ഡെര്‍ബി ത്രില്ലറില്‍ കാലിക്കറ്റ് ഹീറോസിനെ അട്ടിമറിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

Newsroom

Picsart 23 02 25 22 02 14 297
Download the Fanport app now!
Appstore Badge
Google Play Badge 1

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ കീഴടക്കി

കൊച്ചി, 2023 ഫെബ്രുവരി 25: എ23 റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസിനെ ഞെട്ടിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴസ് രണ്ടാം സീസണിലെ ആദ്യജയംകുറിച്ചു. കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ഡെര്‍ബി പോരില്‍ 15-13, 14-15, 12-15, 15-7, 15-11 എന്ന സ്‌കോറിനാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചത്. എറിന്‍ വര്‍ഗീസ് കളിയിലെ താരം.

Picsart 23 02 25 22 02 34 291

ആദ്യ സെറ്റില്‍ കാലിക്കറ്റിന്റെ സെര്‍വീസ് പിഴവുകളില്‍നിന്നായിരുന്നു കൊച്ചിയുടെ പോയിന്റുകള്‍. അശ്വിന്‍ രാജിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെയായിരുന്നു കാലിക്കറ്റ് ആദ്യ സെറ്റില്‍ വരവറിയിച്ചത്. കൊച്ചി ഒപ്പത്തിനൊപ്പം മുന്നേറി. സന്‍ഡോവലിന്റെ സ്പൈക്ക് പുറത്തേക്ക് തെറിച്ചതോടെയായിരുന്നു കൊച്ചിക്ക് ഒപ്പമെത്താനായത്. എന്നാല്‍ ജിബിന്‍ സെബാസ്റ്റിയന്‍ സെര്‍വീസ് പിഴവ് കാലിക്കറ്റിന് ലീഡ് നല്‍കി. എറിന്‍ വര്‍ഗീസിന്റെ സ്പൈക്ക് ഇരട്ടബ്ലോക്കിലൂടെ ജെറോം വിനീതും സാന്‍ഡോവലും തടഞ്ഞതോടെ കാലിക്കറ്റ് ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍ മനോഹരമായ റാലിയിലൂടെ കൊച്ചി കളം പിടിക്കുമെന്ന് തോന്നിച്ചെങ്കിലും എറിന്റെ സ്പൈക്ക് പുറത്തുപോയി. എന്നാല്‍ സൂപ്പര്‍ പോയിന്റ അവസരത്തില്‍ കാലിക്കറ്റിന് പിഴച്ചതോടെ കൊച്ചി ഒപ്പമെത്തി. ശുഭം ചൗധരിയുടെ മികവിലായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ അഭിനവിന്റെ ഇടിവെട്ട് ഷോട്ട് കാലിക്കറ്റിനെ ചിതറിച്ചു. അഭിനവ് വീണ്ടും തകര്‍ത്തുകളിച്ചപ്പോള്‍ മിന്നുന്ന ബ്ലോക്കില്‍ കൊച്ചി ആദ്യ സെറ്റ് നേടി.

രണ്ടാം സെറ്റില്‍ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. ഉക്രപാണ്ഡ്യന്‍ കാലിക്കറ്റ് ആക്രമണനിരയെ സജ്ജരാക്കിയപ്പോള്‍ എറിനും ശുഭവുമായിരുന്നു കൊച്ചിക്കായി പോയിന്റുകള്‍ നല്‍കിയത്. ജെറോമിന്റെ സൂപ്പര്‍ സെര്‍വ് കാലിക്കറ്റിന് ഒരടി മുന്നിലാക്കി. കൊച്ചി സെര്‍വീസ് പിഴവുകളിലൂടെ കാലിക്കറ്റിന് പോയിന്റ് സമ്മാനിച്ചു. എറിന്‍ വര്‍ഗീസിന്റെ ആക്രമണം പ്രതിരോധിച്ച് സാന്‍ഡോവല്‍ കാലിക്കറ്റിന് ലീഡ് ഉയര്‍ത്തി. എന്നാല്‍ സൂപ്പര്‍ പോയിന്റ് അവസരത്തില്‍ തകര്‍പ്പന്‍ സ്പൈക്കിലൂടെ വാള്‍ട്ടര്‍ കൊച്ചിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശുഭം ചൗധരിയുടെ സൂപ്പര്‍ സെര്‍വില്‍ കൊച്ചി ഒപ്പമെത്തുകയും ചെയ്തു. എന്നാല്‍ ജെറോമിന്റെ അടി കൊച്ചി പ്രതിരോധത്തില്‍ തട്ടി പുറത്തുപോയതോടെ ആവേശകരമായ സെറ്റ് 15-14ന് കാലിക്കറ്റ് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ തുടക്കത്തില്‍ പിടിച്ചുനിന്ന കൊച്ചി, പക്ഷേ, ജെറോമിന്റെ തകര്‍പ്പന്‍ സ്പൈക്കുകളില്‍ വിരണ്ടു. ഉക്രപാണ്ഡ്യന്‍ സഹതാരങ്ങള്‍ക്ക് മാറിമാറി ആക്രമണത്തിന് അവസരമൊരുക്കിയപ്പോള്‍ കാലിക്കറ്റ് അനായാസം കുതിച്ചു. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ എറിന്റെ സ്പൈക്ക് ഉക്രപാണ്ഡ്യന് കൃത്യമായി തടയാനായില്ല. കൊച്ചി തിരിച്ചുവരുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ജെറോമിന്റെ കിടയറ്റ ആക്രമണത്തില്‍ കാലിക്കറ്റ് മുന്നേറിയത്. എറിന്‍ വര്‍ഗീസ് കൊച്ചിയെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമം നടത്തി. സാന്‍ഡോവലിന്റെ പ്രതിരോധം തകര്‍ന്നതോടെ അവര്‍ അന്തരം കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ജെറോമിന്റെ കരുത്തുറ്റ സ്പൈക്കുകള്‍ക്ക് മുന്നില്‍ കൊച്ചിക്ക് മറുപടിയുണ്ടായില്ല. സെറ്റ് ആധികാരികമായി കാലിക്കറ്റ് നേടി.

നിര്‍ണായകമായ നാലാം സെറ്റില്‍ കൊച്ചി കളി മാറ്റി. എറിന്‍ വര്‍ഗീസും ശുഭം ചൗധരിയും തകര്‍പ്പന്‍ കളിയിലൂടെ കൊച്ചിയെ ബഹുദൂരം മുന്നിലെത്തിച്ചു. രോഹിതിന്റെ സ്പൈക്ക് അശ്വിന്റെ കൈയില്‍ തട്ടിത്തെറിച്ചു. കൊച്ചി ലീഡ് വര്‍ധിപ്പിച്ചു.ഇതിനിടെ സൂപ്പര്‍ പോയിന്റ് അവസരത്തില്‍ കൊച്ചി മാറ്റ് ഹില്ലിങ് ഞെട്ടിച്ചു. എന്നാല്‍ രോഹിതിന്റെ മധ്യഭാഗത്തുനിന്നുള്ള സ്പൈക്ക് കൊച്ചിയുടെ നിയന്ത്രണം ഉറപ്പാക്കി. എറിനും കാലിക്കറ്റിന്റെ വിടവ് നോക്കി തൊടുത്തു. എറിന്‍ വീണ്ടും കരുത്തുറ്റ സ്പൈക്കുകളുമായി കളംനിറഞ്ഞു. കാലിക്കറ്റിന് തിരിച്ചുപിടിക്കാനാകാത്ത വിധം കൊച്ചി ലീഡുയര്‍ത്തി. കാലിക്കറ്റിന് അവരുടെ വിശ്വസ്തനായ ഉക്രയ്ക്കുപോലും പിഴവുകള്‍ പറ്റിയതോടെ തളര്‍ച്ച ബാധിച്ചു. കൊച്ചി സെറ്റ് നേടി മത്സരത്തില്‍ ഒപ്പമെത്തി.

അഞ്ചാം സെറ്റില്‍ വാള്‍ട്ടറായിരുന്നു കൊച്ചിയുടെ കുന്തമുന. അബിലിന്റെ സ്പൈക്കില്‍ കാലിക്കറ്റ് തിരിച്ചടിച്ചു. കൊച്ചിയുടെ പ്രതിരോധം പിഴച്ചപ്പോള്‍ കാലിക്കറ്റ് ഒപ്പമെത്തുകയും ചെയ്തു. എന്നാല്‍ സാന്‍ഡോവലിന് സെര്‍വീസ് തെറ്റി. മറുവശത്ത് വാള്‍ട്ടറും തുലച്ചു. ശുഭം ചൗധരിയുടെ ഒന്നാന്തരം സ്പൈക്ക് കൊച്ചിയെ ഒപ്പമെത്തിച്ചു. കളിയുടെ ആവേശകരമായ ഘട്ടത്തില്‍ കൊച്ചിയുടെ ദിശ തെറ്റിയ സ്പൈക്ക് പുറത്തുപോയതോടെ കാലിക്കറ്റ് ലീഡ് നേടാന്‍ തുടങ്ങി. സാന്‍ഡോവലിന്റെ പ്രതിരോധം കൊച്ചി ആക്രമണനിരയുടെ വഴിയടച്ചു. കൊച്ചി സൂപ്പര്‍ പോയിന്റായി ഇറങ്ങി. മനോഹരമായ റാലിക്കൊടുവില്‍ എറിന്റെ കിടയറ്റ സ്പൈക്ക് കാലിക്കറ്റിനെ ചിതറിച്ചു. കാലിക്കറ്റിന്റെ സൂപ്പര്‍ പോയിന്റ് അവസരത്തില്‍ വാള്‍ട്ടറിന്റെ സ്പൈക്ക് സാന്‍ഡോവലിന്റെ കൈകളില്‍ തട്ടിത്തെറിച്ചതോടെ കളി കൊച്ചിയുടെ കൈകളിലായി. സെറ്റും മത്സരവും അവര്‍ സ്വന്തമാക്കി.

റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് (2023 ഫെബ്രുവരി 26) കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ രാത്രി ഏഴ് മണിക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിടും. രാത്രി 9.30ന് നടക്കുന്ന കളിയില്‍ ഹൈദരാബാദ് ബ്ലാക്ഹോക്സും മുംബൈ മിറ്റിയോഴ്സും ഏറ്റുമുട്ടും.