ആരെയും ബാസ്ക്കറ്റ്ബോൾ ആരാധകരാക്കുന്ന “ലാസ്റ്റ് ഡാൻസ്”!!

- Advertisement -

കായിക ലോകത്ത് മൈക്കിൾ ജോർദാൻ എന്ന പ്രതിഭാസം എന്തായിരുന്നു എന്ന് പറഞ്ഞു തരുന്ന ഒരു മനോഹര ദൃശ്യാവിഷ്കാരമാണ് ഇ എസ് പി എന്നും നെറ്റ്ഫ്ലിക്സും ചേർന്ന് ഒരുക്കിയ ഡോക്യുമെന്ററി സീരീസ് ആയ ‘The Last Dance’. ബാസ്ക്കറ്റ്ബോൾ കണ്ട എക്കാലത്തെയും മികച്ച താരമായ മൈക്കിൾ ജോർദാന്റെ കരിയറിനെ ആസ്പദമാക്കിയാണ് ലാസ്റ്റ് ഡാൻസ് എന്ന പരമ്പർ കഥ പറയുന്നത്.

ജോർദാൻ ചിക്കാഗോ ബുൾസിൽ എത്തിയത് മുതൽ 1998ൽ അദ്ദേഹം വിരമിക്കുന്നത് വരെയുള്ള സുവർണ്ണ നിമിഷങ്ങൾ കായിക പ്രേമികൾക്ക് ഈ സീരീസിൽ കാണാം. എൻ ബി എ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന് അറിയപ്പെടുന്ന 1992 മുതൽ 1998 വരെയുള്ള ചിക്കാഗോ ബുൾസിന്റെ പ്രകടനങ്ങൾക്കും ക്ലബിന്റെ അണിയറയിൽ നടന്ന കഥകളും രസകരമായി തന്നെ പ്രേക്ഷരിൽ എത്തിക്കാൻ ഈ സീരീസിനാകുന്നു.

രണ്ട് തവണ ഹാട്രിക്ക് കിരീടങ്ങൾ നേടിയതും ജോർദാന്റെ ജീവിതവും ഇതുവരെ കാണാത്ത പല ദൃശ്യങ്ങളുടെയും പിന്തുണയീടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാസ്ക്കറ്റ്ബോൾ ചരിത്രത്തിലെ വിലയേറിയ നിമിഷങ്ങളും ഈ സീരിസിന്റെ മാറ്റു കൂട്ടുന്നു. 1998ൽ ചികാഗോ ബുൾസിന്റെ പരിശീലകൻ ഫിൽ ജാക്സണെ മാറ്റുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ ജാക്സൺ പ്രഖ്യാപിച്ച ‘ദി ലാസ്റ്റ് ഡാൻസ്’ എന്ന കിരീടത്തിലേക്കുള്ള യാത്രയാണ് സീരീസിന് ലാസ്റ്റ് ഡാൻസ് എന്ന് പേര് വരാൻ കാരണം.

ബാസ്ക്കറ്റ്ബോൾ ഇതിഹാസങ്ങളായ സ്കോട്ടി പിപെൻ, സ്റ്റീവ് കെർ, മാജിക് ജോൺസൻ, ലാരി ബേർഡ് എന്നിങ്ങനെ പലരും ഈ സീരീസിൽ അനുഭവങ്ങൾ പങ്കുവെക്കാൻ എത്തുന്നുണ്ട്. കോബെ ബ്രയാന്റും മൈക്കിൾ ജോർദാനും തമ്മിലുള്ള ബന്ധവും ചെറിയ രീതിയിൽ ആണെങ്കിലും ഈ സീരിസിൽ പ്രതിപാദിക്കുന്നുണ്ട്.

ബാസ്ക്കറ്റ്ബോൾ എന്തെന്ന് അറിയാത്തവരെ വരെ ബാസ്ക്കറ്റ്ബോൾ ആരാധകരാക്കാനുള്ള മികവ് സീരീസിനുണ്ട് എന്ന് തന്നെ പറയാം. ജേസൺ ഹെഹിയർ ആണ് ലാസ്റ്റ് ഡാൻസ് സംവിധാനം ചെയ്തിരിക്കുന്നത്. ആകെ 10 എപിസോഡുകൾ ആണ് ഉള്ളത്. നെറ്റ്ഫ്ലിക്സ് വഴി കാണാവുന്നതാണ്.

Advertisement