ജപ്പാനെ മറികടന്ന് ഇന്ത്യ, ടോക്കിയോ ഒളിമ്പിക്സിന് ഒരു പടി കൂടി അടുത്തു

FIH സീരീസ് ഫൈനല്‍സ് ഹിരോഷിമ പതിപ്പിന്റെ ഫൈനലില്‍ ജപ്പാനെ കീഴടക്കി ഇന്ത്യ. 3-1 എന്ന സ്കോറിന് ആധികാരിക വിജയത്തോടെ ഫൈനല്‍ സ്വന്തമാക്കിയ ഇന്ത്യ ഇതോടെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യതയ്ക്ക് ഒരു പടി കൂടി അടുത്തു. മൂന്നാം മിനുട്ടില്‍ റാണി രാംപാല്‍ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തപ്പോള്‍ 11ാം മിനുട്ടില്‍ കാനോന്‍ നേടിയ ഗോളിലൂടെ ജപ്പാന്‍ ഗോള്‍ മടക്കി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 1-1ന് ഇരു ടീമുകളും തുല്യത പാലിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഗുര്‍ജീത് നേടിയ രണ്ട് ഗോളുകളുടെ ബലത്തില്‍ ഇന്ത്യ മത്സരം സ്വന്തമാക്കി. ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോററും ഗുര്‍ജിത് ആണ്. അതേ സമയം ടൂര്‍ണ്ണമെന്റിലെ താരമായി ഇന്ത്യയുടെ നായിക റാണി രാംപാലിനെ തിരഞ്ഞെടുത്തു.