ലവ്‍ലി ലോവ്‍ലീന, സെമിയുറപ്പാക്കി ഇന്ത്യയുടെ രണ്ടാം മെഡലുമായി ലോവ്‍ലീന

ബോക്സിംഗ് സെമി ഫൈനലിൽ കടന്ന് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍. സ്പ്ലിറ്റ് ഡിസിഷനിലാണ് ഇന്ത്യയുടെ മെഡൽ ഉറപ്പാക്കിയ തീരുമാനം എത്തിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയിലെത്തിയ താരത്തിന്റെ ഇനിയുള്ള ഫലം ഏത് മെഡലാണെന്നത് തീരുമാനിക്കും.

ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനെതിരെയാണ് ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ 64-69 വെല്‍ട്ടര്‍ വിഭാഗത്തിലാണ് മത്സരത്തിനിറങ്ങിയത്. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനും രണ്ട് ജഡ്ജിമാര്‍ ചൈനീസ് തായ്പേയ് താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

രണ്ടാം റൗണ്ടിൽ ഇന്ത്യയ്ക്കൊപ്പമാണ് അഞ്ച് ജഡ്ജിമാരും നിന്നത്. മൂന്നാ റൗണ്ടിൽ നാല് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും ഒരാള്‍ ചൈനീസ് തായ്‍പേയ് താരത്തിനൊപ്പവും നിന്നു.

ക്വാര്‍ട്ടര്‍ കാണാതെ സിമ്രന്‍ജിത്ത് കൗര്‍ മടങ്ങി

ബോക്സിംഗിൽ ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ പ്രീക്വാര്‍ട്ടറിൽ പുറത്ത്. വനിതകളുടെ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ(57-60) ഇന്ന് തായ്‍ലാന്‍ഡിന്റെ സുദാപോൺ സീസോണ്ടിയെയാണ് സിമ്രന്‍ജിത്ത് കൗര്‍ നേരിട്ടത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് സിമ്രന്‍ജിത്ത് ഈ റൗണ്ടിലേക്ക് എത്തിയത്. ഏകപക്ഷീയമായ നിലയിൽ 5-0 എന്ന നിലയിലായിരുന്നു തായ്‍ലാന്‍ഡ് താരത്തിന്റെ വിജയം.

ആദ്യ റൗണ്ടിൽ സിമ്രന്‍ജിത്ത് കൗറാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് തോന്നിയെങ്കിലും ജഡ്ജിമാര്‍ അഞ്ച് പേരും തായ്‍ലാന്‍ഡ് താരത്തിനൊപ്പം നിന്നു. രണ്ടാം റൗണ്ടിൽ തായ്‍ലാന്‍ഡ് താരം ആയിരുന്നു വ്യക്തമായ മികവ് പുലര്‍ത്തിയത്. മൂന്നാം റൗണ്ടിലും മേല്‍ക്കൈ സിമ്രന്‍ജിത്തിന് മേല്‍ തായ്‍ലാന്‍ഡ് താരം നേടിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.

മേരി കോം പൊരുതി വീണു, തീരുമാനം സ്പ്ലിറ്റ് ഡിസിഷനിൽ

ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ഉറപ്പാക്കുവാനുള്ള അവസരം ബോക്സര്‍ മേരി കോമിന് നഷ്ടം. ഇന്ന് നടന്ന വനിതകളുടെ 48-51 കിലോ ഫ്ലൈ വെയിറ്റ് കാറ്റഗറിയിൽ കൊളംബിയന്‍ ബോക്സര്‍ ലോറേന ഇന്‍ഗ്രിറ്റ് വലേന്‍സിയയ്ക്കെതിരെയാണ് മേരി കോം പൊരുതി വീണത്. സ്പ്ലിറ്റ് ഡിസഷനിൽ 3-2 എന്ന സ്കോറിനാണ് കൊളംബിയന്‍ താരം വിജയം ഉറപ്പാക്കിയത്. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് കൊളംബിയന്‍ ബോക്സര്‍.

റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മേരി കോമിന്റെ പരാജയം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് മേരി കോമിന് യോഗ്യത നേടാമായിരുന്നു. 6 തവണ ലോക ചാമ്പ്യനായ മേരി കോം ഇന്ത്യന്‍ ബോക്സിംഗിന്റെ ഇതിഹാസം എന്ന് തന്നെ വിളിക്കാവുന്നതാണ്.

ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്ക്കൊപ്പം നിലകൊണ്ടു. രണ്ടാം റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി.

Marykom

നിര്‍ണ്ണായകമായ മൂന്നാം റൗണ്ടിൽ മേരിയ്ക്കൊപ്പം മൂന്ന് ജഡ്ജിമാര്‍ നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനിൽ മത്സരം മേരിയ്ക്ക് നഷ്ടമായി. ജഡ്ജുമാരുടെ തീരുമാനം പുഞ്ചിരിച്ചും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്. തന്റെ അവസാന ഒളിമ്പിക്സ് മത്സരമാണെന്ന ബോധ്യതോടെയാണ് താരം ഈ വിധിയെ സ്വീകരിച്ചത്.

സതീഷ് കുമാറിന് വിജയം, മെഡൽ പ്രതീക്ഷയോടെ ക്വാര്‍ട്ടറിലേക്ക്

91+ കിലോ വിഭാഗം പുരുഷന്മാരുടെ സൂപ്പര്‍ ഹെവി മത്സരത്തിൽ ഇന്ത്യയുടെ സതീഷ് കുമാറിന് വിജയം. ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ താരം ഇന്ന് ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെതിരെ 4-1ന്റെ വിജയം നേടുകയായിരുന്നു.

ആദ്യ റൗണ്ടിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിയതെന്ന് തോന്നിയെങ്കിലും അ‍ഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു. രണ്ടാം റൗണ്ടിൽ 4 ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും ഒരു ജഡ്ജ് ജമൈക്കന്‍ താരത്തിനൊപ്പവും നിന്നു.

മൂന്നാം റൗണ്ടിലും നാല് ജഡ്ജുമാര്‍ സതീഷിനൊപ്പവും ഒരു ജഡ്ജ് റിക്കാര്‍ഡോയ്ക്കും ഒപ്പം നിന്നു. തന്നെക്കാളും കൂടുതൽ കരുത്തനായ എതിരാളിയെ തന്ത്രപൂര്‍വ്വമാണ് സതീഷ് നേരിട്ടത്. ഒരു മത്സരം കൂടി വിജയിച്ചാൽ താരത്തിന് മെഡൽ ഉറപ്പിക്കാം.

ഇടിക്കൂട്ടിൽ വിസ്മയമായി പൂജ റാണി, ക്വാര്‍ട്ടറിലേക്ക് യോഗ്യത

അള്‍ജീരിയന്‍ താരത്തിനെതിരെ 5-0ന്റെ വിജയം നേടി ഇന്ത്യന്‍ ബോക്സര്‍ പൂജ റാണി. 69-75 കിലോ വിഭാഗം മിഡിൽ വെയിറ്റ് മത്സരത്തിലാണ് ഇന്ത്യയുടെ പൂജ റാണി ഇന്ന് അള്‍ജീരിയ താരം ഇചരാക് ചൈബിനെതിരെ ഇറങ്ങിയത്. ആദ്യ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ച് ജഡ്ജുമാരും മുന്‍തൂക്കം പൂജയ്ക്ക് നല്‍കുകയായിരുന്നു.

രണ്ടാം റൗണ്ടിലും അഞ്ച് ജഡ്ജുമാരും ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം റൗണ്ടിലും ഇന്ത്യന്‍ താരത്തിന് അനുകൂലമായി അഞ്ച് ജഡ്ജുമാരും ഒരു പോലെ നില്‍ക്കുകയായിരുന്നു.

ബോക്സിംഗിൽ നിന്ന് ആശ്വാസ വാര്‍ത്ത, ബോര്‍ഗോഹൈന്‍ ക്വാര്‍ട്ടറിൽ

ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിൽ ജര്‍മ്മന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ബോക്സിംഗിൽ ക്വാര്‍ട്ടറിൽ കടന്നു. 3-2 എന്ന സ്കോറിനായിരുന്നു ബോര്‍ഗോഹൈന്റെ വിജയം.

വനിതകളുടെ വെൽറ്റര്‍വെയിറ്റ് 64-69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലോവ്‍ലീന ബോര്‍ഗോഹൈന്‍ ജര്‍മ്മനിയുടെ നദീന്‍ അപെറ്റ്സ് ആയിരുന്നു ഇന്ത്യന്‍ താരത്തിന്റെ എതിരാളി. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ ലോവ്‍ലീനയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പമാണ് നിന്നത്.

രണ്ടാം റൗണ്ടിൽ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ ഇരു താരങ്ങള്‍ക്കും സാധിച്ചില്ലെങ്കിലും ആദ്യ റൗണ്ട് പോലെ തന്നെ 3-2ന്റെ ആനുകൂല്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പവും രണ്ട് ജഡ്ജിമാര്‍ ജര്‍മ്മന്‍ താരത്തിനൊപ്പവും നിന്നു.

ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് ഇന്ത്യന്‍ താരം പ്രീക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് എത്തിയത്.

പ്രകടനം ആവേശകരം, വിധിയെഴുത്ത് ആശിഷിന് എതിരെ

ചൈനീസ് താരത്തോട് പരാജയം ഏറ്റു വാങ്ങി ഇന്ത്യന്‍ ബോക്സര്‍ ആശിഷ് കുമാര്‍. പുരുഷന്മാരുടെ മിഡിൽവെയിറ്റ് വിഭാഗത്തിലാണ് (69-75) ഇന്ന് ആശിഷ് കുമാര്‍ ചൈനയുടെ എര്‍ബിയേക്കേ ടുവോഹാട്ടയ്ക്കെതിരെ
0-5 എന്ന സ്കോറിന് അടിയറവ് പറഞ്ഞത്.

ആദ്യ റൗണ്ടിൽ മികച്ച പ്രകടനമാണ് ആശിഷ് കുമാര്‍ നടത്തിയതെങ്കിലും റഫറിമാര്‍ എല്ലാം ചൈനീസ് താരത്തിന് അനുകൂലമായാണ് വിധിയെഴുതിയത്. രണ്ടാം റൗണ്ടിലും ആവേശകരമായ പ്രകടനം പുറത്തെടുത്തുെവെങ്കിലും റഫറിമാര്‍ ആദ്യ റൗണ്ട് പോലെ തന്നെ വിധിയെഴതിയത് ചൈനയ്ക്ക് അനുകൂലമായിട്ടായിരുന്നു.

ആദ്യ രണ്ട് റൗണ്ടിലേതിന്റെ അത്ര മികച്ച പ്രകടനം മൂന്നാം റൗണ്ടിൽ ഇന്ത്യന്‍ താരത്തിന് പുറത്തെടുക്കാനായില്ലെങ്കിലും അഞ്ച്  ജഡ്ജുമാരും താരത്തിന് അനുകൂലമായി വിധി എഴുതി. എന്നാല്‍ മത്സരവിധി 5-0ന് ചൈനീസ് താരത്തിന് നല്‍കുവാന്‍ ജഡ്ജ്മാര്‍ തീരുമാനിച്ചു.

മൂന്ന് റൗണ്ടിലും 29-28ന്റെ മുന്‍തൂക്കം ചൈനീസ് താരത്തിന് ലഭിച്ചതോട് ഏകപക്ഷീയമായ ഫലമായി ഇത് മാറി.

തലയയുര്‍ത്തി മടങ്ങുക കൗശിക്, കരുത്തനായ ബ്രിട്ടീഷ് താരത്തിനെ വിറപ്പിച്ചുവെങ്കിലും തോല്‍വിയേറ്റു വാങ്ങി മനീഷ് കൗശിക്

ബ്രിട്ടന്റെ കരുത്തനായ ലൂക്ക് മക്കോര്‍മാകിനെതിരെ വീരോചിതമായ പ്രകടനവുമായി മനീഷ് കൗശിക്. ഇന്ന് നടന്ന മത്സരത്തിൽ 4-1ന്റെ വിജയമാണ് ബ്രിട്ടീഷ് താരം നേടിയതെങ്കിലും സ്കോര്‍ ബോര്‍ഡ് സൂചിപ്പിക്കുന്നതിലും കരുത്തനായ പ്രകടനം ആണ് മനീഷ് കൗശിക് നടത്തിയത്. പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് 57-63 കിലോ വിഭാഗത്തിലാണ് മനീഷ് ഇപ്പോള്‍ ഇറങ്ങിയത്.

ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നപ്പോള്‍ രണ്ട് പേരാണ് മനീഷിനൊപ്പം നിന്നത്. അതേ സമയം രണ്ടാം റൗണ്ടിൽ മുന്‍തൂക്കം നേടുവാന്‍ ഇന്ത്യന്‍ താരത്തിന് ആയി. മൂന്ന് ജഡ്ജുമാര്‍ ഇന്ത്യന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ രണ്ട് പേര്‍ ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നു.

വിജയയിയാരെന്ന് അവസാന റൗണ്ടിൽ തീരുമാനിക്കുമെന്ന നിലയിൽ ഇരു ബോക്സര്‍മാരും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വിജയം 4-1ന് ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നു.

മേരി കോം രണ്ടാം റൗണ്ടിലേക്ക്

ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെതിരെ 4-1ന്റെ വിജയം നേടി മേരി കോം. ഇന്ന് നടന്ന 48-51 കിലോ വനിത ഫ്ലൈ വെയിറ്റ് വിഭാഗത്തിലാണ് മേരി രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ റൗണ്ടിൽ വ്യക്തമായ മേധാവിത്യം പുലര്‍ത്തിയപ്പോള്‍ രണ്ടാം റൗണ്ടിൽ ഡൊമിനിക്കന്‍ റിപബ്ലിക്ക് താരത്തിന് നേരിയ നേട്ടം കൊയ്യാനായി.

ആദ്യ ജഡ്ജ് 30-27ന് മേരിക്കോമിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ രണ്ടാം ജഡ്ജ് മിഗ്വേലിന 29-28ന് ആനുകൂല്യം നല്‍കി. മൂന്നാം ജഡ്ജ് മേരി കോമിന് 29-28ന്റെ വിജയം നല്‍കിയപ്പോള്‍ നാലാം ജഡ്ജും ആദ്യ ജഡ്ജിനെ പോലെ 30-27ന്റെ ആധിപത്യം മേരിയ്ക്ക് നല്‍കി.

അഞ്ചാം ജഡ്ജ് 29-28ന്റെ നേരിയ മുന്‍തൂക്കം ഇന്ത്യന്‍ താരത്തിന് നല്‍കിയപ്പോള്‍ 4-1ന് മത്സരം മേരി കോം സ്വന്തമാക്കി.

ഇടിക്കൂട്ടിൽ കാലിടറി വികാസ് കൃഷ്ണന്‍, ആദ്യ റൗണ്ടിൽ പുറത്തായി

ജപ്പാന്‍ താരത്തിനോട് ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ വികാസ് കൃഷ്ണന്‍. പുരുഷന്മാരുടെ വെല്‍റ്റര്‍ വെയിറ്റ് 63-69 കിലോ വിഭാഗത്തിലാണ് ഇന്ന് ജപ്പാന്റെ മെന്‍സാ ഒകസാവയോട് വികാസ് കൃഷ്ണന് കാലിടറിയത്. ആദ്യ രണ്ട് റൗണ്ടിലും ജപ്പാന്‍ താരമാണ് മുന്‍തൂക്കം നേടിയത്. മൂന്നാം റൗണ്ടിൽ വികാസ് കിണ‍‍ഞ്ഞ് പരിശ്രമിച്ചെങ്കിലും ജപ്പാന്‍ താരത്തെ മറികടക്കുവാന്‍ ഇന്ത്യന്‍ താരത്തിനായില്ല.

ഐകകണ്ഠേനയുള്ള തീരുമാനത്തിലാണ് 5-0ന്റെ വിജയം ജപ്പാന്‍ താരത്തിന് റഫറിമാര്‍ നല്‍കിയത്. രണ്ടാം റൗണ്ടിൽ ക്യൂബന്‍ താരത്തിനെയാണ് ജപ്പാന്‍ താരം നേരിടുന്നത്.

ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പ് ഡെൽഹിയിൽ നിന്ന് മാറ്റി

കൊറോണ വ്യാപനം കണക്കിൽ എടുത്ത് ഡെൽഹിയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ വേദി മാറ്റി. ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കാണ് വേദി മാറ്റിയത്. ദുബൈയിൽ വെച്ചാണ് നടക്കുക എങ്കിലും ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദുബൈക്ക് ഒപ്പം ആതിഥേയരായി ഉണ്ടാകും. മെയ് 21 മുതൽ മെയ് 31വരെ ഡെൽഹി ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്. യാത്ര വിലക്കുകൾ ഇന്ത്യയിലേക്കുള്ള യാത്രകളെ ബാധിക്കും എന്നതാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്താൻ ആരണം എന്ന് ഏഷ്യൻ ബോക്സിങ് ഫെഡറേഷൻ പറഞ്ഞു. ഡെൽഹിയിൽ ദിവസവും ഇരുപതിനായിരത്തിൽ അധികം കൊറോണ കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്‌

രണ്ട് തവണ ലോക ചാമ്പ്യനായ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ജ്യോതി ഗുലിയ

ബള്‍ഗേറിയയിലെ സോഫിയയില്‍ നടക്കുന്ന 72ാമത് സ്ട്രാന്‍ഡ്ജ മെമ്മോറിയല്‍ ബോക്സിംഗ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ജ്യോതി ഗുലിയ. 51 കിലോ വിഭാഗത്തില്‍ രണ്ട് തവണ ലോക ചാമ്പ്യനായ ഖസാക്കിസ്ഥാന്റെ നസൈം കൈസാബേയെയാണ് ഇന്ത്യന്‍ താരം അട്ടിമറിച്ചത്.

3-2 എന്ന സ്കോറിനാണ് ജ്യോതിയുടെ വിജയം. 2014, 2016 വര്‍ഷങ്ങളില്‍ സീനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവാണ് ഖസാക്കിസ്ഥാന്‍ താരം. ജ്യോതി 2017 ലോക യൂത്ത് ചാമ്പ്യന്‍ ആണ്.

Exit mobile version