10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു ഭാക്കര്‍/സൗരഭ് ചൗധരി ടീം, യശസ്വിനി – അഭിഷേക് കൂട്ടുകെട്ട് പുറത്ത്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ – സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582 -26x പോയിന്റ് നേടിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു ജോഡിയായ യശസ്വിനി ദേശ്വാൽ – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 564-10x പോയിന്റാണ് ഇവര്‍ നേടിയത്. 17ാം സ്ഥാനക്കാരായാണ് ഇവര്‍ ഫിനിഷ് ചെയ്തത്

രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വര്‍ണ്ണ മെഡൽ മത്സരത്തിനും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കലത്തിനായുള്ള മത്സരത്തിനും യോഗ്യത നേടും.

മൂന്ന് സ്വര്‍ണ്ണത്തോടെ ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യ ഒന്നാമത്

മൂന്ന് സ്വര്‍ണ്ണം നേടി ഷൂട്ടിംഗ് ലോകകപ്പിന്റെ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ ലഭിച്ചപ്പോള്‍ രണ്ട് സ്വര്‍ണ്ണവും ഓരോ വെള്ളിയും വെങ്കലവും നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. രണ്ട് മെഡല്‍ നേടിയ ഫ്രാന്‍സ് മൂന്നാമതാണ്. ഫ്രാന്‍സിന് ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും ലഭിച്ചു.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാക്കര്‍, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷ് സിംഗ് റാണ, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇളവേനില്‍ വാളറിവന്‍ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍.

നേടാനായത് നാലാം സ്ഥാനം, എന്നാല്‍ ഉറപ്പാക്കിയത് ഒളിമ്പിക്സ് യോഗ്യത

ഇന്നലെ 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ മത്സരോപകരണത്തിന്റെ പ്രവര്‍ത്തനത്തിലെ തകരാര്‍ മൂലം പുറത്ത് പോകേണ്ടി വന്ന മനു ഭാക്കറിനു ആശ്വാസമായി ഇന്ന് മ്യൂണിക് ഷൂട്ടിംഗ് ലോകകപ്പിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം മത്സരം. താരത്തിനു മെഡലൊന്നും നേടാനായില്ലെങ്കിലും നാലാം സ്ഥാനത്ത് എത്തുവാനായതിന്റെ ബലത്തില്‍ മനു ഭാക്കര്‍ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കുകയായിരുന്നു.

ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന ഏഴാമത്തെ യോഗ്യത ക്വോട്ടയാണ് ഇത്.

തോക്ക് പണി കൊടുത്തു, മനു ഭാക്കറിനു തിരിച്ചടി

25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് മനു ഭാക്കര്‍. മത്സരത്തില്‍ ബഹുഭൂരിഭാഗവും ഇന്ത്യന്‍ താരം ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ മനുവിന്റെ പിസ്റ്റളിലെ പിഴവ് താരത്തിന്റെ സാധ്യതകളെ വല്ലാതെ ബാധിയ്ക്കുകയായിരുന്നു. ഇതോടെ താരത്തിനു അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുവാനായാല്‍ താരങ്ങളെ കാത്തിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ രാഹി നാലാം സ്ഥാനത്തും മനു 5ാം സ്ഥാനത്തുമായിരുന്നു.

ഇരുവരും യഥാക്രമം 586 പോയിന്റും 585 പോയിന്റുമാണ് യോഗ്യത റൗണ്ടില്‍ നേടിയത്.

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവുമായി മനു ഭാക്കര്‍

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണവുമായി ഇന്ത്യയുടെ മനു ഭാക്കര്‍. 239 പോയിന്റ് നേടിയാണ് മനു സ്വര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇവന്റിലും മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയിരുന്നു. സൗരവ് ചൗധരിയായിരുന്നു ആ സ്വര്‍ണ്ണ നേട്ടത്തിലെ പങ്കാളി.

ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പ് ഇരട്ട സ്വര്‍ണ്ണവുമായി ഇന്ത്യ, നേട്ടം യോഗ്യതയിലെ ലോക റെക്കോര്‍ഡോടു കൂടി

തായ്പേയില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്. സീനിയര്‍ വിഭാഗത്തില്‍ യോഗ്യതയില്‍ ലോക റെക്കോര്‍ഡോടു കൂടിയാണ് താരങ്ങളുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. 784 പോയിന്റാണ് ഇരുവരുടെയും നേട്ടം. മുമ്പത്തെ റെക്കോര്‍ഡ് 782 പോയിന്റായിരുന്നു.

അതേ സമയം ജൂനിയര്‍ വിഭാഗത്തിലും സ്വര്‍ണ്ണ മെഡല്‍ നേടുവാന്‍ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ ഇഷ സിംഗ്-വിജയവീര്‍ സിദ്ദു കൂട്ടുകെട്ടാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 478.5 പോയിന്റുകളോടെയാണ് സ്വര്‍ണ്ണ മെഡല്‍ കൂട്ടുകെട്ട് നേടിയത്. 2018ല്‍ ഇതേ വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ടും സ്വര്‍ണ്ണം സ്വന്തമാക്കി.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണവുമായി മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി. മനു ഭാക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം വിഭാഗത്തിലാണ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ 778 പോയിന്റുമായി യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തുകയും ലോക റെക്കോര്‍ഡിനു ഒപ്പമെത്തുകയും ചെയ്തിരുന്നു കൂട്ടുകെട്ട്.

വ്യക്തിഗത ഇനത്തില്‍ നേരത്തെ സൗരഭ് സ്വര്‍ണ്ണം നേടിയപ്പോള്‍ മനു ഭാക്കറിനു ഫൈനലിലേക്ക് യോഗ്യത നേടുവാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യയ്ക്ക് നിരാശ, ഷൂട്ടിംഗില്‍ മനു ഭാക്കറിനും ഹീന സിദ്ധുവിനും ഫൈനലിനു യോഗ്യതയില്ല

ISSF ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക വനിത 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ നിരാശ. ഫൈനലിനു യോഗ്യത നേടാനാകാതെ ഇന്ത്യയുടെ ഹീ സിദ്ധുവും മനു ഭാക്കറും ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു. യോഗ്യത റൗണ്ടില്‍ യഥാക്രം പത്തും പതിനാലും സ്ഥാനങ്ങളിലാണ് മനുവും ഹീനയും എത്തി നിന്നത്.

മനു ഭാക്കര്‍ 573 പോയിന്റും ഹീന സിദ്ധു 571 പോയിന്റുമാണ് നേടിയത്.

വീണ്ടും സ്വര്‍ണ്ണവുമായി ഇന്ത്യ, ഇത്തവണ ഷൂട്ടിംഗില്‍ മനു ഭാക്കര്‍

ബ്യൂണോസ് എയ്റിസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണ നേട്ടം. യൂത്ത് ഒളിമ്പിക്സിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണ്ണം നേടി മനു ഭാക്കര്‍ ആണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണം സ്വന്തമാക്കിയത്. നേരത്തെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ജെറിമി ലാലിറിനുംഗ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. 62 കിലോ വിഭാഗത്തില്‍ സ്നാച്ചില്‍ 124 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 150 കിലോയും ഉയര്‍ത്തി 274 കിലോ ആകെ ഉയര്‍ത്തിയാണ് ജെറിമിയുടെ സ്വര്‍ണ്ണ നേട്ടം.

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ കടന്ന് മനു ഭാക്കറും രാഹി സര്‍ണോബാട്ടും. റാപിഡ് റൗണ്ടില്‍ 593 പോയിന്റുമായി മനു ഭാക്കര്‍ ആണ് ഒന്നാമതെത്തിയത്. 580 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ രാഹിയും ഫൈനലിലേക്ക് യോഗ്യത നേടി. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ അഞ്ജും മൗഡ്ഗില്‍ ഏറെ സമയം യോഗ്യതയ്ക്കരികില്‍ നിന്നുവെങ്കിലും 9ാം സ്ഥാനത്ത് മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. 1 പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു യോഗ്യത നഷ്ടമായത്. സഹ താരം ഗായത്രി 17ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Exit mobile version