സ്പെയിനിനെതിരെ കരുത്ത് കാട്ടി ഇന്ത്യ, രണ്ടാം ജയം

സ്പെയിനിനെതിരെ പൂള്‍ എ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഓസ്ട്രേലിയയ്ക്കെതിരെ കനത്ത തോല്‍വിയേറ്റ് വാങ്ങിയ ഇന്ത്യ ആധികാരിക വിജയത്തോടെ വീണ്ടും വിജയ വഴിയിലേക്ക് എത്തുന്നതാണ് കണ്ടത്.

ആദ്യ ക്വാര്‍ട്ടറിൽ തന്നെ സിമ്രന്‍ജിത്ത് സിംഗിലൂടെ ലീഡ് നേടിയ ഇന്ത്യയ്ക്ക് ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാമത്തെ ഗോള്‍ നേടാനായി. ലഭിച്ച പെനാള്‍ട്ടി സ്ട്രോക്ക് രൂപീന്ദ്രര്‍ പാല്‍ സിംഗ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നപ്പോള്‍ ഇന്ത്യ 2-0ന്റെ ലീഡോടു കൂടി ബ്രേക്കിന് പോയി.

മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഗോള്‍ നേടുവാന്‍ കഴിയാതെ നിന്നപ്പോള്‍ സ്കോര്‍ നില 2-0ൽ തന്നെ തുടര്‍ന്നു. സ്പെയിനിന്റെ ആക്രമണങ്ങളെയും പെനാള്‍ട്ടി കോര്‍ണറുകളെയും ശ്രീജേഷ് തടുത്തിട്ടപ്പോള്‍ ഇന്ത്യ നാലാം ക്വാര്‍ട്ടറിൽ രൂപീന്ദറിലൂടെ തങ്ങളടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

അവസാന മിനുട്ടുകളില്‍ ഇന്ത്യയുടെ പ്രതിരോധം ഭേദിക്കുവാന്‍ സ്പെയിന്‍ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും അര്‍ഹിച്ച ഫലം നേടിയെടുക്കുവാന് ടീമിന് സാധിച്ചില്ല.

ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. മൂന്ന് ജയവുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.