ഡിയേഗോ കോസ്റ്റ എന്ന അത്ഭുതം!! പോർച്ചുഗലും റൊണാൾഡോയും ക്വാർട്ടർ ഫൈനലിൽ!!

യൂറോ കപ്പ് 2024ൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ. ഇന്ന് പ്രീക്വാർട്ടറിൽ സ്ലൊവീന്യയുടെ വൻ പോരാട്ടം മറികടന്നായിരുന്നു പോർച്ചുഗൽ വിജയം. എക്സ്ട്രാ ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൾട്ടി പാഴാക്കുന്നത് കണ്ട മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പോർച്ചുഗീസ് വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോൾ രഹിതമായ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ ഡിയേഗോ കോസ്റ്റയുടെ മികവിൽ പോർച്ചുഗൽ 3-0ന് വിജയിച്ചു. ഹാട്രിക്ക് സേവുകൾ ആണ് കോസ്റ്റ ഷൂട്ടൗട്ടിൽ നടത്തിയത്.

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. പോർച്ചുഗൽ ആണ് ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് എങ്കിലും അവർക്ക് സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ ആയില്ല. ആദ്യ പകുതിയിൽ ഗോൾ അടിച്ചില്ല എങ്കിലും ഒരു ഫ്രീ കിക്ക് ഉൾപ്പെടെ അറ്റാക്കിൽ റൊണാൾഡോ കളം നിറഞ്ഞു നിന്നു. ആദ്യ പകുതിയുടെ അവസാനം വിറ്റിനയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയും അറ്റാക്കോടെ ആണ് പോർച്ചുഗൽ തുടങ്ങിയത്. 47ആം മിനുട്ടിൽ ഒരു സുവർണ്ണാവസരം ബെർണാർഡോ സിൽവ നഷ്ടപ്പെടുത്തി. ഇതിനു ശേഷം റൊണാൾഡോയുടെ ഒരു ഫ്രീകിക്ക് ഒബ്ലക് സേവും ചെയ്തു. നിശ്ചിത സമയം കഴിഞ്ഞിട്ടും പോർച്ചുഗലിനോ സ്ലൊവീന്യക്കോ ഗോൾ കണ്ടെത്താൻ ആയില്ല. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിലും സ്ലൊവീന്യൻ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിനായില്ല. അവസാനം 103 മിനുട്ടിൽ ജോടയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് പെനാൾട്ടി ലഭിച്ചു. റൊണാൾഡോയുടെ പെനാൾട്ടി ഒബ്ലാക് സേവ് ചെയ്തു. കളി ഗോൾ രഹിതമായി തുടർന്നു.

115ആം മിനുട്ടി പെപെയുടെ ഒരു പിഴവിൽ നിന്ന് സെസ്കോയ്ക്ക് ഒഎഉ സുവർണ്ണാവസരം ലഭിച്ചു എങ്കിലും ഡിയേഗോ കോസ്റ്റയുടെ മാസ്മരിക സേവ് പോർച്ചുഗലിന്റെ രക്ഷകനായി. പോർച്ചുഗൽ അവസാന നിമിഷം വരെ വിജയഗോളിനായി ശ്രമിച്ചു എങ്കിലും ആ ഗോൾ വന്നില്ല. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.

സ്ലൊവീന്യയുടെ ആദ്യ പെനാൾട്ടി കിക്ക് സേവ് ചെയ്ത് ഡിയേഗോ കോസ്റ്റ പോർച്ചുഗലിന് മുൻതൂക്കം നൽകി. പോർച്ചുഗലിന്റെ ആദ്യ കിക്ക് എടുത്ത റൊണാൾഡോ ഇത്തവണ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. പോർച്ചുഗൽ 1-0ന് മുന്നിൽ. സ്ലൊവീന്യയുടെ രണ്ടാം കിക്കും ഡിയേഗോ കോസ്റ്റ തടഞ്ഞു. പോർച്ചുഗലിന്റെ രണ്ടാം കിക്ക് ബ്രൂണോ അനായാസം വലയിൽ എത്തിച്ചു. സ്കോർ 2-0. കോസ്റ്റ മൂന്നാം കിക്കും തടഞ്ഞു. ഹാട്രിക്ക് സേവുകൾ. ബെർണാഡോ സിൽവ മൂന്നാം കിക്ക് വലയിൽ എത്തിച്ചതോടെ വിജയം പൂർണ്ണം. പോർച്ചുഗൽ ക്വാർട്ടറിൽ. ഇനി ഫ്രാൻസിനെ ആകും അവർ നേരിടുക.

പരമ ബോറൻ കളി! വീണ്ടും ജയിക്കാൻ ആവാതെ ഇംഗ്ലണ്ട്, ഡെന്മാർക്കും സ്ലൊവേനിയയും പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് സിയിൽ നിന്നു ഒന്നാം സ്ഥാനക്കാർ ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക്. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാൻ ആയില്ല. സ്ലൊവേനിയക്ക് എതിരെ ഗോൾ രഹിത സമനിലയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. പരമ ബോറ് കളിയാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയിലും ഇംഗ്ലണ്ട് ഇന്നും പുറത്ത് എടുത്തത്. അലക്സാണ്ടർ അർണോൾഡിന് പകരം കോണർ ഗാലഗർ മധ്യനിരയിൽ വന്ന മത്സരത്തിൽ ഇംഗ്ലണ്ട് പന്തിൽ ആധിപത്യം കാണിച്ചു എങ്കിലും മികച്ച അവസരങ്ങൾ പോലും ഉണ്ടാക്കിയില്ല. ആദ്യ പകുതിയിൽ സാക ഫോഡന്റെ പാസിൽ നിന്നു നേടിയ ഗോൾ ഫോഡൻ ഓഫ് സൈഡ് ആയതിനാൽ അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ പകരക്കാരായി വന്ന പാൽമർ, മൈനു എന്നിവരുടെ മികവിൽ ചെറിയ ഉണർവ് കണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ കെയിനിന്റെ പാസിൽ നിന്നു ലഭിച്ച സുവർണ അവസരം മുതലാക്കാൻ കോൾ പാൽമറിന് ആയില്ല. സമനിലയോടെ ഗ്രൂപ്പിൽ 5 പോയിന്റുകളും ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക് ഒന്നാമത് ആയി മുന്നേറി. സമനിലയോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി സ്ലൊവേനിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയെ ഗോൾ രഹിത സമനിലയിൽ പിടിച്ച ഡെന്മാർക്കും അവസാന പതിനാറിൽ ഇടം പിടിച്ചു.

സ്ലൊവേനിയക്കും ഡെന്മാർക്കിനും 3 പോയിന്റുകളും സമാന ഗോൾ വ്യത്യാസവും അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും ഒരേപോലെയും സമാനമായ ഡിസിപ്ലിനറി റെക്കോർഡും ആയതിനാൽ യൂറോ യോഗ്യതയിൽ മുന്നിലുള്ള ഡെന്മാർക്ക് അതിനാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി. മത്സരത്തിൽ യൂറോയിൽ നിലനിൽക്കാൻ ജയം അനിവാര്യമായ സെർബിയക്ക് പക്ഷെ ഡെന്മാർക്ക് പ്രതിരോധം ഭേദിക്കാൻ ആയില്ല. ഇടക്ക് ഡെന്മാർക്ക് ഗോൾ നേടിയെങ്കിലും ഫൗൾ കാരണം അത് അനുവദിച്ചില്ല. രണ്ടാം പകുതിയിൽ സെർബിയ ഗോൾ കണ്ടെത്തിയെങ്കിലും ജോവിച് ഓഫ് സൈഡ് ആയതിനാലും അതും അനുവദിച്ചില്ല. അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മിട്രോവിചിന്റെ ശ്രമം കൂടി പരാജയപ്പെട്ടതോടെ സെർബിയ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു. അവസാന പതിനാറിൽ ഡെന്മാർക്ക് ആതിഥേയരായ ജർമ്മനിയെ ആണ് നേരിടുക.

അവസാന നിമിഷിൽ സ്ലൊവീന്യക്ക് എതിരെ പരാജയം ഒഴിവാക്കി സെർബിയ

യൂറോ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സെർബിയ അവസാന നിമിഷ ഗോളിൽ സമനില നേടി. ഇന്ന് സ്ലൊവേനിയയോട് തോറ്റ് ഗ്രൂപ്പിൽ നിന്ന് പുറത്തായേക്കും എന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിലാണ് സെർബിയ സമനില കണ്ടെത്തി പ്രതീക്ഷകൾ കാത്തത്. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. രണ്ടു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും അവസരം മുതലാക്കാൻ രണ്ടു ടീമിനും ആയില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 69 മിനിട്ടിൽ കാർണിക്നികിലൂടെ ആണ് സ്ലൊവേനിയ ഗോൾ നേടിയത്‌. എൽസ്നികിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു മറുപടി നൽകാൻ ശ്രമിച്ച സെർബിയയുടെ നിരവധി ശ്രമങ്ങൾ ഗോളിന് അടുത്ത് കൂടെ പുറത്ത് പോയി. അവസാനം മിട്രോവിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി.

അവസാനം 96ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ലൂക യോവിച് ആണ് സെർബിയക്ക് സമനിക നൽകിയത്. സെർബിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. സ്ലൊവേനിയ ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് സമനില വഴങ്ങുകയാണ് ചെയ്തത്. ഇതോടെ സ്ലൊവീന്യക്ക് 2 പോയിന്റും സെർബിയക്ക് 1 പോയിന്റും ആണുള്ളത്.

യൂറോ കപ്പ്; ഡെന്മാർക്ക് സ്ലൊവേനിയ പോരാട്ടം സമനിലയിൽ

യൂറോകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സ്ലൊവേനിയയും ഡെന്മാർക്കും സമനിലയിൽ പിരിഞ്ഞു. സ്റ്റുറ്റ്ഗറ്റ് അരീനയിൽ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് പിരിഞ്ഞത്. കളിയിൽ തുടക്കം മുതൽ മികച്ചു നിന്നത് ഡെന്മാർക്കാണ് എങ്കിലും അവർ അവസരം മുതലെടുക്കാതിരുന്നത് അവർക്ക് വലിയ തിരിച്ചടിയായി മാറി.

ഇന്ന് മത്സരം ആരംഭിച്ച് പതിനേഴാം മിനിറ്റിൽ തന്നെ ഡെന്മാർക്കിൽ ലീഡ് എടുത്തു. അവരുടെ ഏറ്റവും മികച്ച താരമായ എറിക്സൺലൂടെ ആയിരുന്നു ഡെന്മാർക്കിന്റെ ആദ്യ ഗോൾ. വിൻഡിന്റെ ലാസ് സ്വീകരിച്ചായിരുന്നു എറിക്സന്റെ ഫിനിഷ്. അതിനുശേഷം നിരവധി അവസരങ്ങൾ ഡെന്മാർക്ക് സൃഷ്ടിച്ചെങ്കിലും അവർക്ക് രണ്ടാം ഗോൾ നേടി കളി അവരുടെ മാത്രമാക്കി മാറ്റാൻ കഴിഞ്ഞില്ല.

രണ്ടാം പുകതിയിൽ പതുക്കെ ആണെങ്കിലും സ്ലൊവേനിയ കളിയിലേക്ക് തിരിച്ചുവന്നു. അവരുടെ സ്ട്രൈക്കർ ബെഞ്ചമിൻ സെസ്കോയുടെ സാന്നിധ്യം ഡെന്മാർക്ക് ഡിഫൻസിന് തുടർച്ചയായി തലവേദന സൃഷ്ടിച്ചു‌. സെസ്കോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി. അവസാനം 77ആം മിനിറ്റില്‍ എറിക്ക് യാൻസയിലൂടെ സ്ലൊവേനിയ ഒപ്പം എത്തും

പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ഒരു വലിയ ഡിഫ്ലക്ഷനുലൂടെയാണ് വലയിലേക്ക് കയറിയത്. ഇതിനു ശേഷം അവർ ഏറെ ശ്രമിച്ചു എങ്കിലും വിജയ ഗോൾ ഒന്നും വന്നില്ല. ഈ ഗ്രൂപ്പിൽ ഇംഗ്ലണ്ടും സെർബിയമാണ് മറ്റു ടീമുകൾ

Exit mobile version