സമനിലയില്‍ പിരിഞ്ഞ് പട്നയും ബെംഗളൂരുവും, രണ്ടാം പകുതിയില്‍ ചാമ്പ്യന്മാരുടെ മിന്നും തിരിച്ചുവരവ്

Sports Correspondent

പോയിന്റുകള്‍ യഥേഷ്ടം പിറന്ന മത്സരത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. 40-40 എന്ന സ്കോറിനു പട്ന പൈറേറ്റ്സും ബെംഗളൂരു ബുള്‍സും പോയിന്റുകള്‍ പങ്കുവയ്ക്കുകയായിരുന്നു ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍. പകുതി സമയത്ത് 20-11നു വ്യക്തമായ ലീഡ് കരസ്ഥമാക്കുവാന്‍ ബെംഗളൂരുവിനായെങ്കിലും ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ പട്ന ഒപ്പമെത്തുകയായിരുന്നു. ഒരു ഘടത്തില്‍ ലീഡ് സ്വന്തമാക്കുവാനും പട്നയ്ക്ക് സാധിച്ചിരുന്നു.

രണ്ടാം പകുതിയില്‍ ലീഡ് നില ഇരു ടീമുകളിലേക്കും മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്. മിനുട്ടുകള്‍ മാത്രം അവശേഷിക്കെ മൂന്ന് പോയിന്റ് ലീഡ് നേടുവാന്‍ ബെംഗളൂരുവിനു സാധിച്ചുവെങ്കിലും പവന്‍ ഷെഹ്റാവത്ത് അവസാന റെയിഡില്‍ പരാജയപ്പെട്ടത് ഒപ്പമെത്തുവാന്‍ പട്നയെ സഹായിച്ചു.

17 പോയിന്റ് നേടി പര്‍ദീപ് നര്‍വാല്‍ ആണ് പട്നയെ മുന്നില്‍ നിന്ന് നയിച്ചത്. ബെംഗളൂരുവിനു വേണ്ടി രോഹിത് കുമാര്‍ 16 പോയിന്റും പവന്‍ ഷെഹ്റാവത്ത് എട്ടും മഹേന്ദര്‍ സിംഗ് 6 പോയിന്റും നേടി. കാശിലിംഗ് അഡ്കേ 5 പോയിന്റ് കരസ്ഥമാക്കി. റെയിഡിംഗില്‍ ഇരു ടീമുകളും 26 പോയിന്റ് വീതം നേടി ഒപ്പം പിടിച്ചു. പ്രതിരോധത്തില്‍ 11-7നു മേല്‍ക്കൈ നേടുവാനായത് ബെംഗളൂരുവിനായിരുന്നു.

രണ്ട് തവണ ബെംഗളരൂവിനെ പട്ന ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ബെംഗളൂരുവും പട്നയെ പുറത്താക്കി. 3-1നു അധിക പോയിന്റുകളിലും പട്നയായിരുന്നു മുന്നില്‍.