കരിയറിലെ തൊണ്ണൂറാം ജയവും ആയി ലൂയിസ് ഹാമിൾട്ടൻ

ഫോർമുല വൺ സീസണിൽ ആദ്യമായി കാണികളെ ഭാഗികമായി പ്രവേശിപ്പിച്ചു നടത്തിയ ടുസ്കാൻ ഗ്രാന്റ് പ്രീയിൽ ജയവുമായി ബ്രിട്ടീഷ് മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. നിരവധി നാടകീയ രംഗങ്ങൾക്ക് ആണ് റേസ് സാക്ഷിയായത്. കാറുകൾ തമ്മിൽ വലിയ കൂട്ടിയിടി കണ്ട റേസിൽ റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പൻ അടക്കം എട്ടു കാറുകൾക്ക് റേസ് പൂർത്തിയാക്കാൻ ആയില്ല. 2 പ്രാവശ്യം ചുവന്ന കോടി വീശിയതിനാൽ നിർത്തി വെക്കേണ്ടി വന്ന റേസ് മൂന്നു പ്രാവശ്യം ആണ് പുനരാരംഭിക്കേണ്ടി വന്നത്. എന്നാൽ ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ആയിരുന്നു ഹാമിൾട്ടൻ ജയം കണ്ടത്. കരിയറിൽ 95 മത്തെ പ്രാവശ്യം പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ ഏതാണ്ട് എല്ലാ സമയത്തും മുന്നിട്ട് നിന്നാണ് കരിയറിലെ 90 മത്തെ ഗ്രാന്റ് പ്രീ ജയം കണ്ടത്.

മെഴ്‌സിഡസിന്റെ തന്നെ വൊറ്ററി ബോട്ടാസ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം ആദ്യമായി പോഡിയത്തിൽ ഇടം കണ്ടത്തിയ റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൺ ആണ് റേസിൽ മൂന്നാമത് ആയത്. അതേസമയം വീണ്ടും നിരാശയുടെ ദിവസം ആയിരുന്നു ഫെരാരിക്ക് ഇത്. രണ്ടു ഡ്രൈവർമാരും ഫെരാരിക്ക് നിരാശ നൽകി. ജയത്തിനു ശേഷം ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സന്ദേശം ഉയർത്തി കാണിച്ച ഹാമിൾട്ടൻ പോലീസിനാൽ കൊല്ലപ്പെട്ട കരുത്തവംശജയായ ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട ജേഴ്‌സി അണിഞ്ഞാണ് ട്രോഫി മേടിക്കാൻ വന്നത്. ബ്രെയോണ ടൈലറിന്റെ ചിത്രവും ജേഴ്‌സിയിൽ ഹാമിൾട്ടൻ അണിഞ്ഞു. തന്റെ രാഷ്ട്രീയം ഒരിക്കൽ കൂടി ഉറക്കെ പറഞ്ഞ ഹാമിൾട്ടൻ എട്ടാം ലോക കിരീടത്തിലേക്ക് വേഗം വേഗം അടുക്കുകയാണ്. അതേസമയം സമീപകാലത്തെ 100 മത്തെ ജയം ആയിരുന്നു മെഴ്‌സിഡസിന് ഇത്. ഉടമസ്ഥരുടെ ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള റെഡ് ബുള്ളിനെക്കാൾ വളരെ മുന്നിലാണ് മെഴ്‌സിഡസ് ഇപ്പോൾ.

ബെൽജിയം ഗ്രാന്റ് പ്രീയിലും മെഴ്‌സിഡസ് ആധിപത്യം, കരിയറിലെ 89 ജയവുമായി ഹാമിൾട്ടൻ

ബെൽജിയം ഗ്രാന്റ് പ്രീയിലും ആധിപത്യം തുടർന്ന് മെഴ്‌സിഡസ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. മെഴ്‌സിഡസിന്റെ വെറ്റാറി ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമത് എത്തി. റേസിൽ ഉടനീളം ആദ്യ മൂന്ന് സ്ഥാനത്ത് റേസ് തുടങ്ങിയവർ തന്നെ അവസാനം വരെ തുടരുന്നത് ആണ് കാണാൻ സാധിച്ചത്. ജയത്തോടെ ലോക കിരീടത്തിലേക്കുള്ള തന്റെ ലീഡ് ഹാമിൾട്ടൻ ഉയർത്തി. ബെൽജിയം ഗ്രാന്റ് പ്രീയിൽ ഇത് നാലാം തവണയാണ് ഹാമിൾട്ടൻ ജയം കാണുന്നത്.

കരിയറിൽ ആവട്ടെ ഇത് 89 തവണയാണ് ബ്രിട്ടീഷ് ഡ്രൈവർ റേസിൽ ജയം കാണുന്നത്. ഏഴാം ലോക കിരീടം തന്നെയാണ് തന്റെ ലക്ഷ്യം എന്നു ഒരിക്കൽ കൂടി ഹാമിൾട്ടൻ ട്രാക്കിൽ ഉറപ്പിച്ചു പറഞ്ഞു. ജയത്തിനു ശേഷം ഇന്നലെ അന്തരിച്ച ഹോളിവുഡ് നടനും ബ്ളാക്ക് പാന്തർ നായകനും ആയ ചാഡ്വിക് ബോസ്മാനെ ഓർത്ത ഹാമിൾട്ടൻ ‘വക്കാണ്ട ഫോർഎവർ’ അടയാളവും കാണിച്ചു. മൂന്നാമത് എത്തിയ മാക്‌സ് വെർസ്റ്റാപ്പന്റെ തുടർച്ചയായ ആറാം പോഡിയം ഫിനിഷ് കൂടിയായിരുന്നു ഇത്. സെബാസ്റ്റ്യൻ വെറ്റൽ 13 സ്ഥാനത്തും ചാൾസ് ലെക്ലെർക്ക് 15 സ്ഥാനത്തും ആണ് റേസ് അവസാനിപ്പിച്ചത് എന്നതിനാൽ തന്നെ ഫെരാരിക്ക് വളരെ മോശം ദിനം ആയിരുന്നു ഇന്ന്.

ഫെരാരിക്ക് വമ്പൻ തിരിച്ചടി, സീസണിലെ ആദ്യ ജയം കണ്ട് ഹാമിൾട്ടൻ

ഫോർമുല വണ്ണിൽ സീസണിലെ ആദ്യ ജയം കണ്ട് ലൂയിസ് ഹാമിൾട്ടൻ. തുടർച്ചയായ രണ്ടാം ഗ്രാന്റ് പ്രീയും ഓസ്ട്രിയയിൽ തന്നെ നടന്നപ്പോൾ പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസ് ഡ്രൈവർ ഹാമിൾട്ടൻ ഡ്രൈവ്‌ തുടങ്ങിയത്.
റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ രണ്ടാമത് റേസ് തുടങ്ങിയപ്പോൾ നാലാമത് ആയിരുന്നു മെഴ്‌സിഡസിന്റെ ബോട്ടാസ് റേസ് തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ പരസ്പരം കൂട്ടിയിടിച്ച് രണ്ട് ഫെരാരി ഡ്രൈവർമാരും പുറത്ത് പോയത് ഇറ്റാലിയൻ ടീമിന് വമ്പൻ തിരിച്ചടി ആയി.
റേസ് തുടങ്ങിയത് മുതൽ ഇടക്ക് വെർസ്റ്റാപ്പൻ വെല്ലുവിളി ഉയർത്തി എങ്കിലും രണ്ട് മെഴ്‌സിഡസ് ഡ്രൈവർമാരും മികച്ച ആധിപത്യം പുലർത്തി.
സീസണിലെ രണ്ടാം റെസിൽ തന്റെ ആദ്യ ജയം ഹാമിൾട്ടൻ കണ്ടപ്പോൾ കഴിഞ്ഞ തവണ ഒന്നാമത് എത്തിയ ബോട്ടാസ് ഇത്തവണ രണ്ടാമത് ആയി.

റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ വെർസ്റ്റാപ്പൻ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ലാപ് റെക്കോർഡ് മറികടന്ന് ഏറ്റവും വേഗമേറിയ ലാപ് സ്പീഡ് കണ്ടത്തിയ മക്ലാരൻ ഡ്രൈവർ കാർലോസ് സൈൻസ് ഒമ്പതാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തത്. (5/n)
അതേസമയം റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൻ നാലാമത് ഫിനിഷ് ചെയ്തപ്പോൾ ആദ്യ റേസിൽ മൂന്നാമത് എത്തിയ മക്ലാരന്റെ യുവ ബ്രിട്ടീഷ് ഡ്രൈവർ ലാന്റോ നോറിസ് അഞ്ചാമത് ആയി റേസ് അവസാനിപ്പിച്ചു. (6/n)
ഇതോടെ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസിന് 6 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് ഹാമിൾട്ടൻ. കാർ നിർമാതാക്കളുടെ പോരാട്ടത്തിൽ ആവട്ടെ രണ്ടാമതുള്ള മക്ലാരനെക്കാൾ ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്.

വേർസ്റ്റാപ്പന്റെ വെല്ലുവിളി മറികടന്ന് തന്റെ ഏഴാം ഹംഗേറിയൻ ഗ്രാന്റ്‌ പ്രീ ജയിച്ച് ഹാമിൾട്ടൻ

വേർസ്റ്റാപ്പന്റെ മികവിനെ അനുഭവസമ്പത്ത് കൊണ്ട് മറികടന്നു ഹാമിൾട്ടൻ തുടർച്ചയായ രണ്ടാം തവണയും ഹംഗറിയിൽ ജയം കണ്ടു. ഇതോടെ തന്റെ ചാമ്പ്യൻഷിപ്പ് ലീഡ് ഉയർത്താനും ഹാമിൾട്ടനും മെഴ്‌സിഡസിനും ആയി. പോൾ പൊസിഷനിൽ ആണ് റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസ് തുടങ്ങിയത്, ജർമ്മനിയിൽ ജയം കണ്ടതിന്റെ ആത്മവിശ്വാസവും വേർസ്റ്റാപ്പനു ഉണ്ടായിരുന്നു. രണ്ടാമത് ആയി ബോട്ടാസും മൂന്നാമത് ആയി മെഴ്‌സിഡസ് സഹതാരം ഹാമിൾട്ടനും റേസ് തുടങ്ങിയപ്പോൾ അവർക്ക് പിറകിൽ ഫെറാരി ഡ്രൈവർമാരും അണിനിരന്നു. ബോട്ടാസിന്റെ മോശം തുടക്കം മുതലെടുത്ത ഹാമിൾട്ടനും ഫെരാരിയുടെ ചാൾസ്‌ ലെക്ലെർക്കും സഹതാരം സെബാസ്റ്റ്യൻ വെറ്റലും രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇതിനിടെ മറ്റ് കാറിടിച്ച് കാറിനു കേടുവന്ന ബോട്ടാസ് പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമാവുകയും ചെയ്തതോടെ റേസിൽ പോൾ പൊസിഷനിൽ ഒരിക്കൽ കൂടി ബോട്ടാസിന്റെ സാധ്യത അടഞ്ഞു.

റേസിൽ തന്റെ ആധിപത്യം വേർസ്റ്റാപ്പൻ തുടർന്നപ്പോൾ ശക്തമായ വെല്ലുവിളിയാണ് ഹാമിൾട്ടൻ ഉയർത്തിയത്. പിറകിൽ മൂന്നാം സ്ഥാനത്തിനായി സമാനമായ പോരാട്ടം തന്നെയാണ് ഫെരാരി ഡ്രൈവർമാർ തമ്മിലും കണ്ടത്. എന്നാൽ 26 ലാപ്പിൽ വേർസ്റ്റാപ്പനെ മറികടന്ന ഹാമിൾട്ടനെ പക്ഷെ തൊട്ട്പിറകെ തന്നെ മറികടന്ന വേർസ്റ്റാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. ഇതിനിടെ വേർസ്റ്റാപ്പനിൽ നിന്ന് വ്യത്യസ്തമായി രണ്ടാം പിറ്റ് ഇടവേള എടുത്ത ഹാമിൽട്ടൻ പുതിയ ടയറുകളുമായി നന്നായി ഡ്രൈവ് ചെയ്തു. എന്നാൽ ലീഡ് പോകുമോ എന്ന ഭയത്താൽ രണ്ടാം പിറ്റ് ഇടവേള എടുക്കാൻ വേർസ്റ്റാപ്പനും റെഡ് ബുള്ളും മടിച്ചു. ഇത് അവസാനം വേർസ്റ്റാപ്പനു വിനയാകുന്നത് ആണ് റേസിന്റെ അവസാനം കണ്ടത്.

വേർസ്റ്റാപ്പന്റെ കാറിനെ 67 മത്തെ ലാപ്പിൽ കാണികൾക്ക് ആവേശമായി മറികടന്ന ഹാമിൾട്ടൻ തന്റെ ഏറ്റവും പ്രിയപ്പെട്ട സർക്യൂട്ടിൽ ഒന്നായ ഹംഗറിയിൽ മറ്റൊരു ജയം കുറിച്ചു. ഏറ്റവും വേഗതയേറിയ ലാപ്പ് റേസിൽ കുറിച്ച വേർസ്റ്റാപ്പൻ എട്ടാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയ ബോട്ടാസുമായുള്ള ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനത്തിനായുള്ള അകലം കുറിക്കുകയും ചെയ്തു. ഏതാണ്ട് സമാനമായ വാശിയേറിയ പോരാട്ടം മൂന്നാം സ്ഥാനത്തിനായും കണ്ടപ്പോൾ തന്റെ സഹതാരത്തെ അനുഭവസമ്പത്തുമായി മറികടന്ന സെബാസ്റ്റ്യൻ വെറ്റൽ തുടർച്ചയായ രണ്ടാം ഗ്രാന്റ്‌ പ്രീയിലും പോഡിയത്തിൽ മത്സരം അവസാനിപ്പിച്ചു. ജർമ്മനിയിൽ രണ്ടാമതായെങ്കിൽ ഇത്തവണ അത് മൂന്നാമത് ആയി. ചാമ്പ്യൻഷിപ്പിൽ ബഹുദൂരം മുന്നിലുള്ള ഹാമിൾട്ടനും മെഴ്‌സിഡസിനും ജർമ്മനിയിലെ ദുരന്തത്തിന് ശേഷം ജയം വലിയ ഊർജ്ജമായി. എന്നാൽ ആഴ്ച തോറും തന്റെ മൂല്യം തെളിയിക്കുന്ന വേർസ്റ്റാപ്പൻ ഹാമിൾട്ടനു സമീപഭാവിയിൽ തന്നെ വലിയ വെല്ലുവിളി ആവും എന്നുറപ്പാണ്.

ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ല, എന്നാല്‍ നിന്റെ ഭാവി അത് അതുല്യമായിരിക്കും

ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച ശേഷം തനിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ചാള്‍സ് ലെക്ലെര്‍ക്കിനോട് മത്സര ശേഷം ലൂയിസ് ഹാമിള്‍ട്ടണ്‍ പറഞ്ഞ വാക്കുകളാണിത് – “ചാള്‍സ് ഇന്ന് നിന്റെ ദിവസമല്ലായിരിക്കാം എന്നാല്‍ നിന്റെ ഭാവി അതുല്യമാണ്. നീ മികച്ച രീതിയിലാണ് റേസ് ചെയ്തത്”. തന്റെ കന്നി പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ചാള്‍സ് എന്ന യുവ താരം മികച്ച രീതിയിലാണ് ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ മുഴുവന്‍ റേസ് ചെയ്തത്.

എന്നാല്‍ 48ാം ലാപ്പില്‍ തന്റെ റേസ് കാറിന്റെ എഞ്ചിന്റെ പ്രശ്നങ്ങള്‍ കാരണം താരത്തെ മറികടക്കുവാന്‍ ലൂയിസ് ഹാമിള്‍ട്ടണ് സാധിക്കുകയായിരുന്നു. അതിനു ശേഷം റേസ് അവസാനിപ്പിക്കുമ്പോള്‍ മൂന്നാം സ്ഥാനം വരെ എത്തുവാന്‍ ചാള്‍സിനു സാധിച്ചു.

ഹാമിള്‍ട്ടണും ബോട്ടാസും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ വിജയിച്ച് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പോള്‍ പൊസിഷനില്‍ നിന്ന് മത്സരം ആരംഭിച്ച ചാള്‍സ് ലെക്ലെര്‍ക്ക് മൂന്നാം സ്ഥാനത്ത് എത്തി. തന്റെ കന്നി പോള്‍ പൊസിഷനാണ് ബഹ്റൈനില്‍ ചാള്‍സ് സ്വന്തമാക്കിയത്.

നാലാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനും അഞ്ചാം സ്ഥാനത്ത് ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും എത്തി. ഡ്രൈവര്‍മാരുടെ റേസില്‍ 44 പോയിന്റുമായി ബോട്ടാസ് ആണ് മുന്നില്‍ തൊട്ടു പുറകെ 43 പോയിന്റുമായി ഹാമിള്‍ട്ടണുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള മാക്സ് വെര്‍സ്റ്റാപ്പന് 27 പോയിന്റും നാലില്‍ നില്‍ക്കുന്ന ചാള്‍സ് ലെക്ലെര്‍ക്കിനു 26 പോയിന്റുമാണുള്ളത്.

ഹാമിള്‍ട്ടണെ പിന്തള്ളി വാള്‍ട്ടേരി ബോട്ടാസ് ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീ ജേതാവ്

ഫോര്‍മുല വണ്‍ പുതിയ സീസണിനു ആവേശതുടക്കം. ഇന്ന് നടന്ന ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്സിഡേസിന്റെ തന്നെ ലൂയിസ് ഹാമിള്‍ട്ടണെ പിന്തള്ളിയാണ് വാള്‍ട്ടേരി ബോട്ടാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സെക്കന്‍ഡ് മുന്‍തൂക്കത്തോടെയാണ് ബോട്ടാസ് റേസ് അവസാനിപ്പിച്ചത്. വിജയത്തെ തന്റെ ഏറ്റവും മികച്ച റേസ് എന്നാണ് ബോട്ടാസ് വിശേഷിപ്പിച്ചത്.

പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയത് ലൂയിസ് ഹാമിള്‍ട്ടണ്‍ ആയിരുന്നു. ഇന്നലെ നടന്ന യോഗ്യത റൗണ്ടുകളില്‍ ദശാംശ വ്യത്യാസത്തിലാണ് പോള്‍ പൊസിഷന്‍ ലഭിയ്ക്കാതെ ബോട്ടാസ് പിന്നിലായത്. എന്നാല്‍ മത്സരം തുടങ്ങി ആദ്യം തന്നെ ലീഡ് കരസ്ഥമാക്കിയ ബോട്ടാസ് പിന്നീട് റേസ് നിയന്തരിക്കുന്ന രീതിയാണ് കണ്ടത്.

ആദ്യ അഞ്ച് ലാപ്പുകള്‍ക്ക് ശേഷമാണ് താന്‍ കൂടതല്‍ ആത്മവിശ്വാസത്തോടെ ലീഡ് വര്‍ദ്ധിപ്പിച്ചതെന്ന് ബോട്ടാസ് മത്സരശേഷം പറഞ്ഞു. ഏറ്റവും വേഗതയേറിയ ലാപ്പിനു ഇത്തവണ മുതല്‍ പോയിന്റ് ലഭിയ്ക്കും എന്നതാണ് ഫോര്‍മുല വണ്‍ പുതിയ സീസണിന്റെ പ്രത്യേകത.

2017ല്‍ അബുദാബി ഗ്രാന്‍ഡ് പ്രീയ്ക്ക് ശേഷം ബോട്ടാസിന്റെ കരിയറിലെ ആദ്യ വിജയമാണ്. താരത്തിനു ഇന്ന് സ്വന്തമാക്കാനായത് തന്റെ കരിയറിലെ നാലാമത്തെ വിജയവുമാണ്.

റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പെന്‍ മൂന്നാം സ്ഥാനത്തും ഫെരാരിയുടെ ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും ചാള്‍സ് ലെക്ലെര്‍ക്കും നാലും അഞ്ചും സ്ഥാനങ്ങളില്‍ റേസ് അവസാനിപ്പിച്ചു.

ജപ്പാനിലും ഹാമിള്‍ട്ടണ്‍, വെറ്റല്‍ ആറാമത്

വീണ്ടും വിജയക്കൊടി പാറിച്ച് ലൂയിസ് ഹാമിള്‍ട്ടണ്‍. ഈ സീസണില്‍ തന്നെ മറികടക്കുവാന്‍ ആര്‍ക്കും ഇനിയാകില്ലെന്ന് ഉറപ്പിച്ചുകൊണ്ട് 67 പോയിന്റ് ലീഡാണ് ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണ്‍ വെറ്റലിനു മേല്‍ നേടിക്കഴിഞ്ഞത്. ഹാമിള്‍ട്ടണിനു പിറകിലായി മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ മൂന്നാം സ്ഥാനത്തെത്തി.

വെറ്റലും വെര്‍സ്റ്റാപ്പെനും കൂട്ടിയിടിച്ചതാണ് വെറ്റലിന്റെ സാധ്യതകളെ ബാധിച്ചിരുന്നതെങ്കിലും മത്സരത്തിനു മുമ്പ് തന്നെ 50 പോയിന്റ് ലീഡ് കൈവശപ്പെടുത്തിയിരുന്ന ഹാമിള്‍ട്ടണിനു യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാന്‍ വെറ്റലിനൊ മറ്റു ഡ്രൈവര്‍മാര്‍ക്കോ ആയിരുന്നില്ല. രണ്ട് ആഴ്ചകള്‍ക്ക് ശേഷമുള്ള യുഎസ് ഗ്രാന്‍ഡ് പ്രീയില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളില്‍ മെഴ്സിഡസ് കാറുകള്‍ റേസ് അവസാനിപ്പിച്ചാല്‍ ഈ സീസണ്‍ കിരീടവും ഹാമിള്‍ട്ടണ് സ്വന്തമാകും.

ജയിക്കേണ്ടിയിരുന്നത് ബോട്ടാസ്: ലൂയിസ് ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍‍ ജയം സ്വന്തമാക്കി ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടിയ ഹാമിള്‍ട്ടണ്‍ തന്നെക്കാള്‍ ബോട്ടാസ് ആയിരുന്നു വിജയത്തിനു അര്‍ഹനെന്ന് സമ്മതിച്ചു. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വാള്‍ട്ടേരി ബോട്ടാസിനോട് സഹ ഡ്രൈവര്‍ ലൂയിസ് ഹാമിള്‍ട്ടണെ മുന്നില്‍ കയറ്റി വിടുവാന്‍ മെഴ്സിഡസ് ടീം ഉത്തരവിടുകയായിരുന്നു. 26ാം ലാപ്പില്‍ താരത്തിനെ മുന്നില്‍ കയറ്റിവിടുവാന്‍ ബോട്ടാസിനോട് മെഴ്സിഡസ് ഉത്തരവിടുകയായിരുന്നു. സെബാസ്റ്റ്യന്‍ വെറ്റല്‍ ഹാമിള്‍ട്ടണെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ ലീഡ് കുറയാതിരിക്കുവാനായിരുന്നു മെഴ്സിഡസിന്റെ വിവാദ തീരുമാനം.

തന്നെ മുന്നില്‍ കയറ്റി വിട്ടത് വഴി വാള്‍ട്ടേരി ബോട്ടാസ് തികഞ്ഞൊരു ജെന്റില്‍മാന്‍ ആണെന്നാണ് ഹാമിള്‍ട്ടണ്‍ ആദ്യം പ്രതികരിച്ചത്. തന്റെ വിജയങ്ങളില്‍ തനിക്ക് ഏറ്റവും കുറവ് അഭിമാനം തോന്നുന്ന ഒരു വിജയമാണ് റഷ്യയില്‍ ഇന്ന് തനിക്ക് ലഭിച്ചതെന്ന് ഹാമിള്‍ട്ടണ്‍ കൂട്ടിചേര്‍ത്തു.

ടീം പറഞ്ഞു, ബോട്ടാസ് അനുസരിച്ചു, റഷ്യയില്‍ ഹാമിള്‍ട്ടണ്‍

റഷ്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ ജയം സ്വന്തമാക്കിയ ഹാമിള്‍ട്ടണിനു ലോക കിരീട പോരാട്ടത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 50 പോയിന്റ് ലീഡ് നേടി. ലീഡിലായിരുന്ന വാള്‍ട്ടേരി ബോട്ടാസിനോട് മെഴ്സിഡസ് ടീം വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതോടെയാണ് ഹാമിള്‍ട്ടണ് സോച്ചിയില്‍ ഒന്നാം സ്ഥാനത്തെത്തുവാന്‍ സാധിച്ചത്. പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ബോട്ടാസ് ആണ് മത്സരത്തിലുടനീളം ലീഡ് കൈവരിച്ചത്.

ടീമിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഹാമിള്‍ട്ടണിനെ മുന്നിലേക്ക് പോകുവാന്‍ അനുവദിച്ച ബോട്ടാസ് മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലും നാലാം സ്ഥാനത്ത് ഫെരാരിയുടെ തന്നെ കിമി റൈക്കണനും മത്സരം അവസാനിപ്പിച്ചു. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് അഞ്ചാം സ്ഥാനം.

സീസണില്‍ അഞ്ച റേസുകള്‍ മാത്രം ശേഷിക്കെ 50 പോയിന്റിന്റെ ലീഡ് നേടിയ ഹാമിള്‍ട്ടണിനു സീസണ്‍ വിജയി ആകുവാനുള്ള സാധ്യതയ്ക്ക് വേണ്ടിയാവും മെഴ്സിഡസ് ഈ തീരുമാനം എടുത്തതെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും ഈ തീരുമാനത്തിനു ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.

ഹാമിള്‍ട്ടണ്‍ മുന്നോട്ട്, ലീഡ് 40 പോയിന്റിന്റെ

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം തുടര്‍ന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 40 പോയിന്റിന്റെ ലീഡ് നേടുവാന്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരത്തിനു സാധിച്ചു. ആറ് റേസുകള്‍ മാത്രം ശേഷിക്കെ ഹാമിള്‍ട്ടണ്‍ തന്റെ അഞ്ചാം ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിയ്ക്കുകയാണെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.

റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍ രണ്ടാമതും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാമതായും റേസ് അവസാനിപ്പിച്ചു. വാള്‍ട്ടേരി ബോട്ടാസ് നാലാമതും കിമ്മി റൈക്കണന്‍ അഞ്ചാമനായും സിംഗപ്പൂരില്‍ റേസ് അവസാനിപ്പിച്ചു.

ഇറ്റലിയിലും ഒന്നാമനായി ഹാമിള്‍ട്ടണ്‍

കിമി റൈക്കണന്‍ പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം പിടിച്ചെടുത്ത് മെഴ്സിഡെസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍. യോഗ്യത റൗണ്ടില്‍ F1 ചരിത്രത്തിലെ തന്നെ വേഗതയേറിയ സമയം കണ്ടെത്തിയ റൈക്കണനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിള്‍ട്ടണ്‍ ഒന്നാമനായത്. റൈക്കണനന്റെ സഹതാരം ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനു 4ാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കുവാനേ സാധിച്ചുള്ളു. മെഴ്സിഡസ് താരം വാള്‍ട്ടേരി ബോട്ടാസിനാണ് മൂന്നാം സ്ഥാനം.

വെറ്റലിനെക്കാളും ചാമ്പ്യന്‍ഷിപ്പില്‍ 30 പോയിന്റിന്റെ ലീഡ് ഈ മത്സരത്തിലൂടെ ഹാമിള്‍ട്ടണ് സ്വന്തമാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ ലാപ്പില്‍ ഇരുവരും കൂട്ടിയിച്ചപ്പോള്‍ 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് വെറ്റല്‍ തിരിച്ചുവന്ന് നാലാം സ്ഥാനം കരസ്ഥമാക്കിയത് അഭിമാനപൂര്‍വ്വമായ നേട്ടമാണെങ്കിലും ചാമ്പ്യന്‍ഷിപ്പില്‍ ഹാമിള്‍ട്ടണെ മറികടക്കുക കൂടുതല്‍ പ്രയാസകരമായി മാറിയിട്ടുണ്ട്.

Exit mobile version