മേരി കോം പൊരുതി വീണു, തീരുമാനം സ്പ്ലിറ്റ് ഡിസിഷനിൽ

ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ ഉറപ്പാക്കുവാനുള്ള അവസരം ബോക്സര്‍ മേരി കോമിന് നഷ്ടം. ഇന്ന് നടന്ന വനിതകളുടെ 48-51 കിലോ ഫ്ലൈ വെയിറ്റ് കാറ്റഗറിയിൽ കൊളംബിയന്‍ ബോക്സര്‍ ലോറേന ഇന്‍ഗ്രിറ്റ് വലേന്‍സിയയ്ക്കെതിരെയാണ് മേരി കോം പൊരുതി വീണത്. സ്പ്ലിറ്റ് ഡിസഷനിൽ 3-2 എന്ന സ്കോറിനാണ് കൊളംബിയന്‍ താരം വിജയം ഉറപ്പാക്കിയത്. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് കൊളംബിയന്‍ ബോക്സര്‍.

റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മേരി കോമിന്റെ പരാജയം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലിന് മേരി കോമിന് യോഗ്യത നേടാമായിരുന്നു. 6 തവണ ലോക ചാമ്പ്യനായ മേരി കോം ഇന്ത്യന്‍ ബോക്സിംഗിന്റെ ഇതിഹാസം എന്ന് തന്നെ വിളിക്കാവുന്നതാണ്.

ആദ്യ റൗണ്ട് അവസാനിച്ചപ്പോള്‍ നാല് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ ഒരാള്‍ ഇന്ത്യയ്ക്കൊപ്പം നിലകൊണ്ടു. രണ്ടാം റൗണ്ടിൽ മൂന്ന് ജഡ്ജുമാര്‍ മേരിയ്ക്കൊപ്പം നിന്നപ്പോള്‍ രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിന് അനുകൂലമായി വിധിയെഴുതി.

Marykom

നിര്‍ണ്ണായകമായ മൂന്നാം റൗണ്ടിൽ മേരിയ്ക്കൊപ്പം മൂന്ന് ജഡ്ജിമാര്‍ നിന്നുവെങ്കിലും രണ്ട് ജഡ്ജുമാര്‍ കൊളംബിയന്‍ താരത്തിനൊപ്പം നിന്നപ്പോള്‍ സ്പ്ലിറ്റ് ഡിസിഷനിൽ മത്സരം മേരിയ്ക്ക് നഷ്ടമായി. ജഡ്ജുമാരുടെ തീരുമാനം പുഞ്ചിരിച്ചും എതിരാളിയെ ആശ്ലേഷിച്ചുമാണ് മേരി കോം സ്വീകരിച്ചത്. തന്റെ അവസാന ഒളിമ്പിക്സ് മത്സരമാണെന്ന ബോധ്യതോടെയാണ് താരം ഈ വിധിയെ സ്വീകരിച്ചത്.

Exit mobile version