മേരി കോം സെമിയിലേക്ക്, ലോക ബോക്സിംഗിലെ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യയുടെ ഉരുക്ക് വനിത

ലോക ബോക്സിംഗില്‍ എട്ട് ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടുന്ന ഏക താരമെന്ന റെക്കോര്‍ഡിന് അര്‍ഹയായി ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം. പുരുഷ വനിത താരങ്ങളില്‍ ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കുവാന്‍ സാധിക്കാത്ത നേട്ടമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നിലവിലെ ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ഏകപക്ഷീയമായ സ്കോറിന് (5-0) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ ഉറപ്പിക്കുവാന്‍ മേരി കോമിന് സാധിച്ചത്.

51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിക്കുന്നത്.

മേരി കോം ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ച് ഇന്ത്യൻ ബോക്സർ മേരി കോം. തായ്‌ലൻഡ് ബോക്‌സർ ജൂതമസ് ജിറ്റ്പോങ്ങിനെയാണ് മേരി കോം തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ 5-0നാണ് മേരി കോം ജയം ഉറപ്പിച്ചത്.

ഓപ്പണിങ് റൗണ്ടിൽ പതിയെ തുടങ്ങിയ മേരി കോം രണ്ടാം റൗണ്ടിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. 51 കിലോ ഗ്രാം വിഭാഗത്തിൽ ആദ്യ ലോക കിരീടം തേടിയാണ് മേരി കോം ഇറങ്ങിയത്. അതെ സമയം മുൻ വെള്ളി മെഡൽ ജേതാവ് സോറ്റി ബൂറ 75 കിലോ ഗ്രാം വിഭാഗത്തിൽ നിന്ന് പുറത്തായി. രണ്ടാം സീഡ് ലൗറൻ പ്രൈസിനോടാണ് ബൂറ തോറ്റത്.

തനിക്കവാര്‍ഡൊന്നും വേണ്ട, പക്ഷേ തന്റെ കോച്ചിന് ബഹുമതി നല്‍കണം

ഇന്ത്യയുടെ ബോക്സര്‍മാരില്‍ ഇപ്പോള്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന താരം അമിത് പംഗാല്‍ ആണ്. ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ അമിത് ഈ അടുത്ത് അവസാനിച്ച ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന ബഹുമതി നേടിയിരുന്നു. അടുത്ത കാലത്തായി ഒട്ടേറെ മികച്ച ബോക്സിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും താരത്തിനെ അര്‍ജ്ജുന അവാര്‍ഡിന് പരിഗണിച്ചിരുന്നില്ല.

ഇതിന് കാരണം 2012ല്‍ താരം ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടു എന്ന കാര്യമായിരുന്നു. താരം ചിക്കന്‍ പോക്സിന് ചികിത്സ നേടേണ്ടി വന്നിരുന്ന സമയത്ത് നടന്ന ടെസ്റ്റായതിനാലാണ് ഈ ഡോപ്പിംഗ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. തനിക്ക് അവാര്‍ഡൊന്നും ലഭിച്ചില്ലെങ്കിലും താന്‍ അത്ര വ്യാകുലനല്ലെന്ന് പറഞ്ഞ് അമിത് എന്നാല്‍ തന്റെ മുന്‍ കോച്ചായ അനില്‍ ധനകറിന് ദ്രോണാാര്യ അവാര്‍ഡ് കൊടുക്കണമെന്നാണ് പറയുന്നത്.

തന്റെ ആദ്യ കാലങ്ങളില്‍ തന്നെ മെച്ചപ്പെടുത്തി കൊണ്ടു വന്നതില്‍ ഏറ്റവും പ്രധാനിയായ താരം അനില്‍ ആണെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഒരിക്കലും ബോക്സര്‍ അകില്ലെന്നും അമിത് പംഗാല്‍ പറഞ്ഞു. 2008ല്‍ താന്‍ ബോക്സിംഗ് ആരംഭിയ്ക്കുന്ന സമയം മുതല്‍ തനിക്ക് പിന്നില്‍ ശില പോലെ ഉറച്ച് നിന്നയാളാണ് അനിലെന്നും അദ്ദേഹത്തിന് ഒരു അവാര്‍ഡ് നല്‍കിയാല്‍ താന്‍ ഏറെ സന്തോഷവാനാകുമെന്നും അമിത് പംഗാല്‍ പറഞ്ഞു.

അനില്‍ ഒരു ദേശീയ ബോക്സിംഗ് ടീമിലും പരിശീലകന്റെ റോളില്‍ ഇല്ലായിരുന്നുവെങ്കിലും ഒരു കാലത്തെ ബോക്സിംഗിലെ ദേശീയ നിലയില്‍ മെഡല്‍ നേടിയിട്ടുള്ള താരമാണ് ഈ 45 വയസ്സുകാരന്‍.

തന്റെ പേര് എല്ലാ വര്‍ഷവും അര്‍ജ്ജുന അവാര്‍ഡിന് അയയ്ക്കുന്ന ബോക്സിംഗ് ഫെഡറേഷനും അമിത് ഏറെ നന്ദി പറഞ്ഞു. ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത് തനിക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിയ്ക്കുന്ന വരെ തന്റെ പേര് എന്ത് വന്നാലും അയയ്ക്കുമെന്നാണ്, ഈ പരിഗണനയ്ക്ക് ഏറെ നന്ദിയുണ്ടെന്ന് അമിത് പറഞ്ഞു. തനിക്ക് തന്റെ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുവാന്‍ സാധിക്കുന്നിടത്തോളം കാര്യം തനിക്ക് മറ്റ് അവാര്‍ഡുകളെക്കുറിച്ച് ചിന്തയൊന്നുമില്ലെന്നും അമിത് പറഞ്ഞു.

തന്റെ അടുത്ത ഏറ്റവും വലിയ വെല്ലുവിളി ഏഷ്യന്‍ ഒളിമ്പിക്സ് യോഗ്യത ടൂര്‍ണ്ണമെന്റാണെന്നും അമിത് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ വെച്ചാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ഈ വെല്ലുവിളിയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ താന്‍ നടത്തി വരികയാണെന്നും അമിത് പറഞ്ഞു.

അമിത് പംഗാലിന് ചരിത്ര നിമിഷം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തി ചരിത്രം സൃഷ്ടിച്ച് അമിത് പംഗാല്‍. കസാക്കിസ്ഥാന്റെ സാക്കെന്‍ ബിബോസ്സിനോവിനെ സ്പ്ലിറ്റ് ഡിസിഷനില്‍ (3:2) എന്ന സ്കോറിന് കീഴടക്കിയാണ് അമിത് ഈ ചരിത്ര നേട്ടം കുറിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അമിത്, കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് 2019ല്‍ സ്വര്‍ണ്ണവും നേടിയിട്ടുള്ള താരമാണ്.

https://twitter.com/BFI_official/status/1174995912235503617

ഏഷ്യൻ ബോക്സിംഗ് കോൺഫെഡറേഷൻ അവാർഡ് നേടി ഗൗരവ് സോളങ്കി

ഇന്ത്യയുടെ സ്റ്റാർ ബോക്സർ ഗൗരവ് സോളങ്കി അവാർഡ് തിളക്കത്തിൽ. ഏഷ്യൻ ബോക്സിംഗ് കോൺഫെഡറേഷൻ നൽകുന്ന “ഏഷ്യൻ ഡിസ്കവറി ഓഫ് ദ് ഇയർ 2018” അവാർഡ് സ്വന്തമാക്കി ഗൗരവ് സോളങ്കി. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം നടന്ന ബോക്സിംഗ് ലോകകപ്പിലും കോമൺവെൽത്ത് ഗെയിംസിലും ഗൗരവ് സോളങ്കി സ്വർണം നേടിയിരുന്നു. ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോമിന് മികച്ച ഏഷ്യൻ വനിതാ ബോക്സർക്കുള്ള അവാർഡ് തലനാരിഴയ്ക്കാണ് നഷ്ടമായത്.

13 മെഡലുകളുമായി ഇന്ത്യ ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. പുരുഷ വനിത വിഭാഗത്തിലായി 13 മെ‍ഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അമിത് പംഗലും പൂജ റാണിയും സ്വര്‍ണ്ണവുമായി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. രണ്ട് സ്വര്‍ണ്ണവും 4 വെള്ളിയും 7 വെങ്കല മെഡലുമാണ് ഇന്ത്യയുടെ നേട്ടം.

പുരുഷ വിഭാഗത്തില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 3 വെങ്കലവും ഇന്ത്യ നേടിയപ്പോള്‍ വനിത വിഭാഗത്തില്‍ ഇന്ത്യ 1 സ്വര്‍ണ്ണവും ഒരു വെള്ളിയും 4 വെങ്കലവും നേടി.

നിലവിലെ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ പൂജ റാണി, സ്വര്‍ണ്ണ മെഡല്‍

ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പൂജ റാണിയ്ക്ക് സ്വര്‍ണ്ണ മെഡല്‍. ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ ജേതാവായത്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ചൈനീസ് താരം. അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ 64 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യനായ ഡൗ ഡാനിനോട് പൊരുതി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ചൈനയുടെ ഡൗവിനോട് സിമ്രന്‍ജിത്ത് ഫൈനലിലാണ് പരാജയമേറ്റു വാങ്ങിയത്.

അതേ സമയം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണ്ണം ഇന്ത്യ നേടിയത് അമിത് പംഗലിന്റെ സ്വര്‍ണ്ണ നേട്ടത്തിലൂടെയായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയായ അമിത് 52 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

കിരീടം നിലനിര്‍ത്തി മാന്നി പാക്വിയാവോ

ലാസ് വേഗാസില്‍ നടന്ന WBA ലോക വെള്‍ട്ടര്‍വെയിറ്റ് കിരീടപ്പോരാടത്തില്‍ വിജയം കുറിച്ച് കിരീടം നിലനിര്‍ത്തി മാന്നി് പാക്വിയാവോ. നാല്പതാം വയസ്സിലെത്തി നില്‍ക്കുന്ന മാന്നിയുടെ എഴുപതാം മത്സരത്തിലാണ് ഇന്നലെ ഇറങ്ങിയത്. തന്നെക്കാളെ 11 വയസ്സ് പ്രായം കുറവുള്ള അമേരിക്കയുടെ അഡ്രിയാന്‍ ബ്രോണറെയാണ് പോയിന്റുകളുടെ ആനുകൂല്യത്തില്‍ മാന്നി കീഴടക്കിയത്.

117-111, 116-112, 116-112 എന്ന സ്കോറിനു മാന്നിയ്ക്ക് അനുകൂലമായാണ് ജഡ്ജുമാര്‍ മത്സരത്തിന്റെ വിധിയെഴുത്ത് നടത്തിയത്.

അഭിമാനം മേരി കോം, ചരിത്രം കുറിച്ച് ആറാം സ്വർണ്ണം

ഇന്ത്യയുടെ അഭിമാനമായ മേരി കോം വീണ്ടും ലോക ചാമ്പ്യൻ. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിലാണ് മേരി കോം ഇന്ന് സ്വർണ്ണം സ്വന്തമാക്കിയത് . ഉക്രെയിൻ താരം അന്ന ഒഖോതയെ ആണ് മേരി കോം പരാജയപ്പെടുത്തിയത്. 5-0 എന്നായിരുന്നു ഫൈനലിലെ സ്കോർ. ഇത് ആറാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ മേരി കോം സ്വർണ്ണം നേടുന്നത്. ആദ്യമായാണ് ഒരു വനിതാ ബോക്സർ ആറ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്നത്. പുരുഷന്മാരെ കൂടി കണക്കിൽ എടുത്താൽ ഏറ്റവും കൂടുതൽ സ്വർണ്ണം എന്ന ക്യൂബയുടെ ഫെലിക്സ് സാവന്റെ റെക്കോർഡിനൊപ്പവും കോം എത്തി.

2002, 2005, 2006, 2008, 2010 എന്നീ വർഷങ്ങളിലാണ് മേരി കോം മുമ്പ് ലോക ചാമ്പ്യൻഷിപ്പിക് സ്വർണ്ണം നേടിയത്. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടലാണ് തന്റെ ലക്ഷ്യം എന്ന് 33കാരിയായ മേരി കോം മത്സരം വിജയിച്ച ശേഷം പറഞ്ഞു.

മേരി കോമിന് സ്വർണം

പോളണ്ടിലെ ഗ്ലിവൈസിൽ വെച്ച് നടന്ന പതിമൂന്നാമത് സൈലേഷ്യൻ ഓപ്പൺ ബോക്സിങ് ടൂർണമെന്റിൽ ഇന്ത്യയുടെ മേരി കോമിന് (48kg) സ്വർണം. അഞ്ചു തവണ ലോക ചാമ്പ്യനായ മേരി കോം ഈ വര്ഷം നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. മറ്റൊരു ഇന്ത്യൻ താരമായ മനീഷ(54kg) വെള്ളി മെഡലും നേടി.

കസാക്കിസ്ഥാന്റെ ഐഗേരിം കസ്സനയേവയെ പരാജയപ്പെടുത്തിയാണ് മേരി കോം ഈ നേട്ടം സ്വന്തമാക്കിയത്. പരിക്ക് കാരണം ഇന്തോനേഷ്യയിൽ വെച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ മേരി കോമിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഈ വർഷം ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന കോമ്മൺ വെൽത്ത് ഗെയിംസിലും ഡൽഹിയിൽ നടന്ന ഇന്ത്യ ഓപ്പണിലും മേരി കോം സ്വർണം നേടിയിരുന്നു.

ഏഴാം റൗണ്ടില്‍ നോക്ക്ഔട്ട്, വിജയം നേടി മാന്നി പാക്വിയാവോ

അര്‍ജന്റീന താരം ലൂക്കാസ് മത്തൈസിനെ ഏഴ് റൗണ്ട് പോരാട്ടത്തില്‍ കീഴടക്കി ഡബ്ല്യുബിഎ വെള്‍ട്ടര്‍വെയിറ്റ് ടൈറ്റില്‍ സ്വന്താക്കി ഫിലിപ്പൈന്‍സിന്റെ മാന്നി പാക്വിയാവോ. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് തവണയാണ് മാന്നി ലൂക്കാസിനെ ഇടിച്ചിട്ടത്. മൂന്നാം റൗണ്ടിലും അഞ്ചാം റൗണ്ടിലും അര്‍ജന്റീന താരം റിംഗില്‍ വീണുവെങ്കിലും റഫറിയുടെ ഇടപെടലില്‍ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. എന്നാല്‍ ഏഴാം റൗണ്ടില്‍ ലൂക്കാസിനെ ഇടിച്ചിട്ട് മാന്നി തന്റെ കരിയറിലെ 60ാം വിജയം സ്വന്തമാക്കി.

ഇതുവരെ 39 വയസ്സുകാരന്‍ മാന്നി പാക്വിയാവോ 7 തോല്‍വിയും രണ്ട് സമനിലകളുമാണ് തന്റെ അക്കൗണ്ടിലുള്ളത്. തനിക്ക് എതിരാളിയെ വളരെ വേഗത്തില്‍ നോക്ക്ഔട്ട് ചെയ്യാന്‍ സാധിച്ചതില്‍ അത്ഭുതമുണ്ടെന്നാണ് താരം മത്സരം ശേഷം പറഞ്ഞത്. എട്ട് വിവിധ വെയിറ്റ് വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ എന്ന ബഹുമതി കൂടി ഇന്നലത്തെ വിജയം മാന്നിയ്ക്ക് നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version