സ്വര്‍ണ്ണ നേട്ടം, 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നീരജ് രണ്ടാം സ്ഥാനത്ത്

ജാവ്‍ലിന്‍ ത്രോയിലെ ലോക റാങ്കിംഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒളിമ്പിക്സിൽ സ്വര്‍ണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയതോടെയാണ് നീരജിന് ഈ നേട്ടം ലഭിച്ചത്. 14 സ്ഥാനങ്ങളാണ് നീരജ് മെച്ചപ്പെടുത്തിയത്.

1315 റാങ്കിംഗ് സ്കോര്‍ നേടിയ താരം ജര്‍മ്മനിയുടെ ജോഹാന്നസ് വെറ്ററിന് പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. വെറ്ററിന് 1396 ആണ് സ്കോറായിയുള്ളത്. 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഫൈനലിലെ ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം വെറ്റര്‍ പുറത്താകുകയായിരുന്നു.

പോളണ്ടിന്റെ മാര്‍സിന്‍ കുര്‍കോവസ്കി, ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച്, ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനത്ത്.

നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മെഡൽ ജേതാക്കള്‍ക്കെല്ലാം സമ്മാനത്തുകയെന്ന് പറഞ്ഞ് ബിസിസിഐ

ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സിലെ ഏക സ്വര്‍ണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

അത്‍ലറ്റിക്സിൽ ഒരു ഇന്ത്യയ്ക്കാരന്‍ നേടുന്ന ആദ്യ മെഡലാണ് ഈ 23 വയസ്സുകാരന്റേത്. എല്ലാ മെഡൽ ജേതാക്കള്‍ക്കും ക്യാഷ് പ്രൈസ് നല്‍കുമെന്ന് ബിസിസിഐ തീരുമാനിച്ചുവെന്നാണ് ബോര്‍ഡ് സെക്രട്ടറിയായ ജയ് ഷാ പ്രഖ്യാപിച്ചത്.

അവിസ്മരണീയം നീരജ്, ഇന്ത്യയുടെ ആദ്യത്തെ അത്‍ലറ്റിക്സ് മെഡൽ, It’s Gold!!!!!

ഇന്ത്യയുടെ സ്പോര്‍ട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയുടെ ഉദയം കണ്ട് ടോക്കിയോ ഒളിമ്പിക്സ്. ഇന്ന് ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ത്യയുടെ അത്‍ലറ്റിക്സിലെ തന്നെ ആദ്യ മെഡൽ നേട്ടം സ്വര്‍ണ്ണം നേടി സ്വന്തമാക്കുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്ക് താരങ്ങളായ ജാക്കൂബ് വാല്‍ഡെജേച്ചും വിറ്റേസ്‍വ്ലാവ് വെസ്ലിയും ആണ് വെള്ളിയും വെങ്കലവും നേടിയത്.

ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റര്‍ ദൂരം എറി‍ഞ്ഞ് നീരജ് താന്‍ മെഡലിനായുള്ള പ്രധാന പോരാളിയാണെന്ന് തെളിയിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ ആദ്യത്തേതിനെക്കാള്‍ മികച്ച ദൂരം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി. 87.58 ആണ് രണ്ടാം ശ്രമത്തിൽ ഇന്ത്യന്‍ താരം നേടിയത്. മൂന്നാം ശ്രമത്തിൽ ആദ്യ രണ്ട് ശ്രമത്തിനും അരികിലെത്തുവാന്‍ താരത്തിന് സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് നീരജ് നേടിയത്. എന്നാൽ ആദ്യ എട്ടിലേക്ക് ഒന്നാമനായി തന്നെ ഇന്ത്യന്‍ താരം മുന്നേറി.

മൂന്നാം റൗണ്ടിലെ അവസാന ശ്രമത്തിൽ ബെലാറസ് താരം ജര്‍മ്മനിയുടെ ഏറ്റവും മികച്ച ജാവ്‍ലിന്‍ അത്‍ലീറ്റും ഈ സീസണിൽ 90 മീറ്ററിന് മുകളിൽ എറിഞ്ഞ താരവുമായ ജോഹാന്നസ് വെറ്ററെ പുറത്താക്കുന്നതാണ് കണ്ടത്. വെറ്റര്‍ തന്റെ ആദ്യ ശ്രമത്തിൽ നേടിയ 82.52 മാത്രം നേടിയപ്പോള്‍ അടുത്ത രണ്ട് ശ്രമവും പരാജയപ്പെട്ടു.

 

 

പ്രതീക്ഷ കാത്ത് നീരജ് ചോപ്ര, ഗ്രൂപ്പിൽ നിന്ന് ഒന്നാം സ്ഥാനക്കാരനായി നേരിട്ട് യോഗ്യത

തന്റെ ആദ്യ ശ്രമത്തിൽ തന്നെ പുരുഷന്മാരുടെ ജാവ്‍ലിന്‍ ത്രോ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഏറെ പ്രതീക്ഷയുള്ള മത്സരയിനമായ ജാവ്‍ലിനിൽ തന്റെ ആദ്യ ശ്രമത്തിൽ 86.65 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യന്‍ താരം ഗ്രൂപ്പ് എയിൽ നിന്ന് നേരിട്ട് യോഗ്യത നേടിയത്. ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ചോപ്ര യോഗ്യത നേടിയത്.

83.50 ആയിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള ദൂരം. ഈ ഗ്രൂപ്പിൽ നിന്ന് മൂന്ന് പേരാണ് നേരിട്ട് യോഗ്യത നേടിയത്. ജര്‍മ്മന്‍ ജാവ്‍ലിന്‍ ഇതിഹാസം ജോഹാന്‍സ് വെറ്ററിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യന്‍ താരം ഫൈനലിൽ കടന്നത്.

ജര്‍മ്മന്‍ താരം ആദ്യ രണ്ട് ശ്രമങ്ങളിൽ 82 മീറ്ററിലും കുറച്ച് മാത്രം അധികം നേടിയ ശേഷം അവസാന ശ്രമത്തിൽ 85.64 മീറ്റര്‍ നേടിയാണ് ഫൈനലിലേക്ക് കടന്നത്. ജോഹന്‍സ് വെറ്ററിന്റെ പേഴ്സണൽ ബെസ്റ്റ് 97.76 മീറ്ററാണ്.

ഇന്ത്യന്‍ താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് 88.07 മീറ്ററാണ്. ഇന്ത്യയുടെ ശിവ്പാൽ സിംഗ് രണ്ടാമത്തെ ഗ്രൂപ്പിൽ യോഗ്യത മത്സരത്തിനായി ഇറങ്ങുന്നുണ്ട്.

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാനയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി നീരജ് ചോപ്ര

കൊറോണയ്ക്കെതിരെ പൊരുതുവാന്‍ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും ഹരിയാന സര്‍ക്കാരിന്റെ ഫണ്ടിലേക്കും തുക സംഭാവന ചെയ്ത് നീരജ് ചോപ്ര. ആകെ മൂന്ന് ലക്ഷം രൂപയാണ് ഈ ജാവലിന്‍ താരം നല്‍കിയത്. ഇതില്‍ രണ്ട് ലക്ഷം പ്രധാനമന്ത്രിയുടെ ആശ്വാസ നിധിയിലേക്കും ഒരു ലക്ഷം ഹരിയാന സര്‍ക്കാരിനും നല്‍കുകയായിരുന്നു നീരജ് ചോപ്ര.

കൊറോണ വ്യാപനത്തിനെതിരെയുള്ള സര്‍ക്കാരുകളുടെ പോരാട്ടത്തിലേക്ക് വിവിധ കായിക താരങ്ങളാണ് സംഭാവന നല്‍കിയിട്ടുള്ളത്.

അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ്മൃതി മന്ഥാനയും ഹിമ ദാസും

മലയാളിത്താരം ജിന്‍സണ്‍ ജോണ്‍സണോടൊപ്പം അത്‍ലറ്റിക്സില്‍ നിന്ന് നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരും അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍. ഇവര്‍ക്ക് പുറമേ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സിക്കി റെഡ്ഢി ക്രിക്കറ്റില്‍ നിന്ന് സ്മൃതി മന്ഥാന ഹോക്കിയില്‍ നിന്ന് മന്‍പ്രീത് സിംഗ്, സവിത എന്നിവരും ഷൂട്ടിംഗില്‍ അങ്കുര്‍ മിത്തല്‍, രാഹി സര്‍ണോബട്ട് എന്നിവരും അര്‍ജ്ജുന അവാര്‍ഡിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്

ഇവര്‍ക്ക് പുറമേ കേണല്‍ രവി രാഥോര്‍ പോളോയിലും സതീഷ് കുമാര്‍ ബോക്സിംഗിലും അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ടു.

വെള്ളി നേട്ടങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണത്തിളക്കവുമായി നീരജ് ചോപ്ര

അത്‍ലറ്റിക്സില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യയ്ക്ക് കൈ നിറയെ വെള്ളി മെഡലുകളാണ് ട്രാക്കില്‍ നിന്ന് ലഭിച്ചതെങ്കില്‍ അത് സ്വര്‍ണ്ണ തിളക്കമാക്കി മാറ്റി ജാവലിനില്‍ നിന്ന് നീരജ് ചോപ്ര. പുതിയ ദേശീയ റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ദൂരവുമാണ് ഇന്ന് തന്റെ സ്വര്‍ണ്ണ നേട്ടതിനു ഉപകരിച്ച 88.06 മീറ്റര്‍ എറിഞ്ഞതിലൂടെ നീരജ് ചോപ്ര സ്വന്തമാക്കിയത്.

ഇന്ത്യയുടെ ഗെയിംസിലെ എട്ടാമത്തെ സ്വര്‍ണ്ണമാണിത്. ചൈനയുടെ കിസെന്‍ ലിയുവിനു വെള്ളി മെഡലും പാക്കിസ്ഥാന്റെ അര്‍ഷദ് നദീം വെങ്കലവും നേടി. മറ്റു എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് നീരജിന്റെ സ്വര്‍ണ്ണ നേട്ടം

ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ പതാകയേന്തുക നീരജ് ചോപ്ര

2018 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. 2014 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തിയത് ഹോക്കി താരം സര്‍ദാര്‍ സിംഗ് ആയിരുന്നു. അടുത്തിടെ ഫിന്‍ലന്‍ഡിലെ സാവോ ഗെയിംസില്‍ താരം സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.

ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി മികച്ച ഫോമിലാണ് താരം. ചൈനീസ് തായ്പേയ് എതിരാളിയായ ചാവോ-സുന്‍ ചെംഗിനെയാണ് സാവോ ഗെയിംസില്‍ നീരജ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്ലറ്റിക്സ് മീറ്റിലും നീരജ് സ്വര്‍ണ്ണം നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏഷ്യന്‍ ഗെയിംസിനു തയ്യാറായി നീരജ് ചോപ്ര, ഫ്രാന്‍സില്‍ സ്വര്‍ണ്ണ മെഡല്‍

ലണ്ടന്‍ ഒളിമ്പിക്സ് ജേതാവ് ഉള്‍പ്പെടുന്ന മത്സരാര്‍ത്ഥികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ നേട്ടം. ഫ്രാന്‍സിലെ സോട്ടെവില്ലേ അത്‍ലറ്റിക്സ് മീറ്റിലാണ് ഈ നേട്ടം നീരജ് ചോപ്ര നേടിയത്. ലണ്ടന്‍ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കെഷ്രോണ്‍ വാല്‍കോട്ട് ഉള്‍പ്പെടുന്ന മത്സര സംഘത്തെ പിന്തള്ളിയാണ് ചോപ്രയുടെ നേട്ടം.

85.17 മീറ്റര്‍ ദൂരം താണ്ടിയാണ് ഇന്ത്യന്‍ താരത്തിന്റെ സ്വര്‍ണ്ണ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version