ലിയോ മാജിക്ക്, എ സി മിലാൻ നാലാം സ്ഥാനത്ത്

ഇന്ന് ലെചെയ്ക്ക് എതിരായ മത്സരത്തിൽ 2-0ന് ജയിച്ചു കൊണ്ട് എസി മിലാൻ വിജയ വഴിയിലേക്ക് തിരികെ വരുന്നു. 56 പോയിന്റുമായി സീരി എയിൽ അവർ നാലാം സ്ഥാനത്തേക്ക് ഉയർന്നു. അപൂർവമായ ഒരു ഹെഡർ ഗോളും ഒപ്പം സ്വന്തം പകുതിയിൽ നിന്നുള്ള തകർപ്പൻ റണ്ണിന് ഒടുവിൽ നേടിയ അവിശ്വസനീയമായ ഗോളും ലിയോ ഇന്ന് നേടി. ലിയോയുടെ മികച്ച പ്രകടനമാണ് മിലാന് ജയം നൽകിയത്.

രണ്ട് ലീഗ് മത്സരങ്ങൾക്ക് ശേഷമാണ് എ സി മിലാൻ ഒരു വിജയം നേടുന്നത്. ലെചെ ഈ തോൽവിയോടെ 28 പോയിന്റുമായി 16-ാം സ്ഥാനത്ത് നിൽക്കുകയാണ്. അവർ തരംതാഴ്ത്തൽ ഭീഷണിയിൽ ആണ് ഇപ്പോൾ. റിലഗേഷൻ സോണിന് 2 പോയിന്റ് മാത്രം മുകളിലാണ് അവരിപ്പോൾ നിൽക്കുന്നത്.

റാഫേൽ ലിയോയുമായി കരാർ ചർച്ചകൾ പുനരാരംഭിക്കാൻ മിലാൻ

മുന്നേറ്റ നിരയുടെ കുന്തമുനയായി മാറിയ പോർച്ചുഗീസ് താരം റാഫേൽ ലിയോയുമായി വീണും കരാർ പുതുക്കൽ ചർച്ചകൾ നടത്താൻ എസി മിലാൻ. താരത്തിന്റെ പിതാവുമായും ചർച്ചകൾ നടത്തുമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീമിൽ തുടരാൻ സന്നദ്ധനായ താരവും പുതിയ കരാറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇരുപത്തിമൂന്ന്കാരന്റെ നിലവിലെ കരാർ 2024ഓടെ അവസാനിക്കും. നേരത്തെ ചെൽസി താരത്തിന് പിറകെ ഉണ്ടെന്ന സൂചനകൾ വന്നിരുന്നു. അടുത്ത ട്രാൻസ്ഫർ വിൻഡോയിലും ചെൽസിയിൽ നിന്നുള്ള നീക്കം പ്രതീക്ഷിക്കുന്ന മിലാൻ റിലീസ് ക്ലോസും ഉയർത്തി നൽകിയേക്കും. താരത്തിന്റെ വരുമാനത്തിലും കാര്യമായ വർധനവ് ഉണ്ടാകും. ഏഴു മില്യൺ വരെയുള്ള വാർഷിക വരുമാനം താരത്തിന് ലഭിച്ചേക്കും എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെയും ചർച്ചകൾക്ക് മിലാൻ തുനിഞ്ഞിരുന്നെങ്കിലും താരത്തിന്റെ ചില ആവശ്യങ്ങളിൽ തട്ടി മുടങ്ങുകയായിരുന്നു. സ്പോർട്ടിങ് ലിസ്ബൻ വിടാൻ സ്വന്തം പോക്കറ്റിൽ നിന്നും പണം ഇറക്കേണ്ടി വന്നിരുന്ന ലിയോക്ക് ഇതിന്റെ ഒരു ഭാഗം മിലാനിൽ നിന്നും ലഭിക്കണമെന്ന ആവശ്യമാണ് ഉള്ളത്. ഏകദേശം ഇരുപത് മില്യൺ ആണ് താരം ലിസ്ബണ് നൽകാൻ ഉള്ളത്‌. ആദ്യം ഇത് നിരാകരിച്ച മിലാൻ എന്നാൽ ഇതിൻറെ ഒരു ഭാഗം താരത്തിന്റെ വരുമാനത്തിന്റെ ഭാഗമായി ചേർത്ത് നൽകാൻ തയ്യാറായേക്കും എന്നാണ് സൂചനകൾ. ഏതായാലും താങ്ങാളുടെ മികച്ച താരങ്ങളിൽ ഒരാളെ എന്ത് വില കൊടുത്തും ടീമിൽ നില നിർത്താൻ തന്നെയാണ് മിലാന്റെ നീക്കം.

റാഫേൽ ലിയോയുടെ മാന്ത്രിക ബൂട്ടിന് സ്തുതി! മിലാൻ ഡാർബി എ സി മിലാന് സ്വന്തം

റാഫേൽ ലിയോ എന്ന പേര് ഫുട്ബോൾ പ്രേമികൾ ഇനിയും ശ്രദ്ധിച്ചില്ല എങ്കിൽ അവർ കാണാതെ പോകുന്ന ഒരു അത്ഭുത താരത്തിന്റെ അത്ഭുത പ്രകടനങ്ങൾ ആണെന്ന് പറയേണ്ടി വരും. ഇന്ന് ഇറ്റലിയിൽ നടന്ന മിലാൻ ഡാർബിയിൽ എ സി മിലാൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത് ലിയോയുടെ മികവിൽ ആയിരുന്നു. ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-2ന്റെ വിജയം ഇന്ന് സാൻസിരോയിൽ നേടാൻ എ സി മിലാനായി.

കളിയുടെ 21ആം മിനുട്ടിൽ ബ്രൊസോവിച് ആണ് ഇന്ന് ഇന്റർ മിലാനെ മുന്നിൽ എത്തിച്ചത്‌. 1-0ന് മുന്നിൽ എത്തിയതിന്റെ സന്തോഷം അടങ്ങും മുമ്പെ ഇന്റർ ആ ലീഡ് കളഞ്ഞു. 28ആം മിനുട്ടിൽ ടൊണാലി നൽകിയ പാസ് സ്വീകരിച്ച് ലിയോയുടെ ഒരു ഇടം കാലൻ ഷോട്ട് ഇന്റർ ഗോൾ കീപ്പർ ഹാൻഡെനോവിച് കണ്ടു പോലുമില്ല. സ്കോർ 1-1

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ജിറോഡ് എ സി മിലാന് ലീഡ് നൽകി‌. ഈ ഗോൾ ഒരുക്കിയതും ലിയോ ആയിരുന്നു‌. സ്കോർ 2-1. ആറ് മിനുട്ടിന് ശേഷം ലിയോ ഒരു ലെവൽ കൂടെ മുന്നിലേക്ക് വന്നു. പെനാൾട്ടി ബോക്സിൽ നൃത്തം ചെയ്തു കൊണ്ട് മുന്നേറിയ ലിയോ ഇന്റർ ഡിഫൻസിനെ ആകെ കീഴ്പ്പെടുത്തി കൊണ്ട് പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1

67ആം മിനുട്ടിലെ ജെക്കോയുടെ ഗോൾ ഇന്ററിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു‌. സ്കോർ 3-2. പക്ഷെ ഇന്ററിന് പരാജയം ഒഴിവാക്കാൻ ആയില്ല. മിലാൻ കീപ്പർ മൈഗ്നന്റെ മികച്ച സേവുകൾ മിലാൻ ജയം ഉറപ്പിച്ചു.

5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുമായി എ സി മിലാൻ ഒന്നാം സ്ഥാനത്തും 9 പോയിന്റുമായി ഇന്റർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു‌‌

Exit mobile version