ജോവിച്ചിന്റെ ഇരട്ട ഗോൾ; ഇന്ററിന്റെ ട്രെബിൾ സ്വപ്നം തകർത്ത് എസി മിലാൻ ഇറ്റാലിയൻ കപ്പ് ഫൈനലിൽ


ലൂക്കാ ജോവിച്ചിന്റെ തകർപ്പൻ ഇരട്ട ഗോളുകളുടെ മികവിൽ എസി മിലാൻ ബുധനാഴ്ച നടന്ന ഡെർബിയിൽ സിറ്റി എതിരാളികളായ ഇന്റർ മിലാനെ 3-0 ന് തകർത്ത് ഇറ്റാലിയൻ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ആദ്യ പാദത്തിൽ 1-1 സമനില നേടിയ മിലാൻ മൊത്തം 4-1 ന്റെ വിജയത്തോടെയാണ് ഫൈനലിൽ എത്തിയത്.

ഇതോടെ ഇന്ററിന്റെ ട്രെബിൾ നേടാനുള്ള മോഹങ്ങളും അവസാനിച്ചു. ഈ സീസണിൽ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന സെർബിയൻ മുന്നേറ്റ താരം 38-ാം മിനിറ്റിലും 48-ാം മിനിറ്റിലുമായി രണ്ട് ഗോളുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. അലക്സ് ജിമെനെസിന്റെ ക്രോസിൽ നിന്നുള്ള ഹെഡ്ഡറിലൂടെയായിരുന്നു ആദ്യ ഗോൾ. രണ്ടാമത്തേത് കോർണർ ക്ലിയർ ചെയ്യുന്നതിൽ ഇന്ററിന് സംഭവിച്ച പിഴവിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്തുള്ള ഫിനിഷായിരുന്നു. 85-ാം മിനിറ്റിൽ ടിജാനി റെയ്ൻഡേഴ്സ് മിലാന്റെ മൂന്നാം ഗോൾ നേടി. റാഫേൽ ലിയോയുടെ മികച്ച മുന്നേറ്റത്തിനൊടുവിലാണ് റെയ്ൻഡേഴ്സ് ഗോൾ വലയിലാക്കിയത്.

2 വർഷത്തിന് ഇടയിൽ ആദ്യമായി ഇന്റർ മിലാനെ തോൽപ്പിച്ചു എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ സീസണിലെ ആദ്യ മിലാൻ ഡാർബിയിൽ ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു എ.സി മിലാൻ. രണ്ടു വർഷത്തിന് ഇടയിൽ ആദ്യമായി ആണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ആയ ഇന്ററിനെ മിലാൻ തോൽപ്പിക്കുന്നത്. സാൻ സിറോയിൽ ആരാധകർക്ക് മുന്നിൽ പത്താം മിനിറ്റിൽ പുലിസിചിന്റെ ഗോളിലൂടെ മിലാൻ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്.

എന്നാൽ 27 മത്തെ മിനിറ്റിൽ ഇന്റർ ലൗടാരോ മാർട്ടിനസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ഡിമാർക്കോയിലൂടെ മത്സരത്തിൽ തിരിച്ചു വന്നു. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. സമനിലയിലേക്ക് എന്നു തോന്നിയ മത്സരത്തിൽ 89 മത്തെ മിനിറ്റിൽ വിജയഗോൾ പിറക്കുക ആയിരുന്നു. റെജിന്റേഴ്സിന്റെ ഫ്രീകിക്കിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടിയ മിലാൻ കടുത്ത ആരാധകൻ കൂടി ആയ പ്രതിരോധതാരം മറ്റെയോ ഗാബിയ മിലാനു അവിസ്മരണീയ വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. നിലവിൽ ലീഗിൽ മിലാൻ ഏഴാമതും ഇന്റർ ആറാമതും ആണ്.

മിലാൻ ഡർബിയിൽ ഇന്റർ മിലാന്റെ വിളയാട്ട്, നക്ഷത്രമെണ്ണി എ സി മിലാൻ

ഇന്ന് നടന്ന മിലാൻ ഡർബി ഇന്റർ മിലാൻ സ്വന്തമാക്കി. തീർത്തും ഇന്ററിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അഞ്ചാം മിനുട്ടിൽ മിഖിതാര്യൻ ആണ് ഇന്ററിന്റെ ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് തുറാം കൂടെ ഇന്ററിനായി ഗോൾ നേടി. ആദ്യ പകുതി 2-0ന്റെ ലീഡിൽ ആണ് ഇന്റർ മിലാൻ അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിൽ റാഫേൽ ലിയോയിലൂടെ ഒരു ഗോൾ മടക്കി എ സി മിലാൻ സ്കോർ 2-1 എന്നാക്കി. ഇതൊരു തിരിച്ചുവരവ് ആകും എന്ന് എ സി മിലാൻ ആരാധകർ പ്രതീക്ഷിച്ചു എങ്കിലും പിന്നെ കണ്ടത് ഇന്ററിന്റെ വിളയാട്ട് ആയിരുന്നു. 69ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിന്റെ പാസിൽ നിന്ന് മിഖിതാര്യൻ വീണ്ടും ഇന്ററിനായി ഗോൾ നേടി. സ്കോർ 3-1.

പിന്നെ ചഹനൊഗ്ലുവും ഫ്രറ്റെസിയും കൂടെ ഗോൾ നേടിയതോടെ ഇന്ററിന്റെ വിജയം പൂർത്തിയായി. ജയത്തോടെ നാലിൽ നാലു വിജയവുമായി 12 പോയിന്റുമായി ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 9 പോയിന്റുള്ള എ സി മിലാൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

ചാമ്പ്യൻസ് ലീഗ് സെമിയിലെ മിലാൻ ഡാർബി!! ആദ്യ പാദം ഇന്റർ മിലാനൊപ്പം

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ മിലാൻ ഡർബിയുടെ ആദ്യ പാദം ഇന്റർ മിലാൻ സ്വന്തമാക്കി. ഇന്ന് സാൻസിരോയിൽ തുടക്കത്തി തന്നെ നേടിയ രണ്ടു ഗോളുകളുടെ ബലത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കാൻ ഇന്റർ മിലാനായി. എ സി മിലാന്റെ ആരാധകർ നിറഞ്ഞു നിന്ന സ്റ്റേഡിയത്തിൽ ആയിരുന്നു ഈ ഫലം. ഇതേ സ്റ്റേഡിയത്തിൽ അടുത്ത ആഴ്ച ഇന്റർ മിലാൻ ആരാധകർക്ക് മുന്നിൽ രണ്ടാം പാദ സെമി നടക്കും.

ഇന്ന് കളി ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ലീഡ് എടുത്തു. എഡിൻ ജെക്കോയുടെ ഒരു നല്ല ഫിനിഷ് ആണ് ഇന്ററിന് ലീഡ് നൽകിയത്. ഈ ഗോൾ വീണ ഞെട്ടൽ മാറും മുമ്പ് എ സി മിലാൻ രണ്ടാം ഗോളും വഴങ്ങി. ഇത്തവണ മിഖിതാര്യന്റെ ഫിനിഷ് ആയിരുന്നു. മത്സരം 11 മിനുട്ട് കഴിയുമ്പോൾ സ്കോർ 2-0.

മൂന്നാം ഗോൾ നേടാൻ പല നല്ല അവസരങ്ങളും ഇന്റർ മിലാൻ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. പക്ഷെ ഫലം ഉണ്ടായില്ല. ഗോൾ പോസ്റ്റും വാറും എല്ലാം ഇന്ററിനെ തടയാൻ എത്തി. രണ്ടാം പകുതിയിൽ മിലാൻ തിരിച്ചടിക്കാൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

മിലാൻ ഡർബി, ലൗട്ടാരോയുടെ മികവിൽ ഇന്റർ മിലാന് ജയം!!

ഞായറാഴ്ച സാൻ സിറോയിൽ നടന്ന വാശിയേറിയ മത്സരത്തിൽ ചിരവൈരികളായ എസി മിലാനെ 1-0 എന്ന സ്കോറിൻ ഇന്റർ മിലാൻ പരാജയപ്പെടുത്തി. 34-ാം മിനിറ്റിൽ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസിന്റെ ഹെഡറിലൂടെയാണ് ഇന്റർ വിജയ ഗോൾ കണ്ടെത്തിയത്. മാർട്ടിനെസിന്റെ സീസണിലെ 12-ാം ലീഗ് ഗോളായിരുന്നു ഇത്.

ആദ്യ പകുതിയിൽ, 76% പൊസഷനുമായി ഇന്റർ കളിയിൽ ആധിപത്യം പുലർത്തി. രണ്ടാം പകുതിയിൽ എസി മിലാൻ കളിയിലേക്ക് വന്നു എങ്കിലും ഗോൾ ഒന്നും പിറന്നില്ല ഇന്ററിന് രണ്ട് ഗോളുകൾ നിഷേധിക്കപ്പെടുകയുൻ ചെയ്തു. റൊമേലു ലുക്കാക്കുവിന്റെ ഗോൾ ഒരു ഫൗളിന്റെ പേരിലും മാർട്ടിനെസിന്റെ സ്‌ട്രൈക്ക് ഓഫ്‌സൈഡായും വിധി വന്നു.

ഈ വിജയത്തോടെ സീരി എ സ്റ്റാൻഡിംഗിൽ 43 പോയിന്റുമായി ഇന്റർ രണ്ടാം സ്ഥാനത്ത് തുടരുന്നു, ലീഡർമാരായ നാപ്പോളിക്ക് 13 പോയിന്റ് പിന്നിൽ ആണ് ഇന്റർ. അതേസമയം, മിലാന്റെ തോൽവി അവരുടെ എല്ലാ മത്സരങ്ങളിലെയും തുടർച്ചയായ നാലാമത്തെ തോൽവിയാണ്. അവർ 38 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

റാഫേൽ ലിയോയുടെ മാന്ത്രിക ബൂട്ടിന് സ്തുതി! മിലാൻ ഡാർബി എ സി മിലാന് സ്വന്തം

റാഫേൽ ലിയോ എന്ന പേര് ഫുട്ബോൾ പ്രേമികൾ ഇനിയും ശ്രദ്ധിച്ചില്ല എങ്കിൽ അവർ കാണാതെ പോകുന്ന ഒരു അത്ഭുത താരത്തിന്റെ അത്ഭുത പ്രകടനങ്ങൾ ആണെന്ന് പറയേണ്ടി വരും. ഇന്ന് ഇറ്റലിയിൽ നടന്ന മിലാൻ ഡാർബിയിൽ എ സി മിലാൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത് ലിയോയുടെ മികവിൽ ആയിരുന്നു. ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-2ന്റെ വിജയം ഇന്ന് സാൻസിരോയിൽ നേടാൻ എ സി മിലാനായി.

കളിയുടെ 21ആം മിനുട്ടിൽ ബ്രൊസോവിച് ആണ് ഇന്ന് ഇന്റർ മിലാനെ മുന്നിൽ എത്തിച്ചത്‌. 1-0ന് മുന്നിൽ എത്തിയതിന്റെ സന്തോഷം അടങ്ങും മുമ്പെ ഇന്റർ ആ ലീഡ് കളഞ്ഞു. 28ആം മിനുട്ടിൽ ടൊണാലി നൽകിയ പാസ് സ്വീകരിച്ച് ലിയോയുടെ ഒരു ഇടം കാലൻ ഷോട്ട് ഇന്റർ ഗോൾ കീപ്പർ ഹാൻഡെനോവിച് കണ്ടു പോലുമില്ല. സ്കോർ 1-1

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ജിറോഡ് എ സി മിലാന് ലീഡ് നൽകി‌. ഈ ഗോൾ ഒരുക്കിയതും ലിയോ ആയിരുന്നു‌. സ്കോർ 2-1. ആറ് മിനുട്ടിന് ശേഷം ലിയോ ഒരു ലെവൽ കൂടെ മുന്നിലേക്ക് വന്നു. പെനാൾട്ടി ബോക്സിൽ നൃത്തം ചെയ്തു കൊണ്ട് മുന്നേറിയ ലിയോ ഇന്റർ ഡിഫൻസിനെ ആകെ കീഴ്പ്പെടുത്തി കൊണ്ട് പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1

67ആം മിനുട്ടിലെ ജെക്കോയുടെ ഗോൾ ഇന്ററിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു‌. സ്കോർ 3-2. പക്ഷെ ഇന്ററിന് പരാജയം ഒഴിവാക്കാൻ ആയില്ല. മിലാൻ കീപ്പർ മൈഗ്നന്റെ മികച്ച സേവുകൾ മിലാൻ ജയം ഉറപ്പിച്ചു.

5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുമായി എ സി മിലാൻ ഒന്നാം സ്ഥാനത്തും 9 പോയിന്റുമായി ഇന്റർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു‌‌

മിലാൻ ഡാർബിയിൽ ജിറൂഡാട്ടം!! ഇന്ററിനെ ഞെട്ടിച്ച് എ സി മിലാൻ തിരിച്ചുവരവ്

സീരി എയിലെ കിരീട പോരാട്ടത്തിൽ ഒരു വലിയ ട്വിസ്റ്റ് ആണ് ഇന്ന് മിലാൻ ഡാർബിയിൽ നടന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ട് എ സി മിലാൻ ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡിന്റെ ഇരട്ട ഗോളുകൾ ആണ് എ സി മിലാന് വിജയം നൽകിയത്. ഇബ്രയും റെബിചും ഉൾപ്പെടെ പ്രധാന താരങ്ങൾ ഇല്ലാതെ ഇറങ്ങിയ എ സി മിലാൻ ഇന്ന് തുടക്കത്തിൽ പതറിയിരുന്നു.

ഇന്റർ മിലാൻ ആണ് നല്ല അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിക്കച്ചത്. മിലാൻ ഗോൾ കീപ്പർ മൈഗ്നിയന്റെ മികവ് പലപ്പോഴും എ സി മിലാനെ രക്ഷിച്ചു. പക്ഷെ 38ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പെരിസിചിലൂടെ ഇന്റർ ലീഡ് എടുത്തു. കോർണർ കിക്കിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ പെനാൾട്ടി ബോക്സിൽ നിന്ന പെരിസിച് എളുപ്പത്തിൽ വല കണ്ടെത്തുക ആയിരുന്നു.

രണ്ടാം പകുതിയിൽ ആണ് മിലാൻ ഊർജ്ജം സംഭരിച്ച് പോരാട്ടം തുടങ്ങിയത്. 75ആം മിനുട്ടിൽ ഒരു പ്രോപ്പർ 9ആം നമ്പർ സ്ട്രൈക്കറിന്റെ മികവിൽ ജിറൂദ് സമനില ഗോൾ കണ്ടെത്തി. ഇതോടെ കളി മിലാന്റെ വരുതിയിലായി. മൂന്ന് മിനുട്ടുകൾ കഴിഞ്ഞ് വീണ്ടും ജിറൂദ് വല കണ്ടു. ഇത്തവണ ഒരു മനോഹരമായ ടേണിന് ശേഷമായിരുന്നു ജിറൂദിന്റെ ഗോൾ. 2-1

പിന്നീട് സമർത്ഥമായി ഡിഫൻഡ് ചെയ്ത് എസി മിലാൻ വിജയം ഉറപ്പിച്ചു. കളിയുടെ 95 മിനുട്ടിൽ തിയോ ചുവപ്പ് കാർഡ് കണ്ടതോടെ മിലാൻ 10 പേരായി ചുരുങ്ങി എങ്കിലും ഡാർബി എസി മിലാൻ തന്നെ സ്വന്തമാക്കി. ഈ വിജയത്തോടെ എ സി മിലാൻ 52 പോയിന്റുമായി ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 53 പോയിന്റുള്ള ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.

Exit mobile version