ആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്

മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അവസാന മിനുട്ടുകളില്‍ വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് പട്ന പൈറേറ്റ്സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ 17-14നു മുന്നില്‍ നിന്നത് പട്നയായിരുന്നുവെങ്കിലും രണ്ടാം പകുതിയിലെ മികച്ച തിരിച്ചുവരവ് തെലുഗുവിനെ വിജയത്തിലേക്ക് നയിച്ചു. മത്സരം അവസാന അഞ്ച് മിനുട്ടിലേക്ക് കടന്നപ്പോള്‍ 30-30നു ഇരു ടീമുകളും ഒപ്പത്തിലായിരുന്നുവെങ്കിലും അവസാന നിമിഷങ്ങളില്‍ പട്നയ്ക്ക് ഒരു പോയിന്റ് മാത്രമേ നേടാനായുള്ളു എന്നത് ടീമിനു തിരിച്ചടിയായി.

8 പോയിന്റ് നേടിയ മഞ്ജിത്ത് ആണ് പട്നയുടെയും മത്സരത്തിലെയും ടോപ് സ്കോറര്‍. പര്‍ദീപ് നര്‍വാലിനു 5 പോയിന്റും ലഭിച്ചു അതേ സമയം രാഹുല്‍ ചൗധരിയാണ് (7) ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. വിശാല്‍ ഭരദ്വാജ്(6), നിലേഷ് സാലുങ്കേ(5), ഇറാനിയന്‍ താരങ്ങളായ അബോസാര്‍ മിഗാനി(5), മൊഹ്സന്‍ മഗ്സൗദലു(4) എന്നിവരാണ് തെലുഗു ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

റെയിഡിംഗില്‍ പട്നയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പ്രതിരോധത്തില്‍ മികവ് തെലുഗു ടൈറ്റന്‍സിനായിരുന്നു. റെയിഡിംഗ് പോയിന്റില്‍ 19-15നും ടാക്കിള്‍ പോയിന്റില്‍ 15-8നുമായിരുന്നു അതാത് ടീമുകള്‍ മുന്നില്‍. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ തെലുഗു മൂന്ന് അധിക പോയിന്റുകളും പട്ന രണ്ട് അധിക പോയിന്റുകളും സ്വന്തമാക്കി.

Previous articleപരിക്ക് മാറി, ഡി ബ്രുയിൻ നാളെ കളിക്കും
Next articleമഹാ ഡർബി മുംബൈ സിറ്റിക്ക് ഒപ്പം