അനാവശ്യ പിഴവുകളില്‍ ജാഗ്രത പുലര്‍ത്തി കാലിക്കറ്റ് ഹീറോസും ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും ഇറങ്ങുന്നു

Newsroom

Img 20230210 Wa0120
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു, ഫെബ്രുവരി 10: റുപേ െ്രെപം വോളിബോള്‍ ലീഗിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരായ മുംബൈ മിറ്റിയോഴ്‌സ് അനായാസം ആദ്യ സെറ്റ് നേടിയപ്പോള്‍ കാലിക്കറ്റ് ഹീറോസിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് ആരാധകരുടെ പിന്തുണയോടെ, കാലിക്കറ്റ് ഹീറോസ് ബാക്കിയുള്ള സെറ്റുകള്‍ അനായാസം ജയിക്കുകയും വന്‍ തിരിച്ചുവരവോടെ മത്സരം സ്വന്തമാക്കുകയും ചെയ്തു.

ശനിയാഴ്ച അതേ വേദിയില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടുകയാണ് കാലിക്കറ്റ് ഹീറോസ് ടീം. ടീമിന്റെ രണ്ടാം മത്സരത്തിന് മുന്നോടിയായി സംസാരിച്ച സ്റ്റാര്‍ പ്ലേമേക്കര്‍ ജെറോം വിനിത്, ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും തന്റെ ടീമിന് എങ്ങനെ വിജയം നേടാനായെന്ന് വിശദീകരിച്ചു.

Img 20230210 Wa0119

മത്സരത്തില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആദ്യ 10 മിനിറ്റില്‍ ഞങ്ങളുടെ പാസുകള്‍ ശരിയായ ദിശയിലായിരുന്നില്ല. പക്ഷേ ഞങ്ങള്‍ ആദ്യ സെറ്റിന് ശേഷം പരസ്പരം സംസാരിക്കുകയും, തെറ്റുകള്‍ തിരുത്തുകയും ചെയ്തതോടെ മത്സരത്തിലേക്ക് തിരിച്ചെത്തുകയും വിജയിക്കുകയും ചെയ്തു-ജെറോം പറഞ്ഞു.

എതിരാളികളുടെ കരുത്ത് മനസില്‍ കണ്ടാണ് തന്റെ ടീം തന്ത്രങ്ങള്‍ മെനയുന്നതെന്ന് എസ്.വി ഗുരു പ്രശാന്തിന്റെ നേതൃത്വത്തിലുള്ള യുവനിര അടങ്ങുന്ന ഹൈദരാബാദ് ടീമിനെ നേരിടാനൊരുങ്ങുന്നതിനിടെ ജെറോം വിനിത് പറഞ്ഞു. രണ്ട് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഹൈദരാബാദ് ജയിച്ചത്.

‘ഹൈദരാബാദ് വളരെ മികച്ച ടീമാണ്, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സമ്മര്‍ദം സൃഷ്ടിക്കാന്‍ കഴിയും. ഞങ്ങളുടെ ക്യാമ്പില്‍ പരിചയസമ്പന്നരായ കളിക്കാരുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസവുമുണ്ട്. ഞങ്ങള്‍ ഒരു എതിരാളിയെയും വിലകുറച്ച് കാണുന്നില്ല, ഹൈദരാബാദിന്റെ ടീമിനെ മനസില്‍ കണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ തന്ത്രങ്ങള്‍ മെനയുന്നത്-ജെറോം പറഞ്ഞു.

അതേസമയം, ആദ്യമത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ തോല്‍പ്പിച്ച ഹൈദാരാബാദ് രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോട് 1-4ന് തോറ്റിരുന്നു. ടീം വരുത്തിയ പിഴവുകളാണ് തോല്‍വിക്ക് കാരണമായതെന്ന് ടീമിലെ അറ്റാക്കറായ വരുണ്‍ ജി.എസ് പറയുന്നു.

‘ഞങ്ങളുടെ ടീം വളരെ ശക്തമാണ്. ആദ്യ ഗെയിമില്‍ ഞങ്ങള്‍ ആത്മവിശ്വാസത്തോടെ കളിച്ചതിനാല്‍ ഞങ്ങള്‍ക്ക് അനായാസ ജയം സ്വന്തമാക്കാനായി. രണ്ടാം ഗെയിമില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോയിന്റ് നേടുകയല്ല, ഞങ്ങളുടെ അനാവശ്യ പിഴവുകള്‍ അവര്‍ക്ക് പോയിന്റുകള്‍ സമ്മാനിക്കുകയാണ് ചെയ്തത്. അതിന് ഞങ്ങള്‍ വലിയ വില നല്‍കേണ്ടിയും വന്നു. കാലിക്കറ്റ് ഹീറോസിനെതിരെ പിഴവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എ23 പവേര്‍ഡ് ബൈ റുപേ പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങളില്‍ ടീമുകള്‍ ഇതിനകം നിരവധി അനാവശ്യ പിഴവുകള്‍ വരുത്തുകയും, അത് അവര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസ് 19 അനാവശ്യ പിഴവുകളാണ് വരുത്തിയത്. വ്യാഴാഴ്ച അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരായ മത്സരത്തിലും ഇതേ പിഴവുകള്‍ ആവര്‍ത്തിക്കപ്പെട്ടു. തല്‍ഫലമായി രണ്ട് കളികളിലും ബെംഗളൂരു ടീം പരാജയപ്പെടുകയും ചെയ്തു.

15 പോയിന്റ് ഫോര്‍മാറ്റില്‍ കളിക്കാര്‍ എതിര്‍ ടീമിന് പോയിന്റ് വിട്ടുകൊടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമെന്താണെന്ന്
വിനിത് വിശദീകരിക്കുന്നു. ‘ഇത് 15 പോയിന്റുള്ള മത്സരമാണ്. അതിനാല്‍ മത്സരങ്ങള്‍ വിജയിക്കുക വളരെ എളുപ്പവും അതുപോലെ തന്നെ വളരെ ബുദ്ധിമുട്ടുള്ളതുമാണ്. എല്ലാ കളിക്കാരും ഓരോ പിഴവുകള്‍ വരുത്തിയാല്‍ തന്നെ ആറ് പോയിന്റുകള്‍ നഷ്ടമാവും. കുറച്ച് പിഴവുകള്‍ വരുത്തുന്ന ടീമായിരിക്കും മത്സരങ്ങളില്‍ വിജയിക്കുക-വിനിത് പറഞ്ഞു.

വിദേശ താരങ്ങളായ ട്രെന്റ് ഒഡിയയും കാര്‍ലോസ് സമോറയും ഹൈദരാബാദിന് വേണ്ടി ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. മത്സരങ്ങളിലെ വിഷമകരമായ നിമിഷങ്ങളില്‍ ടീമിലെ മറ്റുള്ളവരുമായി ഈ രണ്ട് താരങ്ങളും എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നത് വരുണ്‍ തുറന്നു പറയുന്നു.

‘ട്രെന്റ് ഒഡിയ തികച്ചും പരിചയസമ്പന്നനാണ്. മത്സരത്തിന് ഞങ്ങള്‍ പിന്നിലാവുമ്പോള്‍ അദ്ദേഹം ഞങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയാണ്. അദ്ദേഹം ഞങ്ങള്‍ക്ക് വളരെയേറെ പ്രചോദനവും, മികച്ച ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കാര്‍ലോസ് സമോറയും മികച്ച അനുഭവപരിചയമുള്ളയാണ്, കളിക്കളത്തിലെ അദ്ദേഹത്തിന്റെ സാനിധ്യവും മികച്ചതാണ്-വരുണ്‍ പറഞ്ഞു.

സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് ഹീറോസിന് ലഭിക്കുന്ന പിന്തുണ കണ്ട് ഹൈദരാബാദ് സമ്മര്‍ദത്തിലാവുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തന്റെ ടീം സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, എതിര്‍ ടീമിന്റെ ആരാധക പിന്തുണ ഞങ്ങളെ ബാധിക്കില്ലെന്നും വരുണ്‍ വ്യക്തമാക്കി.

‘കാലിക്കറ്റ് ആരാധകരുടെ സാനിധ്യം ഞങ്ങളുടെ ടീമിനെ ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കളിക്കുന്നത് പതിവാണ്. ഞങ്ങളുടെ ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷം സ്‌റ്റേഡിയം ശൂന്യമായിരുന്നു, എന്നാല്‍ ഇപ്പോള്‍ കാണികള്‍ തിരിച്ചെത്തി. അതിനാല്‍ അവരുടെ മുന്നില്‍ കളിക്കുന്നത് ഏറെ ആവേശകരമായ അനുഭവമായിരിക്കും’

ആരാധകര്‍ കാലിക്കറ്റ് ടീമിന്റെ ഭാഗമാണെന്ന് വിനിത് പറയുന്നു.അവര്‍ക്ക് മുന്നില്‍ വിജയ കുതിപ്പ് തുടരാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.

‘ആരാധകര്‍ക്ക് മുന്നില്‍ വീണ്ടും കളിക്കാനാവുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്. അവരുടെ സാനിധ്യം ശരിക്കും ഞങ്ങളെ പ്രചോദിപ്പിക്കുന്നുണ്ട്. അവര്‍ ഞങ്ങളുടെ ടീമിന്റെ ഭാഗമാണ്, ഹൈദരാബാദിനെതിരെ മറ്റൊരു വിജയം നേടാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്-ജെറോം വിനിത് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.