മുംബൈ മിറ്റിയോര്‍സിനെ തകര്‍ത്തു,ബെംഗളുരു ടോര്‍പ്പിഡോസിന് സീസണിലെ ആദ്യജയം

Newsroom

Picsart 23 02 12 23 58 32 544
Download the Fanport app now!
Appstore Badge
Google Play Badge 1

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് മുംബൈ മിറ്റിയോര്‍സിനെ പരാജയപ്പെടുത്തി

ബെംഗളൂരു, ഫെബ്രുവരി 12: എ23 റുപേ പ്രൈം വോളിബോള്‍ ലീഗില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി ബെംഗളുരു ടോര്‍പ്പിഡോസ്. ഞായറാഴ്ച ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-10, 12-15, 15-13, 15-9, 15-9 എന്ന സകോറിനാണ് ആതിഥേയരായ ബെംഗളൂരിന്റെ ജയം. കളിയിലുടനീളം മികച്ച പ്രകടനം നടത്തിയ ബംഗളൂരു താരം ഷ്വെറ്റെലിന്‍ സ്വെറ്റനോവ് പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Picsart 23 02 12 23 58 19 795

പിഴവുകള്‍ വരുത്താതിരിക്കാന്‍ സോഫ്റ്റ് സെര്‍വുകളുമായി ജാഗ്രതയോടെയാണ് ടോര്‍പ്പിഡോസ് കളി തുടങ്ങിയത്. ഷ്വെറ്റനോവും മുജീബും സ്‌പൈക്കുകളിലൂടെ ടീമിനായി പോയിന്റുകള്‍ നേടി. മറുഭാഗത്ത് അനു ജെയിംസിന്റെ സ്‌പൈക്കുകള്‍ ബെംഗളൂരു ക്യാപ്റ്റന്‍ പങ്കജ് ശര്‍മ നിരന്തരം തടഞ്ഞു. മധ്യനിരയില്‍ ഫലപ്രദമായ ആശയവിനിമയം ഇല്ലാത്തത് മുംബൈക്ക് പ്രതികൂലമായി.

രണ്ടാം സെറ്റില്‍ ലിബറോ താരം സി.കെ രതീഷ് മധ്യനിരയില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി. ഹര്‍ദീപ് സിങിന്റെ ആക്രമണാത്മക പ്രകടനവും മുംബൈക്ക് കളിയില്‍ കാലുറപ്പിക്കാന്‍ അവസരം നല്‍കി. എന്നാല്‍ ഐബിന്‍ ജോസിന്റെ പ്രകടനം കളി വീണ്ടും നിയന്ത്രണത്തിലാക്കാന്‍ ബംഗളൂരിന് സഹായകരമായി.

സ്വെറ്റനോവിന്റെ മാരകമായ സ്‌പൈക്കുകള്‍ തടയാന്‍ മുംബൈ മിറ്റിയോര്‍സ് നായകന്‍ കാര്‍ത്തിക്കും ബ്രാന്‍ഡന്‍ ഗ്രീന്‍വേയും നന്നേ ബുദ്ധിമുട്ടി. മുംബൈയുടെ കളി വേഗത കുറഞ്ഞതോടെ പന്തില്‍ ആധിപത്യം സ്ഥാപിച്ച് ഹര്‍ദീപ് സിങ് അവര്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ ശ്രമിച്ചു. ഹര്‍ദീപ് രണ്ട് പ്രതിരോധ പിഴവുകള്‍ വരുത്തിയതോടെ മിറ്റിയോര്‍സ് ഹെഡ് കോച്ച് സണ്ണി ജോസഫ് അബ്ദുല്‍ റഹീമിനെയും ജിതിനെയും പകരക്കാരായി ഇറക്കി. പെട്ടെന്നുള്ള മാറ്റം ബെംഗളൂരു ടോര്‍പ്പിഡോസിനെ ഞെട്ടിച്ചു. എന്നാല്‍ ഷ്വെറ്റനോവ് വീണ്ടും ഫോമിലായതോടെ ടോര്‍പ്പിഡോസ് കളിയിലെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു.

സമ്മര്‍ദത്തിലായ മുംബൈയെ, ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ ഫോമില്ലായ്മയും പ്രതികൂലമായി. മറുഭാഗത്ത് ബെംഗളൂരിനായി ഐബിന്‍, മുജീബ്, ഷ്വെറ്റനോവ് എന്നിവര്‍ ശക്തമായ സ്‌പൈക്കുകളോടെ പോയിന്റ് നേട്ടം തുടര്‍ന്നു. കളി മുംബൈയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയതോടെ അവര്‍ അനാവശ്യ പിഴവുകളും വരുത്തി. മുംബൈയുടെ സമ്മര്‍ദത്തെ പരമാവധി പ്രയോജനപ്പെടുത്തിയ ഷ്വെറ്റനോവിന്റെ പ്രകടനം ബെംഗളൂരു ടോര്‍പ്പിഡോസിന് 4-1ന്റെ വിജയവും സമ്മാനിച്ചു.

2023 ഫെബ്രുവരി 15 ബുധനാഴ്ച ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് റുപേ പ്രൈം വോളിബോള്‍ ലീഗിലെ രണ്ടാം പാദ മത്സരങ്ങള്‍. ആദ്യദിനം ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. വൈകിട്ട് 7നാണ് മത്സരം.