ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് കനത്ത പരാജയം, ദക്ഷിണാഫ്രിക്കന്‍ വിജയം 74 റണ്‍സിന്

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ നിന്ന് 291 റണ്‍സ് നേടുകയായിരുന്നു. 48/3 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുമായി ചേര്‍ന്ന് നേടിയ അഞ്ചാം വിക്കറ്റിലെ ക്ലാസ്സെന്റെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.

149 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ക്ലാസ്സെന്‍ 114 പന്തില്‍ നിന്ന് 123 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 64 റണ്‍സാണ് നേടിയത്. കൈല്‍ വെറേയന്നേയാണ് മറ്റൊരു പ്രധാന സ്കോറര്‍. 48 റണ്‍സാണ് താരം നേടിയത്. നാലാം വിക്കറ്റില്‍ ക്ലാസ്സെനുമായി 78 റണ്‍സ് കൂട്ടുകെട്ട് കൈല്‍ നേടിയിരുന്നു. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടു വിക്കറ്റാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മൂന്നാം വിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 84 റണ്‍സ് കൂട്ടുകെട്ട് അവസാനിച്ചതോടെ തകര്‍ന്നടിയുകയായിരുന്നു. ലാബൂഷാനെ 41 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 76 റണ്‍സും നേടി.

ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് 45.1 ഓവറില്‍ 217 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി മൂന്നും ആന്‍റിച്ച് നോര്‍ട്ജേ, തബ്രൈസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ല

ഗ്രേഡ് 1 ഹാംസ്ട്രിംഗ് പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റില്‍ ലുംഗിസാനി ഗിഡി കളിക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. താരം ഇതോടെ സാന്‍സി സൂപ്പര്‍ ലീഗ് ഫൈനലിലും കളിക്കില്ല. ജനുവരിയോട് കൂടി മാത്രമേ താരത്തിന്റെ ക്രിക്കറ്റിലേക്കഉള്ള തിരിച്ചുവരവ് സാധ്യമാകുകയുള്ളു. എംഎസ്എല്‍ ടി20 പ്ലേ ഓഫ് മത്സരത്തിന്റെ വാം അപ്പിന്റെ സമയത്താണ് താരത്തിന് പരിക്കേറ്റത്.

റീഹാബ് പ്രക്രിയയുമായി മുന്നോട്ട് പോയി താരത്തിനെ ജനുവരി 2020 ആവുമ്പോളേക്കും ടൈറ്റന്‍സിന് വേണ്ടി കളിക്കളത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മെഡിക്കല്‍ ഓഫീസര്‍ ഷുവൈബ് മഞ്ജ്ര പറഞ്ഞു. പരിക്ക് തുടര്‍ക്കഥയായി മാറുന്ന താരം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയതെങ്കിലും ഇതുവരെ അഞ്ച് ടെസ്റ്റില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ ശ്രീലങ്ക, ന്യൂസിലാണ്ട് പരമ്പരകളിലും താരത്തിന് പരിക്ക് വില്ലനായി.

കഴിഞ്ഞ തവണ ഐപിഎലിന് തൊട്ടുമുമ്പും താരം പരിക്കിന് പിടിയിലായിരുന്നു. ലോകകപ്പിനിടയില്‍ താരത്തിന് പരിക്കേറ്റ് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ജലജ് സക്സേനയും ശര്‍ദ്ധുല്‍ താക്കൂറും മികവ് പുലര്‍ത്തി, ഇന്ത്യയ്ക്ക് 303 റണ്‍സ്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ എട്ടാം വിക്കറ്റിന്റെ ബലത്തില്‍ 303 റണ്‍സ് നേടി ഇന്ത്യ എ. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 204/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ ജലജ് സക്സേന-ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവരുടെ 100 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ടീമിന് നേടാനായിരുന്നു. 96 പന്തില്‍ നിന്ന് 61 റണ്‍സ് നേടി ജലജ് സക്സേന പുറത്താകാതെ നിന്നപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ 34 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗിസാനി ഗിഡിയും ഡെയിന്‍ പീഡെടും മൂന്ന് വീതം വിക്കറ്റും മാര്‍ക്കോ ജാന്‍സെന്‍, ലുഥോ സിപാംല എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സൂപ്പര്‍ താരം അഫ്ഗാനിസ്ഥാനെതിരെ മടങ്ങി വരുമെന്നറിയിച്ച് ഡു പ്ലെസി

പരിക്കേറ്റ് ദക്ഷിണാഫ്രിക്കയുടെ രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്ന ലുംഗിസാനി ഗിഡി അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തില്‍ കളിക്കുമെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. താരം ഇന്ന് മത്സരത്തിനു മുമ്പ് നെറ്റ്സില്‍ പന്തെറിഞ്ഞുവെങ്കിലും ഇന്നത്തെ മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ഏറെ നിര്‍ണ്ണായകമാണെന്നും ലുംഗിസാനി ഗിഡിയുടെ സാന്നിദ്ധ്യം ബൗളിംഗിനെ കരുത്താര്‍ജ്ജിപ്പിക്കുമെന്നും പറഞ്ഞ ഫാഫ് ഈ മത്സരത്തില്‍ വിജയം നേടി ടീമിനു ആവശ്യമായ മനോവീര്യം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അറിയിച്ചു.

ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ല

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെ പേശിവലിവ് മൂലം പരിക്കേറ്റ ലുംഗിസാനി ഗിഡി ഇന്ത്യയ്ക്കെതിരെ കളിയ്ക്കില്ലെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്ക. കുറഞ്ഞത് പത്ത് ദിവസമെങ്കിലും താരം കളത്തിനു പുറത്ത് നില്‍ക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

നേരത്തെ 23 വയസ്സുകാരന്‍ താരം കാല്‍മുട്ടിന്റെ പരിക്ക് മൂലം ഐപിഎലില്‍ കളിച്ചിരുന്നില്ല. ജൂണ്‍ 5നു ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ജൂണ്‍ 10നു വിന്‍ഡീസിനെതിരെയുള്ള മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് താരത്തിന്റെ സേവനം ലഭ്യമാകുമോ എന്നത് കാത്തിരുന്ന് അറിയേണ്ട കാര്യമാണ്.

താരത്തിന്റെ പരിക്ക് എത്ര ഗുരുതരമെന്ന് അറിയില്ലെന്ന് നായകന്‍, ഇന്ത്യയ്ക്കെതിരെ കളിയ്ക്കുന്നത് പരിശോധനയ്ക്ക് ശേഷം നിശ്ചയിക്കുമെന്നും ഫാഫ് ഡു പ്ലെസി

ലുംഗിസാനി ഗിഡിയുടെ പരിക്ക് എത്ര ഗുരുതരമാണെന്ന് തനിക്ക് അറിയില്ലെന്നും താരം ബംഗ്ലാദേശിനെതിരെ പേശിവലിവ് മൂലം ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങിയത് ടീമിന്റെ ബൗളിംഗ് പദ്ധതികളെ ബാധിച്ചുവെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുന്ന കാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. പൊതുവേ ഇത്തരം പരിക്ക് വന്നാല്‍ രണ്ടോ മൂന്നോ ദിവസമോ അല്ലേല്‍ ഒരാഴ്ചയോ വിശ്രമമാണ് വിധിയ്ക്കുക.

കുറഞ്ഞത് മൂന്ന് ദിവസം വേണമെങ്കില്‍ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ ലുംഗിസാനി ഗിഡി കളിയ്ക്കുകയില്ലെന്ന് വേണം ഇപ്പോളത്തെ സ്ഥിതിയില്‍ വിലയിരുത്തുവാന്‍. ഡെയില്‍ സ്റ്റെയിന്‍ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്ന് റീഹാബ് പ്രക്രിയയിലൂടെ കടന്ന് പോകുന്ന താരം പൂര്‍ണ്ണ ഫിറ്റാകാത്തതായിരുന്നു കാരണം. ആദ്യ മത്സരത്തില്‍ തലയ്ക്ക് പന്ത് കൊണ്ട ഹഷിം അംലയും രണ്ടാമത്തെ മത്സരത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരെ താരം കളിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ലുംഗിസാനി ഗിഡിയുടെ പരിക്ക് താളം തെറ്റിച്ചു

തങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ ഒന്നും ശരിയാകാതെ പോയൊരു ദിനമായിരുന്നു ബംഗ്ലാദേശിനെതിരെയുള്ള മത്സരമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ലുംഗിസാനി ഗിഡിയുടെ പരിക്ക് ടീമിന്റെ താളം തെറ്റിച്ചു. അത് തങ്ങളുടെ ബൗളിംഗ് പ്ലാനിനെ പാടെ മാറ്റി മറിച്ചുവെന്നും ഫാഫ് ഡു പ്ലെസി അഭിപ്രായപ്പെട്ടു. 330 വലിയ സ്കോറായിരുന്നുവെന്നും ടീമില്‍ ഒരുവിധം എല്ലാവരും ഒരു പരിധി വരെ റണ്‍സ് കണ്ടെത്തിയെങ്കിലും അത് പര്യാപ്തമല്ലായിരുന്നവെന്നത് മത്സരഫലം സൂചിപ്പിക്കുന്നുവെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ഗ്രൗണ്ട്സ്മാനോട് സംസാരിച്ചപ്പോള്‍ പിച്ചില്‍ പേസും ബൗണ്‍സും ഉണ്ടാകുമെന്ന് കരുതിയെന്നും അതാണ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ കാരണമെന്നും ഫാഫ് ഡു പ്ലെസി സൂചിപ്പിച്ചു. ഏഷ്യന്‍ ടീമുകള്‍ റണ്‍സ് നേടിക്കഴിഞ്ഞാല്‍ അവരുടെ സ്പിന്‍ ബൗളിംഗ് കരുത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ മിടുക്കന്മാരാണെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

ഗിഡിയുടെ അഭാവത്തിലും ഇത്രയധികം റണ്‍സ് വഴങ്ങുന്നത് ശരിയല്ലെന്ന് പറഞ്ഞ ഫാഫ് ഡു പ്ലെസി അവസാന അഞ്ചോവറില്‍ തന്റെ ടീം വളരെ മോശമായിരുന്നുവെന്നതാണ് സ്കോര്‍ ബോര്‍ഡ് കാണുമ്പോള്‍ മനസ്സിലാവുന്നതെന്നും പറഞ്ഞു. 45 ഓവര്‍ വരെ മത്സരം എത്തുമ്പോള്‍ തങ്ങള്‍ വിക്കറ്റുകള്‍ നേടി തിരിച്ചുവരവ് നടത്തിയെന്നും ഷാക്കിബ്-മുഷ്ഫിക്കുര്‍ എന്നീ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കി മേല്‍ക്കൈ നേടിയതാണെങ്കിലും അവസാന അഞ്ചോവറില്‍ കളി ടീം കൈവിട്ടുവെന്നും ഫാഫ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് പുതിയ തലവേദന സൃഷ്ടിച്ച് ലുംഗിസാനി ഗിഡിയുടെ പരിക്ക്

ബംഗ്ലാദേശിനെതിരെ തന്റെ പത്തോവര്‍ ക്വോട്ട പൂര്‍ത്തിയാക്കാതെ മടങ്ങി ലുംഗിസാനി ഗിഡി. 4 ഓവര്‍ മാത്രം എറിഞ്ഞ താരം പേശിവലിവ് കാരണം പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് താരം മത്സരത്തില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കുവാന്‍ മടങ്ങിയെത്തിയതുമില്ല. ഡെയില്‍ സ്റ്റെയിന്‍ പരിക്കിന്റെ പിടിയിലായതിനെത്തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചിരുന്നില്ല.

ഇന്ത്യയ്ക്കെതിരെയുള്ള അടുത്ത മത്സരത്തില്‍ ലുംഗിസാനി ഗിഡിയുടെ സേവനം ഇല്ലെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അധികം ആശ്രയിക്കേണ്ടി വരിക കാഗിസോ റബാഡയെ മാത്രമായി മാറും. തന്റെ നാലോവറില്‍ നിന്ന് ഇന്ന് ഗിഡിയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

വൈവിധ്യമാര്‍മന്ന ബൗളിംഗ് നിര ദക്ഷിണാഫ്രിക്കയുടെ ശക്തി

വൈവിധ്യമാര്‍ന്ന ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തിയെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുംഗിസാനി ഗിഡി. ടീമിലെ യുവനിരയോടൊപ്പം സ്റ്റെയിന്‍, താഹിര്‍ എന്ന അനുഭവസമ്പത്തുള്ള താരങ്ങളും കൂടുമ്പോള്‍ ദക്ഷിണാഫ്രിക്ക വന്‍ ബൗളിംഗ് യൂണിറ്റായി മാറുമെന്ന് ഗിഡി പറഞ്ഞു. ഏത് സാഹചര്യത്തിലും അനുയോജ്യമായ രീതിയില്‍ പന്തെറിയുവാനുള്ള താരങ്ങളാണ് ടീമിലുള്ളത്.

കോച്ച് ഓട്ടിസ് ഗിബ്സണ്‍ തങ്ങളോട് ഏത് സാഹചര്യത്തിലും ഏത് ഘട്ടത്തിലും പന്തെറിയുവാന്‍ തയ്യാറാവണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഏത് ഘട്ടത്തിലും വിക്കറ്റെടുക്കുക എന്നത് തന്നെയാണ് ബൗളര്‍മാരുടെ ലക്ഷ്യം. ഓരോ ദിവസവും എങ്ങനെ പന്തെറിയുന്നു എന്നതാണ് സാഹചര്യങ്ങളെക്കാള്‍ പ്രധാനമെന്നും ഗിഡി പറഞ്ഞു.

മുഴുവന്‍ ശക്തിയോടെയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ കഴിയും

പരിക്ക് മാറി മുഴുവന്‍ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ പറ്റുന്ന തരത്തിലുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ 5-1ന്റെ വിജയം ടീമിനു നേടുവാന്‍ സാധിച്ചുവെങ്കിലും അന്ന് പല താരങ്ങളും കളിയ്ക്കുവാനില്ലായിരുന്നുവെന്നതാണ് തോല്‍വിയുടെ കാരണമായി ഗിഡി പറയുന്നത്.

ഇന്ത്യ മികച്ച ടീം തന്നെയാണ് എന്നാല്‍ ടീം ദക്ഷിണാഫ്രിക്കയില്‍ മികവ് പുലര്‍ത്തിയപ്പോള്‍ ഞങ്ങളുടെ പല പ്രധാന താരങ്ങളുമുണ്ടായിരുന്നില്ല. അത് വലിയരു ഘടകമായിരുന്നു. ഈ താരങ്ങളെല്ലാം തിരികെ എത്തുമ്പോള്‍ ടീമുകള്‍ ഒപ്പത്തിനപ്പമായിരിക്കുമെന്നും ഗിഡി പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തുകയാണ് ഏറ്റവും വലിയ കാര്യമെന്നും ലുംഗിസാനി ഗിഡി കൂട്ടിചേര്‍ത്തു.

സ്റ്റെയിനും താഹിറും ലോകകപ്പിലേക്ക്, ദക്ഷിണാഫ്രിക്കയുടെ ടീം ആയി, പരിക്ക് മൂലം കളത്തിനു പുറത്ത് നില്‍ക്കുന്ന താരങ്ങള്‍ വരെ ടീമില്‍

പരിക്കേറ്റ് ആന്‍റിച്ച് നോര്‍ട്ജേയെയും ലുംഗ്സിനായി ഗിഡിയും സീനിയര്‍ താരം ഡെയില്‍ സ്റ്റെയിനിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം. 15 അംഗ സ്ക്വാഡിനെ ഫാഫ് ഡു പ്ലെസി നയിക്കുമ്പോള്‍ ഫോമിലില്ലാത്ത ഹാഷിം അംലയില്‍ ബോര്‍ഡ് വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. പരിക്കേറ്റത് മൂലം ഐപിഎല്‍ നഷ്ടപ്പെട്ട ആന്‍റിച്ച് നോര്‍ട്ജേയെ ലുംഗിസാനി ഗിഡിയെയും ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയത് താരങ്ങളുടെ പരിക്ക് ഉടന്‍ ഭേദമായി കളത്തിലേക്ക് ഇരുവരും എത്തുമെന്ന പ്രതീക്ഷയിലാണ്.

ഇമ്രാന്‍ താഹിറും ജെപി ഡുമിനിയും ലോകകപ്പ് ടീമില്‍ ഇടം നേടി. ലോകകപ്പിനു ശേഷം ഏകദിനത്തിലെ വിരമിക്കില്‍ താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 30നു ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.

സ്ക്വാ‍ഡ്: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസന്‍, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഇമ്രാന്‍ താഹിര്‍, കാഗിസോ റബാഡ, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്‍റിച്ച് നോര്‍ട്ജേ, ലുംഗിസാനി ഗിഡി, തബ്രൈസ് ഷംസി.

പരിക്ക്, ചെന്നൈയുടെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിനു ഐപിഎല്‍ നഷ്ടമാകും

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ഐപിഎല്‍ നഷ്ടമാകും. ശ്രീലങ്കയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെ പരിക്കേറ്റ താരം കുറഞ്ഞത് നാലാഴ്ചയെങ്കിലും വിശ്രമമെടുത്താല് മാത്രമേ ലോകകപ്പിനു തയ്യാറാകുയുള്ളുവെന്നതിനാല്‍ ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് താരം വിട്ട് നില്‍ക്കുമെന്ന് ഉറപ്പായി. ഗ്രേഡ് II മസില്‍ സ്ട്രെയിന്‍ ആണ് പരിശോധനയില്‍ കണ്ടെത്തിയതെന്നും നാല് ആഴ്ച റീഹാബിനു താരം വിധേയനാകുമെന്നുമാണ് ദക്ഷിണാഫ്രിക്കയുടെ ടീം മാനേജര്‍ മുഹമ്മദ് മൂസാജീ പറഞ്ഞത്.

കഴിഞ്ഞ സീസണില്‍ ലേലത്തിലാണ് താരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് നേടി താരം നിര്‍ണ്ണായക സ്വാധീനമായി മാറിയിരുന്നു. ഇത്തവണ ടീമിന്റെ മുന്‍ നിര പേസറായി താരം മാറുമെന്നാണ് കരുതിയിരുന്നത്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിയാണ് ടീമിലെ മറ്റൊരു വിദേശ സീമര്‍. ഇന്ത്യന്‍ താരങ്ങളില്‍ ശര്‍ദ്ധുല്‍ താക്കൂര്‍, മോഹിത് ശര്‍മ്മ, ദീപക് ചഹാര്‍, കെഎം ആസിഫ് എന്നിവരാണ് പേസ് ബൗളിംഗ് ഡിപ്പാര്‍ട്മെന്റിലുള്ളത്.

Exit mobile version