“2023ൽ തന്നെ ധോണി വിരമിക്കണമായിരുന്നു” – മനോജ് തിവാരി

ഡൽഹി ക്യാപിറ്റൽസിനോട് സി‌എസ്‌കെ 25 റൺസിന് തോറ്റതിന് ശേഷം ധോണിക്ക് എതിരെ വിമർശനങ്ങൾ ഉയരുകയാണ്. റൺചേസിൽ 9.2 ഓവർ ബാറ്റ് ചെയ്തിട്ടും, 43-കാരന് 26 പന്തുകളിൽ നിന്ന് 30 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.

മുൻ കെകെആർ ബാറ്റ്‌സ്മാനും ഐപിഎൽ 2012 വിജയിയുമായ മനോജ് തിവാരി, ധോണിയെ വിമർശിച്ചു. “എല്ലാ ആദരവോടെയും പറയട്ടെ, അദ്ദേഹം 2023ൽ വിരമിക്കേണ്ടതായിരുന്നു. വർഷങ്ങളായി അദ്ദേഹം വളർത്തിയെടുത്ത പ്രഭാവലയം മങ്ങുകയാണ്. ആരാധകർ നിരാശരാണ്. തെരുവുകളിലെ അവരുടെ പ്രതികരണങ്ങൾ നോക്കൂ,” തിവാരി അഭിപ്രായപ്പെട്ടു.

“അദ്ദേഹത്തിന് 20 ഓവറുകൾ ഫീൽഡ് ചെയ്യാനും, ഡൈവ് ചെയ്യാനും, സ്റ്റമ്പുകൾക്ക് പിന്നിൽ സജീവമായിരിക്കാനും കഴിയുമെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിന് 10 ഓവറുകൾ ബാറ്റ് ചെയ്യാൻ കഴിയില്ല?” തിവാരി ചോദിച്ചു.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി രോഹിത് ശർമ്മയ്ക്ക് തിരികെ നൽകണം എന്ന് മനോജ് തിവാരി

മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമയെ തിരികെ ഏൽപ്പിക്കണം ർന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് തോൽവി ഏറ്റുവാാങ്ങിയതിന് പിന്നാലെ ആണ് തിവാരിയുടെ പ്രതികരണം.

“മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമ്മയ്ക്ക് തിരികെ നൽകണം. ഞാൻ മനസ്സിലാക്കുന്നത് മുംബൈ ഇന്ത്യൻസിൻ്റെ ഉടമകൾ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ല എന്നാണ്. രോഹിത് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയിട്ടും രോഹിതിൽ നിന്ന് നായകസ്ഥാനം എടുത്ത് ഹാർദിക് പാണ്ഡ്യയ്ക്ക് നൽകണമെന്ന് അവർ തീരുമാനിച്ചു”തിവാരി പറഞ്ഞു.

“ക്യാപ്റ്റനെ മാറ്റുന്നത് വളരെ വലിയ തീരുമാനമാണ്. ഈ സീസണിൽ അവർക്ക് ഒരു പോയിൻ്റ് പോലും നേടാനായിട്ടില്ല. ക്യാപ്റ്റൻസി എല്ലായിടത്തും പ്രധാനമാണ്, ഇത് ഭാഗ്യം മാത്രമല്ല, ക്യാപ്റ്റൻസി മികച്ചതായിരുന്നില്ല,” തിവാരി കൂട്ടിച്ചേർത്തു.

ഗംഭീറുമായി പ്രശ്നം ആയില്ലായിരുന്നു എങ്കിൽ എന്റെ ബാങ്ക് ബാലൻസ് നല്ലതായേനെ എന്ന് മനോജ് തിവാരി

ക്രിക്കറ്റിൽ നിന്ന് വിരമിച്ച മനോജ് തിവാരി വീണ്ടും വിവാദ പ്രസ്താവന നടത്തി. കഴിഞ്ഞ ദിവസം ധോണിയെ വിമർശിച്ച തിവാരി ഇന്ന് ഗംഭീറിനെതിരെയും വലിയ പരാമർശം നടത്തി. ഗംഭീറുമായുള്ള ഉടക്ക് തന്റെ കരിയറിനെ ബാധിച്ചു എന്ന് തിവാരി പറഞ്ഞു.

കെകെആറിൽ നിന്ന് അതുകൊണ്ടാണ് താൻ പുറത്തായത് എന്നും അവിടെ തുടർന്നിരുന്നു എങ്കിൽ തൻ്റെ കരിയറിൽ കൂടുതൽ പണം സമ്പാദിക്കുമായിരുന്നുവെന്നും കൊൽക്കത്തൻ മാധ്യമമായ ആനന്ദബസാർ പത്രികയോട് സംസാരിക്കവെ തിവാരി പറഞ്ഞു.

“ഞാൻ കെകെആറിൽ ഉള്ള കാലത്ത് ഡ്രസ്സിംഗ് റൂമിൽ ഗംഭീറുമായി വലിയ വഴക്ക് ഉണ്ടായിരുന്നു. അതൊന്നും പുറത്ത് വന്നില്ല. 2012ൽ KKR ചാമ്പ്യന്മാരായി. അന്ന് എനിക്ക് ഫോർ അടിക്കാൻ കഴിഞ്ഞത് കൊണ്ടാണ് ടീം വിജയിച്ചത്. ഒരു വർഷം കൂടി കെകെആറിന് കളിക്കാൻ അവസരം ലഭിച്ചു. 2013ൽ ഗംഭീറുമായി അടി ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ രണ്ടോ മൂന്നോ വർഷം കൂടി കളിക്കാമായിരുന്നു.” തിവാരി പറഞ്ഞു ‌

“അതായത് കരാര് പ്രകാരം എനിക്ക് കിട്ടേണ്ടിയിരുന്ന തുക കൂടുമായിരുന്നു. ബാങ്ക് ബാലൻസ് ശക്തിപ്പെടുത്തുമായിരുന്നു. അതൊന്നും ഉണ്ടായില്ല. അവർ തന്നെ റിലീസ് ചെയ്തു‌” മനോജ് തിവാരി ആനന്ദബസാർ പത്രികയോട് പറഞ്ഞു.

സെഞ്ച്വറി നേടിയിട്ടും എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് ധോണി പറയണം എന്ന് മനോജ് തിവാരി

ക്രിക്കറ്റിൽ നിന്ന് വിരമിച്ച മനോജ് തിവാരി തനിക്ക് എം എസ് ധോണിയോട് ഒരു ചോദ്യം ഉണ്ട് എന്ന് പറഞ്ഞു. സെഞ്ച്വറി നേടിയിട്ടും ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എംഎസ് ധോണിയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ 104* റൺസിനെ ഓർമ്മിപ്പിച്ച് സംസാസിക്കുകയായിരുന്നു തിവാരി.

“എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഈ ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തീർച്ചയായും ഈ ചോദ്യം ചോദിക്കും, സെഞ്ച്വറി നേടിയതിന് ശേഷം എന്തുകൊണ്ടാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കിയത്, വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ സുരേഷ് റെയ്‌നയോ ആരും റൺസ് സ്‌കോർ ചെയ്യാതിരുന്ന പരമ്പര ആയിരുന്നിട്ടും എന്നെ പുറത്താക്കിയത് എന്തിനാണ് എന്ന് ധോണിയോട് ചോദിക്കണം. എനിക്ക് ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ല,” മനോജ് തിവാരി പറഞ്ഞു.

“എനിക്ക് ഇന്ത്യക്കായി ടെസ്റ്റ് ക്യാപ്പ് ലഭിച്ചില്ല. ഞാൻ 65 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച് പൂർത്തിയാക്കിയപ്പോൾ എൻ്റെ ബാറ്റിംഗ് ശരാശരി 65 ആയിരുന്നു. ഓസ്‌ട്രേലിയൻ ടീം അന്ന് ഇന്ത്യയിൽ പര്യടനം നടത്തിയിരുന്നു, ഒരു സൗഹൃദ മത്സരത്തിൽ ഞാൻ 130 റൺസ് നേടിയിരുന്നു, ഇംഗ്ലണ്ടിനെതിരെ ഒരു സൗഹൃദ മത്സരത്തിൽ 93 റൺസും ഞാൻ നേടി. ഞാൻ ടീമിൽ എത്തുന്നതിൻ വളരെ അടുത്തായിരുന്നു, പക്ഷേ പകരം അവർ യുവരാജ് സിങ്ങിനെ തിരഞ്ഞെടുത്തു. അതിനാൽ ഒരു ടെസ്റ്റ് ക്യാപ്പ് ലഭിച്ചില്ല, ഞാൻ സെഞ്ച്വറി നേടിയതിന് ശേഷം എന്നെ ഏകദിനത്തിൽ നിന്ന് പുറത്താക്കി.” മനോജ് പറഞ്ഞു.

“എൻ്റെ ഹൃദയത്തിൽ പല പേരുകളുണ്ട്, പക്ഷേ പേരുകളൊന്നും എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പേരുകൾ എടുക്കുന്നത് ശരിയായ കാര്യമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.

മനോജ് തിവാരി വിരമിക്കൽ തീരുമാനം പിൻവലിച്ചു, ഒരു വർഷം കൂടെ കളിക്കും

വിരമിക്കൽ തീരുമാനത്തിൽ യു ടേൺ എടുത്ത് ബംഗാൾ ക്രിക്കറ്റർ മനോജ് തിവാരി. സോഷ്യൽ മീഡിയയിലൂടെ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിന് ശേഷമാണ് മനോജ് തിവാരി തന്റെ തീരുമാനം തിരുത്തിയത്‌. വിരമിക്കൽ ഒരു “വികാരപരമായ” തീരുമാനമായിരുന്നുവെന്നും ഒരു വർഷം കൂടെ താൻ ബംഗാളിനായി കളിക്കും എന്നും താരം പറഞ്ഞു.

ചൊവ്വാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന പത്രസമ്മേളനത്തിൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റ് സ്‌നേഹാശിഷ് ​​ഗാംഗുലിയ്‌ക്കൊപ്പം തിവാരി തന്റെ തീരുമാനം വ്യക്തമാക്കി., “ഗാംഗുലി ഒരു വർഷം കൂടി രഞ്ജി ട്രോഫിയിൽ കളിക്കാൻ എന്നെ പ്രേരിപ്പിച്ചു, ഞാൻ എന്റെ ഭാര്യയോട് സംസാരിച്ചു, അവളും തന്നോട് മടങ്ങി വരാൻ ആണ് പറഞ്ഞത്” തിവാരി പറഞ്ഞു.

“കഴിഞ്ഞ വർഷം ബംഗാൾ രഞ്ജി ട്രോഫി ഫൈനലിൽ എത്തിയപ്പോൾ ഞാനായിരുന്നു ക്യാപ്റ്റനെന്ന് അവൾ എന്നെ ഓർമ്മിപ്പിച്ചു. ഒരുപാട് ആരാധകരും എനിക്ക് കത്തെഴുതി, അതാണ് തീരുമാനം മാറ്റുന്നത്” അദ്ദേഹം പറഞ്ഞു.

ഇതുവരെ 141 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഫോർമാറ്റിൽ 10,000 റൺസിന് 92 റൺസ് മാത്രം പിറകിലാണ്. 29 സെഞ്ചുറികളും 45 അർദ്ധ സെഞ്ചുറികളും ഉൾപ്പെടെ 48.56 ശരാശരിയിൽ 9908 റൺസ് അദ്ദേഹം നേടി. അന്താരാഷ്ട്ര തലത്തിൽ, 2008 നും 2015 നും ഇടയിൽ 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മനോജ് തിവാരി

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് മനോജ് തിവാരി. 2008ൽ ഏകദിന അരങ്ങേറ്റം താരം ബ്രിസ്ബെയിനില്‍ ആണ് നടത്തിയത്. പിന്നീട് ഇന്ത്യയ്ക്കായി കളിക്കുവാന്‍ താരം മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയിൽ തന്റെ ഏക ഏകദിന ശതകം താരം നേടിയിരുന്നു.

ഇന്ത്യയ്ക്കായി 12 ഏകദിനത്തിലും 3 ടി20 മത്സരത്തിലും മനോജ് തിവാരി കളിച്ചിട്ടുണ്ട്. നിലവിൽ വെസ്റ്റ് ബംഗാളിലെ യൂത്ത് അഫേഴ്സ് ആന്‍ഡ് സ്പോര്‍ട്സിന്റെ മന്ത്രിയാണ് മനോജ് തിവാരി. ഫസ്റ്റ് ക്ലാസ് കരിയറിൽ 29 ശതകങ്ങള്‍ നേടിയ താരം ഹൈദ്രാബാദിനെതിരെ 2022ൽ തന്റെ ഉയര്‍ന്ന സ്കോറായ 303 നോട്ട് ഔട്ടും നേടിയിരുന്നു.

ഐപിഎലില്‍ 98 മത്സരങ്ങളിൽ കളിച്ച താരം 2012ൽ ചെന്നൈയ്ക്കെതിരെ ഫൈനലിലെ വിജയ റൺ നേടിയിരുന്നു. 2017ൽ താരം റൈസിംഗ് പൂനെ ജയന്റ്സിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

ബംഗാള്‍ ടീമിന്റെ ഫിറ്റ്നെസ്സ് ക്യാംപ് പ്രഖ്യാപിച്ചു, കായിക മന്ത്രി മനോജ് തിവാരിയും സംഘത്തിൽ

കായിക മന്ത്രി മനോജ് തിവാരിയെ ഉള്‍പ്പെടുത്തി ഫിറ്റ്നെസ്സ് ക്യാമ്പ് പ്രഖ്യാപിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍. 39 അംഗ സാധ്യത സംഘത്തെയാണ് ഇപ്പോള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാള്‍(CAB) പ്രഖ്യാപിച്ചിരിക്കുന്നത്.

ടീമിന്റെ നെടുംതൂണായി പല വര്‍ഷങ്ങള്‍ കളിച്ച താരമാണ് മനോജ് തിവാരി. 2020 രഞ്ജി ഫൈനലിൽ ബംഗാളിന് വേണ്ടി സൗരാഷ്ട്രയ്ക്കെതിരെ താരം കളിച്ചിരുന്നു. ബംഗാളിന് വേണ്ടി ഫിറ്റാണെങ്കിൽ താന്‍ ഇനിയും ഏതാനും മത്സരങ്ങള്‍ കളിച്ചേക്കാമെന്നും താരം വെളിപ്പെടുത്തി.

ടീമിന് വേണ്ടി കളിക്കുവാന്‍ ആഗ്രഹമുള്ള താരങ്ങളെല്ലാം ഫിറ്റ്നെസ്സ് ക്യാമ്പിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും കാബ് സെക്രട്ടറി സ്നേഹാശിഷ് ഗാംഗുലി വ്യക്തമാക്കി.

അടിസ്ഥാന വിലയ്ക്ക് കില്ലര്‍ മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, സൗരഭ് തിവാരി മുംബൈയിലേക്ക്

അടിസ്ഥാന വിലയ്ക്ക് മുന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. താരത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ മില്ലറെ ടീമിലേക്ക് എത്തിച്ചത്. സൗരഭ് തിവാരിയെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

അതേ സമയം ബംഗാള്‍ താരം മനോജ് തിവാരിയ്ക്ക് ആവശ്യക്കാരില്ലായിരുന്നു.

മനോജ് തിവാരിയ്ക്ക് പകരം അഭിമന്യൂ ഈശ്വരന്‍ ബംഗാള്‍ ക്യാപ്റ്റന്‍

പുതിയ ആഭ്യന്തര സീസണില്‍ ബംഗാളിന്റെ ക്യാപ്റ്റനായി അഭിമന്യൂ ഈശ്വരനെ നിയമിച്ചു. സീസണില്‍ മൂന്ന് ഫോര്‍മാറ്റിലും താരം തന്നെയാവും ടീമിനെ നയിക്കുക. പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റിനുള്ള 21 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോളാണ് ഈ തീരുമാനം സെലക്ടര്‍മാര്‍ കൈക്കൊണ്ടത്. സുദീപ് ചാറ്റര്‍ജ്ജിയാണ് ടീമിന്റെ ഉപ നായകന്‍. പ്രീ സീസണ്‍ ടൂര്‍ണ്ണമെന്റില്‍ റെയില്‍വേസ്, രാജസ്ഥാന്‍ എന്നീ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

മുന്‍ നായകന്‍ മനോജ് തിവാരിയും ടീമില്‍ അംഗമാണ്. നേരത്തെ സെലക്ടര്‍മാര്‍ പരിമിത ഓവര്‍ ഫോര്‍മാറ്റില്‍ മനോജ് തിവാരിയെ ക്യാപ്റ്റനായി നിയമിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകര്‍ പുറത്ത് വന്നിരുന്നുവെങ്കിലും അതുണ്ടായില്ല. വിജയ് ഹസാരെ, സയ്യദ് മുഷ്താഖ് അലി ഫോര്‍മാറ്റുകളിലാണ് ആദ്യം മനോജ് തിവാരിയെ ക്യാപ്റ്റനായി തുടരാന്‍ അനുവദിച്ചേക്കുമെന്ന് കരുതപ്പെട്ടത്.

ഇന്ത്യ എ ടീമിലെ സ്ഥിരം അംഗമായ അഭിമന്യൂ ഈശ്വരന്റെ സേവനം എത്രത്തോളം ബംഗാളിനു ഉപയോഗപ്പെടുത്താനാകും എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. മികച്ച ഫോമിലുള്ള താരം കഴിഞ്ഞ വര്‍ഷത്തെ ബംഗാളിന്റെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഞ്ച് വിക്കറ്റുമായി സന്ദീപ് വാര്യര്‍, കേരളത്തിനു ജയിക്കുവാന്‍ 41 റണ്‍സ്

രഞ്ജിയിലെ മികവ് എവേ മത്സരത്തിലും തുടര്‍ന്ന് കേരളം. ബംഗാളിനെ രണ്ടാം ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്താക്കിയാണ് കേരളം മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയത്. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്നിംഗ്സില്‍ ബംഗാളിനു 40 റണ്‍സിന്റെ ലീഡ് മാത്രമാണ് നേടാനായത്. മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ വിജയം നേടി ബോണ്‍സ് പോയിന്റ് കരസ്ഥമാക്കുക എന്നതാവും കേരളത്തിന്റെ ലക്ഷ്യം.

115/2 എന്ന നിലയില്‍ നിന്നാണ് ബംഗാള്‍ 184 റണ്‍സിനു ഓള്‍ഔട്ട് ആയത്. 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മനോജ് തിവാരിയെ സന്ദീപ് വാര്യര്‍ പുറത്താക്കിയ ശേഷം ഏറെ വൈകാതെ ബംഗാള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. സുദീപ് ചാറ്റര്‍ജി 39 റണ്‍സ് നേടി. ബേസില്‍ തമ്പി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേന, നിധീഷ് എംഡി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

33 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സന്ദീപ് ബംഗാളിന്റെ നടുവൊടിച്ചത്.

Exit mobile version