തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി ഡബിള്‍സിലും വിജയം കുറിച്ചാണ് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം നൽകിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തോ തോമസ് കപ്പ് കിരീടം ആണിത്.
ആദ്യമിറങ്ങിയ ലക്ഷ്യ സെന്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ആന്തണി സിനിസുക ഗിന്റിംഗിനെ വീഴ്ത്തിയപ്പോള്‍ ഇന്ത്യ മുന്നിലെത്തി. അധികം വൈകാതെ രണ്ടാം ഗെയിമിൽ മറ്റൊരു തീപാറും മത്സരത്തിൽ ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ സാത്വിക് – ചിരാഗ് കൂട്ടുകെട്ട് മൂന്ന് ഗെയിമിൽ ഇന്തോനേഷ്യയുടെ അഹ്സാന് – സുകാമുൽജോ കൂട്ടുകെട്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് 2-0 ന്റെ ലീഡ് നൽകി.
മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി 8-2ന് ആദ്യ ഗെയിമിൽ മുന്നിലെത്തിയെങ്കിലും ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റി വമ്പന്‍ തിരിച്ചുവരവ് നടത്തി സ്കോര്‍ 9-9ൽ എത്തിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് കിഡംബി 11-9ന് മുന്നിലായിരുന്നു.
ശ്രീകാന്ത് 14-11ന് മുന്നിലെത്തിയെങ്കിലും ക്രിസ്റ്റി വിട്ടുകൊടുക്കാതെ മത്സരത്തിൽ 15-15ന് ഒപ്പമെത്തി. എന്നാൽ അവിടെ നിന്ന് തുടരെ 5 പോയിന്റുകള്‍ നേടി കിഡംബി ഗെയിം പോയിന്റിലേക്ക് എത്തി. ഗെയിം കിഡംബി 21-15ന് നേടുകയായിരുന്നു.
രണ്ടാം ഗെയിമിൽ തുടക്കം മുതൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്നതാണ് കണ്ടത്. എന്നാൽ ബ്രേക്കിന് പിരിയുമ്പോള്‍ കിഡംബി 11-8ന് മുന്നിലെത്തി. എന്നാൽ വിട്ട് കൊടുക്കാതെ ക്രിസ്റ്റി 13-13ന് ഒപ്പമെത്തുകയും പിന്നീട് 18-17ന് മുന്നിലെത്തുകയും ചെയ്തു. മത്സരത്തിൽ ലീഡ് മാറി മറിഞ്ഞ ശേഷം ഇരു താരങ്ങളും 19-19ൽ ഒപ്പമെത്തി.
ക്രിസ്റ്റിയ്ക്ക് ഗെയിം പോയിന്റ് ലഭിച്ചുവെങ്കിലും 20-20ൽ കിഡംബി ഒപ്പമെത്തുകയായിരുന്നു. ഗെയിം 23-21ന് നേടി ശ്രീകാന്ത് കിഡംബി ഇന്ത്യയെ തോമസ് കപ്പ് ജേതാക്കളാക്കി.
ലക്ഷ്യ സെന്‍ 8-21, 21-17, 21-16 എന്ന സ്കോറിനും ഡബിള്‍സ് ജോഡി 18-21, 23-21, 21-19 എന്ന സ്കോറിനും ശ്രീകാന്ത് നേരിട്ടുള്ള സ്കോറിന് 21-15, 23-21 എന്ന നിലയിലുമാണ് വിജയം ഉറപ്പിച്ചത്.