മഴ നിയമത്തില്‍ ഇംഗ്ലണ്ടിനു 31 റണ്‍സിന്റെ ജയം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട ശേഷം രണ്ടാം ഏകദിനത്തില്‍ മലിംഗയുടെ അഞ്ച് വിക്കറ്റ് നേടത്തെ മറികടന്ന് ഇംഗ്ലണ്ട് 278/9 എന്ന സ്കോറിലേക്ക് എത്തിയതിനു പിന്നില്‍ ഓയിന്‍ മോര്‍ഗന്‍(92), ജോ റൂട്ട്(71) എന്നിവരുടെ മികവിലായിരുന്നു. എന്നാല്‍ തുടക്കം തന്നെ പാളിയ ശ്രീലങ്കയെ ക്രിസ് വോക്സ് 31/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി. 30 റണ്‍സ് നേടിയ കുശല്‍ പെരേര പുറത്താകുമ്പോള്‍ ശ്രീലങ്ക 74/5 എന്ന നിലയിലായിരുന്നു.
അതിനു ശേഷം ആറാം വിക്കറ്റ് കൂട്ടുകെട്ട് 66 റണ്‍സ് നേടി ടീമിനെ വീണ്ടും ട്രാക്കിലേക്ക് എത്തിക്കുമ്പോള്‍ മഴ വില്ലനായി എത്തുകയായിരുന്നു. മഴ വരുമ്പോള്‍ അഞ്ച് വിക്കറ്റ് വീണതിനാല്‍ 31 റണ്‍സ് പിന്നിലായിരുന്നു ശ്രീലങ്ക. മത്സരം തടസ്സപ്പെടുമ്പോള്‍ തിസാര പെരേര 44 റണ്‍സും ധനന്‍ജയ ഡിസില്‍വ 36 റണ്‍സും നേടിയാണ് ക്രീസില്‍ നിന്നിരുന്നത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്നും ഒല്ലി സ്റ്റോണ്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. ജോ റൂട്ടും മോര്‍ഗനും അര്‍ദ്ധ ശതകങ്ങള്‍ നേടി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും മലിംഗയുടെ മുന്നില്‍ തകര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് 278 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റാണ് മലിംഗ മത്സരത്തില്‍ നിന്ന് നേടിയത്. അവസാന വിക്കറ്റില്‍ 24 റണ്‍സ് നേടി ആദില്‍ റഷീദ്(19*), ഒല്ലി സ്റ്റോണ്‍(9*) കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ 278ലേക്ക് എത്തിച്ചത്.
ഓയിന്‍ മോര്‍ഗന്റെയും ജോ റൂട്ടിന്റെയും ബാറ്റിംഗ് മികവില്‍ി ഇംഗ്ലണ്ട് മികച്ച നിലയിലായിരുന്നു. ഒരു ഘട്ടത്തില്‍ 140/2 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 218/6 എന്ന നിലയിലായി. മോര്‍ഗന് തന്റെ ശതകം നഷ്ടമായപ്പോള്‍ ജോ റൂട്ട് 71 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇംഗ്ലണ്ട് ഈ സ്കോര്‍ നേടുന്നത്. മോര്‍ഗന്‍ 91 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 2 സിക്സും സഹിതമാണ് 92 റണ്‍സ് നേടിയത്.
ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ടുവെങ്കിലും ഇരുവരും പുറത്തായ ശേഷം ഇംഗ്ലണ്ടിന്റെ കുതിപ്പിനു തടയിടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ജോസ് ബട്‍ലര്‍ 28 റണ്‍സ് നേടിയെങ്കിലും അവസാന ഓവര്‍ വരെ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയതും ഇംഗ്ലണ്ടിനു തിരിച്ചടിയായി. 5 വിക്കറ്റ് നഷ്ടപ്പെട്ടുവെങ്കിലും അവസാന 10 ഓവറില്‍ ഇംഗ്ലണ്ട് 69 റണ്‍സാണ് നേടിയതെന്നുള്ളത് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ഓര്‍ഡറിന്റെ ശക്തി വെളിപ്പെടുത്തുന്നതും കൂടിയാണ്.
മലിംഗയുടെ അഞ്ച് വിക്കറ്റുകള്‍ക്ക് പുറമെ നുവാന്‍ പ്രദീപ്, അകില ധനന്‍ജയ, തിസാര പെരേര, ധനന്‍ജയ ഡിസില്‍വ എന്നിവരും ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
ലസിത് മലിംഗയുടെ മാസ്മരിക തിരിച്ചുവരവ് ഒഴിച്ച് നിര്‍ത്തിയാല്‍ ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പില്‍ മറക്കുവാനാഗ്രഹിക്കുന്ന തുടക്കം. 262 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 124 റണ്‍സിനു പുറത്തായപ്പോള്‍ മത്സരത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. 35.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.
ലസിത് മലിംഗ് എറിഞ്ഞ് തകര്‍ത്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ മുഷ്ഫിക്കുര്‍ റഹിം വീണ്ടെടുത്ത് 261 റണ്‍സിലേക്ക് നയിച്ചപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക തുടക്കം മുതല്‍ പതറുകയായിരുന്നു. 144 റണ്‍സ് നേടിയ മുഷ്ഫിക്കുറിനെയും 63 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെയും മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ബംഗ്ലാദേശ് ബാറ്റിംഗ് നിര. എന്നാല്‍ അതിലും പരാജയമായി മാറുകയാിയരുന്നു ലങ്കന്‍ താരങ്ങള്‍.
കൃത്യമായ ഇടവേളകളില്‍ ടീമിന്റെ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബാറ്റ്സ്മാന്മാരെയും നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. 29 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഉപുല്‍ തരംഗ 27 റണ്‍സും സുരംഗ ലക്മല്‍ 20 റണ്‍സ് നേടി.
ബംഗ്ലാദേശിനായി മഷ്റഫേ മൊര്‍തസയും മെഹ്ദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, മൊസ്ദൈക്ക് ഹൊസൈന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.
ലസിത് മലിംഗ തന്റെ അന്താരാഷ്ട്ര മടങ്ങിവരവ് ആഘോഷമാക്കിയ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് മുഷ്ഫിക്കുര്‍ റഹിമിന്റെ ശതകത്തിന്റെ ബലത്തില്‍ 261 റണ്‍സിലേക്ക് നീങ്ങി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ 200 കടക്കുമോയെന്ന് സംശയിച്ച ഇന്നിംഗ്സ് 261 റണ്‍സിലേക്ക് എത്തിച്ചതില്‍ മുഷ്ഫിക്കുറിന്റെ ശ്രദ്ധേയമായ പ്രകടനം മാത്രമാണ്. അവസാന വിക്കറ്റില്‍ പൊട്ടലേറ്റ കൈക്കുഴയുമായി ക്രീസിലേക്കെത്തിയ തമീമുമായി ചേര്‍ന്ന് മുഷ്ഫിക്കുര്‍ അവസാന വിക്കറ്റില്‍ 32 റണ്‍സ് കൂടി നേടിയ ശേഷം 144 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തമീം ഇക്ബാല്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ മലിംഗയുടെ രണ്ട് വിക്കറ്റ് നേട്ടത്തിനു ശേഷം ഏറെ വൈകാതെ ബംഗ്ലാദേശിനു തമീം ഇക്ബാലിനെ പരിക്കേറ്റ് നഷ്ടമായിരുന്നു. പിന്നീട് മുഷ്ഫിക്കുര്‍ റഹിമും മുഹമ്മദ് മിഥുനും ചേര്‍ന്ന് ടീമിനെ തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.
63 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെ വിക്കറ്റും ലസിത് മലിംഗ തന്നെയാണ് നേടിയത്. മിഥുന്‍ പുറത്താകുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 134 റണ്‍സായിരുന്നു. പിന്നീട് മറ്റു താരങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ റഹിമിനു ലഭിച്ചില്ലെങ്കിലും താരം തന്റെ ശതകം പൂര്‍ത്തിയാക്കി ബംഗ്ലാദേശിന്റെ സ്കോര്‍ 200 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഷ്ഫിക്കുര്‍ റഹിമിന്റെ ബലത്തില്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 261 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 150 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ വീരോചിതമായ ഇന്നിംഗ്സ്. ഒരു ഘട്ടത്തില്‍ 195/7 എന്ന നിലയിലേക്കായ ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കുവാന്‍ കഴിയാതെ പോയത് ശ്രീലങ്കന്‍ ബൗളിംഗിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടേണ്ടതാണ്.
അവസാന വിക്കറ്റില്‍ പരിക്കേറ്റ തമീം ഇക്ബാലിനെ ഒരുവശത്ത് നിര്‍ത്തി മുഷ്ഫിക്കുര്‍ ബംഗ്ലാദേശിന്റെ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ് 10 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടു നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ധനന്‍ജയ ഡി സില്‍വ രണ്ടും സുരംഗ ലക്മല്‍, അമില അപോന്‍സോ, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഏകദിന ക്രിക്കറ്റിലേക്കും ശ്രീലങ്കന്‍ ടീമിലേക്കുമുള്ള തന്റെ മടങ്ങിവരവ് ഗംഭീരമാക്കി മലിംഗ. ഒരു വര്‍ഷത്തോളം ടീമിനു പുറത്തിരുന്ന താരത്തിനെ വീണ്ടും ശ്രീലങ്ക ഏഷ്യ കപ്പിനു പരിഗണിക്കുകയായിരുന്നു. തന്നില്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും പ്രകടിപ്പിച്ച വിശ്വാസം ആദ്യ ഓവറില്‍ തന്നെ മലിംഗ് കാക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യം ഓവര്‍ എറിഞ്ഞ മലിംഗ് വെറും ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് ബംഗ്ലാദേശ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അല്‍ ഹസനെയും പൂജ്യത്തിനു പുറത്താക്കി മലിംഗ ഹാട്രിക്കിന്റെ വക്കിലെത്തുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹാട്രിക്ക് നേടാനായില്ലെങ്കിലും രണ്ടാം ഓവര്‍ മെയിഡനാക്കുവാന്‍ മലിംഗയ്ക്ക് സാധിച്ചു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഏഷ്യ കപ്പ് 2018നുള്ള ടീമിലേക്കാണ് മലിംഗയെ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സമയത്ത് മുംബൈ ഇന്ത്യന്‍സ് പരിശീലന സംഘത്തില്‍ അംഗമായിരുന്ന മലിംഗയോട് മടങ്ങിയെത്തി പ്രാദേശിക ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിനു മുതിര്‍ന്നില്ല.
തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിനെ പുറത്തിരുത്തുവാനാണ് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം കോച്ച് ചന്ദിക ഹതുരുസിംഗ താരത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്ന് പറയുകയായിരുന്നു.
അച്ചടക്ക നടപടിയുടെ ഭാഗമായി വിലക്ക് നേരിടുന്ന മൂന്ന് താരങ്ങള്‍ക്കും തിരിച്ചുവരവിനു അവസരമുണ്ടാകുമെന്ന് അറിയിച്ച് ഹതുരുസിംഗ. ശ്രീലങ്കന്‍ ബോര്‍ഡിന്റെ നടപടികള്‍ക്ക് ശേഷം ഇവര്‍ക്കും ടീമിന്റെ ലോകകപ്പ് സ്ക്വാഡില്‍ ഇടം പിടിക്കാനാകുമെന്നാണ് ശ്രീലങ്കന്‍ കോച്ച് അഭിപ്രായപ്പെട്ടത്. ലസിത് മലിംഗ്, ധനുഷ്ക ഗുണതില, ജെഫ്രേ വാന്‍ഡേര്‍സേ എന്നിവരാണ് വിലക്ക് നേരിടുന്ന ശ്രീലങ്കന്‍ മൂവര്‍ സംഘം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 48 ഏകദിന മത്സരങ്ങളില്‍ ശ്രീലങ്ക 30 മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു. 2018 ഐപിഎലില്‍ മുംബൈയുടെ കോച്ചിംഗ് സ്റ്റാഫായി പോയ മലിംഗ രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ടു നിന്നിരുന്നു. താരത്തിനോട് ബോര്‍ഡ് ആവശ്യപ്പെട്ട ശേഷവും അത് അവഗണിച്ചതോടെ താരം ശ്രീലങ്കന്‍ ടീമില്‍ നിന്ന് പരിഗണിക്കപ്പെടാതാവുകയായിരുന്നു.
ജെഫ്രേ വാന്‍ഡേര്‍സേയ്ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെയിന്റ് ലൂസിയയില്‍ ഒരു രാത്രി മുഴുവന്‍ ടീം ഹോട്ടലില്‍ നിന്ന് കാണാതായതോടെ താരത്തിനെ നാട്ടിലേക്ക് അയയ്ക്കുകയും ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. ഗുണതില അച്ചടക്ക നടപടിയുടെ പേരില്‍ 6 മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുന്നു.
മൂവര്‍ക്കും ടീമിന്റെ പെരുമാറ്റ ചട്ടങ്ങളും സംസ്കാരവും ബാധകമാണെന്ന ബോധ്യമുണ്ടെങ്കില്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്നാണ് ഹതുരുരസിംഗ പ്രതികരിച്ചത്. ഇവരുടെ നടപടികള്‍ അവരെ മാത്രം ബാധിക്കുന്നതല്ല. ടീമിനെയും അവരുടെ കുടുംബത്തെയും ഇത് ബാധിക്കുന്നത്. ഇവരാരും കുറ്റം ചെയ്തിട്ടില്ല പക്ഷേ ടീം നിയമങ്ങള്‍ ലംഘിച്ചവരാണ് അതിനാല്‍ തന്നെ അവര്‍ക്ക് തിരികെ വരാനുള്ള അവസരമുണ്ടാകും.
പ്രാദേശിക ടി20 ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടും മലിംഗയെ ടീമിലേക്ക പരിഗണിച്ചതെയില്ലായിരുന്നു. ബോര്‍ഡിനു താരത്തിന്റെ ചെയ്തികളോട് അത്രകണ്ട് അമര്‍ഷമുണ്ടെന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കുവാന്‍. എന്നാല്‍ മലിംഗ തങ്ങളുടെ പ്ലാനിലുള്ളതാണെന്നാണ് ഹതുരുസിംഗ പ്രതികരിച്ചത്. എന്നാല്‍ താരം സെലക്ടര്‍മാരുടെ ശ്രദ്ധയാണ് ആദ്യം പിടിച്ചു പറ്റേണ്ടത്.
ലസിത് മലിംഗ ഇപ്പോഴും തങ്ങളുടെ പദ്ധതിയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട് ശ്രീലങ്കയുടെ മുഖ്യ സെലക്ടര്‍ ഗ്രെയിം ലാബ്റൂയ്. മലിംഗയുടെ ശ്രീലങ്കന്‍ സാധ്യതകള്‍ തങ്ങള്‍ എഴുതി തള്ളിയിട്ടില്ല. പക്ഷേ താരം പ്രാദേശിക ക്രിക്കറ്റില്‍ ഫോമും ഫിറ്റ്നെസ്സും തിരിച്ചു നേടി മടങ്ങിയെത്തണം എന്നത് മാത്രമാണ് ആവശ്യമെന്ന് മുഖ്യ സെലക്ടര്‍ അഭിപ്രായപ്പെട്ടു.
നേരത്തെ മലിംഗ തനിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാണോ എന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ഉടന്‍ തന്നെ താന്‍ വിരമിക്കല്‍ തീരുമാനം അറിയിക്കുമെന്നും പറഞ്ഞിരുന്നു.
കളിക്കാരനെന്ന നിലയില്‍ ഐപിഎലിലെ തന്റെ കരിയര്‍ അവസാനിച്ചെന്നറിയിച്ച് ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ. ശ്രീലങ്കയുടെ മോശം ഫോമും താരത്തിന്റെ പരിക്കും എല്ലാം തന്റെ കരിയറിനെ വല്ലാതെ ബാധിച്ചു എന്ന് അഭിപ്രായപ്പെട്ട മലിംഗ ശ്രീലങ്കയ്ക്കായും താന്‍ ഇനി അധിക കാലം കളത്തിലുണ്ടാകുമോ എന്നറിയില്ല എന്ന് പറഞ്ഞു. മാനസികമായി താന്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു. റിട്ടയര്‍മെന്റ് തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മലിംഗ് പറഞ്ഞു.
ഐപിഎല്‍ 2018ല്‍ ആരും തന്നെ ടീമിലെടുക്കാതിരുന്ന മലിംഗ മുംബൈ ഇന്ത്യന്‍സില്‍ തന്നെ ബൗളിംഗ് മെന്ററായി എത്തുകയായിരുന്നു. 34 വയസ്സാണ് തനിക്ക്, ചെറുപ്പമാവുകയല്ല. മുംബൈ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ടീമാണ് ഒരുക്കുവാനൊരുങ്ങുന്നത്. താന്‍ അതിന്റെ ഭാഗമല്ലെന്ന് തനിക്ക് തന്നെ അറിയാമായിരുന്നു. എന്നെ ആരും എടുക്കാത്തതില്‍ യാതൊരു അത്ഭുതവുമില്ലെന്നാണ് മലിംഗ പറഞ്ഞത്.
മലിംഗയോട് ദേശീയ ടീമില്‍ എത്തുവാന്‍ ഫിറ്റ്നെസ് തെളിയിക്കണമെന്നും ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കുവാനുമാണ് ലങ്കന്‍ സെലക്ടര്‍മാര്‍ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യയ്ക്കെതിരെയായിരുന്നു മലിംഗയുടെ അവസാന ഏകദിനവും ടി20യും.
ഐപിഎല്‍ 2018ല്‍ ആരും വാങ്ങിയില്ലെങ്കിലും തന്റെ പഴയ ടീമിലേക്ക് തിരികെ മടങ്ങിയെത്തി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ബൗളിംഗ് മെന്റര്‍ എന്ന പുതിയ റോളിലാണ് മലിംഗ് ഇനിയെത്തുക. ആദ്യ സീസണൊഴികെ എല്ലാ സീസണിലും ടീമിനൊപ്പമുണ്ടായിരുന്ന മലിംഗയെ കളിക്കാരനെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കുകയായിരുന്നു. ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന നേട്ടത്തിനു അര്‍ഹനായ താരമാണ് മലിംഗ. എന്നാല്‍ പ്രായാധിക്യവും ഫിറ്റ്നെസ് പ്രശ്നങ്ങളും കാരണം ശ്രീലങ്കന്‍ ടീമില്‍ തന്നെ ഇടം നേടാനാകാതെ പോയ താരത്തെ കളിക്കാരനായി വേണ്ടെന്ന് മുംബൈ ഇന്ത്യന്‍സ് തീരുമാനിക്കുകയായിരുന്നു.
താരത്തോടെ പ്രാദേശിക ക്രിക്കറ്റ് കളിച്ച് ഫിറ്റ്നെസ് തെളിയിക്കാന്‍ ശ്രീലങ്കന്‍ സെലക്ടര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ട് ആണ് ടീമിന്റെ ബൗളിംഗ് കോച്ച്. മലിംഗയുടെ അനുഭവസമ്പത്ത് കൂടി ഉപയോഗിക്കുവാനുള്ള തീരുമാനമാണ് മുംബൈ മാനേജ്മെന്റ് ഈ സീസണില്‍ കൈകൊണ്ടിട്ടുള്ളത്.