മൈക്കിൾ ഷുമാർക്കറിനെ മറികടന്നു ചരിത്രം എഴുതി ലൂയിസ് ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർമുല വണ്ണിൽ പുതിയ ചരിത്രം രചിച്ചു മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. 24 വർഷങ്ങൾക്ക് ശേഷം നടന്ന പോർച്ചുഗീസ് ഗ്രാന്റ് പ്രീയിൽ ജയം കണ്ട ഹാമിൾട്ടൻ തന്റെ കരിയറിലെ 92 മത്തെ ഗ്രാന്റ് പ്രീ ജയം ആണ് ഇന്ന് കുറിച്ചത്. ഇതോടെ 91 കരിയർ ജയങ്ങളുള്ള ഇതിഹാസ ഡ്രൈവർ ജർമ്മനിയുടെ സാക്ഷാൽ മൈക്കിൾ ഷുമാർക്കറിന്റെ റെക്കോർഡ് ആണ് ഹാമിൾട്ടൻ ഇതോടെ മറികടന്നത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടനു പക്ഷെ പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. മക്ലാരന്റെ കാർലോസ് സെയിൻസ് തുടക്കത്തിൽ മുന്നിൽ കയറിയെങ്കിലും രണ്ടാമത് റേസ് തുടങ്ങിയ ബോട്ടാസ് റേസിൽ ആദ്യമെത്തി. മൂന്നാമത് ആയ ഹാമിൾട്ടൻ പതുക്കെ റേസിൽ തിരിച്ചു വരുന്നത് ആണ് പിന്നീട് കണ്ടത്.

20 മത്തെ ലാപ്പിൽ ബോട്ടാസിനെ മറികടന്നു ഒന്നാമത് എത്തിയ ഹാമിൾട്ടൻ പിന്നീട് റേസിൽ ആധിപത്യം പുലർത്തി. റേസിൽ രണ്ടാമത് എത്തിയ ബോട്ടാസിനെക്കാൾ നിലവിൽ ചാമ്പ്യൻഷിപ്പിൽ 77 പോയിന്റ് മുന്നിലാണ് ഹാമിൾട്ടൻ. ബോട്ടാസ് രണ്ടാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമതും ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് നാലാമതും എത്തി. സെയിൻസ് ആറാമത് ആയപ്പോൾ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ പത്താം സ്ഥാനത്ത് ആണ് റേസ് അവസാനിപ്പിച്ചത്. ഏതാണ്ട് 25,000 ആരാധകർക്ക് മുന്നിലാണ് ഹാമിൾട്ടൻ തന്റെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഏഴാം ലോക കിരീടത്തിലേക്ക് അടുക്കുന്ന ഹാമിൾട്ടനു ഈ നേട്ടം വലിയ ഊർജ്ജം ആണ് പകരുക.