വനിതാ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ പി.എസ്.ജി.യെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്


ഓൾഡ് ട്രാഫോർഡിൽ നടന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, പാരീസ് സെന്റ് ജെർമെയ്‌നെ (പി.എസ്.ജി.) 2-1ന് തകർത്ത് ആവേശകരമായ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ യുണൈറ്റഡിന്റെ മൂന്നാം വിജയമാണിത്. യൂറോപ്യൻ ഫുട്ബോളിൽ യുണൈറ്റഡിന്റെ വളരുന്ന ശക്തിക്ക് അടിവരയിടുന്നതായിരുന്നു ഈ വിജയം.

14,667 ആരാധകരാണ് ചരിത്രപരമായ ഈ രാത്രിക്ക് സാക്ഷ്യം വഹിച്ചത്. ഈ സീസണിൽ യുണൈറ്റഡിന്റെ ഏറ്റവും ഉയർന്ന കാണികളുടെ എണ്ണമാണിത്. മുൻ യുണൈറ്റഡ് ഗോൾകീപ്പറും, ഇപ്പോൾ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന മേരി ഇയർപ്സിന് മുൻ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.


മെൽവിൻ മലാർഡ് ആദ്യ പകുതിക്ക് മുൻപ് ആത്മവിശ്വാസത്തോടെയുള്ള ഫിനിഷിലൂടെ യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ, ഇടവേളയ്ക്ക് തൊട്ടുമുമ്പ് പി.എസ്.ജി.യുടെ ഓൾഗ കാർമോണയുടെ മികച്ച ലോംഗ് റേഞ്ച് ഗോൾ സ്‌കോർ സമനിലയിലാക്കി. രണ്ടാം പകുതിയിൽ, അന്ന സാൻഡ്‌ബെർഗിന്റെ കൃത്യതയാർന്ന ക്രോസിൽ നിന്ന് ഫ്രിഡോലിന റോൾഫോ കൃത്യമായി ഹെഡ്ഡ് ചെയ്തതിലൂടെ യുണൈറ്റഡ് ലീഡ് തിരികെ പിടിച്ചു.

പി.എസ്.ജി. പിന്നീട് സമനിലക്ക് ആയി ശക്തമായി പോരാടുകയും രണ്ട് തവണ പോസ്റ്റിൽ പന്തടിക്കുകയും ചെയ്‌തെങ്കിലും, യുണൈറ്റഡിന്റെ പ്രതിരോധം മികച്ചുനിന്നു. തന്റെ രണ്ടാമത്തെ സീനിയർ മത്സരത്തിൽ മാത്രം കളിച്ച യുവ ഗോൾകീപ്പർ സഫിയ മിഡിൽടൺ-പട്ടേലിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ യുണൈറ്റഡിന്റെ മികച്ച തുടക്കം സ്ഥിരീകരിച്ചുകൊണ്ട് അവസാന വിസിൽ മുഴങ്ങി. ഇതോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള യുണൈറ്റഡിന്റെ പ്രതീക്ഷ വർദ്ധിച്ചു.

ബാഴ്സലോണയെ തോൽപ്പിച്ച് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി


ലിസ്ബണിൽ നടന്ന വാശിയേറിയ ഫൈനലിൽ ബാഴ്സലോണയെ 1-0ന് തോൽപ്പിച്ച് ആഴ്സണൽ വനിതകൾ അവരുടെ ചരിത്രത്തിലെ രണ്ടാം യുവേഫാ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി. പകരക്കാരിയായി ഇറങ്ങിയ സ്റ്റീന ബ്ലാക്ക്സ്റ്റെനിയസാണ് 74-ാം മിനിറ്റിൽ നിർണായക ഗോൾ നേടി ടീമിന്റെ രക്ഷകയായത്.



ബാഴ്സലോണയുടെ ബോൺമാറ്റിക്കും പിനയ്ക്കും തുടക്കത്തിൽ നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും വാൻ ഡോംസെലാർ ഉറച്ചുനിന്നത് ആഴ്സണലിന് രക്ഷയായി. ബാഴ്സലോണ ഇരുപതോളം ഷോട്ടുകൾ തൊടുത്തു എങ്കിലും അവരുടെ സൂപ്പർ അറ്റാക്കിങ് നിര ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു.

ആഴ്സണൽ ലിയോണിനെ തോൽപ്പിച്ച് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ


ആഴ്സണൽ തകർപ്പൻ പ്രകടനത്തോടെ ഒളിമ്പിക് ലിയോണിനെ അട്ടിമറിച്ച് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. ഫ്രാൻസിൽ ഞായറാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ ആഴ്സണൽ ലിയോണിനെ 4-1ന് തോൽപ്പിച്ചു. ആദ്യ പാദത്തിൽ 2-1ന് പിന്നിലായിരുന്ന അവർ 5-3 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തി.
മത്സരത്തിന്റെ തുടക്കത്തിൽ ലിയോണിന്റെ ഗോൾകീപ്പർ ക്രിസ്റ്റ്യൻ എൻഡ്‌ലറുടെ ഒരു സെൽഫ് ഗോൾ ആഴ്സണലിന് മികച്ച തുടക്കം നൽകി. ഇത് അഗ്രഗേറ്റ് സ്കോർ തുല്യമാക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്പാനിഷ് താരം മരിയോണ കാൽഡെൻ്റി ബോക്സിന് പുറത്തുനിന്ന് ഒരു മികച്ച ഗോൾ നേടി ആഴ്സണലിനെ മുന്നിലെത്തിച്ചു. ഇതോടെ അവർക്ക് 2-0 ലീഡും അഗ്രിഗേറ്റിൽ മുൻതൂക്കവും ലഭിച്ചു.


രണ്ടാം പകുതി തുടങ്ങി 27 സെക്കൻഡിനുള്ളിൽ അലെസിയ റൂസോ ഗോൾ നേടിയതോടെ ആഴ്സണൽ തങ്ങളുടെ ആധിപത്യം വർദ്ധിപ്പിച്ചു. പ്രതിരോധത്തിലെ ഒരു പിഴവ് മുതലെടുത്ത് കെയ്റ്റ്‌ലിൻ ഫോർഡ് ഗണ്ണേഴ്സിനായി നാലാം ഗോളും നേടി. ആദ്യ പാദത്തിൽ ലിയോണിന് വിജയ ഗോൾ നേടിയ മെൽചി ഡുമോർനയ് ഒരു ഗോൾ മടക്കിയെങ്കിലും അത് ഫ്രഞ്ച് ടീമിന് ആശ്വാസം മാത്രമായി.


ഇംഗ്ലീഷ് വനിതാ സൂപ്പർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ആഴ്സണൽ മെയ് 24ന് ലിസ്ബണിൽ നടക്കുന്ന ഫൈനലിൽ ബാഴ്സലോണയെ നേരിടും. ബാഴ്സലോണ നേരത്തെ രണ്ടാം പാദത്തിൽ ചെൽസിയെ 4-1ന് തോൽപ്പിച്ച് 8-2 എന്ന അഗ്രഗേറ്റ് സ്കോറോടെ ഫൈനലിൽ എത്തിയിരുന്നു.
2007ന് ശേഷം ഇതാദ്യമായാണ് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. അന്ന് യുവേഫ വനിതാ കപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെന്റിൽ അവർ കിരീടം നേടിയിരുന്നു.

വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ആഴ്‌സണൽ സെമി ഫൈനലിൽ

ആദ്യ പാദത്തിലെ 2-0 ന്റെ പരാജയം മറികടന്ന് ആഴ്സണൽ വനിതാ ചാമ്പ്യൻസ് ലീഗിൽ ഒരു ഗംഭീര തിരിച്ചുവരവ് നടത്തി, റയൽ മാഡ്രിഡിനെ 3-0 ന് പരാജയപ്പെടുത്തി, അവർ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. അലെസിയ റൂസോ ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു, മരിയോണ കാൽഡെന്റിയും എമിറേറ്റ്‌സിൽ ഗോൾ കണ്ടെത്തി.

രണ്ടാം പകുതി ആരംഭിച്ച് സെക്കന്റുകൾക്ക് അകം ക്ലോ കെല്ലിയുടെ ക്രോസ് ഫിനിഷ് ചെയ്തുകൊണ്ട് റൂസോയുടെ ആദ്യ ഗോൾ വന്നു. മിനിറ്റുകൾക്കുള്ളിൽ കാൽഡെന്റേ ഒരു ഹെഡ്ഡറിലൂടെ ലീഡ് ഇരട്ടിയാക്കി. എട്ട് തവണ ചാമ്പ്യന്മാരായ ലിയോണിനെ ആണ് ഇനി ഗണ്ണേഴ്‌സ് സെമിഫൈനലിൽ നേരിടുക.

അതേസമയം, ലിയോൺ ബയേൺ മ്യൂണിക്കിനെ 4-1ന് (അഗ്രഗേറ്റ് 6-1) തകർത്ത് അവരുടെ കിരീട പ്രതിരോധം തുടരുകയാണ്.

റെക്കോർഡ് കാണികൾക്ക് മുന്നിൽ 119 മത്തെ മിനിറ്റിൽ ആഴ്‌സണൽ കണ്ണീർ! വോൾവ്സ്ബർഗ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

വനിത ചാമ്പ്യൻസ് ലീഗിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നു സെമിഫൈനൽ രണ്ടാം പാദത്തിൽ കാഴ്ച വച്ചു ആഴ്‌സണൽ, വോൾവ്സ്ബർഗ് വനിതകൾ. ആദ്യ പാദത്തിൽ ഇരു ടീമുകളും 2 ഗോൾ വീതം സമനില പാലിച്ച മത്സരത്തിൽ രണ്ടാം പാദത്തിൽ അത്യന്തം ആവേശകരമായ മത്സരം ആണ് കാണാൻ ആയത്. നിറഞ്ഞ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ വനിത ഫുട്‌ബോളിൽ ചാമ്പ്യൻസ് ലീഗിൽ ബ്രിട്ടീഷ് റെക്കോർഡ് ആയ 60,000 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ എക്സ്ട്രാ സമയത്ത് 3-2 നു ആണ് ആഴ്‌സണൽ കീഴടങ്ങിയത്. അവിശ്വസനീയം ആയ വിധം 4 പ്രമുഖ താരങ്ങളെ പരിക്ക് കാരണം നഷ്ടമായ ആഴ്‌സണൽ പക്ഷെ കളത്തിൽ ജർമ്മൻ ടീമിന് ഒപ്പം പിടിച്ചു നിന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വോൾവ്സ്ബർഗ് തന്നെയാണ് ആഴ്‌സണലിന് വിലങ്ങു തടിയായത്.

ജർമ്മൻ ക്യാപ്റ്റൻ അലക്സാന്ദ്ര പോപ് പരിക്ക് മാറി ടീമിൽ എത്തിയത് വോൾവ്സ്ബർഗിന് വലിയ കരുത്ത് ആയി. ആദ്യം തന്നെ വോൾവ്സ്ബർഗിന് അനുകൂലമായി പെനാൽട്ടി ആവശ്യം ഉണ്ടായെങ്കിലും വാർ അത് അനുവദിച്ചില്ല. 11 മത്തെ മിനിറ്റിൽ സ്റ്റിന ബ്ലാക്സ്റ്റിനസിലൂടെ ആഴ്‌സണൽ ആണ് ആദ്യം മുന്നിൽ എത്തിയത്. തുടർന്ന് ഇരു ടീമുകളും നന്നായി പൊരുതി തന്നെയാണ് കളിച്ചത്. 41 മത്തെ മിനിറ്റിൽ പോപ്പിന്റെ ഹെഡർ പാസിൽ നിന്നു ഗോൾ നേടിയ ജിൽ റൂർഡ് വോൾവ്സ്ബർഗിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ഫെലിസിറ്റാസ് റൗച്ചിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ അലക്സാന്ദ്ര പോപ് ഒരിക്കൽ കൂടി തന്റെ ക്ലാസ് കാണിച്ചപ്പോൾ ആഴ്‌സണൽ മത്സരത്തിൽ പിന്നിലായി. എന്നാൽ 75 മത്തെ മിനിറ്റിൽ ലോട്ടെ വുബൻ-മോയിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ മറ്റൊരു പ്രതിരോധനിര താരം ജെൻ ബിയാറ്റി ഒരിക്കൽ കൂടി ആഴ്‌സണലിന് സമനില സമ്മാനിച്ചു.

തുടർന്ന് പകരക്കാരിയായി ഇറങ്ങിയ ലൗറ പരിക്കേറ്റു സ്ട്രക്ച്ചറിൽ മടങ്ങിയത് ആഴ്‌സണലിന് മറ്റൊരു സങ്കട കാഴ്ചയായി. പ്രമുഖ താരങ്ങൾക്ക് പരിക്കേറ്റ ആഴ്‌സണലിനെ തേടി എത്തിയ മറ്റൊരു പരിക്ക് ആയി ഇത്. തുടർന്ന് 90 മിനിറ്റിൽ സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തളർന്ന ആഴ്‌സണലിന് മേൽ ഇത്തിരി ആധിപത്യം ജർമ്മൻ ടീമിന് ആയിരുന്നു. തുടർന്ന് പെനാൽട്ടിയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ ആണ് 119 മത്തെ മിനിറ്റിൽ വിജയഗോൾ പിറന്നത്. പകരക്കാരിയായി ഇറങ്ങിയ ജൂൾ ബ്രാൻഡിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരിയായ പൗളീൻ ബ്രമർ ജർമ്മൻ ടീമിന് ആയി വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ഫൈനലിൽ ബാഴ്‌സലോണയെ ആണ് വോൾവ്സ്ബർഗ് നേരിടുക. തോറ്റെങ്കിലും നിരവധി പ്രതിസന്ധികൾക്ക് ഇടയിൽ റെക്കോർഡ് കാണികൾക്ക് മുന്നിൽ തല ഉയർത്തിയാണ് ആഴ്‌സണൽ വനിതകൾ കളം വിട്ടത്.

ആഴ്സണലിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനായുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

തിങ്കളാഴ്ച വൂൾഫ്സ്ബർഗിനെതിരായ ആഴ്സണലിന്റെ വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിനായുള്ള എമിറേറ്റ്സ് സ്റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു. ഇംഗ്ലണ്ടിലെ ഒരു വനിതാ ക്ലബ് മത്സരത്തിന്റെ റെക്കോഡ് കാണികളാകും ഇത്. 60,000-ത്തിലധികം ടിക്കറ്റുകൾ ആണ് വിറ്റുപോയത്.

എമിറേറ്റ്‌സിലെ ആഴ്‌സണലിന്റെ മുൻ റെക്കോർഡ് ഇതോടെ തകരും. ഈ സീസണിന്റെ തുടക്കത്തിൽ നോർത്ത് ലണ്ടൻ ഡാർബിയിൽ 47,367 കാണികൾ മത്സരം കാണാൻ എത്തിയിരുന്നു‌. അന്ന് വനിതാ സൂപ്പർ ലീഗിലെ മത്സരത്തിൽ ആഴ്സണൽ സ്പർസിനെ 4-0ന് തോല്പ്പിച്ചു. ജർമ്മനിയിൽ നടന്ന ആദ്യ പാദ സെമി ഫൈനൽ 2-2ന് സമനിലയിൽ പിരിഞ്ഞതിനാൽ ഇപ്പോഴും ആഴ്സണലിന് ഫൈനൽ പ്രതീക്ഷ ഉണ്ട്. 2007-ന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആണ് ആഴ്സണലിന്റെ ലക്ഷ്യം.

ചെൽസിയെ വീഴ്ത്തി തുടർച്ചയായ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ വനിതകൾ

വനിത ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം തവണയും ഫൈനലിലേക്ക് മുന്നേറി ബാഴ്‌സലോണ വനിതകൾ. ആദ്യ പാദ സെമിഫൈനലിൽ ചെൽസിയെ 1-0 നു തോൽപ്പിച്ച അവർ ഇന്ന് ക്യാമ്പ് ന്യൂവിൽ രണ്ടാം പാദത്തിൽ 1-1 ന്റെ സമനില വഴങ്ങി ആണ് ഫൈനലിലേക്ക് മുന്നേറിയത്. ബാഴ്‌സലോണ ആധിപത്യം കണ്ട മത്സരത്തിൽ എന്നാൽ ഇടക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ ചെൽസിക്ക് ആയി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 63 മത്തെ മിനിറ്റിൽ കരോളിൻ ഹാൻസനിലൂടെ ബാഴ്‌സ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ആദ്യ പാദത്തിലും ഗോൾ നേടിയ ഹാൻസൻ ബോൺമാറ്റിയുടെ പാസിൽ നിന്നാണ് ഗോൾ നേടിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഗുരോ റെയ്റ്റനിലൂടെ ചെൽസി ഗോൾ മടക്കി. എന്നാൽ തുടർന്ന് സമനില ഗോളിന് ആയുള്ള ചെൽസി ശ്രമങ്ങൾ ഫലം കണ്ടില്ല. ഫൈനലിൽ ആഴ്‌സണൽ, വോൾവ്സ്ബർഗ് മത്സര വിജയികളെ ആവും ബാഴ്‌സലോണ നേരിടുക.

വണ്ടർ ഗോളും വിജയവും, ആഴ്സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ!!

ലണ്ടൻ; എഫ്‌സി ബയേൺ മ്യൂണിക്കിനെ 2-0ന് തോൽപ്പിച്ച് ആഴ്സണൽ വനിതാ ഫുട്‌ബോൾ ക്ലബ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇംഗ്ലീഷ് ടീം ഇന്നലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഗംഭീരമായ പ്രകടനം തന്നെ കാഴ്ചവെച്ചു. അഗ്രിഗേറ്റ് സ്കോറിൽ 2-1ന് ആണ് ആഴ്സണൽ വിജയിച്ചത്.

ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയ ആഴ്സണൽ 19-ാം മിനിറ്റിൽ ഫ്രിദ മാനുമിന്റെ ഗോളിൽ മുന്നിലെത്തി. മൂന്ന് വൺ ടച്ച് പാസുകൾക്ക് ശേഷം പിറന്ന ഒരു വണ്ടർ സ്ട്രൈക്കിലൂടെ ആയിരുന്നു ഈ ഗോൾ. ഈ സീസൺ ടൂർണമെന്റിൽ പിറന്ന ഏറ്റവു മികച്ച ഗോളായിരുന്നു ഇത്. ഏഴു മിനിറ്റിനുള്ളിൽ സ്റ്റിന ബ്ലാക്‌സ്റ്റെനിയസ് ആഴ്സണൽ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. ഒരു ഹെഡറിലൂടെ ആയിരുന്നു സ്റ്റിനയുടെ ഗോൾ. 2006-2007 സീസണിൽ ആണ് അവസാനം ബയേൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

ആഴ്സണലിന്റെ ആദ്യ ഗോൾ;

മനീഷ കല്യാൺ, യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ കല്യാൺ | Exclusive

മനീഷ കല്യാൺ ചരിത്രം കുറിച്ചു

ഇന്ത്യൻ വനിതാ ഫുട്ബോളിലെ സൂപ്പർ സ്റ്റാറായി മാറിക്കൊണ്ട് ഇരിക്കുന്ന മനീഷ കല്യാൺ ഇന്ന് ചരിത്രം കുറിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മനീഷ മാറി. ഇന്ന് വനിതാ ചാമ്പ്യൻസ് ലീഗിൽ തന്റെ പുതിയ ക്ലബായ അപ്പോളോൺ ലേഡീഴ്സിനായാണ് ഇന്ന് മനീഷ ചാമ്പ്യൻസ് ലീഗ് കളിച്ചത്.

മുൻ ഗോകുലം താരം ഒരു മാസം മുമ്പ് ആയിരുന്നു സൈപ്രസിലെ ചാമ്പ്യന്മാരായ ക്ലബ് അപ്പോളോൺ ലേഡീസിൽ എത്തിയത്.

ഇന്ന് അപ്പോളോൺ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ മനീഷ്യ 40 മിനുട്ടോളം കളത്തിൽ ഉണ്ടായിരുന്നു. ഈ ജയത്തോടെ മനീഷയുടെ ക്ലബ് യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി.

മനീഷയ്ക്ക് അപ്പോളോൺ ലേഡീസിൽ രണ്ട് വർഷത്തെ കരാർ ഉണ്ട്. അവസാന മൂന്ന് സീസണുകളിലും ഗോകുലം വനിതാ ടീമിലെ പ്രധാന താരമായിരുന്നു മനീഷ കല്യാൺ. ഇരുപതുകാരിയായ താരം കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ 14 ഗോളുകൾ നേടിയിരുന്നു. ഗോകുലം കേരളയ്ക്ക് ഒപ്പം രണ്ട് ഇന്ത്യൻ വനിതാ ലീഗ് കിരീടം മനീഷ നേടിയിട്ടുണ്ട്.

എ എഫ് സി കപ്പിലും ഗോകുലത്തിനായി മനീഷ കളിച്ചു. മനീഷ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും പ്രധാന താരമായിരുന്നു. ബ്രസീലിന് എതിരെ ഉൾപ്പെടെ മനീഷ ഗോൾ അടിച്ചിട്ടുണ്ട്. മുമ്പ് സേതു എഫ് സിയിലും മനീഷ കളിച്ചിട്ടുണ്ട്.

യുവന്റസിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം ലിന ഹർട്ടിഗ് ആഴ്‌സണലിൽ | Exclusive

ഏക ഗോളിൽ ചെൽസിക്ക് ജയം

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിലെ റൗണ്ട് ഓഫ് 16 ആദ്യ പാദത്തിൽ ചെൽസിക്ക് ഏക ഗോൾ വിജയം. ഇന്നലെ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫിയൊറെന്റീനയെ ആണ് ചെൽസി തോൽപ്പിച്ചത്. ഒരു പെനാൾട്ടിയിൽ ആയിരുന്നു ചെൽസിയുടെ ഗോൾ പിറന്നത്‌. ക്യാപ്റ്റൻ കൂടിയായ കാർണി കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനോട് ഏറ്റ വലിയ പരാജയത്തിൽ നിന്ന് കരകയറാൻ ചെൽസിയെ ഈ ജയം സഹായിക്കും.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ വോൾവ്സ്ബർഗ് അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. ജർമ്മനിയിൽ വെച്ച് നടന്ന പോരിൽ വോൾവ്സ്ബർഗിനായി ഹാർദർ ഇരട്ട ഗോളുകൾ നേടി. പാജൊർ ഹാൻസൺ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

വനിതാ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ ഫിക്സ്ചറായി

വനിതാ ചാമ്പ്യൻൽസ് ലീഗിന്റെ ഈ സീസണിലെ പ്രീക്വാർട്ടർ ഫിക്സ്ചറുകൾ ആയി. ഇന്നലെ നടന്ന നറുക്കിലാണ് ഫിക്സ്ചർ തീരുമാനമായത്. നിലവിലെ ചാമ്പ്യന്മാരായ ലിയോണ് എതിരാളികളായി ലഭിച്ചിരിക്കുന്നത് ഡച്ച് ക്ലബായ അയാക്സ് ആണ്. അവസാന മൂന്ന് സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടം ലിയോണായിരുന്നു സ്വന്തമാക്കിയത്.

കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ വോൾവ്സ്ബർഗിന് അത്ലറ്റിക്കോ മാഡ്രിഡ് ആണ് എതിരാളികൾ. ഈ റൗണ്ട് ഓഫ് 16ലെ ഏറ്റവും കടുത്ത മത്സരവും ഇതു തന്നെയാണ്. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെൽസി ഫിയിറെന്റീനയെയും, ബാഴ്സലോണ ഗ്ലാസ്കോ സിറ്റിയെയും നേരിടും.

ഒക്ടോബർ 17, 18 തീയതികളിലാകും ആദ്യ പാദ മത്സരങ്ങൾ നടക്കുക.

ചാമ്പ്യൻസ് ലീഗ്, അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ സിറ്റി

വനിതാ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച തുടക്കം. റൗണ്ട് ഓഫ് 32വിൽ എവേ മത്സരത്തിന് ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ചു. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അവസാന നിമിഷം പിറന്ന ഗോളാണ് അത്ലറ്റിക്കോ മാഡ്രിഡിന് സമനില എങ്കിലും നൽകിയത്.

കളിയിൽ ആധിപത്യം അത്ലറ്റിക്കോ മാഡ്രിഡിനായിരുന്നു എങ്കിലും ആദ്യം കിട്ടിയ ഒരു കോർണറിൽ നിന്ന് ഗോൾ നേടിക്കൊണ്ട് ബോണർ സിറ്റിക്ക് ലീഡ് നൽകി. പിന്നീട് കളിയുടെ 89ആം മിനുട്ടിൽ കെന്റി റോബ്ലസ് ആണ് അത്ലറ്റിക്കോയ്ക്ക് സമനില നേടിക്കൊടുത്തത്. ഇനി അടുത്ത ആഴ്ച സിറ്റിയുടെ ഹോമിൽ വെച്ച രണ്ടാം പാദ മത്സരം നടക്കും. എവേ ഗോൾ ഒപ്പം ഉണ്ട് എന്നത് സിറ്റിക്ക് മുൻതൂക്കം നൽകുന്നു.

Exit mobile version