ആന്ത്രോ ഗെയിംസ്! മാതൃകയാക്കാം ലക്ഷദ്വീപിന്റെ ഈ പുതിയ കായികവിപ്ലവത്തെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലക്ഷദ്വീപിനെ കുറിച്ച് ചിലത് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് തുടങ്ങാം എന്നു തോന്നുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് ഇത്. കുഞ്ഞൻ ദ്വീപുകളുടെ ഒരു കൂട്ടം, ആകെ 32 കിലോമീറ്ററെ ഉള്ളു ലക്ഷദ്വീപ് ആൾ താമസമുള്ള 10 അല്ലെങ്കിൽ 11 ദ്വീപുകളിൽ ആയി വെറും 70,000 ത്തിൽ താഴെ ആളുകൾ താമസിക്കുന്ന ഒരു പ്രദേശം. കായികരംഗം എന്നല്ല ഏതെങ്കിലും ഒരു രംഗത്ത് ലക്ഷദ്വീപ് ഇന്ത്യയുടെ മുഖ്യധാരയിലേക്ക് വന്ന അവസരങ്ങൾ വളരെ കുറവാണ്. എന്നാൽ സമീപകാലത്ത് സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളും ബി.സി റോയി, സുബ്രതോ മുഖർജി സ്‌കൂൾ ടൂർണമെന്റുകളിലെ മികച്ച പ്രകടനം ലക്ഷദ്വീപിനെ ദേശീയ ശ്രദ്ധയിൽ എത്തിച്ചു. ഇവിടെയാണ് അവിടുത്തെ ഏറ്റവും വലിയ ദ്വീപ് ആയ ആന്ത്രോത്ത് ദ്വീപിൽ, ലക്ഷദ്വീപിലെ കായികരംഗത്തെ എക്കാലത്തെയും വമ്പന്മാരായ, ഏതെങ്കിലും ഒരു കായികവിനോദത്തിൽ ഏർപ്പെടാത്ത ഒരാൾ പോലും ഇല്ലാത്ത, ഫുട്‌ബോളിനെ വോളി ബോളിനെ ക്രിക്കറ്റിനെ നീന്തലിനെ അത്ലറ്റിക്സിനെ സ്പോർട്സിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവർ, അവർ ഒരു കായികവിപ്ലവം നടത്താൻ ഒരുങ്ങുകയാണ്. ആന്ത്രോ ഗെയിംസ് എന്ന പേരിൽ ലക്ഷദ്വീപിൽ തന്നെ ആദ്യമായി നടത്തുന്ന ഒരു മുഴുനീള അത്ലറ്റിക് മീറ്റ്.

ചില കായികാധ്യാപകരും, കായികപ്രേമികളും, പഞ്ചായത്തും ചേർന്ന് നടത്തുന്ന ഈ കായികവിപ്ലവം ഈ മാസം 31 മുതൽ അടുത്ത മാസം 2 വരെയാണ് നീണ്ടു നിൽക്കുക. അണ്ടർ 14 ആൺ കുട്ടികൾ, പെൺ കുട്ടികൾ, 18 വയസ്സിന് മുകളിൽ ഉള്ള ആൺ കുട്ടികൾ, പെൺ കുട്ടികൾ ഇങ്ങനെ 4 ഇനങ്ങളായി തിരിച്ച് ഏതാണ്ട് എല്ലാ അത്ലറ്റിക് ഇനങ്ങളും പങ്കെടുപ്പിച്ച് കൊണ്ടാണ് മീറ്റ് സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ആന്ത്രോത്തിലെ 12 വാർഡുകളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുക്കും. അതത് വാർഡിനെ പ്രതിനിധീകരിച്ച് താരങ്ങൾ ഇറങ്ങുമ്പോൾ വാശിയേറും. ഓരോ വാർഡും അതത് ടീം ലോഗോയും ജേഴ്സിയും ഒക്കെയായി പ്രൊഫഷണൽ രീതിയിൽ തന്നെ മത്സരങ്ങൾക്ക് ഒരുക്കം തുടങ്ങി. അതിനിടയിൽ മറ്റൊരു പ്രശ്നം സംഘാടകർക്ക് മുന്നിൽ എത്തി, ആന്ത്രോത്ത് ദ്വീപിൽ പഠിക്കുന്ന മറ്റ് ദ്വീപുകാരെ ഏതു വാർഡിൽ ഉൾപ്പെടുത്തും എന്നതായിരുന്നു ആ പ്രശനം. അതിനു പരിഹാരമായി താരലേലം എന്ന ആശയം മുന്നോട്ട് വെച്ച സംഘാടകരെ പോലും ഇന്ന് ആന്ത്രോത്ത് ദ്വീപുകാർ ഞെട്ടിച്ചുകളഞ്ഞു.

ഇന്ന് അരങ്ങേറിയ ആന്ത്രോത്ത് ദ്വീപിൽ പഠിക്കുന്ന മറ്റ് ദ്വീപിൽ നിന്നുള്ളവർക്ക് വേണ്ടിയുള്ള ലേലം ലക്ഷദ്വീപിൽ അത്തരത്തിൽ ഒന്ന ആദ്യ സംഭവം ആയിരുന്നു. ഒരു വാർഡുകളിലും ഉൾപെടാത്തവർക്കുള്ള അത്ലറ്റുകൾക്കുള്ള ലേലം അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിച്ചു. ലക്ഷദ്വീപിൽ ഇന്നുള്ളതിൽ മികച്ച അത്ലറ്റും കൽപേനി ദ്വീപ് സ്വദേശിയും ആന്ത്രോത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ ഒന്നാം വർഷ ബിരുദ
വിദ്യാർത്ഥിയും ആയ മുഹമ്മദ് റാഹിബ് എം.കെയെ 32,500 രൂപ എന്ന സ്വപ്ന തുല്യമായ വിലക്കാണ് അഞ്ചാം വാർഡ് സ്വന്തമാക്കിയത്. റാഹിബ് കഴിഞ്ഞ സൗത്ത് സോൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ നാലാം സ്ഥാനം നേടിയിരുന്നു. ലക്ഷദ്വീപിന്റെ മികച്ച ഭാവി വാഗ്ദാനം കൂടിയാണ് 19 കാരനായ റാഹിബ്. 100 മീറ്റർ, ലോംഗ് ജമ്പ് എന്നിവയാണ് റാഹിബിന്റെ പ്രധാന ഇനങ്ങൾ. കട്മത്ത് സ്വദേശിയും ആന്ത്രോത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ ബിരുദ വിദ്യാർത്ഥിനിയുമായ സബൂറയെ 20,300 രൂപക്കാണ് മൂന്നാം വാർഡ് സ്വന്തമാക്കിയത്. മുൻ ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് ജേതാവും പലതവണ ദേശീയ മത്സരത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച അത്ലറ്റും കൂടിയാണ് സബൂറ. 100, 200 മീറ്ററുകൾ ലോംഗ് ജമ്പ് എന്നിവയാണ് പ്രധാന ഇനങ്ങൾ.

മറ്റൊരു കൽപേനി ദ്വീപ് സ്വദേശിയായ ഫാത്തിമത്തുൽ ബത്തൂലിനെ 19,000 രൂപക്കാണ് ആറാം വാർഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് ജേതാവും നിലവിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന അത്ലറ്റും കൂടിയാണ് ബത്തുൽ. ആന്ത്രോത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റർ ഒന്നാം വർഷ ബിരുദ
വിദ്യാർത്ഥിയാണ് ബത്തൂൽ. തുടർന്നുള്ള ലേലത്തിൽ അമിനി സ്വദേശികളായ മുഹമ്മദ് നവാസിനെ 6000 രൂപക്ക് ഒന്നാം വാർഡ് സ്വന്തമാക്കിയപ്പോൾ മുഹമ്മദ് ശംശാദ് അലിയെ 5500 രൂപക്ക് ആറാം വാർഡും സ്വന്തമാക്കി. ശംശാദ് അലി കഴിഞ്ഞ ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് ജേതാവും നിലവിൽ 5000 മീറ്ററിലുള്ള ലക്ഷദ്വീപ് സ്‌കൂൾ ഗെയിംസ് റെക്കോർഡിനു ഉടമയുമാണ്. ഇരു താരങ്ങളും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വരികയാണ്.
ഈ ലേലങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് നടക്കുവാൻ പോകുന്ന ആന്ത്രോ ഗെയിംസ് ലക്ഷദ്വീപ് കായിക ചരിത്രത്തിന് പുതിയ നാഴികക്കല്ലാകുവാൻ പോവുന്നു എന്നുള്ളതാണ്. ആന്ത്രോത്ത് ദ്വീപ് അത്ലറ്റിക് അസോസിയേഷൻ, ആന്ത്രോത്ത് പഞ്ചായത്ത് എന്നിവരുടെ മികച്ച പ്രവർത്തനങ്ങൾ ആണ് ഇത്തരമൊരു സ്വപ്നസമാനമായ സംരഭം പ്രൊഫഷണൽ സമീപനത്തോട് കൂടെ നടത്താൻ സാധിച്ചതിനു പിറകിൽ. ലേലം പോലെ തന്നെ പുതിയ വേഗവും, പുതിയ ദൂരവും, പുതിയ ഉയരവും താണ്ടാൻ ലക്ഷദ്വീപിനും ആന്ത്രോ ഗെയിംസിനും ആവട്ടെ എന്നു ഫാൻപോർട്ട് പ്രതീക്ഷിക്കുകയാണ്‌. ഏതൊരു നാടിനും മാതൃകയാക്കാൻ ഇത്തരം മനോഹരമായ പ്രവർത്തനങ്ങളെ.