2024 പാരിസ് ഒളിമ്പിക്സിന് മാറ്റം ഉണ്ടാകില്ല

ഈ വർഷം നടക്കേണ്ട ടോക്കിയോ ഒളിമ്പിക്സ് മാറ്റി എന്നത് കൊണ്ട് 2024ലെ പാരീസ് ഒളിമ്പിക്സിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്ന് പാരീസ് ഒളിമ്പിക്സ് അധികൃതർ അറിയിച്ചു. ടോക്കിയോ ഒളിമ്പിക്സ് 2021ലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. സാധാരണ നാലു വർഷത്തെ ഇടവേളകളിൽ ആണ് ഒളിമ്പിക്സുകൾ നടക്കാറുള്ളത്.

എന്നാൽ പാരീസ് ഒളപിക്സ് 2024ൽ തന്നെ നടക്കും എന്നും മൂന്ന് വർഷത്തെ ഇടവേള മാത്രമെ രണ്ട് ഒളിമ്പിക്സുകൾ തമ്മിൽ അടുത്ത തവണ ഉണ്ടാവുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

2021ലെ ഒളിമ്പിക്സിനെ ‘ടോക്കിയോ 2020″ എന്ന് തന്നെ വിളിക്കും

ഈ വർഷം ജപ്പാനിലെ ടോക്കിയോയിൽ നടക്കേണ്ട ഒളിമ്പിക്സ് 2021ലേക്ക് മാറ്റിവെച്ചെങ്കിലും ഒളിമ്പിക്സ് ടോക്കിയോ 2020 എന്ന് തന്നെ അറിയപ്പെടുമെന്ന് ടോക്കിയോ സിറ്റി ഗവർണർ യുറിക്കോ കൊയ്‌ക്കോ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്നാണ് പല രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ച് ഈ വർഷം നടക്കേണ്ട ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ ജപ്പാൻ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം കാനഡയും ഓസ്ട്രേലിയയും ഈ വർഷം ഒളിമ്പിക്സ് നടത്തുകയാണെങ്കിൽ അതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ ജപ്പാൻ തീരുമാനിച്ചത്. നേരത്തെ ഈ വർഷം ജൂലൈ 24ന് ഒളിമ്പിക്സ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ഒടുവില്‍ അംഗീകാരം, ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് നീക്കി

ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. നേരത്തെ തന്നെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങള്‍ തങ്ങള്‍ സംഘത്തെ അയയ്ക്കില്ലെന്നും പല രാജ്യങ്ങള്‍ ഗെയിംസ് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഇനിയും വൈകരുത്, ടോക്കിയോ ഒളിമ്പിക്സ് മാറ്റണമെന്ന് അമേരിക്കയും ന്യൂസിലാണ്ടും

ടോക്കിയോ ഒളിമ്പിക്സ് നീട്ടി വയ്ക്കണമെന്ന ആവശ്യവുമായി യുഎസ് ഒളിമ്പിക്ക് കമ്മിറ്റിയും ന്യൂസിലാണ്ട് കമ്മിറ്റിയും. കാനഡ തങ്ങള്‍ ഒളിമ്പിക്സിനില്ലെന്നും ഓസ്ട്രേലിയ ഒളിമ്പിക്സ് നീട്ടണമെന്നും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം. നാലായിരത്തോളം ഒളിമ്പിക്സ് പാരാലിമ്പിക്സ് കായികതാരങ്ങള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയ ശേഷമാണ് കമ്മിറ്റിയുടെ ഈ തീരുമാനം.

പൊതുവേ കായിക താരങ്ങള്‍ക്കും ഈ അവസരത്തില്‍ മത്സരവുമായി മുന്നോട്ട് പോകുന്നതിനോട് താല്പര്യമില്ലെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്നും അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഒളിമ്പിക്സുമായി മുന്നോട്ട് പോകരുതെന്നുമാണ് അമേരിക്കയുടെ ആവശ്യം.

നേരത്തെ ന്യൂസിലാണ്ട് ഒളിമ്പിക്സ് കമ്മിറ്റിയും ഇത്തരതില്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. അതിനെ മാതൃകയാക്കിയാണ് അമേരിക്കയും ഈ സമീപനം സ്വീകരിച്ചത്.

ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് നടത്തുക ദുഷ്കരം

ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ട് പോകുക രാജ്യത്തിന് ദുഷ്കരമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാന മന്ത്രി ഷിന്‍സോ അബേ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റി വയ്ക്കേണ്ടി വരുമെന്ന് അബേ പറഞ്ഞത്. അത്‍ലറ്റുകളുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണെന്നും ഗെയിംസ് മാറ്റിവയ്ക്കുന്നത് ഒരു ഉപാധിയാണെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ തങ്ങള്‍ ഇത്തവണ ഒളിമ്പിക്സിനില്ലെന്ന് കാനഡയും താരങ്ങള്‍ 2021ലേക്ക് തയ്യാറെടുപ്പ് ആരംഭിക്കണമെന്ന് ഓസ്ട്രേലിയയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും, താരങ്ങളോട് 2021ലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം

ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍ താരങ്ങളോട് നിര്‍ദ്ദേശം നല്‍കി ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് കമ്മിറ്റി. ഇത് ഒളിമ്പിക്സിന് ഇപ്പോള്‍ ഈ കൊറോണ കാലത്ത് തങ്ങള്‍ ടീം അയയ്ക്കില്ലെന്ന സൂചനയാണ് ഓസ്ട്രേലിയ നല്‍കുന്നത്.

നേരത്തെ കാനഡ തങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് ടീം അയയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ഓസ്ട്രേലിയ ഒളിമ്പിക്സ് 2021ലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ അവസ്ഥയിൽ ഒളിമ്പിക്സിന് ടീമിനെ അയക്കില്ല, ഉറച്ച തീരുമാനവുമായി കാനഡ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒളിമ്പിക്സിന് ടീമിനെ അയക്കേണ്ടെന്ന ഉറച്ച തീരുമാനവുമായി കാനഡ. നിലവിൽ ഒളിമ്പിക്സ് മത്സരങ്ങൾ മാറ്റിവെക്കണമെന്ന നിർദേശങ്ങൾ പലരും മുന്നോട്ട് വെക്കുന്നതിന്റെ സാഹചര്യത്തിലാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ലെന്ന് കാനഡ പ്രഖ്യാപിച്ചത്. കാനേഡിയൻ ഒളിമ്പിക്സ് കമ്മിറ്റിയും കാനേഡിയൻ പാരാലിമ്പിക് കമ്മിറ്റിയും ചേർന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം അറിയിച്ചത്. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യവും കാനഡ ഉന്നയിക്കുന്നുണ്ട്.

നിലവിൽ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയാമെന്നും എന്നാൽ കായിക താരങ്ങളുടെയും ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇതിനേക്കാൾ വലുതെന്ന് പ്രസ്താവനയിൽ കാനഡ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജപ്പാനിൽ നടക്കേണ്ട ഈ തവണത്തെ ഒളിമ്പിക്സ് മാറ്റിവെക്കാൻ ഇന്റർനാഷണൽ ഒളിമ്പിക്സ് അസോസിയേഷന്റെ മേൽ കടുത്ത സമ്മർദ്ദമുയരും. നിലവിൽ തീരുമാനിച്ച പ്രകാരം ജൂലൈ 24നാണ് ഒളിമ്പിക്സ് തുടങ്ങേണ്ടിയിരുന്നത്.

ടോക്കിയോ ഒളിമ്പിക്സിന്റെ ഭാവി തീരുമാനിക്കാൻ നാലാഴ്ച

ടോക്കിയോ ഒളിമ്പിക്സ് നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം നാലാഴ്ച കൊണ്ട് എടുക്കും എന്ന് ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ച പ്രകാരം ഒളിമ്പിക്സ് നടത്തുന്നതിനെതിരെ പല രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ തങ്ങൾ ഒളിമ്പിക്സുമായി മുന്നോട്ട് പോകും എന്നാണ് ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരിക്കുന്ന ജപ്പാൻ പറയുന്നത്.

ടോകിയോ ഒളിമ്പിക്സ് ഉപേക്ഷിക്കില്ല എന്നും മറ്റു വഴികളാണ് ഇപ്പോൾ ഒളിമ്പിക് കമ്മിറ്റി നോക്കുന്നത് എന്നും ഐ ഒ സി പ്രസിഡന്റ് തോമസ് ബാച് പറഞ്ഞു. ഒളിമ്പിക്സ് നീട്ടിവെക്കുന്നത് ആലോചിക്കുന്നുണ്ട് എന്നും. അല്ലാതെ ഒളിമ്പിക്സ് ഉപേക്ഷിച്ചതു കൊണ്ട് ഒരു പ്രശ്നവും അവസാനിക്കില്ല എന്നും തോമസ് ബാച് പറഞ്ഞു.

ഒളിമ്പിക്സ് ദീപ ശിഖ ജപ്പാന് കൈമാറി

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാന് കൈമാറി ഗ്രീസ്. ലോകം കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോളും ജപ്പാന്‍ പറയുന്നത് ടോക്കിയോ ഒളിമ്പിക്സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ്. ഇന്ന് അതിന്റെ ഭാഗമായാണ് ദീപശിഖ കൈമാറ്റം നടന്നത്.

1896ല്‍ ആദ്യത്തെ മോഡേണ്‍ ഒളിമ്പിക്സ് നടന്ന പാനഏത്നൈക് സ്റ്റേഡയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാത്ത ചടങ്ങിലാണ് ദീപശിഖ കൈമാറിയത്. മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്മാരായ ലെഫ്റ്റെരിസ് പെട്രോണിസും(ജിംനാസ്റ്റിക്സ്) പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ കറ്റരീന സ്റ്റെഫാനിഡിയുംആണ് ജപ്പാന്റെ പ്രതിനിധിയായ നവോകോ ഇമോട്ടോയ്ക്ക് ദീപശിഖ കൈമാറിയത്. 1996 ഏതന്‍സ് ഒളിമ്പിക്സില്‍ ജപ്പാനെ നീന്തലില്‍ പ്രതിനിധീകരിച്ച താരമാണ് ഇമോട്ടോ.

ഗ്രീസില്‍ തന്നെ താമസിക്കുന്ന യുനിസെഫിന്റെ പ്രതിനിധിയായ ഇമോട്ടോയെ അവസാന നിമിഷമാണ് ദീപശിഖ ഏറ്റുവാങ്ങുവാന്‍ ജപ്പാന്‍ നിശ്ചയിച്ചത്. അതിനാല്‍ തന്നെ ജപ്പാനില്‍ നിന്ന് ഗ്രീസിലേക്കുള്ള യാത്ര ഒഴിവായിക്കിട്ടി.

ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി മേരി കോം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വനിത ബോക്സര്‍മാര്‍, സാക്ഷി ചൗധരി പുറത്ത്

ഏഷ്യ ഓഷ്യാന ബോക്സിംഗ് യോഗ്യത മത്സരങ്ങളിലെ പ്രകടനത്തിലൂടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി നാല് ഇന്ത്യന്‍ വനിത ബോക്സര്‍മാര്‍. അഞ്ച് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് യോഗ്യ നേടാനാകാതെ മടങ്ങിയത്. 48-51 കിലോ വിഭാഗത്തില്‍ മേരി കോം, 57-60 കിലോ വിഭാഗത്തില്‍ സിമ്രന്‍ജിത്ത് കൗര്‍, 64-69 കിലോ വിഭാഗത്തില്‍ ലോവ്‍ലീന ബോര്‍ഗോഹൈന്‍, 69-75 കിലോ വിഭാഗത്തില്‍ പൂജ റാണി എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.

അതേ സമയം ഇന്ത്യയുടെ സാക്ഷി ചൗധരിയ്ക്ക് യോഗ്യത നേടാനായില്ല.

ഒളിമ്പിക്സ് യോഗ്യത തേടി ഇന്ത്യൻ ബോക്സിംഗ് താരങ്ങൾ ജോർദാനിൽ

ഏഷ്യ ഓഷ്യാനിയ ബോക്സിംഗ് താരങ്ങൾ ഒളിമ്പിക്സ് യോഗ്യത തേടി ഇന്ന് മുതൽ ഇറങ്ങും. ജോർദാനിൽ ആണ് യോഗ്യതാ പോരാട്ടങ്ങൾ നടക്കുന്നത്. ഇന്ന് മുതൽ മാർച്ച് 13ആം തീയതി വരെ യോഗ്യതാ പോരാട്ടങ്ങൾ നീണ്ടു നിൽക്കും. ഇന്ത്യയിൽ നിന്ന് 13 താരങ്ങളാണ് യോഗ്യത തേടി ജോർദാനിൽ ഇറങ്ങുന്നത്. വനിതാ വിഭാഗത്തിൽ 55 താരങ്ങളും പുരുഷ വിഭാഗത്തി ലെട്ടു താരങ്ങളും ഉണ്ട്.

വനിതകൾ;

മേരി കോം – 51kg
സാക്ഷി ചൗധരി – 57kg
സിമ്രഞ്ജിത് – 60kg
ലൊവ്ലിന – 69kg
പൂജ റാണി – 75kg

പുരുഷന്മാർ;
അമിത് പംഗാൽ – 52kg
ഗൗരവ് സൊളാങ്കി – 57kg
മനീഷ് കൗഷിക് – 63kg
വികഷ് കൃഷ്ണൻ – 69kg
ആശിഷ് കുമാർ – 75kg
സച്ചിൻ കുമാർ – 81kg
നമൻ തന്വാർ – 91kg
സതീഷ് കുമാർ – 91kg+

കൊറോണ വൈറസ് ആശങ്കകൾ ഉണ്ടെങ്കിലും ടോക്കിയോ ഒളിമ്പിക്‌സ് സമയത്ത് നടക്കും എന്നു അധികൃതർ

കൊറോണ വൈറസ് പകരുന്നത് ആശങ്ക ഉയർത്തുന്നു എങ്കിലും ടോക്കിയോ ഒളിമ്പിക്‌സ് മുമ്പ് പ്രഖ്യാപിച്ച പോലെ തന്നെ നടത്തും എന്നു ജപ്പാൻ സർക്കാർ പ്രതിനിധി. ജപ്പാൻ സർക്കാരും അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയും ഒരുമിച്ച് ഒളിമ്പിക്‌സ് ക്രമീകരണങ്ങളും ആയി മുന്നോട്ടു പോവുക ആണെന്ന് ജപ്പാൻ സർക്കാർ പ്രതിനിധി ആയ യോഷിണ്ടെ സുഗ വ്യക്തമാക്കി. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിലെ മുതിർന്ന അംഗം ആയ റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം ഒളിമ്പിക്‌സ് ഗെയിംസ് റദ്ദാക്കപ്പെടും എന്ന ആശങ്കക്ക് ബലം പകർന്നിരുന്നു.

3 മാസത്തിനുള്ളിൽ വൈറസ് നിയന്ത്രണവിധേയം ആയില്ലെങ്കിൽ ഒളിമ്പിക്‌സ് മത്സരങ്ങൾ നടക്കുന്ന കാര്യം സംശയമാണ്‌ എന്നായിരുന്നു റിച്ചാർഡ് പൗണ്ട് പ്രതികരിച്ചത്. ലോകത്ത് എല്ലായിടത്തും നിന്നുള്ള ഏകദേശം 11,000 ത്തിൽ അധികം കായികതാരങ്ങൾ അണിനിരക്കുന്ന ഒളിമ്പിക്സ് ഈ വർഷം ജൂലൈ 24 നു ആണ് തുടങ്ങാനിരിക്കുന്നത്. 4,400 കായികതാരങ്ങൾ പങ്കെടുക്കുന്ന വികലാംഗരുടെ പാരാളിമ്പ്‌ക്‌സ് ആവട്ടെ ഓഗസ്റ്റ് 25 നും. റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അഭിപ്രായം അല്ലെന്ന് വ്യക്തമാക്കിയ സുഗ മത്സരങ്ങൾ റദ്ദാക്കുന്നതോ മാറ്റി വക്കുന്നതിനെ പറ്റിയോ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ഇത് വരെ ആലോചിച്ചു കൂടിയില്ല എന്നും വ്യക്തമാക്കി.

അതേസമയം ടോക്കിയോ ഒളിമ്പിക്‌സ് സംഘാടക സമിതി തലവൻ ആയ തോഷിരോ മുറ്റയും ഒളിമ്പിക്‌സ് സമയത്ത് തന്നെ നടക്കും എന്നു വ്യക്തമാക്കി. കൊറോണ വൈറസിൽ ആശങ്ക ഉണ്ട് എങ്കിലും സുരക്ഷിതമായ ഒളിമ്പിക്‌സ് നടത്താൻ ആവും എന്നു അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ഏകദേശം 80,000 ത്തിൽ അധികം പേരെ ബാധിച്ച കൊറോണ വൈറസ് ഇത് വരെ ഏകദേശം 2,700 പേരുടെ ജീവൻ ആണ് എടുത്തത്. ജപ്പാനിൽ ആവട്ടെ ഇത് വരെ 5 മരണങ്ങൾ കൊറോണ വൈറസ് മൂലം സംഭവിച്ചു. അതിനിടയിൽ കൊറോണ വൈറസ് ആശങ്ക പല കായികതാരങ്ങളുടേതും ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങളെയും മോശമായി ബാധിക്കുന്നു എന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ജപ്പാൻ അധികൃതർ ഇങ്ങനെ പറയുന്നു എങ്കിലും മുൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഉപാധ്യക്ഷനും ലോക ഉദ്ദേജക വിരുദ്ധ സമിതിയുടെ ആദ്യ അദ്ധ്യക്ഷനും ആയ റിച്ചാർഡ് പൗണ്ടിന്റെ അഭിപ്രായം അത്ര എളുപ്പം തള്ളാൻ ആവില്ല. കാനഡക്ക് ആയി നീന്തലിൽ ഒളിമ്പിക്‌സിൽ ഇറങ്ങിയ താരം കൂടിയാണ് പൗണ്ട്. അതിനിടയിൽ കൊളംബിയൻ ടീം ജപ്പാനിൽ നടക്കുന്ന ഒളിമ്പിക്‌സ് മുന്നൊരുക്ക പരിശീലന ക്യാമ്പിൽ പങ്കെടുക്കില്ല എന്നും വ്യക്തമാക്കി. കൊറോണ വൈറസ് ലോകത്തിലെ ഏറ്റവും വലിയ കായികമേളക്ക് മേൽ വില്ലൻ ആയി അവതരിക്കുമോ എന്നു നമുക്ക് കാത്തിരുന്നു തന്നെ കാണാം.

Exit mobile version