ഇന്ത്യയ്ക്ക് രണ്ടാം ജയം, പോളണ്ടിനെ കീഴടക്കിയത് 3-1 എന്ന സ്കോറിനു

എഫ്ഐഎച്ച് സീരീസ് ഫൈനല്‍സില്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തില്‍ പോളണ്ടിനെതിരെ വിജയം. 3-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി 21ാം മിനുട്ടില്‍ മന്‍പ്രീത് സിംഗ് ആണ് ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. എന്നാല്‍ നാല് മിനുട്ടുകള്‍ക്കകം മാറ്റ്യൂസ് ഹുള്‍ബോയിയിലൂടെ പോളണ്ട് ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം മന്‍പ്രീത് തന്നെ തന്റെയും ഇന്ത്യയുടെയും രണ്ടാം ഗോള്‍ നേടി. 36ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി.

ഇന്ന് നടന്ന മറ്റു മത്സരങ്ങളില്‍ പൂള്‍ ബിയില്‍ ജപ്പാന്‍ മെക്സിക്കോയെ 3-1നു കീഴടക്കിയപ്പോള്‍ റഷ്യ 12-1 എന്ന സ്കോറിനു ഉസ്ബൈക്കിസ്ഥാനെ കീഴടക്കി. പൂള്‍ എ യില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 6 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്ത് പോളണ്ടും റഷ്യയും 3 പോയിന്റ് വീതം നേടി നില്‍ക്കുകയാണെങ്കിലും ഇന്ത്യയോടെ വഴങ്ങിയ 10 ഗോളുകള്‍ റഷ്യയുടെ ഗോള്‍ വ്യത്യാസം കുറയ്ക്കുകയാണുണ്ടായത്.

പൂള്‍ ബിയില്‍ ജപ്പാനും അമേരിക്കയും മൂന്ന് വീതം പോയിന്റ് നേടിയപ്പോള്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും അക്കൗണ്ട് തുറന്നിട്ടില്ല.