അപരാജിതരായി ഇന്ത്യ, പോളണ്ടിനെതിരെ നേടിയത് പത്ത് ഗോള്‍

അസ്ലന്‍ ഷാ കപ്പ് ഹോക്കിയുടെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വമ്പന്‍ ജയവുമായി ഇന്ത്യ. പോളണ്ടിനെതിരെ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നാളെ നടക്കുന്ന ഫൈനലിലേക്ക് ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ദക്ഷിണ കൊറിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. പരമ്പരയില്‍ ഇതുവരെ പരാജയം അറിയാതെയാണ് ഇന്ത്യ മുന്നേറുന്നത്. കൊറിയയ്ക്കെതിരെ അവസാന മിനുട്ടില്‍ ഗോള്‍ വഴങ്ങി ഇന്ത്യ നേരത്തെ സമനില വഴങ്ങിയിരുന്നു.

പകുതി സമയത്ത് ഇന്ത്യ ആറ് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഒന്നാം മിനുട്ടില്‍ വിവേക് പ്രസാദിലൂടെ മുന്നിലെത്തിയ ഇന്ത്യയെ സുമീത് കുമാര്‍ ഏഴാം മിനുട്ടില്‍ വീണ്ടും ലീഡുയര്‍ത്തുവാന്‍ സഹായിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0നു മുന്നിട്ട് നിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ നാല് ഗോള്‍ കൂടി ഇന്ത്യ നേടി. 18, 25 മിനുട്ടുകളില്‍ വരുണ്‍ കുമാറും 19ാം മിനുട്ടില്‍ സുരേന്ദര്‍ കുമാറും ഗോള്‍ നേടിയപ്പോള്‍ ഒന്നാം പകുതി അവസാനിക്കുന്നതിനു മുമ്പ് 29ാം മിനുട്ടില്‍ സിമ്രന്‍ജീത്ത് സിംഗ് ഒരു ഗോള്‍ കൂടി നേടി.

രണ്ടാം പകുതിയില്‍ നീലകണ്ഠ ശര്‍മ്മ 36ാം മിനുട്ടില്‍ സ്കോറിംഗ് ആരംഭിച്ചപ്പോള്‍ പിന്നീട് ക്വാര്‍ട്ടറില്‍ ഗോളൊന്നും പിറന്നില്ല. 50, 51 മിനുട്ടുകളില്‍ ഇരട്ട ഗോളുകളോടെ മന്‍ദീപ് സിംഗും 55ാം മിനുട്ടില്‍ അമിത് രോഹിദാസും ഗോളുകള്‍ നേടി ഇന്ത്യയെ പത്ത് ഗോളുകളിലേക്ക് നയിച്ചു.