പ്രതീക്ഷയുടെ നിമിഷമാണ് ഇതെന്ന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്

Screenshot 20210723 232711

പ്രതീക്ഷയുടെ നിമിഷം ആണ് ഒളിമ്പിക്സിലൂടെ പകരുന്നത് എന്നു ഒളിമ്പിക് ഉത്ഘാടന വേദിയിൽ നടത്തിയ പ്രസംഗത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും മുൻ ഒളിമ്പിക് ജേതാവും ആയ തോമസ് ബാക്. മനുഷ്യർക്ക് ഇടയിലും സമൂഹങ്ങൾക്ക് ഇടയിലും കൂടുതൽ ഒരുമ വേണ്ട കാലം ആണ് ഇതെന്നും അദ്ദേഹം ആവർത്തിച്ചു. ‘ഒരുമയില്ലാതെ സമാധാനം ഉണ്ടാവില്ല, ഒരുമയെന്നാൽ ബഹുമാനം നൽകലോ, വെറുപ്പ് ഇല്ലാതാക്കലോ മാത്രമല്ല അതിനും അപ്പുറം പരസ്പരം സഹായിക്കലും, പരസ്പരം പങ്ക് വക്കലും, മറ്റുള്ളവരെ ചേർത്ത് നിർത്തലും ആണ്.’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വലിയ വെല്ലുവിളികൾ നേരിട്ട ശേഷവും ഭൂകമ്പവും കോവിഡ് മഹാമാരിക്കും ശേഷം ഒളിമ്പിക്സ് നടക്കാൻ കാരണവും ഈ ഒരുമ ആണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി നമ്മളെ പരസ്പരം അകറ്റിയെങ്കിലും ഇരുട്ടിലാക്കിയെങ്കിലും ഇന്ന് നാം ഇവിടെ ഒരുമിച്ച് ഒരുമയോടെ നിൽക്കുക ആണെന്നും അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.

അത് പ്രതീക്ഷയുടെ പുതു നിമിഷം ആണെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സിന്റെ ഒരേ മേൽക്കൂരക്ക് കീഴിലേക്ക് രാജ്യം വിട്ട് ഓടേണ്ടി വന്ന ഒളിമ്പിക് അഭയാർത്ഥി ടീമിനും അദ്ദേഹം വലിയ സ്വാഗതം പറഞ്ഞു. ഇതിനകം തന്നെ കോവിഡ് കാരണം ബുദ്ധിമുട്ട് പരിശീലനത്തിൽ അടക്കം നേരിട്ടിട്ടും ഈ നിമിഷം സാധ്യമാക്കിയ ഓരോ കായിക താരങ്ങളും യഥാർത്ഥ ഒളിമ്പിക് കായിക താരങ്ങൾ ആണെന്ന് പറഞ്ഞു താരങ്ങളെ പ്രചോദിപ്പിക്കാനും അദ്ദേഹം മറന്നില്ല. കോവിഡ് നേരിട്ട ജപ്പാനിലെ ജനതക്കും ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് സന്നദ്ധപ്രവർത്തകർ എന്നിവർക്കുള്ള വലിയ നന്ദിയും അദ്ദേഹം പ്രസംഗത്തിൽ നടത്തി. അതോടൊപ്പം വലിയ നന്ദി ഒളിമ്പിക് വളണ്ടിയർമാർക്ക് നേരാനും അദ്ദേഹം മറന്നില്ല. ഒരുമയുള്ള,വിവേചനമില്ലാത്ത, മരുന്നടിയില്ലാത്ത, എല്ലാവരെയും ചേർത്തു നിർത്തി ഒരുമയോടു കാണുന്ന ഒളിമ്പിക് പ്രതിഞ്ജ എല്ലാ കായിക താരങ്ങളും സ്വീകരിച്ചതിൽ അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. 1976 ഒളിമ്പിക്സിൽ ജർമ്മനിക്ക് ആയി ഫെൻസിങ് സുവർണ മെഡൽ ജേതാവ് കൂടിയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്. അതേസമയം ജപ്പാനിൽ കോവിഡ് നേരിടുന്നതിൽ അലംഭാവം കാണിച്ച സർക്കാരിനു ഒപ്പം ചേർന്നു ഒളിമ്പിക്‌സ് നടത്തുന്നതിൽ വലിയ വിമർശനം നേരിടുന്നുണ്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും പ്രസിഡന്റ് തോമസ് ബാകും.

Previous articleപരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ
Next articleപ്രീസീസൺ, ലിവർപൂൾ മൈൻസിനെ പരാജയപ്പെടുത്തി