KKR ഓപ്പണർ ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങി, വൻ തിരിച്ചടി

കൊൽക്കത്ത നൈറ്റ്സ് റൈഡേഴ്സ് താരം ഫിൽ സാൾട്ട് ഇംഗ്ലണ്ടിലേക്ക് മടങ്ങി. താരം ഇനി ഉള്ള ഐപിഎൽ മത്സരങ്ങളിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. ഇംഗ്ലണ്ടിന് അടുത്ത ആഴ്ച പാകിസ്ഥാന് എതിരായ ടിട്വന്റി പരമ്പര തുടങ്ങുന്നതിനാൽ ഇംഗ്ലീഷ് താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങുകയാണ്‌‌. കഴിഞ്ഞ ദിവസം ബട്ലർ, റീസ് ടോപ്ലി തുടങ്ങിയവരെല്ലാം ടീമുകളോട് യാത്ര പറഞ്ഞിരുന്നു‌.

ഇന്ന് ഫിൽ സാൾട്ടും താൻ ക്ലബ് വിടുകയാണ് എന്ന് അറിയിച്ചു. ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്കായി ഈ സീസണിൽ മികച്ച പ്രകടനമായിരുന്നു ഫിൽ സാൾട്ട് കാഴ്ചവച്ചത്. സാൾട്ടും നരൈനും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് കൊൽക്കത്തക്ക് പല മത്സരങ്ങളിലും അഡ്വാൻറ്റേജ് നൽകിയത്.

ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 435 റൺസ് എടുക്കാൻ സാൾട്ടിന് ആയിരുന്നു. 182ഓളം ആയിരുന്നു അദ്ദേഹത്തിൻറെ സ്ട്രൈക്ക് റേറ്റ്. സാൾട്ടിന്റെ അഭാവത്തിൽ റഹ്മാനുള്ള ഗുർബാസ് കെ കെ ആറിന്റെ ഓപ്പണർ ആയി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈഡൻ ഗാർഡനിലെ റെക്കോർഡ് സ്കോർ!! 261 അടിച്ച് KKR!!

പഞ്ചാബ് കിംഗ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) വിളയാട്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 261 എന്ന കൂറ്റൻ സ്കോർ ആണ് അടിച്ചത്. ഈഡൻ ഗാർഡനിലെ ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ ആണ് ഇത്. ഓപ്പണർമാരായ സുനിൽ നരൈനും ഹിൽ സാൾട്ടും നൽകിയ മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 10.3 ഓവറിൽ 138 റൺസ് ആണ് അടിച്ചുകൂട്ടിയത്.

സീസണിലെ തന്റെ മൂന്നാം ഫിഫ്റ്റി അടിച്ച സുനിൽ നരൈൻ 32 പന്തിൽ നിന്ന് 71 റൺസ് ആണ് അടിച്ചത്. നാല് സിക്സും ഒമ്പത് ഫോറും സുനിൽ നരൈന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. ഫിൽ സാൾട്ട് ആകട്ടെ 37 പന്തിൽ 75 റൺസും അടിച്ചു. 6 സിക്സും ആറ് ഫോറും ആ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

പിറകെ വന്ന റസർ 12 പന്തിൽ 24 റൺസ് എടുത്തു. 15 ഓവറിലേക്ക് കൊൽക്കത്ത 200 റൺസ് കടന്നു. ഇതു കഴിഞ്ഞ് ശ്രേയർ അയ്യറും വെങ്കിടേഷ് അയ്യറും ചേർന്ന് വെടിക്കെട്ട് നടത്തി. ശ്രേയസ് അയ്യർ 10 പന്തിൽ 28 റൺസ് അടിച്ചു. വെങ്കിടേഷ് അയ്യർ 23 പന്തിൽ 39 റൺസ് എടുത്ത് പുറത്തായി.

RCB ബൗളർമാർ വീണ്ടും അടി വാങ്ങിക്കൂട്ടി, KKR-ന് 222 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആദ്യം ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിക്കെതിരെ 20 ഓവറിൽ 222 റൺസ് എടുത്തു. ഇന്ന് മികച്ച തുടക്കം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചു. ഫിൽ സാൾട്ടിന്റെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തക്ക് കരുത്തായത്.

തുടക്കത്തിൽ സാൾട്ട് 14 പന്തിൽ 48 റൺസ് അടിച്ചു മികച്ച തുടക്കമാണ് കെ കെ ആറിന് നൽകിയത്. അവർ പവർപ്ലെയിൽ 75 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ സാൾട്ടിന്റെ വിക്കറ്റ് പോയതോടെ കെ കെ ആർ റൺറേറ്റ് കുറഞ്ഞു തുടങ്ങി. അവസാന മത്സരങ്ങളിലെ ഹീറോ ആയ നരൈൻ ഇന്ന് കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. വൈഡ് യോർക്കറുകളും ഇൻസ്വിംഗ് യോർക്കറും എറിഞ്ഞ് നരൈനെ പിടിച്ചു കെട്ടാൻ ആർ സി ബി ബോളർമാർക്കായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമേ നരൈൻ എടുത്തുള്ളൂ.

മൂന്ന് റൺസെടുത്ത രഗുവൻഷി, 16 എടുത്ത വെങ്കിടേഷ് അയ്യർ, 24 റൺസ് എടുത്ത റിങ്കു സിങ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസും റസ്സലും ചേർന്ന് കൊൽക്കത്തയെ 200ലേക്ക് അടുപ്പിച്ചു. ശ്രേയസ് 36 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ആണ് താരം അടിച്ചത്.

അവസാനം രമന്ദീപ് ഇറങ്ങി 9 പന്തിൽ 24 റൺസ് അടിച്ചു കൂട്ടി. റസൽ 20 പന്തിൽ 27 റൺസും എടുത്തു.

ലക്നൗവിനെ വീഴ്ത്തി ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ്!!! 15.4 ഓവറിൽ കൊൽക്കത്തയുടെ വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ വിജയം കൊയ്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഫിൽ സാള്‍ട്ടിന്റെ ബാറ്റിംഗ് പ്രകടനം കൊൽക്കത്തയെ 8 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15.4 ഓവറിലാണ് കൊൽക്കത്തയുടെ വിജയം. ഫിൽ സാള്‍ട്ട് 47 പന്തിൽ 89  റൺസ് നേടിയാണ് കൊൽക്കത്തയുടെ വിജയം ഒരുക്കിയത്. ശ്രേയസ്സ് അയ്യര്‍ 38 റൺസ് നേടി.

ഷമാര്‍ ജോസഫ് തന്റെ അരങ്ങേറ്റം കുറിച്ചപ്പോള്‍ താരത്തിന്റെ ബൗളിംഗ് ദുരന്തമായി മാറുന്നതാണ് കണ്ടത്. നിയന്ത്രണമില്ലാതെ എക്സ്ട്രാസ് പിറന്നപ്പോള്‍ 22 റൺസാണ് ആദ്യ ഓവറിൽ നിന്ന് വന്നത്. രണ്ടാം ഓവറിൽ മൊഹ്സിന്‍ ഖാന്‍ അപകടകാരിയായ സുനിൽ നരൈനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ കൊൽക്കത്തയ്ക്ക് 22 റൺസായിരുന്നു.

മെഹ്സിന്‍ ഖാന്‍ തന്നെയാണ് അംഗ്കൃഷ് രഘുവംശിയെയും പുറത്താക്കിയത്. 42/2 എന്ന നിലയിൽ നിന്ന് കൊൽക്കത്തയെ ഫിൽ സാള്‍ട്ട് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 120 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ കൊൽക്കത്തയ്ക്കായി നേടിയത്.

സിക്സര്‍ മഴയുമായി റസ്സലും കൂട്ടരും, കൊൽക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍

ആന്‍ഡ്രേ റസ്സലും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ ഐപിഎലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.


അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.

ജെയ്സൺ റോയ് ഐ പി എല്ലിൽ നിന്ന് പിന്മാറി, പകരം ഫിൽ സാൾട്ട് ടീമിൽ

വ്യക്തിപരമായ കാരണങ്ങളാൽ വരാനിരിക്കുന്ന ടാറ്റ ഐപിഎൽ 2024 സീസണിൽ നിന്ന് ജെയ്‌സൺ റോയി പിന്മാറി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പകരം ഫിൽ സാൾട്ടിനെ സ്വന്തമാക്കി. കഴിഞ്ഞ വർഷം ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിച്ച താരമാണ് ഫിൾ സാൾട്ട്‌. ഐപിഎൽ ലേലത്തിൽ ആരും സാൾട്ടിനെ വാങ്ങിയിരുന്നില്ല.

അടിസ്ഥാന വിലയായ 1.5 കോടി നൽകിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സാൽട്ടിനെ വാങ്ങിയത്‌. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ കഴിഞ്ഞ വർഷം ഡിസംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായി രണ്ട് T20I സെഞ്ചുറികൾ നേടി ഞെട്ടിച്ചിരുന്നു. ട്രിനിഡാഡിൽ നടന്ന നാലാം ടി20യിൽ 48 പന്തിൽ നേടിയ സെഞ്ച്വറി ഇംഗ്ലണ്ടിനായി ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കൂടിയാണ്.

കൺഫ്യൂഷ‍ന്‍ തീര്‍‍‍ക്കണമേ!!! ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തന്നെ നിരസിച്ചതിനെക്കുറിച്ച് ഫിൽ സാള്‍ട്ട്

ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരെ ട്രിനിഡാഡിൽ തന്റെ തുടര്‍ച്ചയായ രണ്ടാം ടി20 ശതകം നേടിയെങ്കിലും ദുബായിയിൽ നടന്ന ഐപിഎൽ ലേലത്തിൽ ഫിൽ സാള്‍ട്ടിന് നിരാശയായിരുന്നു ഫലം. തന്നെ ഐപിഎല്‍ ഫ്രാ‍ഞ്ചൈസികള്‍ അവഗണിച്ചതിൽ കൺഫ്യൂഷന്‍ ഉണ്ടെന്നാണ് ഫിൽ സാള്‍ട്ട് പറുന്നത്.

57 പന്തിൽ നിന്ന് 119 റൺസ് നേടിയ ഫിൽ സാള്‍ട്ടിന്റെ പ്രകടനം ഐപിഎൽ ലേലത്തിന് ശേഷമായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം താന്‍ ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തതെന്നാണ് സാള്‍ട്ടിന്റെ പ്രതികരണം. 2 കോടിയ്ക്ക് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ആണ് താരത്തെ സ്വന്തമാക്കിയത്.

9 മത്സരങ്ങളിൽ നിന്ന് 163.91 സ്ട്രൈക്ക് റേറ്റിൽ 218 റൺസാണ് താരം നേടിയത്. ഇത്തവണ 1.5 കോടിയായി തന്റെ അടിസ്ഥാന വില സാള്‍ട്ട് കുറച്ചിരുന്നു. 19 സിക്സുകളാണ് താരം കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളിലായി നേടിയത്. എന്നിട്ടും താരത്തിനായി ആവശ്യക്കാരെത്തിയില്ല എന്നതും കൺഫ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് സാള്‍ട്ട് വ്യക്തമാക്കി.

പാക്കിസ്ഥാന്റെ മുറിവിൽ ഉപ്പ് പുരട്ടി ഫിൽ സാള്‍ട്ട്, പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി

പാക്കിസ്ഥാന്‍ ബൗളിംഗിനെ തച്ചുടച്ച് ഫിൽ സാള്‍ട്ട്. താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ പാക്കിസ്ഥാനെ ആറാം മത്സരത്തിൽ 8 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പരയിൽ 3-3 എന്ന നിലയിൽ ഒപ്പമെത്തുവാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 170 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാര്‍ മിന്നും തുടക്കമാണ് നൽകിയത്.

3.5 ഓവറിൽ 55 റൺസ് നേടിയ ശേഷം 12 പന്തിൽ 27 റൺസ് നേടിയ അലക്സ് ഹെയിൽസ് ആണ് ആദ്യം പുറത്തായത്. ഇതിന് ശേഷം 19 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം സാള്‍ട്ട് തികച്ചപ്പോള്‍ രണ്ടാം വിക്കറ്റിൽ ദാവിദ് മലനും സാള്‍ട്ടും ചേര്‍ന്ന് 73 റൺസാണ് നേടിയത്. 26 റൺസ് നേടിയ മലനെയും ഷദബ് ഖാനാണ് പുറത്താക്കിയത്.

14.3 ഓവറിൽ ഇംഗ്ലണ്ട് വിജയം കുറിക്കുമ്പോള്‍ ഫിൽ സാള്‍ട്ട് പുറത്താകാതെ 41 പന്തിൽ നിന്ന് 87 റൺസും  ബെന്‍ ഡക്കറ്റ് 26 റൺസുമാണ് നേടിയത്. ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 42 റൺസും നേടി. 33 പന്തിൽ അവശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം.

പരിക്കേറ്റ് ദാവീദ് മലനു പകരം ഫില്‍ സാള്‍ട്ട്

ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ദാവീദ് മലന്‍ പുറത്ത്. പരിക്കേറ്റ താരത്തിനു പകരം ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവീദ് മലന്‍ കഴിഞ്ഞ ദിവസം അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കളിച്ച് 30 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയെങ്കിലും താരം പിന്നീട് പരിക്കിന്റെ പിടിയിലാകുകയായിരുന്നു.

സസ്സെക്സിന്റെ താരമാണ് ഫില്‍ സാള്‍ട്ട്. ഞായറാഴ്ച കാര്‍ഡിഫിലാണ് പാക്കിസ്ഥാനെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 മത്സരം.

Exit mobile version