായി 200ൽ അധികം മത്സരങ്ങൾ താരം കളിച്ചു. 36കരാനായ താരം പോർച്ചുഗലിലേക്ക് മടങ്ങി പോകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുമ്പ് പോർട്ടോ, മൊണാക്കോ, സ്പോർടിങ് എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് മൗട്ടീനോ. പോർച്ചുഗലിനായി 150ന് അടുത്ത് മത്സരങ്ങളും മൗട്ടീനോ കളിച്ചിട്ടുണ്ട്. മൗട്ടീനോ ഭാവി എന്താണെന്ന് അടുത്ത ദിവസങ്ങളിൽ തന്നെ തീരുമാനിക്കും.

വീണ്ടും റൊണാൾഡോക്ക് ഇരട്ട ഗോളുകൾ, പോർച്ചുഗൽ വിജയം തുടരുന്നു

ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പോർച്ചുഗലിന് വലിയ വിജയം. ഇന്ന് യൂറോ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിൽ എവേ മത്സരത്തിൽ ലക്സംബർഗിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക്‌ ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് ആദ്യ 31 മിനുട്ടുകളിൽ ത‌‌ന്നെ പോർച്ചുഗൽ 4 ഗോളിന് മുന്നിൽ എത്തിയിരുന്നു.

ഒമ്പതാം മിനുട്ടിൽ റൊണാൾഡോ ആണ് പോർച്ചുഗലിന്റെ ഗോളടി തുടങ്ങിയത്. ബ്രൂണോയുടെ ഒരു ക്രോസിൽ നിന്ന് വന്ന അവസരം റൊണാൾഡോ മുതലെടുക്കുക ആയിരുന്നു. 15ആം മിനുറ്റിൽ ബെർണാർഡോ സിൽവയുടെ ഒരു ക്രോസിൽ നിന്ന് കിടിലൻ ഹെഡറിലൂടെ ജാവോ ഫെലിക്സ് രണ്ടാം ഗോൾ നേടി.

19ആം മിനുട്ടിൽ ബെർണഡോ സിൽവയുടെ ഹെഡർ പോർച്ചുഗലിന് മൂന്നാം ഗോൾ നൽകി. 31ആം മിനുട്ടിൽ ബ്രൂണോയുടെ പാസ് സ്വീകരിച്ച് റൊണാൾഡോ തന്റെ രണ്ടാം ഗോൾ നേടി. അന്താരാഷ്ട്ര കരിയറിൽ 122ആം ഗോൾ. ആദ്യ പകുതി 4-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഒറ്റാവിയയും ഗോൾ അടിച്ചു. ഇതോടെ പോർച്ചുഗൽ വിജയം ഉറപ്പിച്ചു. ആറാം ഗോൾ നേടാൻ ഒരു പെനാൾട്ടി പോർച്ചുഗലിന് ലഭിച്ചിരുന്നു. എന്നാൽ ലിയോ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. പെനാൾട്ടി നഷ്ടപ്പെടുത്തിയ ക്ഷീണം 89ആം മിനുട്ടിലെ ഒരു ഗോളിലൂടെ റാഫേൽ ലിയോ തീർത്തു.

റൊണാൾഡോ! ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുകൾ, പുതിയുഗത്തിൽ പോർച്ചുഗലിന് വിജയതുടക്കം

റൊണാൾഡോയുടെ ഇരട്ട ഗോളുകൾ കണ്ട മത്സരത്തിൽ, പോർച്ചുഗൽ റൊബോർട്ടോ മാർട്ടിനസിന്റെ കീഴിലെ യുഗത്തിന് മികച്ച തുടക്കം കുറിച്ചു. ഇന്ന് യൂറോ യോഗ്യത റൗണ്ടിൽ ലിചിൻസ്റ്റെനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ട മത്സരത്തിൽ നാലു ഗോൾ മാത്രമെ സ്കോർ ചെയ്യാനായുള്ളൂ എന്ന നിരാശ മാത്രമെ പോർച്ചുഗലിന് ഇന്ന് കാണുകയുള്ളൂ‌.

ഇന്ന് ആദ്യ പകുതിയിൽ കാൻസെലോ നേടിയ ഒരു ഗോളിന് പോർച്ചുഗൽ മുന്നിൽ നിന്നു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോളുകൾ ഒഴുകാബ് തുടങ്ങി. 47ആം മിനുട്ടിൽ ബെർണാഡൊ സിൽവയിലൂടെ പോർച്ചുഗൽ ലീഡ് ഇരട്ടിയാക്കി. 51ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിൽ നിന്നായിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ. 63ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ റൊണാൾഡോ തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി.

ഇന്നത്തെ ഗോളുകളോടെ റൊണാൾഡോ പോർച്ചുഗലിനായുള്ള തന്റെ ഗോളുകളുടെ എണ്ണം 120 ആക്കി ഉയർത്തി. ഇന്നത്തെ മത്സരം റൊണാൾഡോയുടെ 197ആം അന്താരാഷ്ട്ര മത്സരമായിരുന്നു. റൊണാൾഡോ ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരം കളിച്ച താരമായും മാറി. ഇനി മാർച്ച് 26ന് പോർച്ചുഗൽ ലക്സംബർഗിനെ നേരിടും.

Exit mobile version