ബുള്‍സിനെ മെരുക്കാനാകാതെ യോദ്ധ

ബെംഗളൂരു ബുള്‍സിനു മുന്നില്‍ വീണ് യുപി യോദ്ധ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ബുള്‍സ് 35-29 എന്ന സ്കോറിനാണ് യുപി യോദ്ധയെ മറികടന്നത്. ആദ്യ പകുതിയില്‍ 20-15നു അഞ്ച് പോയിന്റ് ലീഡ് കരസ്ഥമാക്കിയ ശേഷമാണ് യുപി യോദ്ധ മത്സരത്തില്‍ പിന്നോക്കം പോയത്. 14 പോയിന്റ് നേടിയ രോഹിത് കുമാറിന്റെ നിര്‍ണ്ണായക പ്രകടനമാണ് ബെംഗളൂരു നിരയില്‍ വ്യത്യസ്തമായത്. 6 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് രോഹിത്തിനു മികച്ച പിന്തുണ നല്‍കി.

യുപിയ്ക്കായി പ്രശാന്ത് കുമാര്‍ 7 പോയിന്റും ശ്രീകാന്ത് ജാഥവ് അഞ്ച് പോയിന്റും നേടി. മത്സരത്തില്‍ ഇരു ടീമുകളും പ്രതിരോധത്തിലും ഓള്‍ഔട്ട് പോയിന്റിലും ഒപ്പമായിരുന്നുവെങ്കിലും രോഹിത് കുമാറിന്റെ മാസ്മരിക പ്രകടനത്തില്‍ 20-12 നു റെയിഡിംഗില്‍ ബെംഗളൂരു മുന്നില്‍ നിന്നു. 12-12 എന്ന നിലയില്‍ പ്രതിരോധത്തിലും 2 പോയിന്റ് വീതം നേടി ഓള്‍ഔട്ട് പോയിന്റുകളിലും ടീമുകള്‍ ഒപ്പം നിന്നു. 3-1നു യുപിയ്ക്കായിരുന്നു അധിക പോയിന്റുകളില്‍ മുന്‍തൂക്കം.