വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ സെമിഫൈനലിൽ തന്നെ ഒളിമ്പിക് റെക്കോർഡ് പഴയ കഥയാക്കി പ്യൂർട്ടോ റിക്കൻ താരം ജാസ്മിൻ കമാച്ചോ ക്വിൻ. വെറും 12.26 സെക്കന്റിൽ ഓടി തീർത്ത ക്വിൻ മൂന്നാം സെമിഫൈനലിൽ തന്റെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാമത് എത്തിയ താരം 12.62 സെക്കന്റിൽ ആണ് റേസ് പൂർത്തിയാക്കിയത് എന്നു പറയുമ്പോൾ ആണ് ക്വിൻ എത്രത്തോളം ആ റേസിൽ ആധിപത്യം പുലർത്തി എന്നു മനസ്സിലാവുക.
രണ്ടാം സെമിഫൈനലിൽ 12.40 സെക്കന്റിൽ റേസ് പൂർത്തിയാക്കിയ ജമൈക്കൻ താരം ബ്രിട്ടനി ആന്റേഴ്‌സൻ ആണ് സെമിയിലേക്ക് യോഗ്യത നേടിയ 8 താരങ്ങളിൽ ക്വിനിന് ഏറ്റവും അടുത്ത സമയം കുറിച്ച താരം. ഫൈനലിൽ ബ്രിട്ടനി അമേരിക്കൻ താരം കെന്ദ്ര ഹാരിസൺ എന്നിവർ ആണ് ക്വിനിന് വെല്ലുവിളി ആവാൻ സാധ്യതയുള്ള താരങ്ങൾ. ഇവരെയൊക്കെ സെമിയിൽ പുർത്ത് എടുത്ത റെക്കോർഡ് പ്രകടനം ആവർത്തിച്ചു മറികടക്കാൻ ആവും ക്വിനിന്റെ ശ്രമം.