കശ്യപ് സെമിയില്‍, പ്രണീതിനെ കീഴടക്കി കിഡംബിയും

ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ സെമിയില്‍ പ്രവേശിച്ച് പാരുപള്ളി കശ്യപും ശ്രീകാന്ത് കിഡംബിയും. തായ്‍വാന്റെ സു വീ വാംഗിനെ നേരിട്ടുള്ള ഗെയിമിലാണ് പാരുപ്പള്ളി കശ്യപ് പുറത്താക്കിയത്. 21-16, 21-11 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. 2015 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് കശ്യപ് ഒരു വലിയ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ എത്തുന്നത്.

അതേ സമയം ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ സായി പ്രണീതിനെ വീഴ്ത്തി ശ്രീകാന്ത് കിഡംബി ടൂര്‍ണ്ണമെന്റിന്റെ സെമിയിലെത്തി. മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് കിഡംബി തിരിച്ചുവരവ് നടത്തിയത്. 62 മിനുട്ട് നീണ്ട മത്സരത്തില്‍ 21-23, 21-11, 21-19 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ വിജയം.