ബ്രയാൻ എംബ്യൂമോ: പ്രീമിയർ ലീഗിലെ ഒക്ടോബറിലെ മികച്ച താരം


മാഞ്ചസ്റ്റർ യുണൈറ്റഡിനായി (Man United) ബ്രയാൻ എംബ്യൂമോ ഒക്ടോബർ മാസത്തിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചു. അദ്ദേഹത്തെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തു.
ഈ കഴിഞ്ഞ വേനൽക്കാലത്ത് ബ്രെന്റ്ഫോർഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന ശേഷം, ഈ സീസണിൽ ടീമിന്റെ ഉയർത്തെഴുന്നേൽപ്പിന് കാരണമായ പ്രധാനികളിൽ ഒരാളായി എംബ്യൂമോ മാറി.

ഒക്ടോബറിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് അദ്ദേഹം മൂന്ന് ഗോളുകൾ നേടുകയും ഒരു ഗോളിന് അവസരം ഒരുക്കുകയും ചെയ്തു. ഇത് തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടാനും ലീഗ് സ്റ്റാൻഡിംഗിൽ ക്ലബ്ബിനെ മുന്നേറാനും സഹായിച്ചു.

ലിവർപൂളിനെതിരെ ആൻഫീൽഡിൽ നേടിയ വേഗത്തിലുള്ള ഗോളും ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണിനെതിരെ നേടിയ ഇരട്ട ഗോളും (brace) അദ്ദേഹത്തിന്റെ സ്കോറിംഗ് വൈദഗ്ധ്യവും കളിക്കളത്തിലെ സ്വാധീനവും പ്രകടമാക്കുന്നതായിരുന്നു.

ബ്രൈറ്റണിനെയും വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് കുതിപ്പ്, ലീഗിൽ നാലാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലിവർപൂളിനെ വീഴ്‌ത്തി എത്തിയ അവർ സമീപകാലത്ത് തങ്ങൾ നിരന്തരം തോറ്റിരുന്ന ബ്രൈറ്റണിനെയും ഇന്ന് സ്വന്തം മൈതാനത്ത് വീഴ്ത്തി. 4-2 ന്റെ ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്കും യുണൈറ്റഡ് കയറി. യുണൈറ്റഡ് ആധിപത്യത്തോടെ കണ്ട മത്സരത്തിൽ 24 മത്തെ മിനിറ്റിൽ കാസമിരോയുടെ പാസിൽ നിന്നു മാത്യസ്‌ കുഞ്ഞൃ ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ ഉഗ്രൻ ഷോട്ടിലൂടെയാണ് അവർ ഗോൾ വേട്ട തുടങ്ങിയത്. യുണൈറ്റഡിന് ആയി ബ്രസീലിയൻ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. 10 മിനിറ്റിനുള്ളിൽ കാസമിരോയുടെ ശ്രമം ബ്രൈറ്റൺ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ യുണൈറ്റഡ് മുൻതൂക്കം ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ സെസ്കോയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് ജയം ഉറപ്പിച്ചു. ഈ ഗോളിന് മുമ്പ് തങ്ങളുടെ താരത്തെ ഫൗൾ ചെയ്തു എന്ന ബ്രൈറ്റൺ വാദം റഫറി അംഗീകരിച്ചില്ല. ജയം ഉറപ്പിച്ച യുണൈറ്റഡിനെ എന്നാൽ ബ്രൈറ്റൺ വിറപ്പിക്കുന്നത് ആണ് തുടർന്ന് കണ്ടത്. 74 മത്തെ മിനിറ്റിൽ ഉഗ്രൻ ഫ്രീകിക്ക് ഗോളിലൂടെ ഡാനി വെൽബക്ക് ബ്രൈറ്റണിനു ആയി ഒരു ഗോൾ മടക്കി. 92 മത്തെ മിനിറ്റിൽ മിൽനറിന്റെ കോർണറിൽ നിന്നു ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ 18 കാരനായ ഗ്രീക്ക് താരം കോസ്റ്റോലാസ് ബ്രൈറ്റണിന്റെ രണ്ടാം ഗോൾ നേടിയതോടെ യുണൈറ്റഡ് ഞെട്ടി. എന്നാൽ ഹെവന്റെ പാസിൽ നിന്നു 96 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ എംബ്യൂമോ യുണൈറ്റഡിന് നാലാം ഗോളും തുടർച്ചയായ മൂന്നാം ജയവും സമ്മാനിച്ചു.

ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിപ്ലവം! ലിവർപൂളിന് തുടർച്ചയായ നാലാം തോൽവി

ആൻഫീൽഡിൽ നടന്ന ആവേശം നിറഞ്ഞ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ 2-1ന് പരാജയപ്പെടുത്തി. ലിവർപൂളിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. യുണൈറ്റഡിനായി ഹാരി മാഗ്വയർ നേടിയ ഗോൾ മത്സരത്തിന് നാടകീയത നൽകി.


മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. അമദ് ഡയലോ നൽകിയ കൃത്യമായ പാസ് മുതലെടുത്ത് ബ്രയാൻ എംബ്യൂമോ പന്ത് ലിവർപൂൾ ഗോൾകീപ്പർ മമാർദാഷ്‌വിലിയുടെ മുകളിലൂടെ വലയിലെത്തിച്ചു. 1-0ന് മുന്നിലെത്തിയ യുണൈറ്റഡ് ലിവർപൂളിനെ സമ്മർദ്ദത്തിലാക്കി.



ഒരു ഗോളിന് പിന്നിലായിരുന്ന ലിവർപൂൾ സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധം ശക്തമായിരുന്നു. പലതവണ ഗോളിന് അടുത്തെത്തി. ലിവർപൂൾ താരം കോഡി ഗക്പോയുടെ രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. ഒടുവിൽ 78-ാം മിനിറ്റിൽ ഫെഡറിക്കോ കിയേസ നൽകിയ മികച്ച പാസിൽ ഗക്പോയ്ക്ക് പിഴച്ചില്ല. സിക്സ് യാർഡ് ബോക്സിനുള്ളിൽ നിന്ന് അനായാസം പന്ത് വലയിലെത്തിച്ച് ഗക്പോ സ്കോർ 1-1ന് സമനിലയിലാക്കി.


എന്നാൽ, ആറ് മിനിറ്റിനുള്ളിൽ നാടകീയമായി യുണൈറ്റഡ് വീണ്ടും മുന്നിലെത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണറിൽ നിന്ന് ശക്തമായ ഒരു ഹെഡ്ഡറിലൂടെ ഹാരി മാഗ്വയർ വിജയഗോൾ നേടി.


ഇഞ്ചുറി ടൈമിൽ ലിവർപൂൾ സമനിലക്കായി ആഞ്ഞടിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉറച്ചു നിന്നു. 2016 ന് ശേഷം ആൻഫീൽഡിൽ യുണൈറ്റഡ് നേടുന്ന ആദ്യ വിജയമാണിത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 13 പോയിന്റുമായി ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയർന്നു. 15 പോയിന്റുള്ള ലിവർപൂൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

രണ്ട് വണ്ടർ കിഡുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്


സർ ജിം റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ പുനഃസംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് യുവ താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 17 വയസ്സുള്ള സെനഗൽ താരം മൗഹമ്മദ് ഡാബോ, കൊളംബിയൻ താരം ക്രിസ്റ്റ്യൻ ഒറോസ്കോ എന്നിവരുമായി യുണൈറ്റഡ് കരാർ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും അതാത് രാജ്യങ്ങളുടെ അണ്ടർ-17 ടീമിന്റെ ക്യാപ്റ്റൻമാരാണ്.


കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുണൈറ്റഡിനൊപ്പം പരിശീലനം നടത്തുന്ന ഡാബോ മധ്യനിരയിലെ തന്റെ പ്രകടനത്തിലൂടെ കോച്ചിനെ ആകർഷിച്ചു. ബാഴ്‌സലോണയും താരത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും യുണൈറ്റഡ് തന്നെയാണ് മുന്നിൽ. Bsport അക്കാദമിയിലൂടെ വളർന്നുവന്ന ഡാബോ, മികച്ച ശാരീരികക്ഷമതയും സാങ്കേതികമികവുമുള്ള ഒരു ആധുനിക മിഡ്ഫീൽഡറായാണ് കണക്കാക്കപ്പെടുന്നത്. ഡാബോയെ യുണൈറ്റഡിന്റെ അണ്ടർ-21 ടീമിലേക്കാണ് ആദ്യം പരിഗണിക്കുന്നത്.


കൊളംബിയൻ യുവതാരം ക്രിസ്റ്റ്യൻ ഒറോസ്കോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായിട്ടാണ് വിവരം. അടുത്ത വേനൽക്കാലത്ത് 18 വയസ്സ് തികയുമ്പോൾ ഒറോസ്കോ ടീമിനൊപ്പം ചേരും. നിലവിൽ ഫോർട്ടലേസയുടെ താരമായ ഈ സെൻട്രൽ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും ഒറോസ്കോ ഓൾഡ് ട്രാഫോർഡ് തിരഞ്ഞെടുക്കുകയായിരുന്നു.


2 ചുവപ്പ് കാർഡുകൾ! പൊരുതി കളിച്ച് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ വീഴ്ത്തി


ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെ 2-1ന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ വിജയം സ്വന്തമാക്കി. രണ്ട് ചുവപ്പ് കാർഡുകളും തകർപ്പൻ പ്രകടനങ്ങളും കണ്ട ഈ മത്സരം ആവേശത്തിന്റെ മുൾമുനയിലായിരുന്നു. പത്ത് പേരുമായി കളിച്ചിട്ടും യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ വിജയം പിടിച്ചെടുത്തു.



മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ബ്രയാൻ എംബ്യൂമോയെ ബോക്സിന് പുറത്ത് വെച്ച് ഫൗൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. തുടർന്ന് ചെൽസി ഒരു അറ്റാക്കറെ പിൻവലിച്ച് പകരക്കാരനായി ജോർഗെൻസനെ കളത്തിലിറക്കി.
ഒരു താരത്തിന്റെ ആനുകൂല്യം ലഭിച്ച യുണൈറ്റഡ് ആക്രമിച്ചു കളിച്ചു. 14-ാം മിനിറ്റിൽ മാസ്‌റോയിയുടെ ക്രോസിൽ നിന്ന് ഡോർഗു നൽകിയ പാസ് നായകൻ ബ്രൂണോ ഫെർണാണ്ടസ് ഗോളാക്കി മാറ്റി. യുണൈറ്റഡിനായി ഫെർണാണ്ടസിന്റെ 100-ാം ഗോൾ നേട്ടം കൂടിയായിരുന്നു ഇത്.


37-ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തി. ഒരു കോർണർ കിക്കിന് ശേഷം മാഗ്വെയറിന്റെ ഹെഡറിൽ നിന്ന് കാസെമിറോ ഗോൾ നേടി. 2-0 എന്ന നിലയിൽ യുണൈറ്റഡ് മുന്നിലെത്തി.
എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കാസെമിറോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. സാന്റോസിനെ ഫൗൾ ചെയ്തതിനാണ് താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചത്. ഇതോടെ ഇരു ടീമുകളും 10 പേരുമായി രണ്ടാം പകുതിയിൽ കളിച്ചു.



രണ്ട് ടീമും 10 പേരായി കളിക്കാൻ തുടങ്ങിയതോടെ ചെൽസി തിരിച്ചുവരവിന് ശ്രമിച്ചു. എന്നാൽ ഡി ലിഗ്റ്റും മാഗ്വെയറും നയിച്ച യുണൈറ്റഡ് പ്രതിരോധം ശക്തമായി നിന്നു. 63-ാം മിനിറ്റിൽ ഫോഫാന ചെൽസിക്കായി ഒരു ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
80-ാം മിനിറ്റിൽ ചെൽസിക്ക് ഗോൾ ലഭിച്ചു. ജെയിംസ് നൽകിയ മികച്ച ക്രോസ് ട്രെവോ ചാലോബ ഹെഡറിലൂടെ ഗോളാക്കി മാറ്റി. ഇതോടെ മത്സരം 2-1 എന്ന നിലയിലായി. സമനില ഗോളിനായി ചെൽസി പൊരുതിയെങ്കിലും യുണൈറ്റഡ് പ്രതിരോധം ശക്തമായി നിന്നു. എട്ട് മിനിറ്റ് അധിക സമയവും പ്രതിരോധിച്ച് യുണൈറ്റഡ് വിജയം സ്വന്തമാക്കി. യുണൈറ്റഡിനെ ഈ ജയം 9ആം പൊസിഷനിലേക്ക് ഉയർത്തി.

കളത്തിൽ പ്രതിസന്ധി എങ്കിലും കണക്കിൽ റെക്കോർഡ് വരുമാനം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്


കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ്, കായികരംഗത്തെ മോശം പ്രകടനങ്ങൾക്കിടയിലും റെക്കോർഡ് വരുമാനം നേടി. 2025 ജൂൺ മാസത്തോടെ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ക്ലബ്ബിന് 666.5 മില്യൺ പൗണ്ടിന്റെ വരുമാനം ലഭിച്ചു. സ്‌നാപ്ഡ്രാഗനുമായി ഒപ്പുവെച്ച അഞ്ച് വർഷത്തെ പുതിയ ഷർട്ട് സ്പോൺസർഷിപ്പ് കരാറാണ് വരുമാനം വർദ്ധിപ്പിക്കാൻ പ്രധാനമായും സഹായിച്ചത്.


കഴിഞ്ഞ വർഷത്തെ 113.2 മില്യൺ പൗണ്ടിന്റെ നഷ്ടത്തിൽ നിന്ന് ഈ വർഷം 33 മില്യൺ പൗണ്ടായി കുറച്ചതും ശ്രദ്ധേയമാണ്. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച ക്ലബ്ബിന് ശക്തമായ അടിത്തറയുണ്ടെന്ന് ഒരിക്കൽ കൂടെ വ്യക്തമാവുകയാണ്.


പ്രധാന വിവരങ്ങൾ:

  • റെക്കോർഡ് വരുമാനം: 2024-25 സാമ്പത്തിക വർഷത്തിൽ 666.5 മില്യൺ പൗണ്ട്.
  • വാണിജ്യ വരുമാനം: പുതിയ സ്പോൺസർഷിപ്പ് കരാറുകളിലൂടെ 333.3 മില്യൺ പൗണ്ട്.
  • മാച്ച്‌ഡേ വരുമാനം: ഹോം മത്സരങ്ങൾ കൂടിയതുകൊണ്ടും ഹോസ്പിറ്റാലിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തിയതുകൊണ്ടും 160.3 മില്യൺ പൗണ്ട് വരുമാനം.
  • സാമ്പത്തിക നഷ്ടം: കഴിഞ്ഞ വർഷത്തെ 113.2 മില്യൺ പൗണ്ടിൽ നിന്ന് 33 മില്യൺ പൗണ്ടായി കുറഞ്ഞു.
  • ഭാവി: യൂറോപ്യൻ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല എങ്കിലും അടുത്ത സാമ്പത്തിക വർഷത്തിൽ 640-660 മില്യൺ പൗണ്ട് വരുമാനം പ്രതീക്ഷിക്കുന്നു.

ജീവനക്കാരുടെ എണ്ണം കുറച്ചും ശമ്പളം വെട്ടിക്കുറച്ചുമാണ് ക്ലബ് സാമ്പത്തിക ഭദ്രത ഉറപ്പാക്കിയത്.

തന്റെ ഫിലോസഫി മാറ്റില്ല, വേണമെങ്കിൽ എന്നെ മാറ്റാം – അമോറിം


2025-26 സീസണിലെ മോശം തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത പ്രതിസന്ധി നേരിടുമ്പോൾ, തന്റെ നിലപാടുകൾ ശക്തമാക്കി പരിശീലകൻ റൂബൻ അമോറിം. മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഡെർബിയിൽ 3-0ന് ദയനീയമായി പരാജയപ്പെട്ട ശേഷവും തന്റെ ഫുട്ബോൾ ശൈലി മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഞാൻ എനിക്ക് സാധിക്കുന്നതെല്ലാം ചെയ്യും. ഇതാണ് ആരാധകരോടുള്ള എന്റെ സന്ദേശം. അവരെക്കാൾ കൂടുതൽ വേദനിക്കുന്നത് ഞാനാണ്. എന്റെ ഫിലോസഫി ഞാൻ മാറ്റില്ല. INEOS (ക്ലബ്ബ് ഉടമകൾ) അത് മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവർക്ക് പരിശീലകനെ മാറ്റേണ്ടി വരും.” അമോറിം ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഞാൻ മാറില്ല. എന്റെ ഫിലോസഫി മാറ്റണമെന്ന് എനിക്ക് തോന്നുന്ന ദിവസം, ഞാൻ അത് ചെയ്യും – അല്ലെങ്കിൽ, നിങ്ങൾക്ക് പരിശീലകനെ മാറ്റേണ്ടി വരും.”
കഴിഞ്ഞ 33 വർഷത്തിനിടയിലെ യുണൈറ്റഡിന്റെ ഏറ്റവും മോശം ലീഗ് തുടക്കമാണിത്. നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്.

മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞ് സിറ്റി!


പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി അവരുടെ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് തകർത്തത്. ഫിൽ ഫോഡൻ, എർലിങ് ഹാലൻഡ് എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലൻഡ് ഇരട്ട ഗോളുകളോടെ തിളങ്ങി.


മത്സരത്തിന്റെ തുടക്കം മുതൽ സിറ്റിയുടെ ആക്രമണമായിരുന്നു. ജെറമി ഡോകുവിന്റെ മികച്ച മുന്നേറ്റങ്ങളാണ് സിറ്റിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 18-ാം മിനിറ്റിൽ ഡോകുവിന്റെ കൃത്യമായ പാസിൽ നിന്ന് ഫിൽ ഫോഡൻ ഹെഡ്ഡറിലൂടെ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എർലിങ് ഹാലൻഡ് തന്റെ 150-ാം സിറ്റി മത്സരത്തിൽ ഗോൾ നേടി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡോകു ആയിരുന്നു.

പിന്നീട് 68-ാം മിനിറ്റിൽ ബെർണാഡോ സിൽവ നൽകിയ മനോഹരമായ പാസിൽ നിന്ന് ഹാലൻഡ് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വിജയം ഉറപ്പിച്ചു.

യുണൈറ്റഡിന്റെ ചില മുന്നേറ്റങ്ങൾ സിറ്റി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ്മ രക്ഷപ്പെടുത്തി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. സിറ്റി ഈ ജയത്തോടെ ടേബിളിൽ യുണൈറ്റഡിന് മറികടന്ന് മുന്നേറി.

മാഞ്ചസ്റ്ററിൽ ഇന്ന് ഡർബി!! ആര് വീഴും!?


മാഞ്ചസ്റ്റർ ഡെർബിയുടെ 197-ാമത്തെ പോരാട്ടത്തിന് ഇന്ന് എത്തിഹാദ് സ്റ്റേഡിയം വേദിയാകും. ഇന്ത്യൻ സമയം രാത്രി 9:00ന് (ബ്രിട്ടീഷ് സമയം വൈകുന്നേരം 4:30) ആരംഭിക്കുന്ന ഈ മത്സരം പ്രീമിയർ ലീഗ് സീസണിലെ തിരച്ചടികൾ മറികടക്കാൻ ഇരു ടീമുകൾക്കും നിർണായകമാണ്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പോയിന്റ് മാത്രം മുന്നിൽ 11-ാം സ്ഥാനത്തുണ്ട്.


പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, എഡേഴ്സൺ ക്ലബ് വിട്ടതിന് ശേഷം പുതിയ ഗോൾകീപ്പർ ജിയാൻലൂയിജി ഡൊണ്ണറുമ്മയെ ഇന്ന് ഇറക്കും. എർലിംഗ് ഹാളണ്ടിനെപ്പോലുള്ള ആക്രമണനിരയിലെ പ്രഗത്ഭർ സിറ്റിക്കുണ്ടെങ്കിലും, ഒമർ മർമൂഷിനെപ്പോലുള്ള പ്രധാന താരങ്ങളുടെ പരിക്ക് ടീമിന് വെല്ലുവിളിയാണ്.

അതേസമയം, റൂബൻ അമോറിം പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനമാണ് ഈ സീസണിലും ഇതുവരെ കാഴ്ചവെച്ചത്. ലീഗ് കപ്പിൽ താഴ്ന്ന ഡിവിഷൻ ടീമിനോട് പരാജയപ്പെട്ട അവർക്ക് ബേൺലിക്കെതിരായ അവസാന നിമിഷത്തിലെ വിജയമാണ് ആത്മവിശ്വാസം നൽകുന്നത്. കഴിഞ്ഞ സീസണിൽ എതിഹാദിൽ 2-1ന് നേടിയ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ പ്രചോദനമാകും. കുഞ്ഞ്യ, മൗണ്ട്, ഡാലോട്ട് എന്നിവർ അവർക്ക് ഒപ്പം ഇന്ന് ഉണ്ടാകില്ല.


ഇന്ത്യൻ ആരാധകർക്ക് രാത്രി 9:00 മുതൽ ജിയോ ഹോട്ട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് എന്നിവയിൽ മത്സരം തത്സമയം കാണാം.

മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിക്കെതിരെ ബയിന്ദിർ തന്നെ വല കാക്കും: അമോറിം


മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഞായറാഴ്ചത്തെ മാഞ്ചസ്റ്റർ ഡെർബിയിൽ തുർക്കി ഗോൾകീപ്പർ അൽതായ് ബായിന്ദിർ തന്നെ കളിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു. പുതിയ സൈനിങ്ങായ സെന്നെ ലാമെൻസിൻ്റെ വരവിനിടയിലും ബായിന്ദിറിനെ വിശ്വസിക്കാൻ ആണ് അമോറിമിന്റെ തീരുമാനം.

ഈ സീസണിലെ ആദ്യ മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രം നേടിയ യുണൈറ്റഡിന് സിറ്റിക്ക് എതിരായ പോരാട്ടം നിർണായകമാണ്. ആഴ്സണലിനും ബേൺലിക്കുമെതിരെ വഴങ്ങിയ ഗോളുകളുടെ പേരിൽ പഴികേട്ട ബായിന്ദിർ, ഇംഗ്ലണ്ടുമായി പൊരുത്തപ്പെട്ടു വരുകയാണ്‌.

റോയൽ ആൻ്റ്വെർപിൽ നിന്ന് 18 മില്യൺ പൗണ്ടിന് ടീമിലെത്തിയ പുതിയ സൈനിംഗ് ലാമെൻസിനെ പതിയെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാനാണ് അമൊറിമിൻ്റെ തീരുമാനം. പുതിയ ലീഗുമായി പൊരുത്തപ്പെടുന്നതിൻ്റെ വെല്ലുവിളികൾ മനസിലാക്കുന്നുവെന്നും അമൊറിം വ്യക്തമാക്കി. മോശം പ്രകടനങ്ങളെ തുടർന്ന് മുൻ നമ്പർ വൺ ഗോൾകീപ്പറായ ആന്ദ്രെ ഒനാനയെ നേരത്തെ തന്നെ ട്രാബ്സൺസ്പോറിലേക്ക് ലോൺ അടിസ്ഥാനത്തിൽ അയച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാന ലോൺ നീക്കം പൂർത്തിയാക്കി


മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രെ ഒനാനയെ തുർക്കിഷ് ക്ലബ്ബായ ട്രബ്സോൺസ്പോർ ഒരു സീസൺ നീണ്ടുനിൽക്കുന്ന ലോണിൽ സ്വന്തമാക്കി. 2025/26 സീസണിൽ മുഴുവൻ താരം തുർക്കിയിൽ കളിക്കും. 29-കാരനായ കാമറൂൺ താരം 2023 ജൂലൈയിൽ ഇന്റർ മിലാനിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിന് ശേഷം 102 മത്സരങ്ങളിൽ ടീമിനായി കളിച്ചിട്ടുണ്ട്.


യുണൈറ്റഡിനൊപ്പം ആദ്യ സീസണിൽ എമിറേറ്റ്സ് എഫ്എ കപ്പ് നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും, മോശം പ്രകടനങ്ങൾ കാരണം ഒനാനയ്ക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു. റോയൽ ആന്റ്വെർപിൽ നിന്ന് പുതിയ ഗോൾകീപ്പറായ സെൻ ലാമൻസ് വന്നതോടെയാണ് ഒനാന പുറത്ത് പോകുന്നത്.


ഈ ലോൺ കരാറിൽ ട്രാൻസ്ഫർ ഫീസോ താരത്തെ പിന്നീട് വാങ്ങാനുള്ള വ്യവസ്ഥകളോ ഉൾപ്പെടുത്തിയിട്ടില്ല. ഈ സീസണിൽ ഒരൊറ്റ കാരബാവോ കപ്പ് മത്സരത്തിൽ മാത്രമാണ് ഒനാന കളിച്ചത്.

സഞ്ജു സാംസൺ ഒരു മാച്ച് വിന്നറാണ്, ടോപ് ഓർഡറിൽ ഉണ്ടാകണം; പിന്തുണയുമായി രവി ശാസ്ത്രി


ഏഷ്യാ കപ്പ് 2025-ന് മുന്നോടിയായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി സഞ്ജു സാംസണിന് പിന്തുണയുമായി രംഗത്ത്. ടോപ് ഓർഡറിൽ കളിക്കുമ്പോഴാണ് സഞ്ജു ഏറ്റവും അപകടകാരി എന്നും, അവിടെയാണ് അദ്ദേഹത്തിന് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കുകയെന്നും ശാസ്ത്രി പറഞ്ഞു.

“സഞ്ജു ഏറ്റവും അപകടകാരിയാവുന്നത് ടോപ് ഓർഡറിലാണ്, അവിടെയാണ് അയാൾക്ക് ടീമിനെ മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിക്കുക. ഒരു ഇന്നിംഗ്‌സിൽ മികവ് കാണിച്ചാൽ പോലും അയാൾക്ക് ടീമിന് വിജയം നേടിക്കൊടുക്കാൻ സാധിക്കും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി പറഞ്ഞു.

ശുഭ്മാൻ ഗിൽ തിരിച്ചെത്തിയതും അഭിഷേക് ശർമ്മ ഓപ്പണിംഗ് സ്ഥാനമുറപ്പിച്ചതും ഇന്ത്യൻ ഓപ്പണിംഗ് നിരയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിലാണ് ശാസ്ത്രിയുടെ ഈ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്.


ശാസ്ത്രിയുടെ ഈ അഭിപ്രായത്തിന് സഞ്ജുവിന്റെ മികച്ച റെക്കോർഡുകളുടെ പിൻബലമുണ്ട്. ഓപ്പണറായി കളിച്ച 14 ടി20 മത്സരങ്ങളിൽ നിന്ന് 182.2 സ്ട്രൈക്ക് റേറ്റിൽ 39.38 ശരാശരിയിൽ 512 റൺസാണ് സഞ്ജു നേടിയത്. കൂടാതെ, ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സഞ്ജുവിനുണ്ട്.

Exit mobile version